സ്ഥിരീകരണം - ഒ.വി. വിജയൻ

പാഥേയം ബലിചോറാക്കിയ വെള്ളായിയപ്പൻ, മോക്ഷം തേടിയലഞ്ഞ രവി, ജന്മാന്തരങ്ങളിലേക്ക് നീളുന്ന കഥകൾ... വിജയന്റെ കഥകളിലെ ആത്മീയതയെക്കുറിച്ചുള്ള ചർച്ചകൾ സാഹിത്യലോകത്ത് ഇന്നും സജീവമാണ്. 'ഇന്ദ്രപ്രസ്ഥത്തിൽ കാഷായം ധരിച്ച സന്യാസിമാരെ കാണാൻ ഞാൻ ഇഷ്ടപ്പെടുന്നു. എന്നാൽ നമ്മുടെ രാഷ്ട്രീയക്കൊടിമരത്തിൽ കാവിക്കൊടി കയറ്റിക്കാണാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല' എന്ന് ലേഖനങ്ങളിൽ തന്റെ നിലപാട് വ്യക്തമാക്കിയ വിജയൻ, കഥകൾക്ക് പലപ്പോഴും ഒരു ആത്മീയ പരിവേഷം നൽകി. സുതാര്യം എന്നൊക്കെ പറയാവുന്ന, ആർക്കും ഉൾക്കൊള്ളാൻ കഴിയുന്ന ഒരുതരം ആത്മീയത. ഒ.വി. വിജയന്റെ ‘സ്ഥിരീകരണം’ എന്ന കഥയും അത്തരത്തിലൊന്നാണ്. 'വിജയനെ വീണ്ടും വായിക്കുമ്പോൾ' എന്ന ഈ പംക്തിയിൽ ഇന്ന് ഒ.വി. വിജയന്റെ ‘സ്ഥിരീകരണം’ എന്ന കഥ. 

                                               *********************************

സ്ഥിരീകരണം

ഒ. വി വിജയൻ

അപകടമരണങ്ങൾ, സൈനിക സംഘർഷങ്ങൾ, രാഷ്ട്രീയ പ്രഖ്യാപനങ്ങൾ, സ്ഥിതി വിവരകണക്കുകൾ, ഇന്നുകഴിഞ്ഞ് നാളെപ്പുലരുമ്പോഴേക്കു മറക്കേണ്ട ആനുകാലിക ചരിത്രത്തിന്റെ ആർഭാ‍ടത്തിനു ടെലി പ്രിന്റററുകൾ താളം പിടിച്ചു. പത്രമാപ്പീസിന്റെ കുതൂഹലത്തിനിടയ്ക്കു സാത്വികമായ ഒരധികപ്പറ്റുപോലെ എന്റെ പുതിയ സഹപ്രവർത്തകൻ ചന്ദ്രശേഖരൻ സ്ഥലം പിടിച്ചു. 

‘‘ ചന്ദ്രന് പരിസരം പരിചായോ ?’’ ഞാൻ ചോദിച്ചു.

‘‘പരിചാവാൻ എന്താള്ളത്?’’ സൗമ്യമായ ചെറുചിരിയോടെ ചന്ദ്രശേ‌ഖരൻ മറുപടി തന്നു.

‘‘നഗരത്തെപ്പറ്റി പൊതുവേ പറയേ. ചെറുപട്ടണത്തിന്റെയും നഗരത്തിന്റെയും വ്യത്യാസംല്യേ? അതുപോലെ ചെറുപത്രത്തിന്റെയും ദേശീയപത്രത്തിന്റെയും വ്യത്യാസോം?’’

തന്റെ ചെറുപട്ടണത്തിൽ വീടിനടുത്തുള്ള ഒരു കൊച്ചു പത്രത്തിൽ ഏതാനും വർഷം ജോലി നോക്കിയശേഷമാണ് ചന്ദ്രശേഖരൻ ഇവിടെ വന്നത്.

‘‘എന്റെ പരിസരം എന്താന്നു കണ്ണങ്കുട്ടി ഇതിനകം ധരിച്ചു കാണില്ലേ?’’ അയാൾ പറഞ്ഞു. ‘‘ ന്യൂയോർക്ക് ടൈംസിലായാലും നാട്ടിലായാലും പരിസരം ഒന്നന്നെ. ’’

തന്റെ ശാരീരിക ദൗർബല്യമാണ് ചന്ദ്രശേഖരൻ സൂചിപ്പിച്ചത്. ബാല്യം മുതൽ തു‍ടങ്ങിയ തന്റെ രോഗം മാറാത്തതായിരുന്നു. താല്കാലിക ശമനങ്ങള്‍ മാത്രം. എല്ലിന്റെ സന്ധികൾ ദ്രവിച്ചുറയുന്ന ആ രോഗം ഒരായുഷ്ക്കാലത്തിന്റെ വിധിയെഴുത്താണ്. സ്വതന്ത്രമായി നടക്കാൻ ചന്ദ്രശേഖരനു കഴിവില്ലായിരുന്നു. തുറന്ന സ്ഥലത്ത് സഹായമില്ലാതെ നിന്നാൽ തലകറങ്ങും. വീട്ടിൽ നിന്നും കാറിൽ കയറാൻ സഹായം, കാറിൽ നിന്നിറങ്ങി ആപ്പീസിന്റെ പടവുകൾ കയറാൻ സഹായം, അവിടെനിന്നു തന്റെ മേശവരെ അകമ്പടി. മേശയ്ക്കു പുറകിൽ ഇരിപ്പുറപ്പിച്ചു കഴിഞ്ഞാൽ പിന്നെ ഒരു ചെറുചിരിയോടെ ചുറ്റും നോക്കി ചന്ദ്രശേഖരൻ തന്റെ കടലാസുകളിൽ മുഴുകി. ന്യൂയോർക്ക് ടൈംസിലാണെങ്കിലും ഇതുതന്നെ എന്നു പറഞ്ഞതിന്റെ അർത്ഥമതായിരുന്നു. കർമ്മത്തിന്റെ വ്യതിയാനമില്ലാത്ത രഥ്യ, ചുമതലയുടെ ആവർത്തനം, ആ ആവർത്തനത്തിൽ വിനീതമായ തൃപ്തി.

