Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണയദിനത്തിൽ മാത്രം ഓർക്കേണ്ടതല്ല ആ വികാരം...

Kamala പ്രണയദിനത്തിൽ മാത്രം ഓർമ്മിക്കപ്പടേണ്ടവളല്ല മാധവിക്കുട്ടി. ഒരു പ്രായത്തിൽ പ്രണയത്തെ അറിയുക എന്നാൽ മാധവിക്കുട്ടിയെ അറിയുക എന്നതായിരുന്നു.

ഒരു സ്ത്രീ-സ്ത്രീയാവണമെങ്കിൽ അവൾക്ക് ഒരു കാമുകനുണ്ടാകണം.
അവളുടെ സ്ത്രീത്വത്തിനെ അംഗീകരിക്കുവാൻ ഒരു പുരുഷൻ വേണം.
അവളെ ഒരു കണ്ണാടിയിലെന്ന പോലെ പ്രതിഫലിപ്പിക്കുവാൻ,
അവളുടെ ദേഹത്തിന്റെ മിനുസവും മണവും വലിപ്പച്ചെറുപ്പങ്ങളും അവളെ മനസ്സിലാക്കി കൊടുക്കാൻ മറ്റാർക്കാണ് കഴിയുക...

-മാധവിക്കുട്ടി.

പ്രണയത്തിന്റെ ആദ്യന്തം കോരിക്കുടിച്ച എഴുത്തുകാരിയായിരിക്കുമ്പോൾ തന്നെയാണ് പ്രണയത്തിനു വേണ്ടി ലോകം മുഴുവൻ എതിർത്താലും എന്തും ചെയ്യാനുള്ള ധൈര്യം മാധവിക്കുട്ടി സമ്പാദിച്ചത്. എപ്പോഴും വിപ്ലവാത്മകമായ, തീരുമാനങ്ങളെടുത്ത മാധവിക്കുട്ടിയുടെ പേരിലുള്ള വിവാദങ്ങൾ അവസാനിച്ചിട്ടില്ല. പ്രണയമെന്നാൽ തന്റെ വാക്കുകളോളം, ആത്മാവിനോളം പവിത്രമായി കൊണ്ട് നടന്നവൾ, ജീവിതത്തെ പോലും പ്രണയത്തിനായി സമർപ്പിച്ചവൾ, ഒരു സ്ത്രീയ്ക്ക് ഇതിലും വലിയ തിരിച്ചറിയലുകൾ വേറെ നല്കാനില്ല. അത് മാധവിക്കുട്ടിക്ക് മാത്രം അവകാശപ്പെടുന്നതുമാണ്.

ഒരു പ്രായത്തിൽ പ്രണയത്തെ അറിയുക എന്നാൽ മാധവിക്കുട്ടിയെ അറിയുക എന്നതായിരുന്നു. പദ്മരാജന്റെ "ഞാൻ ഗന്ധർവ്വൻ" സിനിമയുടെ തുടർച്ചയെന്നോണം ഭാമയുടെ ഗന്ധർവ്വ പ്രണയം കഥയാക്കിയപ്പോൾ അതുവായിച്ച ഹൈസ്‌കൂൾ കൂട്ടുകാരി "അയ്യേ" എന്ന് പറഞ്ഞതിന്റെ ഓർമ്മപ്പെടുത്തലുകളിലേക്ക് അന്ധാളിപ്പോടെയാണ് മാധവിക്കുട്ടിയുടെ "എന്റെ കഥ" വന്നു കയറുന്നതും. ഒരു സ്ത്രീയ്ക്ക് തന്റെ പ്രണയത്തെ കുറിച്ചു ഇത്രയും ഉറക്കെ പറയാൻ ചുറ്റുപാടുകൾ സ്വാതന്ത്ര്യം നല്കുന്നുവോ? അവൾ അനുഭവിക്കുന്നതുമാത്രമാണ് അവൾ പറയുന്നതെന്ന ചിന്തകളിൽ ഒരുപക്ഷെ പുരുഷന്മാരേക്കാൾ കൂടുതൽ മാനസികമായി പീഡിപ്പിക്കപ്പെടുന്നത് സ്ത്രീകൾ തന്നെയാണ്. കാരണം പുരുഷന് എന്തിനെ കുറിച്ചും ഉറക്കെ പറയാം, അവനു അഡൾട്ട് ഒൺലി ചിത്രങ്ങൾ തീയേറ്ററുകളിൽ പോയി കാണാം, പാതിരാത്രിയിൽ മുറ്റത്തിറങ്ങി ഉലാത്താൻ ആവും, പ്രണയിനിയെ കുറിച്ച് ഉറക്കെ സംസാരിക്കാം, അവളുടെ അഴകളവുകൾ കുറിച്ച് എഴുതുകയുമാകാം... പക്ഷേ അത് ഒരു സ്ത്രീ ചെയ്യുമ്പോൾ മാത്രം അവൾ സദാചാര വളവുകൾക്കും പുറത്താകുന്നു.

