Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അത് സത്യമോ മിഥ്യയോ?

fantasy-novels

ഭ്രമാത്മകമായ മനസ്സിന്റെ അപഥസഞ്ചാരങ്ങള്‍ വാഴ്ത്തപ്പെട്ട സാഹിത്യരചനകളായി എല്ലാ ഭാഷകളിലും കൊണ്ടാടപ്പെട്ടിട്ടുണ്ട്. വാസ്തവികതയുടെയും അവാസ്തവികതയുടെയും നേര്‍ത്ത വയല്‍വരമ്പിലൂടെ വായനക്കാരെ വിഭ്രമിപ്പിച്ചുകൊണ്ട് ഫാന്റസിയുടെ ചിറകില്‍ അത്തരം രചനകള്‍ പറന്നുപൊങ്ങുന്നു.

കാണാത്ത കാഴ്ചകളും കണ്ടിട്ടില്ലാത്ത ലോകങ്ങളും അവ വായനക്കാരന് മുമ്പില്‍ മലര്‍ക്കെ തുറന്നിടുന്നു. ഏത് വാസ്തവം ഏത് അവാസ്തവം എന്നറിയാതെ മായാപുരിയിലകപ്പെട്ട ദുര്യോധനാദികളെ പോലെ സ്ഥലകാലവിഭ്രമത്തിന്റെ  മായക്കാഴ്ചകളില്‍ അവന്‍ പെട്ടുപോകുന്നു. എന്നിരിക്കിലും ഫാന്റസി ഉന്നതമായ കലാധര്‍മ്മമാണ് നിര്‍വഹിക്കുന്നത് എന്നത്രെ നിരൂപകരുടെ അഭിപ്രായം.
 
യാഥാര്‍ത്ഥ്യത്തെ വിള്ളലേല്പിച്ചുകൊണ്ട് മുന്നേറുന്ന ഫാന്റസി കഥകള്‍ മലയാള കഥാരചനയിലെ വേറിട്ട ഒരു വഴിത്താര തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് വേണമെങ്കില്‍ പറയാം. ഫാന്റസി ആവശ്യപ്പെടുന്നത് അത്യഗാധമായ ഭാവന തന്നെയാണെന്ന് ഇത്തരം കഥകളിലൂടെ കടന്നുപോകുമ്പോള്‍ നമുക്ക് മനസ്സിലാവുന്നു.

ഇല്ലാത്ത ഭൂതകാലം മെനഞ്ഞുണ്ടാക്കുകയും ഇല്ലാത്ത ഭൂതകാലത്തെ ഇല്ലാത്ത ഭൂതകാലം കൊണ്ട് നേരിടുകയും ചെയ്തുകൊണ്ട് കാലത്തെക്കുറിച്ചുള്ള ഭ്രമകല്പനകള്‍ സൃഷ്ടിക്കുകയാണ് ഓരോ ഫാന്റസി രചനകളും ചെയ്തുകൊണ്ടിരിക്കുന്നത്.

മലയാളസാഹിത്യത്തില്‍ ഭ്രമാത്മകലാവണ്യത്തിന്റെ ആദ്യസ്ഫുരണങ്ങള്‍ കാണുന്നത് വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരുടെ ദ്വാരകയിലാണ്. മലയാള ചെറുകഥയുടെ തുടക്കകാലത്ത് തന്നെ ഫാന്റസിയുടെ ലോകത്തിലേക്ക് നമ്മുടെ കഥകള്‍ തിരിഞ്ഞിരുന്നു എന്നതിന്റെ ഏറ്റവും പ്രകടമായ തെളിവാണത്.

ദ്വാരകയിലേത് ഒറ്റപ്പെട്ട ഫാന്റസിയായി നിലകൊള്ളുകയായിരുന്നുവെങ്കിലും പിന്നീട് അത്തരം ഭ്രമാത്മകത പീഡിപ്പക്കുന്ന സൗന്ദര്യമായി വായനക്കാരന് അനുഭവപ്പെട്ടത്  ബഷീറിന്റെ നീലവെളിച്ചത്തിലും മാധവിക്കുട്ടിയുടെ പക്ഷിയുടെ മണം, കുറ്റിക്കാട്ടിലെ നരി എന്നിവയിലൂടെയുമായിരുന്നു. യഥാതഥമായ അന്തരീക്ഷത്തില്‍ നിന്നാരംഭിച്ച് സ്വപ്നാവസ്ഥയിലേക്ക് നീങ്ങി ഭ്രമാത്മകഭാവനയുടെ അന്തരീക്ഷത്തിലായിരുന്നു ഈ കഥകളോരോന്നും സമാപിച്ചത്.

മാധവിക്കുട്ടിയുടെ ആത്മകഥയെന്ന് വിശേഷിപ്പിക്കപ്പെടുന്ന എന്റെ കഥ പോലും ഒരു ഫാന്റസി രചനയാണെന്ന മട്ടിലുള്ള നിരീക്ഷണങ്ങളും അരങ്ങേറിയിട്ടുണ്ട്. എന്റെ കഥ ഒരേ സമയം ആത്മകഥയും അതേ സമയം തന്നെ അത് ആത്മകഥയെക്കുറിച്ചുള്ള ഭ്രമാത്മകമായ ഭാവനയുമാണത്രെ.
 
ഫാന്റസിയുടെ ലോകവും അത് സൃഷ്ടിക്കുന്ന രോഗാതുരമായ മാനസികാവസ്ഥയുമാണ് മലയാറ്റൂരിന്റെ യക്ഷിയില്‍ നാം കണ്ടുമുട്ടുന്നത്. ഭ്രമാത്മകത അവിടെ രോഗമായി പരിണമിക്കുന്നത് നെടുവീര്‍പ്പോടെ നാം തിരിച്ചറിയുന്നു.

ഇവയില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ് പി. പത്മരാജന്റെ പ്രതിമയും രാജകുമാരിയും എന്ന നോവല്‍. മലയാളത്തിലെ ഭ്രമാത്മകലാവണ്യത്തിന്റെ ഉത്തമോദാഹരണമായി ഈ കൃതിയെ നിരൂപകര്‍ ആഘോഷിച്ചിട്ടുണ്ട്. അത്ഭുതരസത്തിന്റെ നൈരന്തര്യത്തിലൂടെ അയഥാര്‍ത്ഥതലങ്ങളെ തീക്ഷ്ണവര്‍ണ്ണങ്ങളിലാണ് ഇവിടെ പത്മരാജന്‍ വര്‍ണ്ണിച്ചിരിക്കുന്നത്.

ഫാന്റിയുടെ നന്നേ ലളിതമായ പ്രയോഗത്തിലൂടെ കഥാപാത്രത്തിന്റെ വൈകാരിക സങ്കലനമാണ് വൈശാഖന്റെ ഗരുഡന്‍ തൂക്കത്തിലുള്ളത്. ദുര്‍ഗ്രഹത സമ്മാനിക്കാത്ത ഫാന്റസിയുടെ ആഖ്യാനതന്ത്രമാണ് അപ്പീല്‍ അന്യായഭാഗത്തിന്റെ പ്രത്യേകത.

എംപി നാരായണപിള്ളയാണ് പരാമര്‍ശിക്കപ്പെടേണ്ട മറ്റൊരു പേര്. ഫാന്റസിയുടെ സൗന്ദര്യം കൊണ്ട് സങ്കീര്‍ണ്ണമാണ് അദ്ദേഹത്തിന്റെ മുരുകന്‍ എന്ന പാമ്പാട്ടി എന്ന രചന.

മലയാളസാഹിത്യത്തില്‍ നിഴല്‍വിരിച്ചു നില്ക്കുന്ന ഒരു ആഖ്യാനതന്ത്രമാണ് ഫാന്റസി എന്നാണ് ഈ രചനകളോരോന്നും തെളിയിക്കുന്നത്. വസ്തുതയെ ആധാരമാക്കിയും ഭ്രമാത്മകതയെ ആധാരമാക്കിയും കഥകള്‍ നിലവിലുള്ളപ്പോള്‍ വസ്തുതയെ ഭ്രമാത്മകതയിലും ഭ്രമാത്മകതയെ വസ്തുതയിലും നിബന്ധിച്ചിരിക്കുന്ന കല്പിത പ്രബനധങ്ങളാണ് ഓരോ ഫാന്റസി കഥകളും.
 
ഫാന്റസി രചനകള്‍ക്ക് പിന്നില്‍ അത്യപൂര്‍വ്വമായ ഇമാജിനേഷന്‍  പ്രധാനപ്പെട്ട ഘടകമാണെന്ന് കോളറിഡ്ജ് വ്യക്തമാക്കിയിട്ടുണ്ട് ഈ ഭാവനയെ രണ്ട് തരത്തിലാണ് അദ്ദേഹം വിശേഷിപ്പിച്ചത്. പ്രാഥമികഭാവനയെന്നും ദ്വിതീയ ഭാവനയെന്നും.

പ്രാഥമികഭാവന എല്ലാവരുടെയും സ്വന്തമാണെങ്കില്‍ ദ്വിതീയ ഭാവന കവി സിദ്ധമാണ്. കൂടുതല്‍ പ്രതിഭയും ഭാവനയും ഉള്ളവന് മാത്രമേ ഫാന്റസി കഥകള്‍ എഴുതാന്‍ കഴിയൂ. കാരണം പരസ്പരം പൊരുത്തമില്ലാത്തവയെ മനോഹരമായി സമ്മേളിപ്പിച്ചും സൗന്ദര്യമില്ലാത്തിടത്ത് സൗന്ദര്യം സൃഷ്ടിച്ചും നിലവിലുള്ളതിനെ ഉടച്ചുവാര്‍ത്തും പുതുതായൊന്ന് നിര്‍മ്മിച്ചും മുന്നേറുന്ന ഭാവന തന്നെയാണ് ഫാന്റസി രചനകള്‍ക്ക് ഊര്‍ജ്ജമായി നില്ക്കുന്നത്. അതിന് അടിവരയിടുന്നതാണ് മേല്പ്പറഞ്ഞ കഥകളോരോന്നും.