‘‘ത്തിരീശെ പൊറത്തെറങ്ങണ്ടെ ചന്ദ്രന്?’’ ഞാനൊരു ദിവസം ചോദിച്ചു.

‘‘അങ്ങന്യൊരാവശ്യം തോന്നീട്ടില്യ.’’

‘‘ക്ലബ്ബിൽ വന്നിട്ടില്യാലോ?’’

‘‘ല്യ.’’

‘‘നമക്ക് ഒരു ദിവസം പുവ്വാം. വിരോധണ്ടോ?’’

വിരക്തി ഒരു ശാഠ്യമല്ലായിരുന്നു ചന്ദ്രന്, തന്റെ രഥ്യയുമായുള്ള ഒരൊത്തുചേരൽ മാത്രം. അയാൾ പറഞ്ഞു, ‘‘ ഒട്ടും വിരോധല്യ.’’

അങ്ങനെയാണ് ഒരു വൈകുന്നേരം ഞങ്ങൾ പ്രസ്ക്ലബിലേക്കു തിരിച്ചത്.

‘‘തെരക്ക്ണ്ടാവോ, കണ്ണങ്കുട്ടീ?’’

‘‘പത്രപ്രവർത്തകൻ ഒറ്റയ്ക്കായാലും തെരക്ക് സൃഷ്ടിക്യാ എന്നതല്ലേ അവന്റെ വിധി?’’

‘‘പക്ഷേ ഒരുപാടാള്കള് ഒന്നിച്ചിരുന്നു സംസാരിക്കുമ്പോഴത്തെ ശബ്ദകോലാഹലം താങ്ങാൻ എനിക്കു വയ്യ. ശരീരത്തിന്റ്യാ വയ്യായ്ക.’’

‘‘ ആപ്പീസിലെ ശബ്ദം പരിചായോ?’’

‘‘ടെലിപ്രിന്ററിന്റെ താളം ശീലായി. ’’

‘‘ക്ലബിലെ സംസാരത്തിനു താളല്യാ’’, ഞാൻ പറഞ്ഞു. ‘‘ പക്ഷേ രണ്ടിന്റെയും ഉള്ളടക്കം ഒന്നന്ന്യാ, സ്ഥിരീകരിക്കപ്പെടാത്ത വാർത്ത.’’

ചന്ദ്രശേഖരൻ ചിരിച്ചു, ‘‘ആയുഷ്ക്കാലം മുഴുവൻ നമ്മള് അതു കൈകാര്യം ചെയ്യാ, അല്ലേ?’’

‘‘ഒരർത്ഥത്തിൽ അതേ. ’’

ഞങ്ങൾ ക്ലബിലെത്തി. സമയം ഏഴു കഴിഞ്ഞതേയുള്ളു, മധുവാണിഭം തുടങ്ങിയിട്ട് എതാനും നിമിഷങ്ങൾ. ക്ലബിന്റെ മുമ്പിൽ കാറുകൾ അടിഞ്ഞുകിടക്കുന്നു.

‘‘തെരക്കാണ്, ചന്ദ്രാ, ‌’’ ഞാൻ പറഞ്ഞു. ‘‘ വെഷമിക്ക്യോ?’’

‘‘ സാരല്യാ’’

‘‘വെഷമിക്കണ്ട നമക്ക് ഒരു വഴീണ്ടാക്കാം. നമക്ക് ഈ പുൽമുറ്റത്ത് കസേല വലിച്ചിട്ട് ഇരിക്കാം. ’’

ക്ലബിന്റെ പുൽത്തകിടിയിൽ നക്ഷത്രങ്ങളുടേയും നഗരദീപ്തി പ്രസരിച്ച പൊടിയുടേയും മേലാപ്പിന്നിടയില്‍ ഞങ്ങൾ ഇരിപ്പുറപ്പിച്ചു. അവിടെ ഒരറ്റത്ത് ഇരുന്ന മൂന്നുനാലു പേരൊഴിച്ചാൽ വേറെയാരുമുണ്ടായിരുന്നില്ല.

‘‘ സാമാന്യം ശാന്തം,’’ ചന്ദ്രശേഖരൻ പറഞ്ഞു.

കുറേക്കഴിഞ്ഞാൽ ന്നീം ആളു വരില്യാന്ന് നിശ്ചിയ്ക്കണ്ട.’’

‘‘ സാരല്യ. ശബ്ദത്തിനു പടർന്നുപൊങ്ങാൻ സ്ഥലം ശ്ശിണ്ടല്ലോ. ’’

പരിചാരകൻ‍ വന്നപ്പോൾ ഞാൻ ചന്ദ്രശേഖരനോടു ചോദിച്ചു, ‘‘ചെറിയൊരു ‍ഡ്രിങ്ക് പറയട്ടെ?’’‌

‘‘വിരോധണ്ടായിട്ടല്ല. പക്ഷേ മദ്യംകഴിക്കാണ്ടെന്നെ തലതിരിച്ചിലാ. ’’

‘‘ ഒരു ഷെറി ആവാം. ദോഷം ചെയ്യില്യാ.’’

‘‘എന്നാലായിക്കോട്ടെ’’

സൗമ്യസ്ഥായിയിലുള്ള ആ വീഞ്ഞ് ആസ്വദിച്ചു കൊണ്ടു ചന്ദ്രശേഖരൻ ഒരുപാടുനേരം ഇരുന്നു സംസാരിച്ചു. പിരിയുമ്പോൾ ഇങ്ങനെ പറഞ്ഞു, ‘‘ ഇനി വരണംന്ന് കണ്ണങ്കുട്ടി നിർബന്ധിക്കില്യാലോ?’’

‘‘എന്തേ ചന്ദ്രാ?’’

‘‘എനിക്ക് ഇതിലൊന്നും ശാഠ്യല്യാന്ന് കണ്ണങ്കുട്ട്യേ ധരിപ്പിക്കാൻ വേണ്ടി മാത്രാ വന്നത്.’’

ഒന്നിലും ശാഠ്യമില്ലാത്ത സാത്വികവൃത്തി. അതിന്റെ നിരവധി താളുകളിലേക്ക് എത്തിനോക്കാൻ ഞങ്ങളുടെ സൗഹൃദം ഇടവരുത്തി.

‘‘ഞാൻ കടന്നു ചോദിക്ക്യാന്ന് കരുതരുത്,’’ ഒരു ദിവസം ഞാൻ പറഞ്ഞു. ‘‘ പക്ഷേ ഒന്നു ചോദിച്ചാൽ തെറ്റിദ്ധരിക്ക്യോ?’’

തെല്ലാശങ്കയോടെ ഞാൻ തുടങ്ങി,‘‘ ചന്ദ്രൻ വിവാഹത്തെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ?’’

‘‘ഉവ്വ്’’

സംഭാഷണം സ്തംഭിച്ചപ്പോൾ പന്ദ്രശേഖരൻ തന്നെ അതു തുടർന്നു, ‘‘ വൈദ്യാഭിപ്രായത്തിൽ വിവാഹം കഴിക്കാൻ തടസ്സല്യ. പക്ഷേ അതു വേണോന്ന സംശയം കൊണ്ടാ. ഈ സമനെല എന്നാ തകിടംമറിയാന്നറിയില്യ. അതിൽ മറ്റൊരാളെ വലിച്ചിഴക്കണോ?’’

പറഞ്ഞതുപോലെതന്നെ ചന്ദ്രശേഖരന് അസുഖം വർധിച്ചു. നഴ്സിംഗ് ഹോമിൽ വിശ്രമിച്ച വാരങ്ങളിൽ എന്നും വൈകുന്നേരം ഞാൻ എന്റെ സുഹൃത്തിനെ സന്ദർശിച്ചു. രോഗം ശമിക്കണമെന്ന ശാഠ്യമില്ല ചന്ദ്രശേഖരന്. കുട്ടിക്കാലം മുതൽ തന്നെ വർഷങ്ങളോളമടുപ്പിച്ച് തന്നെ ശയ്യാവലംബിയാക്കിയ രോഗത്തോടു പരിഭവമില്ല. ഒരു വൈകുന്നേരം പൊടുന്നനെ ചന്ദ്രശേഖരൻ ചോദിച്ചു. ‘‘ കണ്ണങ്കുട്ടിക്ക് എപ്പോഴെങ്കിലും ദീർഘായിട്ട്ള്ള അസുഖംന്തെങ്കിലും ണ്ടായിട്ട്ണ്ടോ?’’ 

കിടക്കയിൽ നിസ്സഹായനായി കിടന്ന സുഹൃത്തിനോടു കുറ്റബോധത്തോടെയാണു ഞാൻ മറുപടി പറഞ്ഞത്, ‘‘ല്യ.’’

‘‘ എനിക്ക് ഈ രോഗം നീണ്ട പാഠമായിരുന്നു. എന്റെ വളർച്ചേം. ഞാൻ സ്കൂളിൽപ്പോയിട്ടില്യാന്ന് കണ്ണങ്കുട്ടി ധരിച്ചിട്ട്ണ്ടോ ആവോ?’’

‘‘ഞാനത് ചോദിച്ചിട്ടില്യാ’’

‘‘പന്ത്രണ്ടു വയസ്സിൽ ആശുപത്രികിടക്കയെ അഭയം പ്രാപിച്ചു. അത്തവണ നാലു കൊല്ലം. പി‌ന്നെ നാലുകൊല്ലത്തെ ഇളവ്. പിന്നെ ആറു കൊല്ലം വീണ്ടും ആശുപത്രി. പിന്നെ വീട്ടിൽ ചികിൽസ.’’

രോഗശയ്യയിൽ കിടക്കവേ വായിച്ചു നേടിയ അറിവുകളാണു ചന്ദ്രശേഖരനെ പ്രഗൽഭനായ ഒരു പത്രപ്രവർത്തകനാക്കി മാറ്റിയത്. സാങ്കേതികമായ അർത്ഥത്തില്‍ വിദ്യയഭ്യസിച്ചിട്ടില്ലാതിരുന്ന അയാളെ സ്വീകരിക്കാൻ ആദ്യം പത്രസ്ഥാപനങ്ങൾ മടിച്ചു. എന്നാൽ അയാളുടെ ഗാഢമായ അറിവും സരളമായ ശൈലിയും മനസ്സിലാക്കാൻ ഇവർക്ക് ഏറെത്താമസ്സിക്കേണ്ടിവന്നില്ല. പക്ഷേ സ്വയം അഭ്യസിച്ച വിദ്യയുടെ കാര്യമായിരുന്നില്ല ചന്ദ്രശേഖരൻ സ്പർശിക്കുന്നതെന്നു ഞാൻ ഉള്ളുകൊണ്ടറിഞ്ഞു.

ചന്ദ്രശേഖരൻ പറഞ്ഞു,‘‘ഞാനൊരു കാര്യം പറഞ്ഞാൽ ഭ്രാന്താണെന്നു കണ്ണങ്കുട്ടിക്കു തോന്നും.’’

‘‘ല്യ.’’

‘‘അല്ലെങ്കിൽ ഒരു രോഗീടെ ഫാന്റസിയാന്നെങ്കിലും–’’ 

‘‘അങ്ങനെ തോന്നാണ്ടിരിക്കാൻ മാത്രം ഞാൻ ചന്ദ്രനെ മനസ്സിലാക്കീട്ടില്യേ’’

‘‘ന്നാൽ പറയാം, കേട്ടോളൂ–’’

പതിന്നാലാമത്തെ വയസ്സിൽ ആശുപത്രിയിൽ ഒരു സന്ധ്യ. സന്ധ്യയിൽ നിറഞ്ഞുനിന്ന പര്യവസാനത്തിന്റെ ദു:ഖത്തിൽ ഔഷധങ്ങളുടെ വിഷലഗന്ധങ്ങൾ കുതിർന്നു പിടിക്കുന്നു. കൈകാലുകൾ തളർന്നു ചന്ദ്രശേഖരൻ കിടക്കുന്നു. ആശുപത്രി വരാന്തയിൽ അമ്മാവൻ ഡോക്ടറോടു സംസാരിക്കയാണ്.

‘‘ഡോക്ടർ ഒന്നും പറഞ്ഞില്യാലോ,’’ അമ്മാവൻ പരിഭവിക്കുന്നു.

‘‘മിസ്റ്റർ മേനോനോട് ഞാനെന്താ പറയ്ാ?’’

‘‘എന്തെങ്കിലും പറയൂ. തരായീച്ചാൽ സത്യം പറയൂ.’’

‘‘സത്യം കേക്കാൻ മിസ്റ്റര്‍ മേനോന് ധൈര്യണ്ടോ?’’

‘‘ധൈര്യപ്പെടാണ്ടെ വയ്യല്ലോ, പറയൂ.’’

‘‘ന്നാൽ പറയാം,’’ ഡോക്ടറുടെ വാക്കുകൾ, ‘‘ ഈ രോഗം ഭേദാവില്യ. പക്ഷേ ദൈവം സഹായിച്ചാൽ ആശ്വാസം കിട്ടീന്ന് വരും. ആ ആശ്വാസം ഒരു പക്ഷേ ജീവിതാവസാനംവരെ നീണ്ടുപോയെന്നും വരും. കുട്ടിക്ക് ഈശ്വരവിശ്വാസം ണ്ടോ?’’

സാന്ധ്യാസാന്ദ്രതയിൽ അതൊക്കെ ചെകിടോർത്തുകൊണ്ടു പതിന്നാലു വയസ്സായ ചന്ദ്രൻ കിടക്കുന്നു. കുറേക്കഴിഞ്ഞ്  അമ്മാവൻ മുറിയിലേക്ക് കടന്നുവരുന്നതറിഞ്ഞപ്പോൾ കരച്ചിൽ നിർത്തുന്നു. അമ്മാവന്റെ മുഖത്തു വിചിത്രമായ ഒരു ക്രോധമാണ്. ആ മുഖം അങ്ങനെ മുമ്പൊരിക്കലും ചന്ദ്രശേഖരൻ കണ്ടതല്ല. അമ്മാവന്‍ കുനിഞ്ഞ് കുട്ടിയുടെ മുഖത്തേക്കു നോക്കുന്നു.

‘‘നീ കരഞ്ഞോടാ?’’ അമ്മാവൻ പരുഷമായി ചോദിക്കുന്നു.

‌‘‘ഉം.’’

‘‘ന്നാൽ, ഇനി നാരായണ, നാരായണാന്ന് ജപിക്ക്,’’ ആ പറഞ്ഞതും പരുഷതയോടെ, പകയോടെ

ഗുരുവചനംപോലെ പതിന്നാലുകാരൻ ആ കല്പന സ്വീകരിക്കുന്നു. പിന്നെ പരുഷതയില്ലാതെ, പകയില്ലാതെ ജപിച്ചു തുടങ്ങുന്നു, നാരായണ, നാരായണ! രോഗത്തിന്റെ സഹനം കുട്ടിയെ അപാരമായ സീമകളിലെവിടെയോ എത്തിക്കുകയാണ്. സന്ധ്യയുടെ നിറവിൽ ചില്ലു ജാലകത്തിനു പുറത്ത് അലതല്ലുന്നതെന്താണ് ? ആദ്യമാദ്യം നാമജപം ശുഷ്കസ്വരങ്ങളായി അവുഭവപ്പെടുന്നു, പിന്നെ പതുക്കെ അവയിൽ മണവും തേനും നിറയുന്നു. ഇപ്പോൾചില്ലു ജാലകത്തിനു പുറത്തു വലിയൊരു കടൽ തിരതല്ലുന്നു–

ചന്ദ്രശേഖരൻ എന്നോടു പറഞ്ഞു, ‘‘ ന്നി ഞാൻ പറയാമ്പോണത് കണ്ണങ്കുട്ടി വിശ്വസിക്കില്യ.’’

‘‘ചന്ദ്രൻ പറയൂ.’’

ചന്ദ്രശേഖരൻ ചെറ്റിട നിശ്ശബ്ദനായി. എന്നിട്ട്, യുക്തിയുടെ മഹാവ്യൂഹങ്ങളെ തന്റെ ദുർബലസ്വരംകൊണ്ട് വെല്ലുവിളിച്ചു പറഞ്ഞു, ‘‘ ഞാൻ കൃഷ്ണനെ കണ്ടു.എനിക്കു ഭ്രാന്താണെന്നു കരുതണ്‌‌ണ്ടോ?’’

‘‘ല്യ. പക്ഷേ ഡലീറിയത്തിന്റെ സാധ്യത ചന്ദ്രൻ ഓർത്തു നോക്കീട്ടുണ്ടോ?’’

‘‘ഡലീറിയവും സുബോധവും ഒരു രോഗിക്കു പോലും തിരിച്ചറിയാം. ആലെലയിൽ പാറണ കുട്ടികൃഷ്ണനെയാ ഞാൻ സങ്കൽപ്പിച്ചത്. ഞാൻ കണ്ടതും അങ്ങനെതന്നെ.’’

‘‘എന്നിട്ടോ?’’

‘‘ഞാൻ നാമജപം നിർത്തി.’’

‘‘നിർത്തേ?’’

‘‘അതേ, എനിക്കു പേടിയായി. ഞാൻ ആ ദർശനത്തിനു  തയ്യാറായിരുന്നില്യ. ഒരു പക്ഷേ എന്റെ കർമ്മം പൂർത്തിയാവാൻ ആ ദർശനം മൊടങ്ങണംന്നത് ആവശ്യമായിരുന്നിരിക്കണം. അല്ലെങ്കിൽ ഞാൻ അന്നേ പൂവ്വുമായിരുന്നു. പൂവ്വാൻമടീണ്ടായിട്ടല്ലാന്ന് വെച്ചോളൂ.’’

എന്തോ മരുന്നു കൊടുക്കാന്‍ നഴ്സ് അകത്തുവന്നു. ‘‘എങ്ങനെയുണ്ട്, മിസ്റ്റർ ചന്ദ്രശേഖരൻ?’’ അവൾ അന്വേഷിച്ചു.

‘‘വേണ്ടില്ല.’’

‘‘രണ്ടുമൂന്നാഴ്ചയ്ക്കകം താങ്കൾക്കു തിരിച്ചുപോകാന്‍ പറ്റുമെന്നു തോന്നുന്നു,’’

നഴ്സ് തിരിച്ചുപോയപ്പോൾ ചന്ദ്രശേഖരന്‍ പറഞ്ഞു, ‘‘ഇത്തവണ ആശ്വാസം കിട്ടുംന്ന് എനിക്കന്നെ  അറിയാം. പക്ഷെ ഒരു ലാഘവം. ഭേദായാലും അല്ലെങ്കിലും വ്യത്യാസംല്യാന്നപോലെ.’’

ആ ശാന്തിയുടെ അറിവ് എന്നിലേക്കു സംക്രമിക്കുന്നപോലെ എനിക്കു തോന്നി. എന്നാൽ, ടെലിപ്രിന്ററുകളുടെ താളം ശ്രവിച്ചുകൊണ്ടു ഞങ്ങളുടെ ആപ്പീസിൽ എന്റെ സമീപത്തിരുന്നു പണിയെടുത്ത ചന്ദ്രശേഖരൻ  അനാദിയായ കടൽപരപ്പിൽ പാറിക്കിടന്ന ആലിലകൃഷ്ണനെ കണ്ടെന്ന ധാരണ എന്റെ യുക്തിയുടെയും കര്‍മ്മത്തിന്റെയും പരിസ്ഥിതിയിലേക്കു പകർത്താനാവാതെ ഞാൻ തളർന്നു.

‘‘അകലത്തെവിടെയോ ഉള്ള ഒരു ദൈവത്തിൽ വിശ്വസിക്കാൻ പ്രയാസല്യാ’’, ‍ഞാൻ പറഞ്ഞു.‘‘ ന്നാൽ ദൈവം അടുത്തു വന്നാൽ വിശ്വാസം തകരും.’’

‘‘മരണത്തിന്റേം സ്ഥിതി അതാ. ആരാന്റെ മരണത്തിൽ വിശ്വസിക്കാം, അവനോന്റെതിൽ വിശ്വസിക്കാന്‍ ഞെരുക്കാ.’’ ചന്ദ്രശേഖരൻ ചിരിച്ചുകൊണ്ടു തുടർന്നു,‘‘ ഈ ഡോക്ടർമാരുടെ കാര്യം എട്ക്ക്ാ. അവർക്കൊക്കെ രോഗികളുടെ മരണത്തിൽ വിശ്വാസാ. സ്വന്തം മരണത്തെക്കുറിച്ച് ഒരു തരിമ്പുപോലും ധാരണേല്യ. പക്ഷേ ഞാൻ കണ്ടതു ഞാനാരോടും പറഞ്ഞിട്ടില്യ. വേറൊരാൾ ആദ്യമായിട്ടറിയണതു കണ്ണങ്കുട്ട്യാ.’’

‘‘ഇനി ആരോടും പറയരുത്.’’

‘‘പറയില്യാ. പറഞ്ഞാൽ അതു തരംതാണ ഒരു പത്രവാർത്ത പോലിരിക്കും.എൻ അൺകൺഫേമ്ഡ് റിപ്പോർട്ട്!’’

ഞങ്ങളിരുവരും ചിരിച്ചു. അസാധാരണമായ ആ സംഭാഷണം ആ ചിരിയിലവസാനിച്ചു.

മൂന്നാഴ്ചയ്ക്കുശേഷം ചന്ദ്രശേഖരൻ പണി മേശയ്ക്കു പുറകിൽ വീണ്ടും പ്രത്യക്ഷപ്പെട്ടു. പത്രവാർത്തകളുടെ ചവറിൽ ചിനക്കി. കുറേ ദിവസം കഴിഞ്ഞ് ഒരു വൈകുന്നേരം ചന്ദ്രശേഖരൻ ഇങ്ങോട്ടു പറഞ്ഞു. ‘‘ ‍ഞാനെന്റെ വാക്കു തെറ്റിക്കാൻ പൂവ്വാ, കണ്ണങ്കുട്ടീ. നമക്ക് ഇന്ന് ക്ലബിൽ ചെല്ലാം.’’

ചന്ദ്രശേഖരന്റെ ശാരീരിക പ്രസാദം തിരിച്ചുവന്നതിന്റെ ഒരടയാളമായി ഞാനതിനെ കണക്കാക്കി. അന്നു വൈകുന്നേരം ക്ലബിന്റെ പുൽമുറ്റത്തിരുന്നപ്പോൾ ചന്ദ്രശേഖരൻ തന്നെയാണു ബെയ്ററോടു പറയാൻ മുൻകൈയെടുത്തത്,‘‘ എനിക്ക് ഒരു ഷെറി. സാബിനു ഗിംലൈറ്റ്.’’

‘‘ഇത്രേം ഉന്മേഷം ഞാൻ നിരീച്ചില്യാ, ചന്ദ്രാ.’’

പളുങ്കുപാത്രത്തിൽ നിന്നു വീഞ്ഞു മുത്തിക്കുടിച്ച്, പ്രസാദവാനായി ചന്ദ്രശേഖരൻ പറഞ്ഞു, ‘‘ എനിക്ക് ഈയിടെയായി കലശലായ ഉന്മേഷാ.’’

‘‘നന്നായി.’’

‘‘ എനിക്കു നന്നായി. പക്ഷേ എന്റെ വീട്ടുകാർക്കു നന്നാവോന്നു നിശ്ചല്യ.’’

‘‘അതെന്താത്, ചന്ദ്രാ?’’

‘‘ അതോ,’’ തെല്ലോർത്തുകൊണ്ടു ചന്ദ്രശേഖരൻ പറഞ്ഞു,‘‘ആലെലക്കൃഷ്ണനെ കണ്ടമാതിര്യാ.’’

ഞങ്ങളിരുവരും നിശ്ശബ്ദരായി.ചന്ദ്രശേഖരൻ ബ്രീഫ്കെയ്സ് തുറന്ന് ഒരു കത്തു പുറത്തെടുത്തു.

‘‘കണ്ണങ്കുട്ടിക്ക് ഇതു വായിക്കണോ? പ്രേമലേഖനാ.’’

ഒരു ഫലിതമാണെന്നു നിശ്ചയിച്ചു ഞാൻ കൈനീട്ടിയപ്പോൾ ചന്ദ്രശേഖരൻ പറഞ്ഞു, ‘‘ എനിക്കു വന്ന കത്താ.’’

നീട്ടിയ കൈകൾ ഞാൻ പിൻവലിച്ചു,‘‘ എന്നാൽ വേണ്ട.’’

‘‘സാരല്യ, വായിക്കൂ.’’

അങ്ങനെ ഞാൻ ആ കത്തു മടക്കു നിവർത്തി നോക്കി.

‘‘അയ്യോ, ചന്ദ്രാ!’’ ഞാൻ പറഞ്ഞു.‘‘സുജയേടെ കത്ത്!’’

ഞങ്ങളുടെ സഹപ്രവർത്തകയായ സുജയ, പത്രലേഖിക.

‘‘അതെ,’’ ചന്ദ്രശേഖരൻ പറഞ്ഞു.

ഞാൻ കത്തു വായിച്ചു.

‘‘ചന്ദ്രൻ എന്തു മറുപടി പറഞ്ഞു?’’

‘‘കഴിഞ്ഞ ആറുമാസമായി ഞാൻ അവൾക്കു മറുപടി കൊട്ക്കായിരുന്നു,അരുത്‌ന്ന്.’’

‘‘വൈദ്യാഭിപ്രായത്തിൽ വിവാഹത്തിനു വെലക്കില്ലെങ്കിൽ ചന്ദ്രൻ എന്തിനാണു തട്ടിമാറ്റണത്? സുജയ എന്തു കൊണ്ടും ചന്ദ്രനു ചേരും.’’

കസേലയിൽ ചാരിയിരുന്നുകൊണ്ടു നഗരപ്രസരത്തിനു മീതെ മങ്ങിത്തെളിഞ്ഞ നക്ഷത്രത്തിലേക്കു ചന്ദ്രശേഖരൻ നോക്കി, ആകാശത്തിലേക്കു വിരൽചൂണ്ടി.

‘‘കണ്ണൻകുട്ടിക്ക് ഇതിലൊക്കെ വിശ്വാസണ്ടോ?’’

‘‘ഏതിൽ’’

‘‘നക്ഷത്രങ്ങളിൽ, ജാതകത്തിൽ.’’

‘‘അതിനെക്കുറിച്ച് ഓർത്തിട്ടില്ല.’’

‘‘ന്നാൽ നാളെ വൈന്നേരം നമ്ക്ക് ഒരു സ്ഥലത്തു പുവ്വാം. ഭാഗ്യലക്ഷ്മി അമ്മാളെ കേട്ടിട്ട്ണ്ടോ?’’

‘‘ല്യ.’’

‘‘അമേച്ചർ ജ്യോതിഷി. ഒരഡീഷണൽ സെക്രട്ടറിയുടെ ഭാര്യ.’’

‘‘കാശും ഒഴിവുസമയവും ഉള്ള ഒരു വീട്ടമ്മയുടെ ഹോബി, അല്ലേ?’’

അല്ല, കണ്ണങ്കുട്ടി.അവർക്ക് ഒര്പാട് സിദ്ധിണ്ട്. ഏതായാലും കണ്ണങ്കുട്ടീംകൂടി നാളെ വരൂ. ’’

മദ്യം കഴിഞ്ഞു.‘‘ ഒരു ഷെറിയും കൂടി പറയട്ടെ?’’ ഞാൻ ചോദിച്ചു.

പുതിയ പ്രസാദത്തിൽ ചന്ദ്രശേഖരൻ പറഞ്ഞു, ‘‘ ആവട്ടെ.’’

ഷെറി വന്നപ്പോൾ ഞാൻ പറ‍‍ഞ്ഞു,‘‘ ഷെറി പെണ്ണുങ്ങളുടെ മദ്യാ, ചന്ദ്രാ. അതോണ്ടു പറയാൻ തോന്നണതാ. സുജയയുടെ കാര്യം. ചന്ദ്രൻ എന്റെ ചോദ്യത്തിനു മറുപടി തന്നില്യാലോ.’’

ഒരു ചിരിയോടെ ചന്ദ്രശേഖരൻ പറഞ്ഞു,‘‘ മറുപടി തനിക്കല്ലല്ലോ, സുജയയ്ക്കല്ലേ? അതു ഞാൻ കൊടുത്തു.’’

പിറ്റേന്നു വൈകുന്നേരം ഞങ്ങൾ ഭാഗ്യലക്ഷ്മി അമ്മാളുടെ വീട്ടിലെത്തി. ചന്ദ്രശേഖരൻ എന്നെ അവർക്കു പരിചയപ്പെടുത്തിക്കൊടുത്തു. പ്രാർത്ഥനയ്ക്കുശേഷം അവരുടെ പഠനമുറിയിൽ ജാതകപാരായണത്തിനു ഞങ്ങൾ മൂവരും പടഞ്ഞിരുന്നു. നീണ്ട ധ്യാനത്തിനു ശേഷം ഭാഗ്യലക്ഷ്മി അമ്മാൾ പറഞ്ഞു, ‘‘ മിസ്റ്റർ ചന്ദ്രശേഖരന്റെ ജാരകത്തിനു വലിയ ശുദ്ധിയുണ്ട്. മോക്ഷജാതകമാണ്. എന്നു വച്ചാൽ ഇനി ജന്മമില്ല എന്നർത്ഥം. പിന്നെ, ഈ ജന്മം എന്നവസാനിക്കാനാണു സാധ്യത എന്ന കാര്യം.’’ അവർ സ്വല്പനേരം ചിന്തയിൽ മുഴുകി, ‘‘ ഞാനതു പറഞ്ഞുകൂടാ.’’

‘‘ പറയൂ,’’ ചന്ദ്രശേഖരൻ പറഞ്ഞു. ‘‘എനിക്കതിൽ പ്രസാദമേയുള്ളു. നീണ്ടു പോകാതിരിക്കുന്നതിൽ. ’’

‘‘എങ്കിലും ഞാനത് പറഞ്ഞുകൂടാ.’’

