അവർ എന്റെ ചോര വീഴാതെ അടങ്ങില്ല: സിസ്റ്റർ ജെസ്മി

കർത്താവിന്റെ മണവാട്ടികളെ കുരിശിൽ തറയ്ക്കുന്നത് ആര്?; ആമേൻ എന്ന പുസ്തകം ഉണ്ടാക്കിയ വിവാദങ്ങളെക്കുറിച്ച്, പുതിയ നോവലിനെക്കുറിച്ച്, തന്റെ നിലപാടുകളെ കുറിച്ച് സിസ്റ്റർ ജെസ്മി പ്രതികരിക്കുന്നു.

പൗരോഹിത്യത്തിന്റെയും കന്യാസ്ത്രീ ജീവിതത്തിന്റെയും പിന്നാമ്പുറകഥകൾ തുറന്നുപറഞ്ഞ് ആമേന്‍ എന്ന കൃതിയിലൂടെ സഭാലോകത്തെയും വിശ്വാസികളെയും ഞെട്ടിച്ച സിസ്റ്റര്‍ ജെസ്മിയുടെ പുതിയ പുസ്തകം വരുന്നു. തൃശൂര്‍ സെന്റ് മേരീസ് കോളജ് പ്രിന്‍സിപ്പലായി സേവനം ചെയ്തിരുന്ന ഡോ. സിസ്റ്റര്‍ജെസ്മി 2008ലാണ് മുപ്പത്തിമൂന്ന് വര്‍ഷം നീണ്ട സന്യാസജീവിതം ഉപേക്ഷിച്ചത്. പുതിയ കൃതിയിലും അനുഭവങ്ങളും തനിക്ക് പരിചയമുള്ള കഥാപാത്രങ്ങളുമാണ് ഉള്ളതു കൊണ്ട് വീണ്ടും വിവിധ തലങ്ങളിലേക്കുള്ള ചർച്ചകൾക്ക് 'പെൺമയുടെ വഴികൾ' വഴിവയ്ക്കുമെന്നാണ്  വിലയിരുത്തപ്പെടുന്നത്. വിവാദങ്ങളിലേക്കാണോ പുതിയ പുസ്തകം വഴി തുറക്കുന്നതെന്ന ചോദ്യങ്ങൾക്ക് മറുപടിയുമായി സിസ്റ്റർ ജെസ്മി മനോരമ ഓൺലൈനിനോട്.. 

നോവലെഴുതാൻ അല്‍പം വൈകിയോ? 

ആമേനു ശേഷം സ്ത്രീ കേന്ദ്രീകൃതമായി ഒരു നോലവെഴുതുമെന്ന് പറഞ്ഞിരുന്നതാണ്. അനുഭവങ്ങളുടെ തീച്ചൂളയിൽ അൽപം ഭാവന കലർത്തിയാവും അത് വരികയെന്നും ഞാൻ ഉറപ്പിച്ചിരുന്നു. എന്നാൽ ആമേനു പിന്നാലെ ഒരു നോവലുമായി മുന്നോട്ട് വന്നാൽ ആമേനിൽ പറഞ്ഞതെല്ലാം എന്റെ ഭാവനയാണെന്ന് വരുത്തി തീർക്കാൻ അതിന് ശ്രമിച്ചവർക്ക് വളരെ എളുപ്പം സാധിക്കുമായിരുന്നു അതിനാൽ നോവലിനുള്ള സമയം ആയില്ലെന്ന് സ്വയം തീരുമാനിക്കുകയായിരുന്നു. ഇപ്പോൾ അതിന് സമയമായി എന്നു തോന്നി.

ഗർഭിണിയാണെന്നു കണ്ട് പുറത്താക്കപ്പെട്ട ഒരാളുടെ മറുകഥ ഞാൻ നോവലിൽ പറയുന്നുണ്ട്. ആശുപത്രിയിൽ നഴ്സായ ഈ സിസ്റ്റർ മാസമുറ തെറ്റിയപ്പോൾ ഗർഭം ഉരുകി ഇല്ലാതാകാൻ വിശുദ്ധന്മാരോട് പ്രാർത്ഥിക്കുന്നുണ്ട് അവരെ ചതിച്ചത് ആശുപത്രിയിലെ ഒരു ഡോക്ടറാണ്. സഭ വീണ്ടും വാളെടുക്കാൻ ഇതൊക്കെ തന്നെ പോരേ?

പുതിയ പുസ്തകത്തിലെ വിഷയത്തെക്കുറിച്ച്.. 

പച്ചയായ അനുഭവങ്ങളുള്ള നൂറിലേറെ സ്ത്രീ കഥാപാത്രങ്ങളുള്ള നോവലാണ് 'പെൺമയുടെ വഴികൾ'. ആരും ‍‍‍‍‍ഞെട്ടിപ്പോവുന്ന ജീവിതകഥയുള്ള ഒരു സ്ത്രീയിലൂടെ പുരോഗമിക്കുന്ന കഥയാണ് പുതിയ പുസ്തകം. 

ആമേനും ശേഷം ആറുവർഷത്തെ ഇടവേളയിൽ എവിടെയായിരുന്നു..

