Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കീർത്തി, സ്ക്രീനിൽ എത്ര മാറിപ്പോയി ?

keerthi-suresh-family

കീർത്തി ഒരു സർപ്രൈസ് ഉണ്ട് എന്നു പറഞ്ഞാൽ അമ്മ മേനകയ്ക്കും അച്ഛൻ സുരേഷ്‌കുമാറിനും പിന്നെ ആകാംക്ഷയാണ്. ചെന്നൈയിൽ അച്ഛനും അമ്മയും ചെന്നാലെ ആ സർപ്രൈസിന്റെ ചെപ്പുതുറക്കൂ.

സിനിമയിൽ വലിയ തിരക്കായശേഷമായിരുന്നു ആദ്യത്തെ സർപ്രൈസ്. അച്ഛന്റെ കണ്ണുപൊത്തിപ്പിടിച്ചുകൊണ്ടുചെന്നു നിർത്തി.കണികാണുന്നതുപോലെ  കണ്ണുതുറന്നപ്പോൾ    തൂവെള്ള നിറമുള്ള പുതിയ വോൾവോയുടെ എക്സ്– 90. രണ്ടാമത്തെ സർപ്രൈസിന്റെ കാര്യം പലവട്ടം സൂചിപ്പിച്ചിട്ടും അച്ഛന് പോകാൻ സമയം കിട്ടിയില്ല. ഒടുവിൽ കീർത്തി തന്നെ ഫോണിലൂടെ ആ രഹസ്യം പൊട്ടിച്ചു -അച്ഛാ ഞാൻ ചെന്നൈയിലൊരു ഫ്‌ളാറ്റ് വാങ്ങി. ഐടി കമ്പനികളുടെ കേന്ദ്രമായ നീലാംങ്കരയിലെ മകളുടെ ഫ്‌ളാറ്റ് കാണാൻ അച്ഛൻ പോയത് പിന്നെയും ഒരുമാസം കഴിഞ്ഞ്.  അതിനു മുൻപ് കീർത്തി  ഗുരുവായൂരിലേക്ക് വന്നു. മഹാനടിയുടെ വിജയത്തെതുടർന്ന്  അച്ഛൻ നേർന്നൊരു തുലാഭാരമുണ്ട്. കണ്ണനു മുന്നിൽ തൊഴുകൈയോടെ പഞ്ചസാരത്തട്ട് താഴ്ന്നു.

Mahanati | Old vs New Savitri | Keerthi Suresh | Dulqer Salman

മലയാള സിനിമയിലെ കൊച്ചുകപൂർ കുടുംബമാണ് ഇത്. സിനിമ ശ്വസിച്ചും സിനിമയിൽ ജീവിച്ചും അവർ നാലുപേർ ഇരുപത്തൊന്നാം വയസിലാണ് സുരേഷ്‌കുമാർ കയ്യിൽ കാര്യമായൊന്നുമില്ലാതെ  ആദ്യ സിനിമയായ ‘കരൈ  തൊടാതെ അലൈകൾ ’  ചെയ്യുന്നത്. അശോക് കുമാറായിരുന്നു സംവിധായകൻ. കരയും കടലും തൊടാതെയെന്നാണ് നടക്കാതെ പോയ ആ സിനിമയെക്കുറിച്ച് സുരേഷ്കുമാറിന്റെ കമന്റ്. നാൽപ്പതുവർഷം 33 സിനിമകളുമായി ആ യാത്ര തുടരുകയാണ് സുരേഷ്. ഒരു മറുകും മൂക്കൂത്തിയും മതി മലയാളിക്ക് മേനകയെ തിരിച്ചറിയാൻ എം.ടിയുടെ ഓപ്പോൾ മലയാളത്തിന്റെ ഓപ്പോളായതും മലയാളത്തിന്റെ മരുമകളായതും മലയാളിയുടെ ദൃശ്യപഥങ്ങളെ സമ്പന്നമാക്കുന്ന ഓർമകളാണ്. 

മൂത്തമകൾ രേവതി  സിനിമപഠിച്ച് സിനിമയുടെ പിന്നണിയിലെത്തിയപ്പോൾ ഇളയമകൾ കീർത്തിയുടെ കീർത്തി തമിഴകത്തും തെലുങ്കിലുമാണ്. ചെന്നൈ കീർത്തി ജനിച്ചുവളർന്ന നഗരമാണ്.നാലുവയസുവരെ ജീവിച്ച സിനിമാനഗരം. വടപളനിയിലെ ഫ്ലൈഓവർ ഇറങ്ങിവരുമ്പോഴുള്ള വലിയ ഹോർഡിങ്ങിൽ ലക്ഷ്മിമാലയും ജിമിക്കി കമ്മലും ധരിച്ചു നിൽക്കുന്ന കീർത്തിയുടെ വലിയ ഹോർഡിങ്. കമ്മലിൽ നിന്നു കവിളിലേക്കു പടരുന്ന പവിഴ ശോഭ.സിനിമക്കു പുറത്തും കീർത്തി ഒരു വലിയ ബ്രാൻ‍ഡായി മാറുന്നു.

വലിയ സിനിമകൾ ,  വമ്പൻ നായകൻമാർ , ബോക്‌സ് ഓഫിസ് വിജയങ്ങൾ ...കീർത്തി തമിഴകത്തിന്റെ വിജയഫോർമുലകളിൽ തന്റെ ഇടം കണ്ടെത്തിയിരിക്കുന്നു. നായകന്റെ നിഴൽ വിട്ട് ‘മഹാനടി ’ എന്ന സിനിമയിലൂടെ നായികയുടെ മായികസിംഹാസനവും കീർത്തി സുരേഷ് സ്വന്തമാക്കിയിരിക്കുന്നു. തമിഴ് സിനിമയിൽ നായികയുടെ വിജയരഹസ്യം ഗ്ലാമറാണെന്നു വിശ്വസിച്ചവരെ കീർത്തി അനായാസം തിരുത്തുന്നു. അടുത്ത വീട്ടിലെ കുട്ടിയുടെ സൗമ്യസാന്നിധ്യം പോലെ കീർത്തി  നിഷ്‌കളങ്കമായ ഒരു ചിരിയാണ്.

Malayalam movie kuberan comedy

താഴ്മയും  വിനയവും വേണം. കൃത്യസമയത്ത് ജോലിക്കെത്തണം.ഡയറക്ടർ മുതൽ സെറ്റിലുള്ള എല്ലാവരോടും നന്നായി പെരുമാറണം. ആദ്യ സിനിമയുടെ ഷൂട്ടിനു പോകുമ്പോൾ  അമ്മ മേനക കീർത്തിക്ക് നൽകിയ ഉപദേശം അതായിരുന്നു. താരജാടകളോ സ്‌റ്റൈലോ വേണ്ട. ആർഭാടം,അഹങ്കാരം,അസൂയ,അത്യാഗ്രഹം എന്നിവ വേണ്ടേ വേണ്ട...നമ്മൾ എങ്ങനെ ലളിതമായി ജീവിച്ചോ അതുപോലെ ജീവിച്ചാൽ മതിയെന്നായിരുന്നു അച്ഛന്റെ   ഉപദേശം.

‘മഹാനടി ’ യിൽ സാവിത്രിയാകാൻ ആദ്യം കഥ പറയുമ്പോൾ  ആ സിനിമയിലേക്കില്ല  എന്ന ഉറച്ച നിലപാടിലായിരുന്നു കീർത്തി.  തെന്നിന്ത്യൻ സിനിമയിലെ   ഇതിഹാസ നായികയായിരുന്നു സാവിത്രി. ജെമിനിഗണേശന്റെ കാമുകിയും ജീവിതസഖിയും. പ്രശസ്തിയുടെ നെറുകയിൽ നിന്ന് ജീവിതത്തിന്റെ ഇരുളിലേക്ക് സാവിത്രിയുടെ കാലൊന്നു വഴുതി. കുപ്പിവളകൾ ചിതറി ...ഓർമകൾ നഷ്ടപ്പെട്ട അന്ത്യകാലം...അതൊക്കെയായിരുന്നു സാവിത്രി.

സാവിത്രിയെ താങ്ങാനുള്ള കരുത്ത് തന്റെ ചുമലിനുണ്ടോയെന്ന് കീർത്തി ഭയപ്പെട്ടത് ന്യായം.  

‘‘ സംവിധായകൻ നാഗ് അശ്വിൻ അതിലെ സാവിത്രിയാകാൻ എന്നെ തിരഞ്ഞെടുത്തുതതിനുള്ള കാരണം പറഞ്ഞപ്പോൾ ഞാൻ തീരുമാനം മാറ്റി. ധനുഷ് നായകനായ തൊടരി കണ്ടിട്ടാണ് സാവിത്രിയിലേക്ക് എന്നെ മതിയെന്ന് സംവിധായകൻ തീരുമാനിച്ചത്. സാവിത്രിയുടെ യൗവനകാലം എനിക്ക് ചെയ്യാൻ കഴിയുമെന്ന് അദ്ദേഹത്തിന് ഉറപ്പായിരുന്നു. എനിക്ക് എഫ്എമ്മിലെ സാവിത്രിയമ്മയുടെ കുറച്ചു സംഭാഷണ ശകലങ്ങളും ഒരു പെൻഡ്രൈവിൽ സാവിത്രിയമ്മയുടെ അഭിനയത്തിലെ വിവിധ ഭാവങ്ങളുമാണ് ആദ്യം തന്നത്.  രണ്ടു മിനിറ്റു മാത്രമുള്ള ആ സൗണ്ട് ടേപ്പിൽ അവരുടെ പേഴ്‌സണാലിറ്റി വ്യക്തമായിരുന്നു. അത്ര പ്രസരിപ്പുള്ള നായിക. 

സാവിത്രിയമ്മയുടെ ജീവിതം ഓരോ ചാപ്റ്ററും സംവിധായകന് കാണാപ്പാഠമായിരുന്നു. ചിത്രത്തിലുടനീളം സാവിത്രിയമ്മയുടെ മകൾ വിജയചാമുണ്ഡേശ്വരി കൂടെ ഉണ്ടായിരുന്നു. ജീവിതത്തിൽ എനിക്കിഷ്ടമുള്ള പലതും അവർക്കും ഇഷ്ടമായിരുന്നു. നീന്തലും ക്രിക്കറ്റും ഡ്രൈവിങ്ങുമെല്ലാം ഞങ്ങൾ ഒരുപോലെ ഇഷ്ടപ്പെട്ടു. ചിത്രം വലിയ നിരൂപക പ്രശംസ നേടും എന്നുറപ്പായിരുന്നു. എന്നാൽ ഇത്ര വലിയ കൊമേഴ്‌സ്യൽ വിജയം പ്രതീക്ഷിച്ചില്ല.  പിന്നീടാലോചിച്ചപ്പോൾ തോന്നി ഇതൊക്കെ ഏതൊരു കാലത്തും ഇനിയും സംഭവിക്കാവുന്നതാണല്ലോയെന്ന്. ആർക്കും കണക്ട് ചെയ്യാവുന്ന ഒരു ജീവിതകഥയാണ് സാവിത്രിയുടേത് ’’– നീലാംഗനയിലെ പുതിയ ഫ്ലാറ്റിലെ സ്വീകരണ മുറിയിലിരുന്ന്  കീർത്തി സാവിത്രിയിലേക്ക് പകർന്നാടി. 

സാവിത്രിയമ്മയെക്കുറിച്ച് ചോദിക്കുമ്പോൾ ഞാൻ പറയും തമിഴിൽ ശിവാജി ഗണേശനുള്ള സ്ഥാനമാണ് നടിമാരിൽ സാവിത്രിയമ്മക്കുള്ളതെന്ന്. നടികർ തിലകമാണ് ശിവാജിസാറെങ്കിൽ നടികയർ തിലകമാണ് സാവിത്രി. ഹിന്ദിയിൽ മീനാകുമാരിക്കുള്ള സ്ഥാനം. തെലുങ്കിൽ സാവിത്രിയമ്മയുടെ പല സിനിമകളും ഹിന്ദിയിൽ ചെയ്തത് മീനാകുമാരിയാണ്. എന്നാൽ അതിനപ്പുറം അപാരമായ ഹ്യൂമർ സെൻസായിരുന്നു സാവിത്രിയമ്മക്ക്.സെറ്റിൽ ഷൂട്ടിനിടെ ചീട്ട് കളിക്കും.സദാ തമാശ പറയും.

മഹാനടിയിലെ മറക്കാത്തൊരു സീനുണ്ട്.സംവിധായകൻ പുതുമുഖ നടിയായ സാവിത്രിയോട് പറയുകയാണ് : അടുത്ത സീൻ ഇമോഷണലാണ്.കണ്ണിൽ നിന്ന് കണ്ണീർ വരണം.

സാവിത്രിയുടെ മറുചോദ്യം : സർ ഇടതുകണ്ണിൽ നിന്ന് രണ്ടു തുള്ളി. ഓകെയല്ലേ സാർ.

ക്യാമറ ആക്ഷൻ പറഞ്ഞു. കൃത്യം രണ്ടു തുള്ളി കണ്ണീർ കവിൾതടത്തിൽ തട്ടിനിന്നു. അതായിരുന്നു സാവിത്രി.

‘‘ എത്ര തുള്ളിക്കണ്ണീർ എപ്പോൾ വേണമെങ്കിലും കണ്ണി‍ൽ നിന്ന് പൊഴിക്കാൻ സാവിത്രിയമ്മക്ക് കഴിയുമായിരുന്നു. ആ വേഷം നമ്മൾ ചെയ്യുമ്പോൾ ഗ്ലിസറിനില്ലാതെ ഒരു തുള്ളിക്കണ്ണീരെങ്കിലും വീഴിക്കണമെന്ന് എനിക്കൊരു നിർബന്ധമുണ്ടായിരുന്നു. ഞാനത് സംവിധായകനോട് പറഞ്ഞു.അവർ ക്ഷമയോടെ കാത്തുനിന്നു.ആ  സീനിൽ പൊടിഞ്ഞതിൽ ഒരു തുള്ളി എന്റെ സ്വന്തം കണ്ണീരാണ്.രണ്ടാമത്തെ തുള്ളി കംപ്യൂട്ടർ ഗ്രാഫിക്സും ’’ –  കീർത്തിയുടെ ഓർമകളിൽ കണ്ണുനീരിന്റെ പുഞ്ചിരി. 

mahanati-002.jpg

സിനിമയുടെ സെറ്റിൽ സാവിത്രിയുടെ മകൾ വിജയചാമുണ്ഡേശ്വരി എല്ലായ്‌പോഴും ഉണ്ടായിരുന്നു.ചിലരൊക്കെ കീർത്തിയുടെ അമ്മയാണ് വിജയ എന്നുപോലും തെറ്റിദ്ധരിച്ചു. ചെന്നൈയിൽ ഒരു ചടങ്ങിൽ കീർത്തി മകളാണോയെന്ന് ആരോ വിജയയോടു ചോദിച്ചു. അപ്പോൾ വിജയ പറഞ്ഞു.അല്ല കീർത്തി എന്റെ  അമ്മയാണെന്ന്. വിജയാചാമുണ്ഡേശ്വരിക്ക് സാവിത്രി അങ്ങനെയൊരു പേരിട്ടതിനും ഒരു രഹസ്യമുണ്ട്.വിജയസ്റ്റുഡിയോയിലായിരുന്നു സാവിത്രിയുടെ ആദ്യ സിനിമയുടെ ചിത്രീകരണം.ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ വച്ചാണ് ജെമിനിഗണേശൻ സാവിത്രിയെ താലിചാർത്തുന്നത്.രണ്ടും കൂടി ചേർത്ത് വിജയചാമുണ്ഡേശ്വരി എന്നു മകൾക്കു പേരിട്ടു. 

‘‘ സാവിത്രിയമ്മയുടെ കഥ എനിക്കറിയാം. അവർക്ക് പ്രേക്ഷകർക്കിടയിലെ വിലയും എനിക്കറിയാം. പക്ഷേ സിനിമ കണ്ട് ഞങ്ങൾ ശരിക്കും സ്തബ്ധരായി എന്നു പറയുന്നതാകും ശരി. മഹാനടി ഇറങ്ങും മുൻപ് തന്നെ തെലുങ്കു വേർഷൻ കാണണമെന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു.ഹൈദരാബാദിലെ മായാബസാറിലിരുന്ന് കയ്യടികൾക്ക് നടുവിൽ ചിത്രം കണ്ടിറങ്ങിയപ്പോഴുണ്ടായ അനുഭവം....’’  മേനകയുടെ വാക്കുകൾ ഇടമുറിഞ്ഞു.

keerthi-suresh-family-2

മഹാനടി കണ്ട് കീർത്തിയെ ആദ്യം വിളിച്ചവരിൽ ഒരാൾ വിദ്യാബാലനാണ്.മറ്റൊരാൾ റാണിമുഖർജിയും. ‘‘ കീർത്തി ഈ സിനിമയിൽ നിന്നു പുറത്തുകടക്കാൻ എനിക്കു കഴിയുന്നില്ല. ഒന്ന് ഉറങ്ങിയെഴുന്നേറ്റിട്ടും കീർത്തിയുടെ മുഖമാണ് മുന്നിൽ. അതാണ് രാവിലെ തന്നെ വിളിച്ചത് ’’– വിദ്യച്ചേച്ചിയുടെ വാക്കുകൾ ഞാൻ അത്ഭുതത്തോടെയാണ് കേട്ടത്. ഇനി എവിടെവച്ചു കണ്ടാലും ആദ്യം ഞാനൊരു ഹഗ് തരുമെന്നാണ് റാണിമുഖർജി പറഞ്ഞത്.എനിക്ക് യാതൊരു പരിചയമോ ബന്ധമില്ലാത്തവരോ ആണ് ഇരുവരും.എന്നിട്ടും അവരെന്നെ വിളിച്ചു.വലിയ സന്തോഷം തോന്നി. 

മഹാനടിയിലെ സാവിത്രി നാട്ടിൻപുറത്തിന്റെ നിഷ്കളങ്കതയുമായി സിനിമയുടെ സൗഭാഗ്യം തേടി ചെന്നൈയിലെത്തുകയാണ്. മദ്രാസിലെ വലിയ സ്റ്റുഡിയോകൾക്കു മുന്നിൽ അമ്പരപ്പോടെ നിൽക്കുന്ന സാവിത്രിയുടെ കണ്ണുകളിലെ തിളക്കം അതേപടി കീർത്തിയുടെ കണ്ണുകളിലുമുണ്ട്. മൂന്നാംപിറയിലും മറ്റും ശ്രീദേവിയിൽ കണ്ട അതേ ഫ്രഷ്നെസ്.

∙ മലയാളത്തിൽ നടിയായി.തമിഴിൽ താരമായി.തെലുങ്കിൽ മഹാനടിയായി. ജീവിതം എങ്ങനെ മാറി ? 

പ്രതീക്ഷിക്കാത്ത കാര്യങ്ങളാണിതൊക്കെ.എത്രയോ പേർ സിനിമയിൽ ഒന്നു കയറാൻ കഠിനമായി പരിശ്രമിക്കുന്നു. സിനിമാ കുടുംബത്തിൽ നിന്നായതുകൊണ്ട് എനിക്ക് സിനിമാപ്രവേശം അനായാസമായിരുന്നു. എന്നാൽ സിനിമയിൽ എത്തുന്നതിനേക്കാൾ പ്രയാസം അവിടെ നിലനിൽക്കുക എന്നതാണ് . മലയാളം എനിക്കൊരു വീടുപോലെയാണ്.ബാലതാരമായി അച്ഛന്റെ  കൈപിടിച്ച് സെറ്റിൽപോയ കാലമൊക്കെ ഓർമവരും.

keerthi-suresh-old

പൈലറ്റ്സിലും കുബേരനിലുമൊക്കെ സിനിമ ചെയ്യുമ്പോൾ എന്താണെന്ന് ഒരുപിടിയും കിട്ടിയിരുന്നില്ല. തമിഴിൽ  ആദ്യമൊക്കെ അമ്മയും കഥ കേട്ടിരുന്നു.  ഇപ്പോൾ ഞാൻ മാത്രമാണ് കേൾക്കുന്നത്. ഞങ്ങൾ സ്‌ക്രീനിൽ കണ്ടോളാം എന്ന് അമ്മ പറയും.ഞാൻ പഠിച്ചുവളർന്ന നഗരമാണിത്.എന്റെ സിനിമയുടെ പോസ്റ്റർ ഈ മഹാനഗരത്തിന്റെ മുക്കിലും മൂലയിലും പതിഞ്ഞത് എന്റെ രണ്ടാമത്തെ സിനിമയായ ‘രജനി മുരഗനിലൂടെയാണ് ’.ആ സിനിമയുടെ കസെറ്റ് പ്രകാശനച്ചടങ്ങിൽ എന്റെ അമ്മയും പങ്കെടുത്തിരുന്നു.  അമ്മയുടെ ആദ്യ സിനിമ ഇറങ്ങിയപ്പോൾ അപ്പൂപ്പനെയും അമ്മൂമ്മയെയും കൂട്ടി മദ്രാസ് നഗരത്തിലെ പോസ്റ്റർ കാണാൻ രാത്രിയിൽ ഇറങ്ങിയ കഥ പറഞ്ഞപ്പോൾ അമ്മ കരഞ്ഞുപോയി. ഞാനും. 

അമ്മയുടെ തമിഴ് 

മഹാനടിയിൽ വിജയവാഡയിൽ നിന്ന് ചെന്നൈയിൽ നിന്നു വന്ന സാവിത്രിക്ക് തമിഴറിയില്ല. ജെമിനിഗണേശനാണ് സാവിത്രിയെ തമിഴ് പഠിപ്പിക്കുന്നത്.ഭാഷയിൽ ഒന്നുപതറിയാലും ഭാവത്തിലാണ് കാര്യമെന്നു പറയുമ്പോൾ സാവിത്രിയുടെ മുഖത്തെ ഭാവമൊന്നു കാണേണ്ടതാണ്.

സ്‌കൂളിൽ പഠിക്കുമ്പോൾ മേനക മക്കളെ തമിഴ് എഴുതി പഠിപ്പിച്ചിരുന്നു. പറഞ്ഞാൽ മാത്രം പോര എഴുതിപഠിക്കണം എന്നു നിർബന്ധം.അന്നത് ഒരു തലവേദനയായി തോന്നിയെങ്കിലും കീർത്തിക്ക് ഇപ്പോഴാണ് അതിന്റെ ഗുണം മനസ്സിലാകുന്നത്. ശനിയാഴ്ച തമിഴും ഞായറാഴ്ച മലയാളവുമായിരുന്നു അമ്മയുടെ  ടൈംടേബിൾ.

keerthi-suresh-family-1

അച്ഛന്റെയും അമ്മയുടെയും മാതൃഭാഷ പഠിക്കണമെന്ന നിർബന്ധ ബുദ്ധി  തമിഴിൽ കൊടുക്കുന്ന സ്‌ക്രിപ്ട് അനായാസം വായിക്കാം. ഡബ്ബ് ചെയ്യാം. ഭാഷയോട് വലിയ സ്‌നേഹമുള്ള  തമിഴകത്തിന് തങ്ങളുടെ പ്രിയ നായിക കൂടുതൽ സ്വീകാര്യയാകാൻ ഇതും കാരണമായി. തമിഴിൽ ചെറുതായി കവിതകളും എഴുതിത്തുടങ്ങി കീർത്തിയിപ്പോൾ. സംവിധായകൻ ലിംഗുസ്വാമിയുടെ ചെറുകവിതകളുടെ പ്രകാശനച്ചടങ്ങിൽ കീർത്തി സ്വന്തം കവിത വായിച്ചും കയ്യടി നേടി.

ഫാഷൻ ഡിസൈനിങ് 

ഫാഷൻ ഡിസൈനിങ്  പഠിച്ചത്  സിനിമയിൽ വലിയ ഗുണം ചെയ്തു. സിനിമയുടെ ഭാഗമാകണം എന്നു ഞാൻ തീവ്രമായി ആഗ്രഹിച്ചിരുന്നു. ഫാഷൻ ഡിസൈനിൽ കോഴ്‌സ് ചെയ്തത് നടിയായില്ലെങ്കിൽ കോസ്റ്റ്യൂം ഡിസൈനറായെങ്കിലും  അച്ഛന്റെ  സിനിമയിൽ സഹായിയായി കൂടാം എന്നു ചിന്തിച്ചാണ്.  എനിക്കെന്തു ചേരും ചേരില്ല എന്നു മനസ്സിലാക്കാൻ അതു സഹായിച്ചു. സാരി ഇഷ്ടമാണ്. എങ്കിലും ജീൻസാണ് കംഫർട്ടബിൾ വേഷം. ബ്രൈറ്റ് കളറുകളോടാണിഷ്ടം.

വീട്ടിലെ താമര 

എന്ത് പഠിക്കണം എന്നൊരു നിർബന്ധവും അച്ഛനും അമ്മയും പറഞ്ഞിരുന്നില്ല. വനിതയിൽ മേനകയും കീർത്തിയും ചേർന്നൊരു കവർ വന്നപ്പോൾ സംവിധായകൻ ജയരാജാണ് ആദ്യം സുരേഷ്‌കുമാറിനെ വിളിച്ചത്. പിന്നീട് ലാൽജോസ്,രാജീവ് രവി, ബ്ലെസി തുടങ്ങിയ സംവിധായകരും കീർത്തിയുടെ സിനിമാതാൽപര്യം അന്വേഷിച്ച് വിളിച്ചു. നീലത്താമര ലാൽജോസ് റീമേക്ക് ചെയ്യാൻ തീരുമാനിച്ച സമയം.സുരേഷ് കുമാറാണ് നിർമാണം. എല്ലാവരും പുതുമുഖങ്ങൾ. താരനിർണയം പൂർത്തിയാകുന്ന ഘട്ടത്തിൽ ലാൽജോസ് ചോദിച്ചു വീട്ടിൽ തന്നെ ഒരു നീലത്താമരയുണ്ടല്ലോ ഇനി പുറത്തുനിന്നൊരു താമരയെ അന്വേഷിച്ചു പോകണോ ? 

keerthi-suresh-mahanati

‘‘ ഞാൻ നിർമിക്കുന്ന സിനിമയിലൂടെ കീർത്തി നായികയാകുന്നതിനോട് എനിക്ക് വിയോജിപ്പായിരുന്നു. ആദ്യം പഠനം.ഒരു ഡിഗ്രി കയ്യിൽ കിട്ടിയശേഷം സിനിമ എന്നു തന്നെയായിരുന്നു എന്റെ നിലപാട്. ഗീതാജ്ഞലയിലേക്ക് പ്രിയൻ വിളിക്കുമ്പോൾ ചെന്നൈയിൽ ജെംസ് അക്കാദമിയിൽ പഠിക്കുകയായിരുന്നു അവൾ. കോഴ്‌സിന്റെ ഭാഗമായി ചെന്നൈയിൽ ഇന്റേൺഷിപ്പിനിടെയായിരുന്നു പ്രിയന്റെ വിളി വന്നത്.

തമിഴിലെ മാറ്റം 

തമിഴ് സിനിമ ഒരുപാടുമാറിയില്ലേ. നായിക ഒരു പാട്ടിൽ വന്നു മറയുന്ന കാലമൊക്കെ പോയി. ചില വലിയ സിനിമകളിൽ നായികയുടെ പോർഷൻ കുറവായിരിക്കാം.അതു ചെയ്യാതിരുന്നാൽ അപ്പോൾ നമ്മൾ വലിയ സിനിമയുടെ ഭാഗമല്ലാതെ പോകും.

തമിഴിൽ ഒരു സ്റ്റാർ പടമാണെങ്കിൽ ആറേഴുമാസം ഒരു ചിത്രത്തിന്റെ ഷൂട്ട് ഉണ്ടാകും.അതേ സമയം നമുക്ക് മറ്റു ചിത്രങ്ങളും ചെയ്യാം. മഹാനടി ഷൂട്ട് പത്തുമാസത്തോളം നീണ്ടു. അജിത്, വിശാൽ ,വിക്രം തുടങ്ങിയ സീനിയർ താരങ്ങൾ ഡേറ്റ് അഡ്ജസ്റ്റ് ചെയ്തതുകൊണ്ടാണ് എനിക്കത് പൂർത്തിയാക്കാൻ കഴിഞ്ഞത്.

യാത്ര പോകണം ഇനിയും 

ഇന്ത്യ ഇനിയും എക്‌സ്‌പ്ലോർ ചെയ്തു കാണാനുണ്ട്. ഇന്ത്യയുടെ കിഴക്ക് ഭാഗത്തേക്കും കശ്മീരിലേക്കും ഒരു യാത്ര പ്ലാൻ ചെയ്യണം.ഡാർജിലിങ്,ലേ എ്ന്നിവയും ലിസ്റ്റിലുണ്ട്.ചെന്നൈയിൽ ഏറെ ഇഷ്ടപ്പെട്ട സ്ഥലം മഹാബലിപുരമാണ്.വിദേശത്ത് പോയതിൽ ഞപ്രിയപ്പെട്ട നഗരം ബൾഗേറിയയുടെ തലസ്ഥാനമായ സോഫിയയാണ്.ഷൂട്ടിനു പോകുമ്പോൾ പലപ്പോഴും നമുക്ക് അത്ര എൻജോയ് ചെയ്യാൻ പറ്റില്ല.അവർക്ക് വേണ്ട സ്ഥലത്തായിരിക്കും അവർ പോകുന്നത്.നമ്മൾ യാത്ര പോകണമെങ്കിൽ വീട്ടുകാർക്കോ കൂട്ടുകാർക്കോ ഒപ്പം പോകണം.ക്രൊയേഷ്യയിലും അടുത്തിടെ പോയിരുന്നു.വലിയ കാറ്റും തണുപ്പമായിരുന്നു.വെജിറ്റേറിയനായതുകൊണ്ട് വിദേശത്തുപോയാൽ ബൺ കഴിച്ചാണ് ജീവിതം. 

സോഷ്യൽ മീഡിയ

ഞാൻ ഏറ്റവും സജീവമായിട്ടുള്ളത് ട്വിറ്ററിലാണ്. തികച്ചും പ്രഫഷണലാണ് ട്വിറ്റർ. ഇൻസ്റ്റയിലെ പടമിടൽ പരിപാടി എനിക്കത്ര വഴങ്ങിയിട്ടില്ല. ഫെയ്‌സ് ബുക്കിലും ഉണ്ട്. ഈ മൂന്നുമാധ്യമത്തിനും മൂന്നു തരം ഓഡിയൻസാണുള്ളത്.കൂടുതൽ റീച്ച് ഔട്ട് ചെയ്യാൻ ഇവയെല്ലാം സഹായിക്കാറുണ്ട്.

ചേച്ചി രേവതി എഴുതി സംവിധാനം ചെയ്ത ഒരു ചിത്രത്തിൽ അഭിനയിക്കണം എന്നുണ്ട്. ചെറുപ്പത്തിൽ എൻജിനീയറോ ഡോക്ടറോ ആകില്ലെന്ന് ഞങ്ങൾ കൂട്ടായി തീരുമാനിച്ചതാണ്.നമ്മൾ സിനിമാക്കാരുടെ മക്കളാണ് അപ്പോൾ നമ്മൾ സിനിമ തിരഞ്ഞെടുക്കണം എന്നു തീരുമാനിച്ചു.അടുത്തിടെ ചേച്ചി ഒരു കഥ എന്നോടു പറഞ്ഞിരുന്നു.നല്ല കഥ.

ചേച്ചിയുടെ കഥയിൽ ഞാൻ നായിക അച്ഛൻ പ്രൊഡക്ഷൻ.ഞാനും ഇപ്പോൾ കഥകളൊക്കെ ആലോചിക്കും.സത്യത്തിൽ ഷൂട്ടിങ്ങിനേക്കാൾ കൂടുതൽ സമയം യാത്രയിലാണ് പോകുന്നത്.ഒന്നുകിൽ ഫ്ലൈറ്റിൽ അല്ലെങ്കിൽ കാറിൽ. അപ്പോഴാണ് കഥ എന്ന ആശയം മനസ്സിൽ വന്നത്.കഥകളൊന്നും കുറിച്ചിട്ടിട്ടില്ല.എങ്കിലും ഒരു സിനിമാപ്ലോട്ടാണ് ആലോചിക്കുന്നത്.

സിനിമയിൽ കൺഫ്യൂഷൻ വരുമ്പോൾ കീർത്തിക്ക് കൃത്യമായ ഉത്തരം നൽകുന്നത് ഷിർദിബാബയാണ്. മഹാനടി ശരിക്കും അങ്ങനെ ഒരു കൺഫ്യൂസിങ് അവസ്ഥയിലായിരുന്നു കീർത്തി കുറേ ദിവസം.ഒടുവിൽ സിനിമ  തിരഞ്ഞെടുത്തത് ഷിർദ്ദിസായിബാബയുടെ മുന്നിൽ ചോദിച്ചിട്ടാണ്.ഞാൻ ആകെ കൺഫ്യൂസ്ഡ് ആയിരുന്നു.അമ്മയുടെ സഹോദരൻ ഗോവിന്ദരാജ് അങ്കിളും ഞാനും ചേർന്നാണ് അത്തരമൊരു തീരുമാനമെടുത്തത്. സിനിമ ചെയ്യണം ചെയ്യണ്ട എന്ന് രണ്ട് കുറിപ്പെഴുതി ബാബയുടെ ചിത്രത്തിനു മുന്നിലിട്ട് നറുക്കെടുത്തു. അപ്പോൾ തന്നെ സംവിധായകനെ വിളിച്ച് ഓകെ പറഞ്ഞു.

നടക്കാതെ പോയ ആദ്യ സിനിമയിൽ  അഭിനയിക്കാൻ സുരേഷ്കുമാർ മേനകയ്ക്ക് 500 രൂപയാണ് അഡ്വാൻസ് നൽകിയത്. ഇന്നു കീർത്തിയുടെ പ്രതിഫലം കോടികളിലെത്തി നിൽക്കുമ്പോൾ സിനിമയും ഓരുപാടുമാറിയെന്ന് മേനക നിരീക്ഷിക്കുന്നു.

‘‘ സിനിമ ഇപ്പോൾ എത്രയോ മാറി. പണ്ട് ബ്ലാക്ക് ആൻഡ് വൈറ്റ് കാലഘട്ടത്തിൽ കെ.ആർ. വിജയ എന്നോടു പറഞ്ഞിട്ടുണ്ട് . ചുവപ്പ് രൂജും പാൻകേക്കും കൂടി പൊടിച്ച് മിക്‌സ് ചെയ്ത് മുഖത്തിട്ടിരുന്ന കാലം.മേക്കപ്പ് ബ്ലാക്ക് ആൻഡ് വൈറ്റിൽ എടുത്തുകാണിക്കാൻ വേണ്ടിയായിരുന്നു അത്. ഇന്നു കാരവനുണ്ട്. ലൈറ്റ് കുറഞ്ഞു.റിഫ്ലക്ടറില്ല. ഡിജിറ്റിൽ ആയതോടെ സമയവും ലാഭം.  മഹാനടിയിൽ തന്നെ പീരിയഡ് അനുസരിച്ച് വലിയ മേക്കപ്പിട്ടപ്പോൾ  ഹെവിയാണെന്ന് കീർത്തിക്ക് തോന്നി.

ഒരു പത്തുമിനിറ്റ് ആ മേക്കപ്പിലും ആഭരണത്തിലും നമുക്ക് നിൽക്കാൻ കഴിയില്ല. ഓരോ ആഭരണത്തിന്റെ പിന്നിലും ചൊറിയാതിരിക്കാൻ പഞ്ഞിയൊട്ടിച്ച് വയ്ക്കുമായിരുന്നു പണ്ടൊക്കെ .വലിയ മേക്കപ്പും റിഫ്‌ളക്ടറുമൊക്കെയായി സെറ്റ് ഒരു തീച്ചൂളയായിരുന്നു.അന്നത്തെ ഫ്രെയിമിനും കളറിനും അത് ആവശ്യമായിരുന്നു. ഇന്ന് മേക്കപ്പൊക്കെ എത്ര കുറഞ്ഞു.സ്റ്റാർ മൂവി ആണെങ്കിൽ ഒരു ദിവസം രണ്ടു സീനൊക്കെ പരമാവധി എടുക്കൂ. തമിഴിലെ ഷെഡ്യൂൾ രാവിലെ ഒൻപതുമുതൽ വൈകിട്ട് ആറുവരെയാണ്.ഒൻപതിന് നമ്മൾ മേക്കപ്പിട്ട് ഷോട്ടിന് റെഡിയാകണം.

പണ്ട് ഞാനൊക്കെ രാവിലെ ഒൻപതിന് മേക്കപ്പിട്ട് വൈകിട്ടുവരെ സെറ്റിൽ വെയിലത്ത് കസേരയിൽ ഇരിക്കാറുണ്ട്. എപ്പോഴാണ് സീൻ വരുന്നതെന്നു നോക്കി. അറബിക്കടൽ എന്ന സിനിമയുടെ സെറ്റിൽ അഭിനയിക്കുമ്പോൾ ഡ്രസ് മാറാൻ പോലും സ്ഥലമില്ല. മൽസ്യതൊഴിലാളികളുടെ വീട്ടിൽ തുണി മറച്ചുപിടിച്ചാണ് വേഷം മാറിയിരുന്നത്.ആരെങ്കിലും ഓലപൊളിച്ചു നോക്കുന്നുണ്ടോയെന്നറിയാൻ പുറത്തും ഒരാളെ നിർത്തും.അന്ന് ഒരുതരം മസ്‌കാരയിട്ടാൽ പിന്നെ ചെറിയ കൂവീച്ച കണ്ണിൽ വന്നു കുത്തും. അതിന്റെ എന്തോ മധുരമാണ് ഈച്ചയെ ആകർഷിച്ചത്. അതിനെ ആട്ടി ഓടിക്കണം.ചിലപ്പോൾ ഈച്ച കണ്ണിൽ വീഴും. ഇപ്പോൾ നമ്മുടെ സമയമായില്ലെങ്കിൽ കാരവനിൽ റസ്റ്റ് ചെയ്യാം. 

keerthi-kaliyani-1

‘‘ അന്ന് ഓലമറ പൊളിച്ചു നോക്കിയവർ ഇന്നു മൊബൈലുമായി വരുന്നു. അതാണ് വ്യത്യാസം ’’– കീർത്തിയുടെ തമാശയിൽ ‘കപൂർ ’ കുടുംബം ഒന്നിച്ചു ചിരിച്ചു.

കീർത്തിയുടെ നിർബന്ധിച്ചുള്ള വിളികൾക്കൊടുവിൽ ജൂലൈയിൽ സുരേഷ്കുമാർ ചെന്നൈ നീലാങ്കരയിലെ പുതിയ ഫ്ളാറ്റ് കാണാനെത്തി.എയർപോർട്ടിലിറങ്ങി നീലാങ്കര എത്താറായപ്പോൾ സുരേഷിനൊരു സംശയം. ഈ വഴി എവിടെയോ കണ്ടിട്ടുണ്ടല്ലോ. പണ്ടെപ്പോഴോ ഇതുവഴി വന്നിട്ടുണ്ടല്ലോ ?

നടക്കാതെ പോയ ആദ്യ സിനിമ ‘കരൈതൊടാതെ അലൈ ’ കളുടെ ലൊക്കേഷൻ കാണാൻ അന്നു പ്രൊഡക്ഷൻ കൺട്രോളർക്കും ഫിനാൻസുകാരനുമൊപ്പം യാത്ര ചെയ്ത അതേ വഴി. തീർന്നില്ല.അന്നൊരു അംബാസഡർകാറിലാണ് യാത്ര. വണ്ടി മുന്നോട്ടുപോകുമ്പോൾ അതാ എതിരെ നിന്നൊരു ലോറി നിയന്ത്രണം വിട്ടുവരുന്നു. ലോറി കാറിലിടിക്കുമെന്ന് സുരേഷിനുറപ്പ്. കൃത്യം കാറുമായി നേർക്കുനേർ ഇടി . സുരേഷ് കാറിന്റെ സീറ്റിനിടയിൽ. ബാക്കി രണ്ടുപേർ വഴിയിൽ. ഭാഗ്യം ആർക്കും ആളപായമൊന്നും സംഭവിച്ചില്ല. 

അന്ന് അത് വിജനമായ സ്ഥലമാണ്. വെറും കാട്ടുപൊന്തകളും ചതുപ്പുമായി കിടന്ന സ്ഥലം.അവിടെ നിന്നൊരു സൈക്കിൾ എടുത്ത് അഞ്ചു കിലോമീറ്റർ അകലെ  തിരുവാൺമയൂർ പൊലീസ് സ്റ്റേഷനിലെത്തി വിവരമറിയിച്ചു.അപകട വിവരം വീട്ടിലറിഞ്ഞപ്പോൾ അമ്മയ്ക്ക് പരിഭ്രാന്തിയായി. മദ്രാസിൽ ഡോക്ടറായ സഹോദരനെ അപ്പോൾ തന്നെ സ്പോട്ടിലേക്ക് വിട്ട് അമ്മ മകനെ നാട്ടിലെത്തിച്ചു.

നീലാങ്കരെ നീയെത്രമാറിപ്പോയി എന്നു സുരേഷ് ചോദിക്കുന്നു.അതേ ചോദ്യമാണ് കീർത്തിയോടും എല്ലാവരും ചോദിക്കുന്നത്. കീർത്തി നീ സ്ക്രീനിൽ എത്ര മാറിപ്പോയി ?