Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിങ്ങൾ അറിയാത്ത മമ്മൂക്ക : അബു സലിം

abu-mammookka കസബ ചിത്രീകരണത്തിനിടെ മമ്മൂട്ടിക്കൊപ്പം, ആന്റോ ജോസഫ് സമീപം

കുറേ വർഷങ്ങൾക്കു മുൻപാണിത്. വയനാട്ടിലാണ് സിനിമയുടെ ഷൂട്ടിങ്. മണി സ്വാമിയുടെ സിനിമയാണ്. ചിത്രത്തിൽ ഒരു പൊലീസുകാരന്റെ വേഷമുണ്ട്. ആരു ചെയ്യും എന്ന കാര്യത്തിൽ അതുവരെ തീരുമാനമായിരുന്നില്ല. ഒടുവിൽ ഷൂട്ടിങ് കാണാൻ വന്ന പയ്യൻമാരിലൊരാളോട് ചോദിച്ചു ഈ വേഷം ചെയ്യാമോയെന്ന്. ആ ചെറുപ്പക്കാരനത് കേൾക്കാൻ കാത്തിരിക്കുകയായിരുന്നു. പൊലീസ് വേഷം അയാൾ ഗംഭീരമാക്കി. മലയാള സിനിമയിലെ വില്ലൻമാരിലൊളായി പെട്ടെന്നു മാറി അയാൾ. പേര് അബു സലീം. കൊടും വില്ലനായും, ചിലപ്പോൾ നായകന്റെ വലംകൈയ്യായും, പിന്നീടിടടയ്ക്ക് ചിരിപ്പിച്ചു വേഷപ്പകർച്ച നടത്തിയും രസിപ്പിച്ചയാൾ. സിനിമയിൽ ഞാൻ വില്ലനായിരിക്കാം പക്ഷേ ജീവിതത്തിൽ താനൊരു നല്ല നായകനാണെന്ന് അവകാശപ്പെടുന്ന അബു സലീമുമൊത്ത് കുറച്ചു നേരം...

കസബയിലെ വേഷം

മെയിന്‍ വില്ലൻ സമ്പത്ത് ആണ്. അദ്ദേഹത്തിന്റെ വലംകൈയായ പഴനി എന്ന കഥാപാത്രമാണ് ചെയ്യുന്നത്. നല്ലൊരു വേഷമാണ്. സിനിമയിൽ ഉടനീളമുണ്ട്. ആക്ഷനും മറ്റുമായി. നടത്തത്തിലും ഭാവത്തിലും ആകെ വ്യത്യാസം വന്ന, വ്യത്യസ്തനായ മമ്മൂക്കയെയാണ് കസബയിൽ കാണാനാകുക.

kasaba-abu

മമ്മൂക്കയുമായി ഒത്തിരി വർഷത്തെ പരിചയമുണ്ടല്ലോ

മുപ്പതു വർഷത്തിലേറെയായി പരിചയമുണ്ട്. എനിക്ക് ഒരുപാട് അടുപ്പമുള്ളയാൾ. സിനിമയ്ക്കകത്തും പുറത്തും അങ്ങനെ തന്നെ. സിനിമ ചെയ്യുന്നില്ലെങ്കിൽ ഫോണിലൂടെ വിളിക്കും. സംസാരിക്കും. പിന്നെ അദ്ദേഹത്തെക്കുറിച്ചു പറയുവാൻ ഒരുപാടുണ്ട്. സ്നേഹത്തിന്റെ നിറകുടമാണ്. അതനുഭവിച്ചറിഞ്ഞിട്ടുള്ളയാളാണ്. പിന്നെ സ്നേഹം പ്രകടിപ്പിക്കുന്നതിൽ കുറച്ചു പിടിച്ചുവയ്ക്കൽ കാണുമായിരിക്കും. പക്ഷേ നമ്മൾ കാണുന്ന പോലുള്ളൊരാളേയല്ല. വളരെ സെൻസിറ്റീവ് ആണ്. അതുപോലെ സ്നേഹമുള്ളയാളാണ്. ഇപ്പോൾ സാമൂഹിക കാര്യങ്ങളിലൊക്കെ കുറച്ചു സജീവമാണല്ലോ. നമുക്കറിയാത്ത ഒരുപാടു കാര്യങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ട്. സാമ്പത്തികമായിട്ട്. എന്റെ നാട്ടിലൊക്കെ തന്നെ ഒരുപാടു പേർക്കു ചികിത്സാ സഹായം കൊടുത്തിട്ടുണ്ട്. ഒന്നും പബ്ലിസിറ്റിക്കു വേണ്ടി ചെയ്യുന്നതല്ല. അതൊന്നും ആർക്കും അറിയുന്ന കാര്യങ്ങളുമല്ല. സിനിമയിൽ തന്നെ ഒരുപാടു പേർക്കു ചികിത്സാ സഹായം ചെയ്തിട്ടുണ്ട്.

