വിജയനെ വീണ്ടും വായിക്കുമ്പോൾ

‘തോമസ് മന്നിന് എന്തൊക്കെ ചെയ്യാൻ ആവുമോ അതൊക്കെ എനിക്കും ചെയ്യാനാവും.’

ചില എഴുത്തുകൾ അങ്ങനെയാണ്, പഴകുംന്തോറും വീര്യമേറികൊണ്ടിരിക്കും. കാലത്തിന്റെ ഒഴുക്കിൽ അവ കൂടുതൽ തെളിഞ്ഞു വരുന്നു. ആവർത്തിച്ച് വായിക്കുവാൻ നമ്മെ പ്രേരിപ്പിക്കുന്നു. രവി ചുമന്ന പാപബോധങ്ങളിൽ നിന്നൊക്കെ ഒരു പരിധി വരെ മുക്തി നേടിയ നവതലമുറയിലും ഖസാക്കിന്റെ ഇതിഹാസം പലകുറി വായിക്കപ്പെടുന്നു. സമകാലീന രാഷ്ട്രീയ ഇന്ത്യയിൽ വിജയന്റെ ഓരോ ലേഖനവും പുനർവായന അർഹിക്കുന്നു. കാലങ്ങൾക്കു മുമ്പേ പറഞ്ഞിട്ടും കാര്യങ്ങൾക്കൊന്നും ഇന്നും മാറ്റമില്ലലോ എന്ന് ഓരോ വായനയിലും അറിയാതെ ചിന്തിച്ചു പോകുന്നു.

വിജയന്റെ എഴുത്തിലേക്ക് വായനക്കാരനെ ഒരിക്കൽ കൂടി ക്ഷണിക്കുകയാണ് ഈ പംക്തിയിൽ. വിശ്വസാഹിത്യ കൃതികളോട് താരതമ്യപ്പെടുത്താവുന്ന കൃതികളൊന്നും മലയാളത്തിൽ ഉണ്ടായിട്ടില്ല എന്ന പ്രഫസർ എം.കൃഷ്ണൻ നായരുടെ പ്രസ്താവനയോടുള്ള വിജയന്റെ പ്രതികരണമാണ് 'ഒരു മൂന്നാംലോക ഫാന്റസി' എന്ന ലേഖനം. ‘തോമസ് മന്നിന് എന്തൊക്കെ ചെയ്യാൻ ആവുമോ അതൊക്കെ എനിക്കും ചെയ്യാനാവും.’ എന്ന് വിജയൻ ലേഖനത്തിൽ പറയുന്നു

                                       **************************************

ഒരു മൂന്നാം ലോക ഫാന്റസി

ഒവി വിജയൻ

പ്രഫസർ എം.കൃഷ്ണൻ നായർ പറയുന്നു. വിശ്വസാഹിത്യ കൃതികളോട് താരതമ്യപ്പെടുത്താവുന്ന കൃതികളൊന്നും തന്നെ മലയാളത്തിൽ ഉണ്ടായിട്ടില്ലെന്ന്, അപ്രകാരം തന്നെ എഴുത്തുകാരും. ഇത് ആർക്കും തെളിഞ്ഞു കാണാവുന്ന ഒരു സത്യം മാത്രമാണ്. വള്ളത്തോളും, ഉള്ളൂരും, ആശാനുമടക്കം, സി.വി.യടക്കം, നമ്മുടെ എഴുത്തുകാർ അദൃശ്യമായ ഏതോ ഒരു അതിരിൽ സ്വയം തടഞ്ഞു നിർത്തപ്പെടുന്നു. ഭാഷാപ്രയോഗത്തിലും ചിന്തയിലും ഈ പരിമിതികൾ നമുക്ക് കാണാം.

നമ്മുടെ സാഹിത്യം രണ്ടാംതരമാണെന്ന് പറയുന്നത് ശരി. എന്നാൽ അങ്ങനെ പറഞ്ഞുനിറുത്തി അരങ്ങ് വിടുന്നത് ശരിയല്ല. കാരണം ഒരു വമ്പിച്ച ചരിത്ര സാംസ്കാരിക പ്രശ്നത്തിന്റെ വക്ക് കടിക്കുക മാത്രമാണ് നാം. ഈ വിലയിരുത്തലുകൊണ്ട് സാധിക്കുന്നത് ഉള്ളിലോട്ട് അന്വേഷിച്ചു ചെല്ലുമ്പോൾ തെറ്റും തിരുത്തും നമുക്ക് നടത്തേണ്ടി വരും. സാഹസനിലവരങ്ങളിൽ.

വിശ്വസാഹിത്യം എന്നാൽ ഒരു മൂന്നാംലോകഫാന്റസിയാണ്. എലിയട്ടോ ഓഡനോ സ്പെൻസറോ ലോകം മുഴുവൻ അറിയപ്പെട്ടിരുന്നു. എന്നാൽ ആരും അവരെ ഇംഗ്ലീഷിൽ വേള്‍ഡ് പോയറ്റ് എന്നു വിളിച്ചിരുന്നില്ല, അങ്ങനെ ഒരു സങ്കൽപ്പം സമ്പന്നരാജ്യങ്ങളുടെ ഭാഷകളിൽ ഇല്ലാതാനും. പക്ഷെ ലണ്ടനിലോ പാരീസിലോ ബെർലിനിലോ ആരെങ്കിലും എന്തെങ്കിലും എഴുതിയാൽ അത് ലോകത്തിൽ മിക്ക ഇടങ്ങളിലും എത്തും. സാഹിത്യപരമായ മെച്ചം കൊണ്ടല്ല, ഭാഷയുടെ രാഷ്ട്രീയ ഭൂമിശാസ്ത്രം കാരണം. ഈസ്റ്റ് ഇന്ത്യ കമ്പനി, കൊളോണിയലിസം, സാമ്രാജ്യത്വം എന്നീ ചരിത്ര സംഭവങ്ങൾ ഈ ഭാഷകൾക്ക് സ്വീകാര്യതയും ആധിപത്യവും ഉണ്ടാക്കിക്കൊടുത്തു. നമ്മുടെ തന്നെ നിരൂപണരംഗം എടുത്തു നോക്കിയാൽ നാം കാണുന്നത് എന്താണ്? സ്വന്തം സംസ്കാരത്തിൽ തുടങ്ങി ഒടുങ്ങുന്ന രൂഢിയായ ഒരു നിരൂപണശൈലി കണ്ടെത്താതെ പലരും അവരവരുടെ പഥങ്ങളിൽ ശങ്കിച്ചു നടക്കുന്നു. എന്റെ കുട്ടിക്കാലത്ത് ബോധധാരയായിരുന്നു നമ്മെ നേരിട്ട ഏറ്റവും വലിയ പ്രശ്നം. ഇന്ന് പോസ്റ്റ് സ്ട്രക്ച്ചറലിസം നമ്മുടെ അടിയന്തര പ്രശ്നങ്ങളിലൊന്നാണ്.

ഡെറിഡ ഇല്ലാതെ ജീവിക്കാൻ പറ്റുമോ എന്ന് പരീക്ഷിച്ചു നോക്കുകയാണ് ഈയുള്ളവൻ.

സാർത്രും കമ്യൂവും. അവിടവിടെ കണ്ടുമുട്ടിയതു കൂടാതെ, ഞാൻ വായിച്ചിട്ടില്ല. അവരുടെ പുസ്തകങ്ങൾ മിക്കവയും വീട്ടിലുണ്ട്. കരുതിക്കൂട്ടിയ ധിക്കാരം കാണിക്കാനുള്ള നാടകീയതയല്ല ഇതിന്റെ പിന്നിൽ പിന്നെയോ? അനാസ്ഥ, നീട്ടിവെച്ച്, ശാരീരികമായ ക്ഷീണം. അത്രമാത്രം: 

എന്നാൽ, ഒഴിച്ചുകൂടാനാവാത്ത ഒരു പാരായണം ഉണ്ട് – നമുക്കു ചുറ്റും. തിരതല്ലുന്ന മനുഷ്യനും പ്രകൃതിയും, സ്മരണയും സ്വപ്നവും. ഈ പഠനത്തിൽ നീന്തിത്തുടിക്കുകയും, മുങ്ങിക്കുളിക്കുകയും ചെയ്യുകയെന്നത്. എഴുത്തുകാരന്റെ ബാലപാഠമാണ്. ഈ അനുഭവസമ്പത്ത് എഴുത്തുകാരൻ തന്റെ ജനസമൂഹവുമായി പങ്കുവയ്ക്കുന്നു. സാഹിത്യം ജനിക്കുന്നത് ഈ പങ്കുവയ്പ്പ് അവസാനിച്ച് എഴുത്തുകാരൻ സ്വന്തമായ, തികച്ചും സ്വകാര്യമായ രഥ്യകളിലേക്ക് കാലുവയ്ക്കുമ്പോഴാണ്. സന്യാസത്തിൽ നിന്ന് ഒരു ഉദാഹരണം ഇവിടെ ഉചിതമാകും എന്ന് തോന്നുന്നു. സന്യാസി ലൗകികാനുഭവങ്ങളെ ത്യജിച്ച് ഗുഹയിലോ കാട്ടിലോ തപസ്സിരിക്കുന്നു. വർഷങ്ങളോളം പിന്നെ ആ തപസിൽ തെളിഞ്ഞ അറിവുകൾ തന്റെ സമൂഹവുമായി പങ്കിടാനായി തിരിച്ചു വരുന്നു. എഴുത്തുകാരന്റേയും കർമ്മഗതി ഇപ്രകാരം തന്നെയാണ്.

ഈ അറിവുകളാണ് കേന്ദ്രസ്ഥമായ സത്യം ലോകത്തിൽ എഴുതപ്പെട്ട, എഴുതപ്പെടുന്ന ഓരോ വരിയും എല്ലാ മനുഷ്യരേയും ‘സൈക്കി’യുടെ തലത്തിൽ സ്വാധീനിക്കുന്നു. എഴുത്തുകാരന്റെ സ്വകാര്യരഥ്യ ഇതിൽ നിന്നുള്ള വ്യതിയാനമാണെങ്കിലും അതിന്റെ തുടക്കവും ഒടുക്കവും ഈ എക്റ്റോ പ്ലാസത്തിൽ തന്നെയാണ്. ഇരുട്ടിന്റെ അടിച്ചേറും വെളിച്ചത്തിന്റെ പുതുമുളപൊട്ടലും.

പടിഞ്ഞാറിന്റെ സാംസ്കാരികനഗരികളിൽ നിന്ന് പുറപ്പെട്ട് സാംസ്കാരിക കോളനികളിലൂടെ പുനഃസന്ദർശനം നടത്തുന്ന സാഹിത്യങ്ങളെ കണ്ട് നാം നിരാശകൊള്ളുന്നു. ഇല്ല, നമുക്ക് ഇത്രയും സാദ്ധ്യമല്ല. പ്രഫസർ പറയുന്നത് ശരിയാണെങ്കിൽ സമസ്യയുടെ രണ്ടാം ഭാഗത്തിന് എന്തായിരിക്കും ഉത്തരം? ഏതാനും ഉത്തരങ്ങളിൽ നിന്ന് നമുക്ക് തെരഞ്ഞെടുക്കേണ്ടിവരും. മലയാളത്തിൽ സാഹിത്യരചന വ്യർഥമാണ്. അതിൽ സമയം ചെലവിടരുത്.

മേൽപ്പറഞ്ഞത് സത്യമാണെങ്കിൽ മലയാളിക്ക് ജനിതകമായ എന്തെങ്കിലും പന്തികേടുണ്ടോ എന്ന് നാം അന്വേഷിക്കണം.

ഫാന്റസി

ഈ നിഗമനങ്ങളിൽ ഒന്നും തന്നെ സ്വീകരിക്കേണ്ടതില്ലെന്നതാണ് എന്റെ എളിയ അഭിപ്രായം. നാമൊക്കെ ചരിത്രത്തിന്റെ അനീതി അനുഭവിക്കുന്നവരാണ്. ഒരു സായിപ്പിനെ ഉദ്ധരിക്കുന്നത് നല്ല കാര്യമാണല്ലോ അതുകൊണ്ട് ഞാനും അങ്ങനെ ചെയ്യട്ടെ. ടൈംസ് ലിറ്റററി സപ്ലിമെന്റിൽ (ലണ്ടൻ) ധർമ്മപുരാണത്തിന്റെ ഇംഗ്ലീഷ്പരിഭാഷ നിരൂപണം ചെയ്തുകൊണ്ട് ഡേവിഡ് സെൽബേണ ഇങ്ങനെ പറഞ്ഞു. ബ്രിട്ടീഷുകാരായ എഴുത്തുകാർക്ക് നഷ്ടപ്പെട്ട ഫാന്റസി എന്ന സിദ്ധിയെക്കുറിച്ച് ഖേദകരമായ ഓർമകള്‍ ഉണർത്തുകയാണ് ദ് സാഗാ ഓഫ് ധർമ്മപുരി എന്ന് (ഓർമ്മയിൽനിന്ന്).

തോമസ് മന്നിന് ചെയ്യാൻ കഴിയുന്നതൊക്കെ എനിക്കും ചെയ്യാൻ കഴിയുമെന്ന്  ഞാൻ മുമ്പൊരിക്കൽ വെടിപറഞ്ഞത് മലയാളിയുടെ നിരാശയെ അകറ്റാന്‍ വേണ്ടി മാത്രമായിരുന്നു. ഒന്നുകിൽ പ്രശ്നം ജനിതകമാണ്. പരിഹാരമില്ല അല്ലെങ്കിൽ, കൊളോണിയലിസത്തിന്റെ മൂടൽമഞ്ഞ് നമ്മെ പൂർണ്ണമായും വിട്ടുമാറിയിട്ടില്ല. ഇന്ന് ലോകത്തിലെ വലിയ ഭാഷകളിൽ എഴുതപ്പെട്ട വിശിഷ്ടകൃതികളോട് കിടപിടിക്കുന്ന പുസ്തകങ്ങൾ നമുക്കില്ലെന്നത് വാസ്തവം തന്നെ പക്ഷെ ഉണ്ടാവുകയില്ല എന്നത് വാസ്തവമാകണം എന്നില്ല. അതുകൊണ്ട് പഴയ നേരമ്പോക്കിൽ തന്നെ എന്റെ ഈ ചെറു പ്രബന്ധം അവസാനിപ്പിക്കട്ടെ.

‘തോമസ് മന്നിന് എന്തൊക്കെ ചെയ്യാൻ ആവുമോ അതൊക്കെ എനിക്കും ചെയ്യാനാവും.’

ചെയ്തിട്ടില്ലെന്നത് മറ്റൊരു കാര്യം.

(1995 നവംമ്പറിൽ ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിച്ച ലേഖനം)

നാളെ ഒവി വിജയന്റെ സ്ഥിരീകരണം എന്ന കഥ വായിക്കാം

                                      **************************************

Read more- OV Vijayan Khasakkinte ithihasam