Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മമ്മൂട്ടിയുടെ വേഷത്തില്‍ സഞ്ജയ് ദത്ത്

mammootty-siddique

മൂന്നു പതിറ്റാണ്ടായി സിദ്ദിഖ് മലയാള സിനിമയുടെ അണിയറയിലുണ്ട്. ആദ്യം ലാലിനൊപ്പം ഇരട്ട സംവിധായകരിലൊരാളായി ചിരിയുടെ ഉത്സവമേളങ്ങളൊരുക്കി. ഇരുവരും പിരിഞ്ഞതിനു ശേഷം സിദ്ദിഖ് ഒറ്റയ്ക്കു ചിത്രങ്ങളൊരുക്കി. അപ്പോഴെല്ലാം തിയറ്ററുകളിൽ ചിരി നിറഞ്ഞു. ലാലാകട്ടെ, അഭിനയത്തിലേക്കും നിർമാണത്തിലേക്കും സംവിധാനത്തിലേക്കുമൊക്കെ ചുവടുവച്ചു. അപ്പോഴും സിദ്ദിഖ് പക്ഷേ, സംവിധാനമെന്ന സ്വന്തം തട്ടകത്തിൽ മാത്രം ഉറച്ചുനിന്നു. ഒടുവിൽ, ഫുക്രിയിലൂടെ സിദ്ദിഖും പുതുവേഷമിട്ടു; നിർമാതാവിന്റെ മേലങ്കി. സംവിധായകനായും നിർമാതാവായും ഇരട്ട വേഷമിട്ട ‘ഫുക്രി’ തിയറ്ററുകളിൽ ചിരിമഴ പൊഴിക്കുമ്പോൾ സിദ്ദിഖിന്റെ വാക്കുകൾ കേൾക്കാം.

∙ തലവേദനയല്ല, നിർമാണം

ഞാൻ നിർമാതാവായ ആദ്യ ചിത്രമാണു ഫുക്രി. വലിയ താരചിത്രമല്ല ഫുക്രി. എന്നിട്ടും, സൂപ്പർതാര ചിത്രങ്ങൾക്കു ലഭിക്കുന്നതുപോലുള്ള ഇനിഷ്യൽ കളക്‌ഷനാണു ഫുക്രിക്കു കിട്ടിയത്. ഞാൻ ഹാപ്പിയാണ്. നിർമാതാവു കൂടിയായപ്പോൾ വരവു ചെലവു കാര്യങ്ങളിൽ കുറച്ചു കൂടി വ്യക്തതയുണ്ടായി. മറ്റു ചിത്രങ്ങളുടെ കാര്യത്തിൽ ആ നിർമാതാവു പറയുന്നതല്ലേ നമുക്ക് അറിയാവൂ. ഇതിപ്പോൾ, എത്രയാണു ബജറ്റ്, എന്തൊക്കെയാണു ചെലവ് എന്നൊക്കെ നമുക്കറിയാം. ചെലവിന്റെ കാര്യത്തിൽ കൃത്യമായ കൺട്രോൾ ഉണ്ടാകും. ഞാൻ വളരെ റിലാക്സ്ഡ് ആയിരുന്നു.

∙ വൈകിയെത്തിയ ഫുക്രി

ക്രിസ്മസിനു വരേണ്ട ചിത്രമായിരുന്നു ഫുക്രി. തിയറ്റർ സമരം മൂലം ഒന്നര മാസം വൈകി. ഫുക്രി കുടുംബ ചിത്രമാണ്. ഇപ്പോൾ, പക്ഷേ കുട്ടികളുടെ പരീക്ഷാക്കാലമാണ്. തിയറ്ററുകളിൽ ആളു കുറയുന്ന കാലം. ക്രിസ്മസിനു റിലീസ് ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ 20 ശതമാനം വരെ കൂടുതൽ വരുമാനം കിട്ടുമായിരുന്നു. അതു നഷ്ടമായതിൽ സങ്കടമുണ്ട്. ക്രിസ്മസ് റിലീസിനായി പോസ്റ്ററുകളും ഹോർഡിങ്ങുകളുമൊക്കെ ചെയ്തു കഴിഞ്ഞപ്പോഴാണു സമരം വന്നതും റിലീസ് മുടങ്ങിയതും. ഒന്നര മാസം കഴിഞ്ഞു വീണ്ടും പോസ്റ്ററുകളും ഹോർഡിങ്ങുകളുമൊക്കെ വയ്ക്കേണ്ടിവന്നതു മൂലം 20 ലക്ഷം രൂപയെങ്കിലും അധികച്ചെലവു വന്നു. വെറുതെ ദ്രോഹിക്കാൻ വേണ്ടി മാത്രമായിരുന്നു സിനിമാ സമരം.

∙ ഫുക്രിക്കു ശേഷം

ഭാസ്കർ ദ് റാസ്കലിന്റെ തമിഴ്, ഹിന്ദി റീമേക്കുകൾ. മലയാളത്തിൽ മമ്മൂട്ടി ചെയ്ത വേഷം തമിഴിൽ അരവിന്ദ് സ്വാമിയും ഹിന്ദിയിൽ സഞ്ജയ് ദത്തുമാണു ചെയ്യുന്നത്. ഹാസ്യമുണ്ടാകുമെങ്കിലും ഇമോഷണലായ ഘടകങ്ങൾക്കു മുൻതൂക്കം നൽകിയാണു തമിഴ് ചിത്രമൊരുക്കുക. മാർച്ചിൽ ഷൂട്ട് തുടങ്ങും. ജനുവരിയിൽ തുടങ്ങണമെന്നു കരുതിയിരുന്നെങ്കിലും ഇവിടത്തെ സമരം മൂലം വൈകി. സെപ്റ്റംബറിൽ ഹിന്ദി ചിത്രം തുടങ്ങും. അതിനുശേഷം ദിലീപ് ചിത്രം. അടുത്ത വർഷത്തെ വിഷു ചിത്രമായിരിക്കും അത്.