dq-abu

മോഹൻലാലും മമ്മൂട്ടിയും

രണ്ടു മുത്തുകൾ ആണവർ എന്നാണു ഞാൻ പറയുന്നത് അവരെ. അഭിനയം രണ്ടു പേരുടേയും രണ്ടു തലത്തിലാണ്. രണ്ടാളേയും ഞാൻ ഒരുപാടിഷ്ടപ്പെടുന്നു. ഷാരൂഖ് ഖാൻ ദുബായിയിൽ നടന്ന ഒരു പരിപാടിയിൽ പറഞ്ഞിരുന്നു, ഇന്ത്യൻ സിനിമയിലെ രണ്ടു നെടുംതൂണുകളാണ് മോഹൻലാലും മമ്മൂട്ടിയും. അവർക്കിടയിൽ നിൽക്കുന്നയാളാണ് ഞാന്‍. എനിക്കും അങ്ങനെ തന്നെയാണു തോന്നുന്നത്. രണ്ടാൾക്കൊപ്പവും അഭിനയിക്കുവാനുള്ള ഭാഗ്യമുണ്ടായി.

loham-mohanlal-abu-salim

ഞാനാണ് അവർക്ക് ടിപ്സ് കൊടുക്കുന്നത്!

മമ്മൂക്ക ദിനചര്യയിലൊക്കെ കര്‍ശന നിയന്ത്രണങ്ങൾ വയ്ക്കുന്നയാളാണ്. ഭക്ഷണപ്രിയനാണെങ്കിലും നല്ല ചിട്ടയോടെ, കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാണ് ഭക്ഷണം കഴിക്കുന്നത്.. ബോഡി മെയിന്റെയ്ൻ ചെയ്യുന്ന കാര്യത്തിലും അങ്ങനെ തന്നെ. ലാലേട്ടനും അതുപോലെ തന്നെ. എങ്കിലും അദ്ദേഹം നന്നായി ഭക്ഷണം കഴിക്കും. അതുപോലെ വർക്കൗട്ടും ചെയ്യും. ആരോഗ്യ കാര്യങ്ങളിലൊക്കെ നല്ല ശ്രദ്ധയുള്ളയാളാണ്. ലോഹം സിനിമയുടെ ഷൂട്ടിങ് സമയത്ത് ഞാനും ലാലേട്ടനും ഒരുമിച്ചായിരുന്നു വർക്ക് ഔട്ട് ചെയ്തതിരുന്നതൊക്ക. പിന്നെ വർ‌ക്ക് ഔട്ടിന്റെ കാര്യത്തിൽ ഞാനാണ് അവർക്കു ടിപ്സ് കൊടുക്കാറ്. സത്യം.

ഇരുവർക്കുമൊപ്പം അഭിനയിച്ചപ്പോൾ...

മമ്മൂക്കയുടെ കാര്യത്തിലാണെങ്കിൽ, അദ്ദേഹം ഓരോ കഥാപാത്രത്തിനായും അദ്ദേഹം നന്നായി ഹോംവർക്ക് ചെയ്യാറുണ്ട്. ഒരുപടം കഴിഞ്ഞാൽ അടുത്ത പടത്തിനായിട്ടുള്ള തയ്യാറെടപ്പുകൾ അപ്പോഴേ തുടങ്ങും. കഥാപാത്രത്തിന്റെ നടപ്പും ഭാവും സംസാര രീതിയുമൊക്കെ ഷൂട്ടിങിന്റെ തുടക്കം മുതൽ ഒടുക്കം വരെ നിലനിർത്തും. ഇടയ്ക്കു പോലും അതിൽ നിന്നൊന്നു വ്യതിചലിക്കില്ല.

vikram-abu

ഇരുവര്‍ക്കുമൊപ്പം അഭിനയിക്കുമ്പോൾ കാമറയുടെ മുൻപിൽ അവർ നിൽക്കുന്നതു കാണുമ്പോൾ നമുക്കൊന്നും തോന്നില്ല. അത് സ്ക്രീനിൽ കാണണം അപ്പോഴോ അറിയൂ അഭിനയത്തിന്റെ ഭംഗി. ചെറിയൊരു മൂളലിൽ പോലുമുള്ള ആ പ്രതിഭ. അതിനെ നമ്മൾ അംഗീകരിച്ചേ പറ്റുള്ളൂ.