മഠത്തിൽ നിന്ന് പുറത്തെത്തിയ ഉടനെയായിരുന്നു ആമേൻ പ്രസിദ്ധീകരിച്ചത്. വെളിയിൽ വരുമ്പോൾ എനിക്ക് ഭയമുണ്ടായിരുന്നു കാരണം എനിക്ക് പരിചിതമായ മലയാളം ശൈലിയല്ല അന്നൊക്കെ പുസ്തകങ്ങളിൽ കാണുന്നത്. പിന്നെ മഠത്തിനകത്ത്  മലയാളം വായന കുറവായിരുന്നു. എനിക്ക് പേടിയുണ്ടായിരുന്നു എത്തരത്തിൽ എന്റെ എഴുത്തിനെ ആളുകള്‍ സ്വീകരിക്കുമെന്നതിനെക്കുറിച്ച്. പിന്നെ ആമേൻ ഉണ്ടാക്കിയ വിപ്ലവങ്ങളും ഏറെയുണ്ടായിരുന്നല്ലോ.. അത് കൊണ്ട് തന്നെ സീരിയസായിട്ടുള്ള എഴുത്തുകളിൽ ശ്രദ്ധിക്കുകയായിരുന്നു ഇത്രയും കാലം. ലേഖനങ്ങളും വിശകലനങ്ങളുമായി എഴുത്തിൽ സജീവമായിരുന്നു. ഞാനും ഗെയിലും വിശുദ്ധ നരകങ്ങളും, ഞാനും ഒരു സ്ത്രീ, പ്രണയസ്മരണ, മഴവില്‍മാനം തുടങ്ങിയ പുസ്തകങ്ങൾ ഈ ആറുവർഷങ്ങൾക്കിടയിൽ ചെയ്തു. 

ആദ്യലേഖനത്തെക്കുറിച്ചും അതിന്റെ പ്രതികരണത്തെക്കുറിച്ചും...

മലയാളത്തിൽ  എഴുതാൻ പകച്ചുനിന്നിരുന്ന എനിക്ക് ധൈര്യം തന്നത് വി.എസ്. രാജേഷ് ആയിരുന്നു. അഭയക്കേസുമായി ബന്ധപ്പെട്ട് ഒരു ലേഖനം വിഎസ് രാജേഷ് ആവശ്യപ്പെടുകയും അത് കേരള കൗമുദിയിൽ കവർസ്റ്റോറിയായി അച്ചടിച്ച് വരികയും ചെയ്തു. എഴുത്തിൽ തുടക്കക്കാരിയായിരുന്ന എനിക്ക് ഏറെ പ്രചോദനം നൽകി. നിരവധിയാളുകൾ ആ ലേഖനത്തിന് പിന്തുണ നൽകിയതും എഴുത്തിലെ റൈറ്റേഴ്സ് ബ്ലോക്ക് മാറുന്നതിൽ ഏറെ പങ്കുവഹിക്കുകയും ചെയ്തതാണ്. 

'പെൺമയുടെ വഴി'കളിലെ പുരുഷ കഥാപാത്രങ്ങളെല്ലാം തന്നെ വില്ലന്മാരാവുന്നതിനെക്കുറിച്ച്...

എന്റെ എഴുത്തിലെ പുരുഷ കഥാപാത്രങ്ങളെല്ലാം തന്നെ തുടക്കത്തിൽ നല്ലവരാണെങ്കിൽ കൂടിയും വില്ലന്മാരാവുന്നവരാണ്. അനുഭവങ്ങളുടെ പശ്ചാത്തലം വരുന്നത് കൊണ്ടാവാം അങ്ങനെ. എങ്കിലും എനിക്ക് പുരുഷന്മാരോട് സോഫ്റ്റ് കോർണർ ഉണ്ട്. 

ആമേൻ സൃഷ്ടിച്ച വെല്ലുവിളികൾ...

ആമേൻ പുറത്തിറങ്ങിപ്പോൾ വിവിധ രീതിയിലുള്ള പ്രതികരണമാണ് ഉണ്ടായത്. എന്റെ അനുഭവങ്ങൾ എല്ലാം ഭാവന മാത്രമാണെന്ന് വരുത്തിതീർക്കാൻ ശക്തമായ ശ്രമങ്ങൾ ഉണ്ടായിരുന്നു. ആകാശവാണി തൃശൂരിൽ സുഭാഷിതങ്ങൾ അവതരിപ്പിക്കുന്നതിലും  കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ റിസോഴ്സ് പേർസൺ എന്ന നിലയിലെ പ്രവർത്തനങ്ങളിലും വെല്ലുവിളി ഉയർത്താൻ പലർക്കും സാധിച്ചിരുന്നു. പലപ്പോഴും പേര് വെട്ടിമാറ്റപ്പെടുന്നതും കാണാൻ കഴിഞ്ഞു. പക്ഷേ ഞാൻ പറഞ്ഞതൊന്നും തന്നെ ഭാവനയല്ല അത് പകൽ പോലെ സത്യമായ കാര്യങ്ങൾ മാത്രമാണ്. 

'പെൺമയുടെ വഴി'കളിൽ ഭാവന കലർന്നതിന് പിന്നിൽ....

പെൺമയുടെ വഴികൾ യാഥാർത്ഥ്യവും ഭാവനയും ഇഴചേർന്നുള്ള ഒരു നോവലാണ്. പിന്നെ ഭാവന എന്നത് ഇടയ്ക്ക് ചേർക്കുന്നതിന് പിന്നിൽ ചില വിഷയങ്ങളുമുണ്ട്. ഒന്ന് ഇതിലെ മിക്ക കഥാപാത്രങ്ങൾക്കും ജീവിച്ചിരിക്കുന്ന പലരുമായും സാദൃശ്യമുണ്ട്. എന്നാൽ തിരിച്ചറിയപ്പെട്ട് സമൂഹത്തിൽ അപമാനിക്കപ്പെടേണ്ടതായ സാഹചര്യമുണ്ടാവുന്നതിനോട് താൽപര്യമില്ല. രണ്ട് ഇരകൾ ആയവരാണ് അവരിൽ പലരും. അതുകൊണ്ടുതന്നെ  വെളിയിൽ വന്ന് തനിയെ നിൽക്കാൻ അവർക്ക് എന്നെപ്പോലെ സാധിക്കണമെന്നില്ല. മൂന്ന് സഭയുമായോ മറ്റ് സ്ഥാപനങ്ങളുമായോ കേസിന് പോയി സമയം കളയാൻ താൽപര്യപ്പെടുന്നില്ല. സഭ ഏതായാലും എന്നെ വെറുതെ വിടാൻ പോവുന്നില്ല അതറിയാവുന്ന കാര്യമാണ്.

ഒരു സിസ്റ്റത്തിനെതിരെ പോരാടി തെറ്റുകാരിയെന്ന പേരു വീണതിനെക്കുറിച്ച്...

സമൂഹത്തിൽ തെറ്റുകൾ നിശ്ചയിക്കുന്നവർ ശരിക്കും ആരാണ്? ഈ പറയുന്ന സദാചാരം ആരാണ് സൃഷ്ടിച്ചത്? സാഹചര്യങ്ങൾ ഒരോ ആളുകൾക്കും വിഭിന്നമാണ്. അവ നമ്മെ നടത്തുന്ന വഴികളും വേറിട്ടതാണ്, അപ്പോൾ ഒരാൾ ചെയ്യുന്നതിലെ ശരിയും തെറ്റും തീരുമാനിക്കുന്നത് അവനവൻ തന്നെയല്ലേ? അതോ കണ്ടും കേട്ടും നിൽക്കുന്ന പുറമേക്കാരോ?

സഭ പ്രതിഷേധമുയർത്തുന്ന വിഷയങ്ങൾ 'പെൺമയുടെ വഴി'കളിലുമുണ്ടോ...

പ്രകോപനം ഉണ്ടാക്കണമെന്ന് കരുതിക്കൂട്ടി ചെയ്തതല്ലെങ്കിൽ കൂടിയും രണ്ട് കന്യാസ്ത്രീകളുടെ വഴിവിട്ട നടപടികളെക്കുറിച്ച് ഇതിൽ പ്രതിപാദിക്കുന്നുണ്ട്. ഞാൻ വളച്ചുകെട്ടിയെഴുതിയതൊന്നുമല്ല അത്. ഉണ്ടായ സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് എഴുതിയത്. ഗർഭിണിയാണെന്നു കണ്ട് പുറത്താക്കപ്പെട്ട അതിൽ ഒരാളുടെ മറുകഥ ഞാൻ നോവലിൽ പറയുന്നുണ്ട്. ആശുപത്രിയിൽ നഴ്സായ ഈ സിസ്റ്റർ മാസമുറ തെറ്റിയപ്പോൾ വിശുദ്ധന്മാരോട് പ്രാർത്ഥിക്കുന്നുണ്ട് ഗർഭം ഉരുകി ഇല്ലാതാകാൻ. ഈ കന്യാസ്ത്രീയെ ചതിച്ചത് ആശുപത്രിയിലെ ഒരു ഡോക്ടറാണ്. സഭ വീണ്ടും വാളെടുക്കാൻ ഇതൊക്കെ തന്നെ പോരേ?

പെൺമയുടെ വഴികൾ എന്ന് വെളിച്ചത്തിലേക്കെത്തും...

പെൺമയുടെ വഴികൾ ഇപ്പോൾ ഭാഗങ്ങളായി ഒരു പ്രസിദ്ധീകരണത്തിൽ വരുന്നുണ്ട് . നോവലിന്റെ പൂർണ രൂപം ഡിസി ബുക്സ് ആണ് പുറത്തിറക്കുന്നത്. ഒക്ടോബറിൽ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പ്രസിദ്ധീകരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതിന് ശേഷം നവംബർ ആറിന് തൃശൂർ പൂമലയിൽ നടക്കുന്ന അറുപതാം പിറന്നാൾ ആഘോഷത്തിൽ വീണ്ടും പ്രസിദ്ധീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.