Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയമല്ല, അതിജീവനമാണ് 2403 ഫീറ്റ്; ജൂഡ് ആന്തണി അഭിമുഖം

jude-anthony-interview

പ്രളയമുറിവുകളിൽ നിന്ന് നാം കരകയറുന്നേയുള്ളൂ. ഇനിയുള്ള കാലത്തോട് പറയാന്‍ പ്രളയം വിളയാടിയ ആ ദിവസങ്ങളും അതില്‍ നിന്നു നാം കരകയറിയതെങ്ങനെയെന്നുമുള്ള ഒരായിരും കഥകളുണ്ട്. പച്ചയായ സ്‌നേഹത്തിന്റെയും കരുതലിന്റെയും ഒത്തൊരുമയുടെയും കഥ. ആ കഥ സിനിമയാക്കുകയാണ് ജൂഡ് ആന്തണി. കാലം കാത്തുവച്ച വെല്ലുവിളികളെയും അതിജീവനങ്ങളെയും വരും തലമുറയുടെ മുന്നിൽ അവതരിപ്പിക്കാൻ സിനിമയോളം കരുത്തുള്ള മറ്റൊരു മാധ്യമം ഇല്ലെന്നു വിശ്വസിക്കുന്ന ജൂഡ് സംസാരിക്കുന്നു...

തുടക്കം അവിടെ നിന്ന്

പ്രളയത്തെ അതിജീവിച്ചവര്‍ക്കായി ചെറിയൊരു വിഡിയോ ചെയ്യണമെന്ന ആവശ്യവുമായി ബോധിനി എന്ന സംഘടന എന്റെ അടുത്ത് വന്നിരുന്നു. പ്രളയാനന്തരം കുട്ടികളിലും മറ്റുള്ളവരിലും വലിയ മാനസികാഘാതം ഉണ്ടാകുമെന്നും അതിനുള്ള ബോധവൽക്കരണത്തിനായി നല്ലൊരു വിഡിയോ ചെയ്യണമെന്നായിരുന്നു അവര്‍ പറഞ്ഞത്. അതിന്റെ ഭാഗമായി ഒരുപാട് കഥകള്‍ എന്നോട് പറയുകയുണ്ടായി. 

അത്താണിയിലെ എന്റെ വീടും കാറും വെള്ളം കയറി നശിച്ചിരുന്നു. ഉറ്റവർ നഷ്ടപ്പെട്ട്, ഒരുതുണ്ട് ഭൂമിപോലും ഇല്ലാതായ എത്രയോപേർ. പ്രത്യേക മാനസികാവസ്ഥയിലൂടെയാണ് അന്നു നമ്മളൊക്കെ കടന്നുപോയത്. ദുരിതം നേരിട്ടറിഞ്ഞ ഒരാളെന്ന നിലയിൽ ഇത് ഏറ്റവും കൂടുതൽ മനസ്സിലാകുന്നതും എനിക്കാണെന്ന് തോന്നി. സത്യത്തില്‍ അവിടെയാണ് ഈ സിനിമയുടെ തുടക്കം. 

പ്രചോദനമാകുന്ന സിനിമ

വരും തലമുറയ്ക്കുകൂടി പ്രചോദനമേകുന്ന ഒരുപാട് കഥകള്‍ കണ്ടും കേട്ടും അറിഞ്ഞു. സൂപ്പര്‍ഹീറോകളായ മത്സ്യത്തൊഴിലാളികള്‍, ഊണും ഉറക്കവും ഉപേക്ഷിച്ച് റിപ്പോര്‍ട്ടിങ്ങിനിറങ്ങിയ മാധ്യമപ്രവര്‍ത്തകര്‍, പൊലീസുകാർ, സൈന്യം, സാധാരണക്കാര്‍ അങ്ങനെ എത്രയെത്ര പേര്‍. വലിയൊരു ദുരന്തമാണ് നമ്മെ വിട്ടൊഴിഞ്ഞ് പോയതെങ്കിലും ഈ ദുരിതക്കയങ്ങള്‍ക്കിടയില്‍ നാം കേട്ടതെല്ലാം മനുഷ്യത്വവും സ്‌നേഹവും നിറഞ്ഞ വാര്‍ത്തകളാണ്. നെഗറ്റീവ് വാര്‍ത്തകളേക്കാള്‍ കൂടുതല്‍ പോസീറ്റിവ് ആയ സന്തോഷം പകരുന്ന വാര്‍ത്തകള്‍. 

തിരുവോണത്തിന് ഒരാഴ്ച മുമ്പാണ് മഹാപ്രളയം സംഭവിക്കുന്നത്. മാവേലി നാട്ടില്‍ മാനുഷരെല്ലാരും ഒന്നുപോലെ എന്നു പറഞ്ഞതുപോലെ ഈ ഓണക്കാലത്ത് നമ്മളെല്ലാം ഒറ്റക്കെട്ടായിരുന്നു. അവിടെ മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ പണത്തിന്റെയോ വേര്‍തിരിവുകളില്ലായിരുന്നു. മലയാളികള്‍ എല്ലാം ഒരുമിച്ചു നിന്നു.നാമൊക്കെ അകറ്റിനിര്‍ത്തിയിരുന്ന മത്സ്യത്തൊഴിലാളികള്‍ രക്ഷകരായി മാറി. മൊബൈലില്‍ ഒരുപണിയുമില്ലാതെ കുത്തിക്കൊണ്ടിരിക്കുന്നു എന്നു പഴിയേറ്റ യുവത്വം ഒരു രാത്രികൊണ്ട് പ്രിയപ്പെട്ടവരായി. ഏവരുടെയും കാഴ്ചപ്പാടുകള്‍ മാറ്റിമറിച്ച പ്രളയം. 

കൂട്ടുകാർ എന്നുവിളിച്ചിരുന്നവര്‍ അപരിചിതരായി മാറിയപ്പോൾ യഥാര്‍ത്ഥ കൂട്ടുകാരന്മാരെ പ്രളയം കാണിച്ചുതന്നു. ആപൽഘട്ടത്തില്‍ രക്ഷകരായി എത്തുമെന്നു വിചാരിച്ചവരൊന്നുമല്ല രക്ഷകരായി എത്തിയത്. ഇതുവരെ ഒരുപരിചയവുമില്ലാത്ത പലരും ഫോണില്‍ വിളിച്ച് അന്വേഷിച്ചിരുന്നു പ്രളയകാലത്തെ അതിഭീകരതയോടെ ചിത്രീകരിക്കുന്ന സിനിമയല്ല ഇത്. മഹാദുരന്തത്തെ അതിജീവിച്ച് കരകയറിയ മലയാളി ലോകത്തിന് മുന്നില്‍ മാതൃയാകുന്ന സിനിമായാകും 2403 ഫീറ്റ്. 

വിദേശത്തുനിന്നും സംഭാവന നല്‍കിയവര്‍, കണ്‍ട്രോള്‍ റൂമില്‍ ഇരുന്ന് നിര്‍ദ്ദേശം നല്‍കിയവര്‍ അങ്ങനെ പുറത്തുനിന്നുപോലും ഇതില്‍ ഭാഗമായ ഓരോരുത്തര്‍ക്കും തോന്നണം ഇതെന്റെ കഥയാണെന്ന്. പ്രളയ തീവ്രതയും അതുകൊണ്ട് ഓരോരുത്തര്‍ക്കും ഉണ്ടായ ബുദ്ധിമുട്ട് എന്താണെന്നും നേരിട്ട് അനുഭവിച്ചറിഞ്ഞ ആളാണ് ഞാന്‍. ഇതൊരു സിനിമയായി രൂപപ്പെട്ടപ്പോള്‍ ഈ ചിത്രം ചെയ്യാന്‍ വേണ്ടിയാണ് ഞാന്‍ സംവിധായകനായതെന്നുപോലും ചിന്തിച്ച് പോകുന്നു. ലോകനിലവാരത്തില്‍ തന്നെ ഈ സിനിമ ചെയ്യും. മലയാളികള്‍ക്ക് എന്നും അഭിമാനിക്കാവുന്ന വരും തലമുറയ്ക്ക് കൂടി പ്രചോദനമാകുന്ന സിനിമ. 

ക്യാമറയെങ്ങനെ ചലിക്കും....

സാങ്കേതികമായി ഏറെ മുന്നില്‍ നില്‍ക്കേണ്ട ചിത്രം കൂടിയാണിത്. പ്രളയം എങ്ങനെ ചിത്രീകരിക്കും എന്നതാണ് അതിലെ ഏറ്റവും വലിയ വെല്ലുവിളി. ഹോളിവുഡിലെ വിഎഫ്എക്‌സ് കമ്പനിയുമായി ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്തുവരുന്നു. ജോമോന്‍ ടി. ജോണ്‍, മഹേഷ് നാരായണന്‍ എന്നീ രണ്ടുപേരുടെ പിന്തുണയും സിനിമയുടെ ശക്തിയാണ്. ബജറ്റിന്റെ കാര്യത്തെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ട്. പ്രോജക്ടിന്റെ ഓരോ ഘട്ടത്തിലും എല്ലാവരുമായും ചര്‍ച്ച ചെയ്ത് ഓരോരുത്തരുടെയും അഭിപ്രായനിര്‍ദ്ദേശങ്ങളോട് കൂടിയാണ് ഓരോ ചുവടും മുന്നോട്ട് വയ്ക്കുന്നത്. ഇറാഖിലെ ആശുപത്രി കൊച്ചിയിലെ തമ്മനത്ത് സൃഷ്ടിച്ച് അമ്പരപ്പിച്ച ആളാണ് മഹേഷ് നാരായണന്‍. ടേക്ക് ഓഫ് പോലുള്ള സിനിമകളൊക്കെ ഈ സിനിമയുടെ പിന്‍പ്രവര്‍ത്തനങ്ങളില്‍ പ്രചോദനമേകും. ‌‌

അഭിനേതാക്കൾ

താരങ്ങളുടെ പേരില്‍ അറിയപ്പെടേണ്ട സിനിമയോ പ്രമേയമോ അല്ലിത്. മലയാളത്തിലെ മുന്‍നിരയില്‍ നില്‍ക്കുന്ന താരങ്ങളെല്ലാം ചിത്രത്തിലുണ്ടാകും. പക്ഷേ ഇതിലെ കഥാപാത്രങ്ങളെല്ലാം ഒരുതരത്തില്‍ ഹീറോകളാണ്.

തിരക്കഥ

തിരക്കഥ എന്നൊന്നും പറയാനാകില്ല, ഇത് മലയാളികളുടെ കഥയാണ്. ചുറ്റുമൊന്ന് കണ്ണോടിച്ചാല്‍ സിനിമയെ പോലും വെല്ലുന്ന നൂറോളം കഥകള്‍ ഓരോരുത്തര്‍ക്കും ഈ ഘട്ടത്തില്‍ പറയാനുണ്ടാകും. 

2403 ഫീറ്റ് എന്ന പേര്

ഈ പേരിലും ഉണ്ട് മലയാളികളുടെ കരുത്ത്. 2403 അടി ഉയരമുളള ജലനിരപ്പിനും മുകളിലാണ് മലയാളികളുടെ ചങ്കൂറ്റം. ആ ഉയരത്തെവരെ ഒറ്റക്കെട്ടായി നാം അതിജീവിച്ചു. 2019ൽ സിനിമയുടെ ചിത്രീകരണം തുടങ്ങും.