വില്ലൻമാർ കോമഡി കഥാപാത്രങ്ങളാകുന്നു, കോമഡി ചെയ്യുന്നവർ അഭിനയ പ്രാധാന്യമുള്ള വേഷത്തിലേക്കു പോകുന്നു

വില്ലനായിരുന്നയാൾ കോമഡി ചെയ്താൽ അതിന് കൗതുകമാണ്. പക്ഷേ അത് ആളുകൾ എങ്ങനെ എടുക്കും എന്നതിനനുസരിച്ചിരിക്കും അതിന്റെ വിജയം. ശ്രദ്ധിക്കപ്പെട്ടാൽ അത് സംവിധായകന്റെ മികവാണ്. എനിക്കൊരുപാടു ബുദ്ധിമുട്ടു തോന്നിയിരുന്നു ഇത്രയും നാൾ വില്ലൻ വേഷം ചെയ്തിട്ട് കോമഡിയിലേക്കു മാറുവാന്‍.

abu-salim

പക്ഷേ അത് മികവുറ്റതാകണമെങ്കില്‍ സംവിധായകന്റെ കഴിവനുസരിച്ചിരിക്കും. നാദിർഷയാണ് അമർ അക്ബർ അന്തോണിയിൽ ആ വേഷം ചെയ്യിച്ചത്. അത് ശ്രദ്ധിക്കപ്പെട്ടു. അതുപോലെ റാഫി-ഷാഫി, സിദ്ധിഖ് സർ ലാൽ എന്നിവരൊക്കെ ചെയ്തിട്ടുണ്ട്. ഇവര്‍ക്കൊക്കെ വേദികളെ ഒരുപാടു പരിചയമുണ്ട്. നാദിർഷ ഒരുപാടു വേദികളിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുള്ളയാളാണ്. ആളുകളുടെ പൾസ് അവർക്കറിയാം. അങ്ങനെയുള്ളവർ ചെയ്യുന്നതുകൊണ്ടാണ് ഇത്തരം പരീക്ഷണങ്ങൾ വിജയിക്കുന്നത്.

അറുപത് വയസായി എന്നാണ് ഗൂഗിള്‍ പറയുന്നത്. അവർക്കു തെറ്റിയതാണോ?

അല്ലല്ല. ഇക്കഴിഞ്ഞ മെയ് 11ന് അറുപതു തികഞ്ഞു. ഞാൻ നന്നായി ഭക്ഷണം കഴിക്കുന്നയാളാണ്. അതുപോലെ വ്യായാമവും ചെയ്യും. അതാണിതിന്റെ രഹസ്യം. ബീഫ് ആണ് പ്രിയ വിഭവം. (അതൊക്കെ നിരോധനത്തിന്റെ വക്കിലാണല്ലോയെന്നു പറഞ്ഞപ്പോൾ. അത് ഇവിടൊന്നുമുണ്ടാകില്ലെന്നു പറഞ്ഞു ഉറക്കെ ചിരിക്കുന്നു അബു സലീം)

abu-salim1

ഇത്രയും വർഷമായി സിനിമയിൽ വന്നിട്ട്. തിരിഞ്ഞു നോക്കുമ്പോൾ എന്തു തോന്നുന്നു

സന്തോഷം മാത്രം. കാരണം, വയനാടു പോലൊരു സ്ഥലത്തു നിന്ന് സിനിമയുമായി ഒരു ബന്ധവുമില്ലാത്തൊരു കുടുംബത്തിൽ നിന്ന് വന്നിട്ട് ഇത്രയും നാൾ തുടരാനായല്ലോ. സിനിമാക്കാരെ കാണാന്‍ പോയതാണ് സിനിമയിലെത്തിച്ചത്. അഭിനേതാവുമാകണം, പൊലീസുമാകണം. ഇതു രണ്ടുമായിരുന്നു ജീവിതത്തിലെ ആഗ്രഹം. രണ്ടും നടന്നു. വില്ലൻ വേഷങ്ങളാണ് ചെയ്തതെങ്കിലും, ചെറിയ ഭയം എന്നോടു കാണിക്കുമെങ്കിലും വലിയ സ്നേഹമാണ്. പലയിടത്തു പോയപ്പോഴും അതനുഭവിച്ചറിയുവാനായിട്ടുണ്ട്. അടുത്തിടെ തലശേരിയിൽ ഒരു കടയുടെ ഉദ്ഘാടനത്തിനു പോയപ്പോൾ, ആളുകൾ ലോഹം സിനിമയിലെ കഥാപാത്രത്തെ കുറിച്ചു പറഞ്ഞുകൊണ്ട് അടുത്തുവന്നു.

പിന്നെ ആളുകൾക്ക് ഭയം തോന്നുന്നത്, ആ വേഷം ചെയ്തു നന്നാക്കിയതുകൊണ്ടാണ് എന്നാണെന്റെ കാഴ്ചപ്പാട്.

abu

ഇനിയെന്താണ് സ്വപ്നം?

വില്ലൻ വേഷങ്ങൾ ചെയ്യുന്നതിൽ സന്തോഷമാണ്. പക്ഷേ ചെയ്യാൻ സ്വപ്നം കാണുന്നത്. ഹോളിവുഡിൽ അർണോൾഡ് ഒക്കെ ചെയ്തപോലുള്ളൊരു വേഷമാണ്. ഫുൾ ടൈം ആക്ഷൻ ത്രില്ലർ. ബോളിവുഡിൽ പോലും അത്തരം സിനിമകൾ വന്നു തുടങ്ങുന്നേയുള്ളൂ. മലയാളത്തിലും അതു പതുക്കെ വന്നുകൊള്ളും. എങ്കിലും എനിക്കതുപോലൊരു വേഷം ചെയ്യണമെന്നുണ്ട്. പിന്നെ നല്ല അഭിനയ പ്രാധാന്യമുള്ള കാരക്ടർ റോളുകൾ ചെയ്യുവാൻ ഒരുപാട് ഇഷ്ടമാണ്.

വില്ലൻമാർക്കിപ്പോഴും അവാർഡില്ലല്ലോ?

ഇല്ല. അമ്മയിൽ അക്കാര്യം പറയണം എന്നു വിചാരിക്കുന്നു. ചലച്ചിത്ര പുരസ്കാരത്തിൽ അങ്ങനെയൊരു കാറ്റഗറി വരേണ്ടതുണ്ട്. തെലുങ്കിൽ ദേവി എന്നൊരു സിനിമയിലെ അഭിനയിച്ചതിനു ബെസ്റ്റ് വില്ലൻ അവാർഡിന്റെ അവസാന ഘട്ടത്തിലെത്തിയെങ്കിലും കിട്ടിയില്ല. സങ്കടമൊന്നുമില്ല.

arnold-abu

പിന്നെ സിനിമയില്‍ അഭിനയിക്കുന്നു പൈസ കിട്ടുന്നു എന്നതൊക്കെ ശരി. അതിനേക്കാളുപരി ആളുകൾ നമ്മളോടു നേരിട്ടു പറയും, നിങ്ങളാ വേഷം ചെയ്തു നന്നാക്കി, നന്നായിട്ടു ചെയ്തു എന്നു കേൾക്കുന്നതാണു സംതൃപ്തി.

സിനിമയിലെത്തിയില്ലായിരുന്നുവെങ്കില്‍

ജിം ട്രെയിനർ ആയേനെ. അങ്ങനെ എന്തെങ്കിലുമൊക്കെയായേനെ

കുടുംബം

ഭാര്യ ഉമ്മുക്കുലുസു. രണ്ടു മക്കളാണ്. മകൾ സബിത മരുമകന്‍ ആഷിഖ്. ഇരുവരും ഓസ്ട്രേലിയയിലാണ്. അവർക്കൊരു മകൾ ലിപ്സ. മകൻ സാനിഷ അവന്റെ ഭാര്യ റസിയ മക്കൾ ആല്ലായേലും അനായേലും. മൂന്നു പേരക്കുട്ടികളും പെൺകുഞ്ഞുങ്ങളാണ്.

Your Rating: