Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വി.കെ.എന്നിനെ കുറിച്ച് വിജയൻ

Part4

ഡൽഹിയിൽ ഒരുപാടു വർഷങ്ങൾ ഒ.വി.വിജയനും വി.കെ.എന്നും അയൽക്കാരായിരുന്നു. നാട്ടിലും അവർ അയൽക്കാർ തന്നെ. ഡൽഹിയിലായിരിക്കെ ഒ.വി.വിജയനെപ്പറ്റി ‘സൂര്യനിൽ അല്പം സ്ഥലം’ എന്ന പേരിൽ ഒരു കഥയും വി.കെ.എൻ എഴുത‌ിയിട്ടുണ്ട്. 'വിജയനെ വീണ്ടും വായിക്കുമ്പോൾ' എന്ന പംക്തിയിൽ തനിക്ക് അസാധാരണ മതിപ്പുള്ള സുഹൃത്തിനെപ്പറ്റി വിജയൻ എഴുതിയ കുറിപ്പ് വായിക്കാം

                                               ****************************

മറ്റെന്തതിൻ നേർക്കു നമസ്കരിക്ക

ഒ.വി. വിജയൻ

‘ഒരു ടിപ്പിക്കൽ വി.കെ.എൻ സിറ്റുവേഷൻ’ മനസ്സിൽ തെളിയുന്നു :

സ്റ്റെനോ ടൈപ്പിസ്റ്റ് ജോലിക്ക് അപേക്ഷിച്ചിരുന്നവരിൽ ഈ ഒരു ചെറുക്കനെ സായിപ്പിനു ബോധിച്ചു. ജോലിയും ഉടനേ കൊടുത്തു. ചെറുക്കൻ നന്ദി പറഞ്ഞ് എഴുന്നേറ്റു നിന്നു. സായിപ്പ് കടലാസിലൂടെ വിരലുകൾ പായിച്ചു. സായിപ്പ് ചോദിച്ചു. ‘‘ പേരെന്തെന്നാ പറഞ്ഞത്? ’’

‘‘ത്രിവിക്രമനുണ്ണിമന്ദാടിയാർ.’’

സായിപ്പ് ചലനമറ്റ് കസേരയിൽ ഇരുന്നു. പിന്നെ സായിപ്പിന്റെ ഗർജ്ജനം, ‘‘ഗെറ്റ് ഔട്ട് ! ’’

മറ്റൊരു സന്ദർഭം കൂടി. കാളവണ്ടികളുടെ ഗതാഗതം. വിവരണം : 'ദ്വിതീയാക്ഷരപ്രാസത്തിൽ നീണ്ടു പോകുന്ന പോത്തുവണ്ടികൾ'

മലയാള ഭാഷ നാളിതുവരെ അറിഞ്ഞിട്ടില്ലാത്ത സുകുമാരവും അന്തസ്സുറ്റതുമായ ഫലിതപ്രസാദം.

ഭാഷയുടെ നിരവധി പാരമ്പര്യങ്ങളെ അയാൾ തകർത്തെറിഞ്ഞു. എഴുത്തച്ഛനിൽ (വി കെ എന്നിന്റ ഭാഷയിൽ എഴ്ശനിൽ) തുടങ്ങിയ നൂറ്റാണ്ടുകൾ പുതിയൊരു സെൻസിബിലിറ്റക്കു മുമ്പിൽ വണങ്ങി നിന്നു.

ഇതും കൂടി പറയട്ടെ, ധിക്കാരമാവാം. സഞ്ജയനെയും കുഞ്ചനെയും ഈ മനുഷ്യൻ കടത്തിവെട്ടുന്നു.

വി.കെ.എന്നിന്റെ രസതന്ത്രം പണ്ഡിത പഠനാർഹമാണ്. Assault on the word. ഒരു പദത്തിന്റെ പരിണാമപ്രക്രിയ എന്തെന്ന് ആരായാൻ തുടങ്ങിയാൽ ഓരോ വാക്കും ഒരു പഠനമായി നിൽക്കും.

                                                 ****************************

വിജയനെ വീണ്ടും വായിക്കുമ്പോൾ എന്ന പംക്തിയിൽ അടുത്തത് ദേശത്തെ കുറിച്ച് വിജയന്റെ ലേഖനം