മാധവിക്കുട്ടി എന്ന കമലാ സുരയ്യ പുറത്താക്കപ്പെട്ടവളായിരുന്നു. തന്റെ എഴുത്തിനും പ്രണയത്തിനും വേണ്ടി സാധാരണ ജീവിത സാഹചര്യങ്ങളെയൊക്കെ എഴുത്തിലൂടെ ചോദ്യം ചെയ്ത മാധവിക്കുട്ടി സ്വയം പുറത്താക്കാൻ ധൈര്യം കാട്ടുകയും ചെയ്തിരുന്നു. ഒരു സ്ത്രീ, സ്ത്രീയാകണമെങ്കിൽ അവൾക്കൊരു കാമുകൻ വേണമെന്ന് അവരെക്കാൾ നന്നായി തിരിച്ചറിഞ്ഞവർ ഉണ്ടാകില്ല, കാരണം പ്രണയത്തിനു വേണ്ടി ഓരോ നിമിഷവും സ്വയം ത്യജിച്ച വ്യക്തിയുമായിരുന്നു അവർ.

kamala-madhavi



മാധവിക്കുട്ടി എന്ന പേര് ഓരോ സാഹചര്യത്തിലും വിവാദങ്ങളിലേക്ക് വലിച്ചിടപ്പെടുന്നത് അവർ ഒരു പരീക്ഷണവസ്തു ആയിരുന്നതിനാൽ തന്നെയാണ്. ഈ ലോകത്തെ ഏറ്റവും മികച്ച പരീക്ഷണവസ്തുക്കൾ അല്ലെങ്കിലും പ്രണയത്താൽ ബാധിക്കപ്പെട്ട സ്ത്രീകൾ തന്നെയാണല്ലോ. എപ്പോഴാണ് ഒരു സ്ത്രീ തന്റെ തുറന്നെഴുത്തുകൾ നടത്തുക? ഉള്ളിലുള്ളതിനെ പുറത്തേയ്ക്ക് തുറന്നിടാൻ മികച്ച ഒരു പ്രതലം ലഭിക്കുകയും സ്വയം തുറന്നു പോവുകയും ചെയ്യുമ്പോൾ അവൾക്ക് അക്ഷരങ്ങളായി മുന്നിലിരിക്കുന്ന പാത്രത്തിലേക്ക് സ്വയം പകരപ്പെടേണ്ടതുണ്ട്. അവിടെ എന്താണ് പറയേണ്ടത്, എന്താണ് പറയാൻ പാടില്ലാത്തത് എന്നിങ്ങനെ വ്യത്യാസങ്ങളൊന്നുമില്ല, ജീവിതം പറയുന്നത്ര തീക്ഷ്ണതയോടെ പ്രണയവും മരണവും വിഷയങ്ങളാകാം. സ്വയം തുറന്നിടുകയേ വേണ്ടൂ... അതിനുള്ള ധൈര്യം ആർജ്ജിക്കുകയെ വേണ്ടൂ...



മാധവിക്കുട്ടിയിൽ നിന്ന് തന്നെയാണ് എഴുത്തുകാരിയുടെ ആർജ്ജവം ആരംഭിക്കുന്നത്. മറ്റെന്തിനെ കുറിച്ചും ഉറക്കെ പറയാമെങ്കിലും പ്രണയത്തെ കുറിച്ചും കാമത്തെ കുറിച്ചും ശരീരത്തെ കുറിച്ചും ഉറക്കെ പറയാൻ അവൾ എന്നും ഭയപ്പെട്ടിരുന്നു. കാരണം അതിനു വേണ്ടി സ്വയം ജീവിതം പ്രണയത്തിലേക്ക് ആഴ്ത്തി വയ്‌ക്കേണ്ടതുണ്ട്, അതിൽ ജീവിച്ചു ഉരുകേണ്ടതുണ്ട്... അതുകൊണ്ടുതന്നെ ഒരു കാലത്തിന്റെ തുടക്കമായിരുന്നു മാധവിക്കുട്ടി എന്ന കമലാ സുരയ്യ.

ente-kadha

മതവും വാക്കുകളും എല്ലാം വിവാദമായപ്പോഴും അവർ സ്വയം പ്രണയത്തിലേക്ക് ഒതുങ്ങി ചേർന്നിരുന്നിരുന്നു. പ്രണയത്താൽ വഞ്ചിതയാകുമ്പോഴും അവർ അതിനെ അത്രമേൽ മുറുകെ പിടിച്ചിരുന്നു. പ്രണയദിനത്തിൽ മാത്രം ഓർമ്മിക്കപ്പെടേണ്ടവളല്ല മാധവിക്കുട്ടി. ഓരോ ദിവസവും പ്രണയമാഘോഷിക്കുന്ന അവരുടെ എഴുത്തിന്റെയും ചിന്തകളുടെയും ലോകം മലർക്കെ തുറന്നു കിടക്കുന്നു, ആർജ്ജവമുള്ളവർക്ക് കടന്നു വരാം എന്നുറക്കെ പറയുന്നത് പോലെ... വഞ്ചിക്കപ്പെടാനും, പിന്നെയുമേറെ ആഴത്തിൽ പ്രണയിക്കാനും കാമത്തെ കുറിച്ചുറക്കെ പറയാനും എല്ലാം തുറന്നെഴുതാനും ഇനിയും മാധവിക്കുട്ടിമാരെ നമുക്കാവശ്യമുണ്ടല്ലോ!!!

Your Rating: