സിനിമയ്ക്ക് മുൻപേ റിലീസായി വിവാദങ്ങൾ; ശേഷം സ്‌ക്രീനിൽ...

രണ്ടുസിനിമകളും മലയാള സാഹിത്യത്തെ ചർച്ചാവേദികളിൽ സജീവമായി നിലനിർത്തുമെന്ന കാര്യത്തിൽ സംശയമൊന്നുമില്ല

മലയാള സാഹിത്യം അംഗീകാരത്തിന്റെ നിറവിലാണ്. എം.ടി.വാസുദേവൻനായരുടെ രണ്ടാമൂഴം എന്ന നോവൽ സിനിമയാകുന്നു. മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതം സിനിമയാകുന്നു. ഭാഷയുടെ അതിർവരമ്പുകൾക്കപ്പുറം ശ്രദ്ധിക്കാൻ പോകുന്ന രണ്ടു സിനിമകളാണു പിറക്കാൻ പോകുന്നത്. 

പാണ്ഡവരിൽ രണ്ടാമനായ ഭീമസേനന്റെ ജീവിതത്തിലൂടെ മഹാഭാരത്തിനു പുതിയ വായന നൽകിയ എം.ടിയുടെ രണ്ടാമൂഴം എന്ന നോവൽ പിറക്കുന്നത് 1984ൽ ആണ്. മൂന്നുപതിറ്റാണ്ടു പിന്നിട്ടിട്ടും മലയാളത്തിലെ പുതുതലമുറകൾ ആവേശത്തോടെയാണ് രണ്ടാമൂഴം വായിക്കുന്നത്. ഇപ്പോഴും ബെസ്റ്റ്സെല്ലർ ലിസ്റ്റിൽ മുന്നിലാണ് എം.ടിയുടെ മാസ്റ്റർപീസ് എന്നുപറയുന്ന ഈ നോവൽ. വ്യാസൻ മൗനംപാലിച്ച ഇടങ്ങളിലൂടെയാണ് എം.ടി ഭീമന്റെ ജീവിതം വായിക്കുന്നത്. യുധിഷ്ഠിരന്റെയും അർജുനന്റെയും വിജയഗാഥയായിരുന്ന മഹാഭാരത്തെ അവർക്കിടയിലുള്ള ഭീമന്റെ ഇതിഹാസമാക്കിമാറ്റാൻ എം.ടിക്കു സാധിച്ചു. 33 വർഷത്തിനുശേഷം എം.ടിയുടെ നോവൽ ബിഗ് സ്ക്രീനിലേക്കു പകർത്താൻ പോകുകയാണ്. 

രണ്ടാമൂഴം സിനിമയാക്കാനുള്ള പദ്ധതി എം.ടി തുടങ്ങിയിട്ട് കാലം കുറച്ചായി. പഴശ്ശിരാജ എന്ന ചിത്രത്തിന്റെ വിജയത്തിനു ശേഷം എം.ടിയും സംവിധായകൻ ഹരിഹരനും ചേർന്നൊരുക്കുന്ന പ്രൊജക്ടായിരുന്നു ഇത്. നിർമാണം പഴശ്ശിരാജയുടെ നിർമാതാവായിരുന്ന ഗോകുലം ഗോപാലനും. രണ്ടാമൂഴത്തിന്റെ തിരക്കഥ എം.ടി എഴുതിവന്നപ്പോൾ അതങ്ങുനീണ്ടു. അപ്പോഴാണ് എം.ടിക്ക് ഒരു കാര്യം ബോധ്യമായത്. ഭാരതത്തെ രണ്ടര മണിക്കൂറുള്ള ഒറ്റ സിനിമയിലേക്ക് ഒതുക്കാനാവില്ലെന്ന്. എഴുതിവന്നപ്പോൾ രണ്ടു സിനിമയായി. രണ്ടാമൂഴം ഒന്ന്, രണ്ടാമൂഴം രണ്ട് എന്നിങ്ങനെ. എം.ടി ഇക്കാര്യം ഹരിഹരനോടു പറഞ്ഞു. എം.ടിയുടെ മികച്ച തിരക്കഥകളൊക്കെ സിനിമയാക്കാനുള്ള ഭാഗ്യം ലഭിച്ച സംവിധായകനായിരുന്ന ഹരൻ എന്ന് എം.ടി വിളിക്കുന്ന ഹരിഹരൻ. ഇടവഴിയിലെ പൂച്ച മിണ്ടാപൂച്ച മുതൽ പഴശ്ശിരാജവരെ ഒരുക്കിയ സംവിധായകൻ. ഒരു വടക്കൻവീരഗാഥയും പഞ്ചാഗ്നിയും നഖക്ഷതങ്ങളുമൊക്കെ ചെയ്യാൻ ഭാഗ്യം ലഭിച്ച സംവിധായകൻ. രണ്ടാമൂഴം രണ്ടുഭാഗമാക്കി ചെയ്യാൻ സംവിധായകനും സമ്മതമായിരുന്നു. ഇക്കാര്യം സംവിധായകൻ നിർമാതാവിനോടു സംസാരിച്ചു. രണ്ടുസിനിമയാക്കുമ്പോഴുള്ള സാമ്പത്തികബാധ്യത ഓർത്തിട്ടെന്തോ നിർമാതാവ് പിന്നീടൊന്നും അറിയിച്ചില്ല. അങ്ങനെ ആ പ്രൊജക്ട് നീണ്ടു. അതിനിടെ ഹരിഹരൻ എം.ടിയുടെ പഴയൊരു തിരക്കഥ വച്ച് ഏഴാമത്തെ വരവ് എന്ന ചിത്രമൊരുക്കി. അതിനു ശേഷവും രണ്ടാമൂഴം പ്രൊജക്ട് മുന്നോട്ടുപോയില്ല. 

രണ്ടാമൂഴം സിനിമയാക്കുമ്പോൾ മോഹൻലാൽ ഭീമനെ അവതരിപ്പിക്കണമെന്ന് എം.ടിയും ഹരിഹരനും തീരുമാനിച്ചിരുന്നു. ഇക്കാര്യം അദ്ദേഹത്തോടും സംസാരിച്ചിരുന്നു. മോഹൻലാലിനും ഇക്കാര്യം സമ്മതമായിരുന്നു. അതിനിടെയാണ് പരസ്യ സംവിധായകനായ ശ്രീകുമാർ നിർമാതാവുമായി രംഗത്തെത്തുന്നതും സംവിധാനം ചെയ്യാനുള്ള അവകാശം എം.ടിയിൽ നിന്നു വാങ്ങുന്നതും. 2020ൽ ചിത്രം തിയറ്ററിലെത്തിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. ആദ്യഭാഗം ഇറങ്ങി മാസങ്ങൾക്കകം രണ്ടാംഭാഗവും തിയറ്ററിലെത്തും. 1000 കോടി രൂപയാണ് നിർമാണചെലവ്. ചിത്രത്തെക്കുറിച്ച് മോഹൻലാൽ തന്റെ ഫേസ്ബുക്കിലൂടെ വിവരം പുറത്തുവിട്ടതോടെ ഇന്ത്യൻ സിനിമാ രംഗം വലിയ പ്രതീക്ഷയോടെയാണ് ശ്രദ്ധിക്കുന്നത്. അതിനിടെ മോഹൻലാലിനെ കളിയാക്കിയും ലാൽ ഭീമനെ അവതരിപ്പിക്കുമ്പോഴുള്ള പ്രശ്നത്തെ ചർച്ച ചെയ്തും പലരും സമൂഹമാധ്യമങ്ങളിൽ സജീവമായി. രണ്ടാമൂഴം റിലീസാകുന്നതോടെ താൻ അഭിനയം അവസാനിപ്പിക്കുമെന്നാണ് ഒരിക്കൽ മോഹൻലാൽ പറഞ്ഞത്. അങ്ങനെ എല്ലാംകൊണ്ടും എം.ടിയും രണ്ടാമൂഴവും ചർച്ചയിൽ നിറയുകയാണ്. 

വിവാദമാകാൻ ആമിയും

എന്നും വിവാദനായികയായിരുന്നു മലയാളത്തിന്റെ സ്വന്തം എന്നവകാശപ്പെടുന്ന മാധവിക്കുട്ടി. എന്റെ കഥയിലൂടെ സ്വകാര്യജീവിതം തുറന്നുപറഞ്ഞുകൊണ്ട് എല്ലാവരെയും ഞെട്ടിച്ച അവർ മരിച്ചിട്ടും വിവാദങ്ങളിൽ നിന്ന് മാഞ്ഞില്ല. ഇപ്പോഴിതാ മാധവിക്കുട്ടിയുടെ ജീവിതം സ്ക്രീനിലെത്തുന്നു. കമൽ സംവിധാനം ചെയ്യുന്ന ആമി എന്ന ചിത്രം ശ്രദ്ധിക്കപ്പെടുന്നതും മാധവിക്കുട്ടിയുടെ ജീവിതകഥ എന്നതുകൊണ്ടുമാത്രമാണ്. 

ആമിയായി അഭിനയിക്കാൻ ആദ്യം തീരുമാനിച്ചിരുന്നത് ബോളിവുഡ് നടിയും മലയാളിയുമായിരുന്ന വിദ്യാബാലനെയായിരുന്നു. വിദ്യ മാധവിക്കുട്ടിയായി രൂപപരിണാമം സംഭവിക്കുന്നതുവരെ മലയാളികൾ ചർച്ചചെയ്തു. അതിനിടെ ചില കാരണങ്ങളാൽ അവർ ചിത്രത്തിൽ നിന്നു പിന്മാറി. മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന മഞ്ജുവാരിയരാണ് ഇപ്പോൾ ആമിയെ അവതരിപ്പിക്കുന്നത്. 

സിനിമ റിലീസാകുന്നതിനു മുൻപുള്ള വിവാദം റിലീസാകുന്നതോടെ ഇരട്ടിയാകും. കാരണം അത്രയ്ക്കു വിവാദമായിരുന്നല്ലോ അവരുടെ ജീവിതം. മാധവിക്കുട്ടിയുടെ തുറന്നുപറച്ചിലുകൾ, മതംമാറ്റം എന്നിവയായിരുന്നു അവരെ ഗോസിപ് കോളത്തിൽ ഏറെക്കാലം സജീവമായി നിലനിർത്തിയിരുന്നത്. സിനിമയിൽ ഇതൊന്നും ഒഴിവാക്കാൻ കമലിനു കഴിയുകയില്ല.

മതംമാറ്റത്തെയൊക്കെ സംവിധായകൻ എങ്ങനെ കാണുന്നു എന്നതിനെ ബന്ധപ്പെട്ടായിരിക്കും വിവാദത്തിന്റെ ദിശാമാറ്റം. കാരണം മതശക്തികൾ ഇവിടെ ശക്തമായി പിടിമുറുക്കിക്കൊണ്ടിരിക്കുകയാണ്. മാധവിക്കുട്ടിയുടെ മതംമാറ്റമാകുമ്പോൾ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്യും. സംഘ്പരിവാർ ശക്തികളും കമലുമായുള്ള തർക്കമൊക്കെ സിനിമ റിലീസാകുന്നതോടെ വിവാദത്തിൽ പക്ഷംപിടിക്കുമെന്നുറപ്പാണ്. മതംമാറ്റത്തെ ഏതുരീതിയിൽ വ്യാഖ്യാനിച്ചാലും വിവാദത്തിനൊരു കുറവുമുണ്ടാകില്ല. സിനിമയിൽ നിന്ന് അതൊഴിവാക്കിയാലും പ്രശ്നം തന്നെയായിരിക്കും. 

ഏതായാലും രണ്ടുസിനിമകളും മലയാള സാഹിത്യത്തെ ചർച്ചാവേദികളിൽ സജീവമായി നിലനിർത്തുമെന്ന കാര്യത്തിൽ സംശയമൊന്നുമില്ല.