അവർ തമ്മിൽ തമ്മിലും പിന്നെ നമ്മോടും ചോദിക്കുന്നു 'എന്താണ് ദേശീയത?'

എന്താണ് ദേശീയത? എന്ന് അതിർത്തിക്കിരുവശവുമുള്ളവർ ചിന്തിച്ചും പരസ്പരം ചോദിച്ചും തുടങ്ങുമെന്ന് വിജയൻ എഴുതിയത് പതിനേഴ് വർഷങ്ങൾക്കുമുൻപാണ്. എല്ലാ ദേശങ്ങളും– എന്റെ ദേശമടക്കം– ഉള്ളുകളിൽ ഒളിപ്പിച്ചിരിക്കുന്ന അധാർമികത എന്റെ ബോധത്തിന്റെ വേദനയായിരിക്കും എന്ന് വിജയൻ പറയുമ്പോൾ അതിരുകളും അതിരുകൾ നഷ്ടപ്പെട്ട് അലയേണ്ടി വരുന്ന അഭയാർത്ഥികളും, ലോകത്താകമാനമുള്ള യുദ്ധങ്ങളും വായനക്കാരന്റെ ഉള്ളിലേക്കും ഒരു നീറ്റലായി പടരുന്നു. ദേശസങ്കൽപത്തെ കുറിച്ചുള്ള വിജയന്റെ ലേഖനം.

                                    *********************

എന്നും

ഒ.വി.വിജയൻ

എന്റെ ദേശം എന്നു  ഞാന്‍ എന്നോടു തന്നെ പറഞ്ഞിട്ട് നിരവധി വർഷങ്ങളായിരിക്കണം. ഇപ്പോൾ ഈ പത്രത്തിന്റെ പ്രവർത്തകർ ഈ വിഷയത്തെതൊട്ടുകൊണ്ട് ഒരു കുറിപ്പ് ആവശ്യപ്പെട്ടപ്പോഴാണ് എനിക്ക് ഒരമ്പരപ്പ് തോന്നിയത്. ദേശം പ്രകൃതിയും ഓർക്കാപ്പുറങ്ങളുമാണ്. ഒന്നു പരത്തിപ്പറഞ്ഞാല്‍ എന്റെ കുടിയിരുപ്പും എന്റെ തൊഴിൽ ചെയ്തു നേടുന്ന ഭക്ഷണവും അതിന്റെയൊക്കെ നടുവിൽ ഒരവ്യക്തബിന്ദുവിൽ എങ്ങനെയോ എന്തിനുവേണ്ടിയോ കഴിഞ്ഞുകൂടുന്ന ഞാനും – ഇതാണ് എന്റെ ദേശത്തെക്കുറിച്ച് എനിക്കുള്ള അറിവ്.

ഇടയ്ക്കിടെ അലോസരപ്പെടുത്തുന്ന ചില വലിയ സംഭവങ്ങളും ഉണ്ടായെന്നു വരും. കാശ്മീരിൽ സമീപകാലത്ത് നടന്നുകൊണ്ടിരിക്കുന്ന കലാപാവസ്ഥ തന്നെ ഒരുദാഹരണമായെടുക്കാം.

കാശ്മീർ എന്ന പദം മനസ്സിൽ തടയുന്നത് പത്രത്തലക്കെട്ടുകളുടെ രൂപത്തിലായിരിക്കും. കഴി‍ഞ്ഞ ഏതാനു പതിറ്റാണ്ടുകളായി നാം ഈ നഖപ്പോറലുകളുമായി സഹവർത്തിച്ചുപോന്നത് ഇതുമൂലമായിരുന്നു. ഈ ശാന്തിയെ പുതിയ സംഭവങ്ങൾ പിടിച്ചുലച്ചു. കാർഗിൽ, നുഴഞ്ഞുകയറ്റം, നചികേതൻ, വിശ്വനാഥൻ – പുതിയ വ്യഗ്രതകൾ നമ്മെ തട്ടിവിളിച്ചു. ഞാനും പിന്നെന്തോ എനിക്കകത്ത് മറ്റൊന്നും ഉണർന്നു.

എന്തായിരുന്ന അത്? ദേശക്കൂറ് എന്ന് നാമതിനെ വിളിക്കുന്നു. മാതൃഭൂമിയുടെ ഓരോ അംഗുലവും ഓരോ പുൽക്കൊടിയും – ഇവയ്ക്കുവേണ്ടി ചോര ചൊരിയും, മരിക്കും എന്നെല്ലാം പറഞ്ഞുകേൾക്കുമ്പോൾ ചിരിക്കാതിരിക്കാൻ പ്രയാസം. പക്ഷേ അത് നചികേതൻ എന്ന വൈമാനികന്റെയും വിശ്വനാഥൻ എന്ന യുവസൈനികന്റെയും മരണമായി നാമറിയുമ്പോൾ ഏറെത്താമസിയാതെ അതിനു രൂപാന്തരം സംഭവിക്കുന്നു. അതു നമ്മുടെ വ്യക്തി ദു:ഖമായിത്തീരുന്നു. ദു:ഖത്തിന് ഒട്ടധികം തലങ്ങളുണ്ട്. വിശ്വനാഥൻ എന്ന അനുഭവത്തിൽ നിന്നു തന്നെ തുടങ്ങാം. വിശ്വനാഥൻ ഒരു കുട്ടിയാണ്. എന്നെയും എന്റെ തലമുറയേയും സംബന്ധിച്ചിടത്തോളം ഒരു കുട്ടി മരിക്കുന്നു ! അതിന് ഒരു ദുരന്തകഥയുടെ മിഴിവുണ്ട്. കാലംചെല്ലുമ്പോൾ ആ മിഴിവു മാത്രമായിരിക്കും നാം കരുതി വയ്ക്കുക.

ദു:ഖത്തിന് അതിരുകൾ ഇല്ലെന്നു ഓർക്കുക അതിനെ സ്വാംശീകരിക്കുമ്പോൾ. പാക്കിസ്ഥാനിലെ വിശ്വനാഥന്മാരെ ഓർക്കുക, എന്ന് ഞാൻ ആ നാളുകളിൽ എഴുതിയത് ഈ വൈകാരികതയിലായിരുന്നു. ഇന്നും എന്റെ വികാരം അതേ സ്ഥായിയിലായിരിക്കും.

അതിർത്തിക്കിരുവശവുമുള്ള വിശ്വനാഥന്മാർ, പടയോട്ടത്തിന്റെ സുമുഖതയിൽ ഇന്നും നമ്മോടു സംവദിക്കുന്നു. എന്നിട്ട് തങ്ങളിൽത്തങ്ങളിലും പിന്നെ നമ്മോടും ചോദിക്കുന്നു ‘എന്താണ് ദേശീയത?’

ഈ ചോദ്യം കുറച്ചു മുന്നം ചോദിച്ചിരുന്നെങ്കിൽ അവരിന്നും അതിർത്തി രേഖയെ അവഗണിച്ചു വീശുന്ന കാറ്റ് ശ്വസിക്കുമായിരുന്നു. എണ്ണമറ്റ സന്ദേശകാവ്യങ്ങളുടെ വാഹകന്മാരാകുമായിരുന്നു. ദിവ്യമായ ആലസ്യത്തിൽ മേഘതൽപങ്ങളിൽക്കിടന്ന് കാര്യകാരണങ്ങൾക്കുപോലും അതീതമായ നിർവൃതി അനുഭവിക്കുമായിരുന്നു.

ഈ നഷ്ടമറിഞ്ഞ് നിങ്ങൾ സാന്ത്വനം തേടുമ്പോഴാണ് അകലെ, നിങ്ങളുടെ അനുഭവങ്ങൾക്ക് അന്യമായ നിങ്ങളുടെ കാതിനു പോലും പരിചിതമല്ലാത്ത ഒരു മൂടൽ മഞ്ഞിലെവിടെയോ നിന്ന് വെടി മുഴങ്ങുന്നത്.

ആദികാലങ്ങളിൽ അർത്ഥവത്തായ എന്തിൽനിന്നോ

 തുടങ്ങിയ സ്വത്വബോധം സുരക്ഷയുടെ നൈതിക ബാധ്യതകൾ മാനിച്ചുകൊണ്ടുള്ളതായിരുന്നിരിക്കണം. സഹസ്രാബ്ദങ്ങളിലൂടെ നായകന്മാരുണ്ടായി. പടയാളികളും പ്രഭുക്കന്മാരും വാണിജ്യവും. ഇതൊരു ഗുണപരമായ എടുത്തുചാട്ടമായിരുന്നു. വാണിജ്യം മത്സരത്തിലും മത്സരം യുദ്ധത്തിലും ചെന്നെത്തി.

ദേശങ്ങളുടെ ചിത്രം ഇതാണ്. ഏതെല്ലാം പടുകുഴികളെ കടന്നുപോവാനുണ്ടായിരുന്നുവോ, ആ പടുകുഴികളെല്ലാം തന്നെ ദേശരാഷ്ട്രങ്ങളുടെ ഘടനകളുടെ ഉള്ളറകളായിത്തീർന്നു. നാമിവിടെ നിൽക്കുന്നു. ദേശ – രാഷ്ട്രം, നേഷൻ – സ്റ്റേറ്റ് ഏറെക്കുറെ സാത്വികനായ പൗരന്റെ ശത്രുവായി നിൽക്കുന്നു.

പോരാ പോരാ നാളിൽ നാളിൽ എന്ന പാട്ടിൽ ചേർന്നു പാടാം. പക്ഷേ എല്ലാ ദേശങ്ങളും– എന്റെ ദേശമടക്കം– ഉള്ളുകളിൽ ഒളിപ്പിച്ചിരിക്കുന്ന അധാർമികത എന്റെ ബോധത്തിന്റെ വേദനയായിരിക്കും.

എന്നും.

(2000 മെയ് 5ന് ഭാഷാപോഷിണി പ്രസിദ്ധീകരിച്ചത്)

                                    *********************

വിജയനെ വീണ്ടും വായിക്കുമ്പോൾ എന്ന പംക്തിയിൽ അടുത്തത് ഭാഷയെ കുറിച്ചുള്ള വിജയന്റെ ലേഖനം ലിപി