‘‘ഒരു മോഹം,’’ ചന്ദ്രശേഖരൻ പറഞ്ഞു, ‘‘ഏകാദശി മരണം, ദ്വാദശി ദഹനം.’’ 

ഭാഗ്യലക്ഷ്മി അമ്മാൾ ആർദ്രയായി. താളിയോലയിൽ കൈവച്ചു കണ്ണുചിമ്മി അവർ കുറേനേരമിരുന്നു. പിന്നെ കണ്ണു തുറന്നു ഞങ്ങളെനോക്കി  അവർ പതുക്കെപ്പറഞ്ഞു, ‘‘ ഈശ്വരപ്രീതിയുണ്ടെങ്കിൽ അതു സംഭവിക്കും. ’’

ഭാഗ്യലക്ഷ്മി അമ്മാളുടെ വീട്ടിൽ നിന്നിറങ്ങുമ്പോൾ ചന്ദ്രശേഖരൻ പറഞ്ഞു, ‘‘ േനാക്കൂ കണ്ണങ്കുട്ടി, സ്ഥിരീകരണമില്ലാത്ത മറ്റൊരു വാർത്ത. എന്റെ മരണ റിപ്പോർട്ട്. ’’

പൊടുന്നനേയാണ് ജോലി രാജിവച്ചു നാട്ടിലേക്കു പോകാൻ ചന്ദ്രശേഖരൻ തീരുമാനിച്ചത്. അതും, മറ്റൊരു പത്രത്തിന്റെ റസിഡന്റ് എഡിറ്ററായി നിയമനം കിട്ടിയെന്ന വാര്‍ത്തയ്ക്കു പിറ്റേന്ന്. ഇത്തിരി ക്ഷോഭത്തോടെയാണ് ഞാൻ ചന്ദ്രശേഖരനെ നേരിട്ടത്,‘‘ ഇതെന്ത് ഉത്തരവാദിത്തല്യായ്മയാ?’’

‘‘ എന്തോ കണ്ണങ്കുട്ടി മുഷിഞ്ഞോ?’’

‘‘എങ്ങനെ മുഷിയാണ്ടിരിക്കും? റസിഡന്റ് എഡിറ്ററാവാൻ ക്ഷണം വര്ാ. പിറ്റേന്നു നാട്ടിലേക്കു കെട്ടുകെട്ട്ാ.’’

കുറേനേരം ടെലി പ്രിന്ററുകളുടെ താളത്തിൽ മുഴുകീട്ടെന്ന പോലെ  ചന്ദ്രശേഖരൻ വിശ്രമം കൊണ്ടു.പിന്നെ പറഞ്ഞു. ‘‘ എനിക്കിപ്പോ ഉന്മേഷാ ഇതുവരെ ണ്ടായിട്ടില്ലാത്ത ഉന്മേഷം. എനിക്കതു മുഴോനും അനുഭവിക്കണം.’’

‘‘നിശ്ചയിച്ചു, അല്ലേ?’’

‘‘ അതേ നാട്ടിൽ ‍ഞങ്ങടെ തറവാട് ഒഴിഞ്ഞു കെട്ക്കാ. അവിടെ എന്റെ ചേച്ചി തനിച്ചാ. അവർക്കും ഒരു കൂട്ടാവും. ’’

ടെലിപ്രിന്ററുകളിലേക്കു നോക്കിക്കൊണ്ട്  ചന്ദ്രശേഖരൻ തുടർന്നു, ‘‘ ഞാൻ നമ്മുടെ പത്രത്തിനു ഈരണ്ടാഴ്ച കൂടുമ്പോൾ ഒരു കോളം എഴുതാംന്ന് ഏറ്റിട്ട്ണ്ട്. സ്ഥിരീകരിക്കപ്പെടാത്ത വാർത്തേല്‍ നിന്ന് നമക്കു മോചനം ല്യാലോ സ്ഥിരീകരണം കിട്ടണവരെ.’’ 

അങ്ങനെ ചന്ദ്രശേഖരൻ നഗരം വിട്ടു. വിമാനത്താവളത്തിൽ സുരക്ഷയ്ക്കായി വിടവാങ്ങി നീങ്ങുമ്പോൾ കണ്ണുകളിത്തിരി നനഞ്ഞുവോ എന്തോ.

‘‘കണ്ണങ്കുട്ടി ഇനി നാട്ടിൽ വരുമ്പോ ഞങ്ങളുടെ വീട്ടിൽ ഒന്നു രണ്ടു ദിവസം താമസിക്കാൻ നിശ്ചയിക്കൂ. കണ്ണങ്കുട്ടിയ്ക്കും വേണ്ടേ ത്തിരി വിശ്രമം?’’

‘‘ഞാൻ വരാം.’’

നഗരമ കണ്ണങ്കുട്ട്യേ അതിനു സമ്മതിക്കുമോന്നാണ് എനിക്കു സംശം.’’

നാട്ടിൽ നിന്ന ഇടയ്ക്കിടെ ചന്ദ്രശേഖരന്റെ കത്തുകൾ വന്നു. നഗരത്തിൽ കഴിഞ്ഞ കാലം എന്റെ സുഹൃത്തിനെ മൂടിയിരുന്ന മൃദുലദു:ഖങ്ങളുടെ പായൽപ്പാടുകൾ ഇപ്പോൾ നിശ്ശേഷം നീങ്ങിയിരുന്നു. ശാന്തിയുടെ പൂർണ്ണത, ശുദ്ധിയുടെ പൂർണത, മോക്ഷജാതകത്തിന്റെ സൗമ്യ സംക്രമണങ്ങൾ.

രണ്ടാം കൊല്ലം ഒരു രാത്രി ചന്ദ്രശേഖൻ എനിക്കു ടെലിഫോണ്‍ ചെയ്തു, ‘‘ കണ്ണങ്കുട്ടി നാട്ടിലേക്കു വരൂ. കാണാനൊരാഗ്രഹം.’’

‘‘തെരക്കുള്ള സമയാ, ’’ ഞാൻ ചെറുത്തു.

‘‘ ഏയ് അതു പറ്റില്യാ. അടുത്ത ഫ്ലൈറ്റിനു പുറപ്പെടൂ.’’ ആ ക്ഷണത്തിനു വഴങ്ങാതിരിക്കാൻ എനിക്കു കഴിഞ്ഞില്ല. ഞാന്‍ ചന്ദ്രശേഖരന്റെ വീട്ടിൽ വിരുന്നുകാരനായി.

‘‘ തെരക്കുകൂട്ടണ്ട, കണ്ണങ്കുട്ടീ. കൊറേ വിശ്രമിച്ചിട്ടു പോയാൽ മതി.’’

‘‘ആവട്ടെ.’’

ഞങ്ങൾ പൂർവ്വസ്മരണകളിൽ മുഴുകി. ഞാൻ ചെന്നതിന്റെ മൂന്നാം ദിവസം ഉച്ചയ്ക്കു ചന്ദ്രശേഖരൻ എന്റെ മുറിയിൽ വന്നു. ‘‘കോളം കഴിഞ്ഞു’’ ചന്ദ്രശേഖരൻ പറ‍ഞ്ഞു. ‘‘ ഞാനതു തപാലാപ്പീസിലേക്കു കൊടുത്തയച്ചു. ഇനി ഒന്നു കുളിച്ചു വന്നു നമുക്കിരുന്നു വർത്തമാനം പറയാം. ’’

കാലപ്പഴക്കം മിനുക്കിയ ദാരുശിൽപ്പങ്ങൾ നിറഞ്ഞ ആ പഴയ തളത്തിൽ പാരുകസേലകളിൽ ഞങ്ങൾ വിശ്രമിച്ചു. അതു വരെ ഞാനറിഞ്ഞിട്ടില്ലായിരുന്ന ഒരു സാത്വികത എന്റെ സുഹൃത്തിൽ നിന്ന് പ്രസരിച്ച് അവിടം നിറയുന്നപോലെ എനിക്കു തോന്നി. സന്ധ്യക്കു വിളക്കുവച്ചപ്പോൾ ചന്ദ്രശേഖരൻ കണ്ണുതിരുമ്മി എന്നോടു പറ‍ഞ്ഞു, ‘‘ പ്രകാശം താങ്ങാൻ കണ്ണിനു വയ്യാത്ത പോലെ. ’’

‘‘എഴുതിയതിന്റെ ക്ഷീണായിരിക്കും. കൊറച്ചു കണ്ണടച്ചു വിശ്രമിക്കൂ.’’

കണ്ണട മാറ്റിവച്ചു കണ്ണുമടച്ചു ചന്ദ്രശേഖരൻ പറ‍ഞ്ഞു,‘‘ കണ്ണല്ല കണ്ണങ്കുട്ടീ. ചേച്യേ വിളിക്കൂ.’’

ഞാൻ എഴുന്നേറ്റു ചന്ദ്രശേഖരന്റെ  അടുത്തു ചെന്നു. ചന്ദ്രന് അസുഖം വല്ലോണ്ടോ? ഡോക്ടറെ വിളിക്കണോ?’’

‘‘ചേച്യേ വിളിക്കൂ’’

ചേച്ചി വരുമ്പോഴേക്ക് ചന്ദ്രശേഖരൻ  തളർന്നിരുന്നു.

‘‘ ചേച്ചീ,തലേലിക്കു രക്തം കേറണപോലെ തോന്ന്ണു.’’

ഞങ്ങൾ ചന്ദ്രശേഖരനെ താങ്ങിയെടുത്തു കിടക്കയിൽ കിടത്തി. ഇത്തിരി ഛർദ്ദിച്ചത് എന്റെ കൈയിലായപ്പോൾ, തന്റെ ദൈന്യാവസ്ഥയിലും ഇതു പറയാൻ  ചന്ദ്രശേഖരൻ മറന്നില്ല,‘‘ കണ്ണങ്കുട്ടി കൈകഴുകൂ.’’ ശൂദ്ധിയുടെ പരിപൂര്‍ത്തി.

ഏതാനും നിമിഷങ്ങൾക്കകം ചന്ദ്രശേഖരൻ ഞങ്ങളിൽ നിന്ന് ഉൾവലിഞ്ഞുകഴിഞ്ഞിരുന്നു. പതുക്കെചലിച്ച ചുണ്ടുകൾക്കിടയിലൂടെ ആലിലകൃഷ്ണനെ കാണിച്ചുകൊടുത്ത ആ പഴയ നാമജപം ഞാൻ കേട്ടു. നാരായണ,നാരായണ!

കഥയുടെ ശിഷ്ടം സാധാരണമാണ്, ഒരു മരണത്തിന്റെ കഥ. എന്റെ സുഹൃത്തിന്റെ ജഡത്തിനു സമീപം ഉറക്കമിളച്ചിരുന്ന ആ രാത്രി ആകാശത്തിൽ മുറ്റിനിന്ന അത്ഭുതത്തിലേക്കു ഞാൻ മിഴിച്ചു നോക്കി. ഏകാദശി! ദ്വാദശിയിൽ ദഹിച്ചു ചന്ദനഗന്ധമായിത്തീർന്ന എന്റെ സൂഹൃത്തിന്റെ പ്രസാദം നിറഞ്ഞ ചിരി എന്റെ ചെവിയിൽ മുഴങ്ങി, ‘‘ഇതു വാർത്തയുടെ സ്ഥിരീകരണമാണ്. ’’ ദു:ഖത്തിനിടംതരാത്ത ഒരു നിറവിൽ ആ വാർത്തകളെന്തെന്നു സ്മരിച്ചു ‍ഞാൻ തൃപ്തനായി. ജന്മങ്ങളെ ശമിപ്പിച്ച മോക്ഷജാതകത്തിന്റെയും രോഗാതുരനായ കുട്ടിയുടെ നിലവിളി കേട്ട് ആലിലയിൽ തുഴഞ്ഞെത്തിയ കൃഷ്ണന്റെയും വാർത്തകൾ.

(1988 ഒക്ടോബർ ലക്കം ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിച്ചത്)

                               *********************************

നാളെ- കമ്യൂണിസം നേരിടുന്ന പ്രശ്നങ്ങളെ വിജയൻ വിലയിരുത്തുന്ന ലേഖനം 'നഷ്ടപ്പെടുന്ന അവസരങ്ങൾ'