Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അച്ഛൻ ഞാനാണെന്നറിഞ്ഞു, കഥ കേൾക്കാതെ ദുൽഖർ ഓക്കെ പറഞ്ഞു

mukesh-dulquer

അഭിമുഖത്തിനായി ഫോൺ വിളിക്കുമ്പോൾ ഒരു യാത്രയിലായിരുന്നു മുകേഷ്. ജോമോന്റെ സുവിശേഷങ്ങളുടെ വിശേഷമറിയാനാണ് വിളിച്ചതെന്നു പറഞ്ഞപ്പോൾ പതിവ് ശൈലിയിൽ, ‘ആ പറഞ്ഞോ’ എന്നു പറഞ്ഞ് അദ്ദേഹം സംസാരിച്ചു തുടങ്ങി. മമ്മൂട്ടിയുടെ അനിയനായി അഭിനയിച്ച മുകേഷ് അതേ മമ്മൂട്ടിയുടെ മകന്റെ അച്ഛനായി അഭിനയിക്കുന്നതിന്റെ ത്രില്ലിലാണെന്ന് ആദ്യം തന്നെ വ്യക്തമായി. സിനിമയും നാടകവും പിന്നിട്ട് കൊല്ലത്തിന്റെ പ്രിയപ്പെട്ട എംഎൽഎ ആയി മാറിയ മുകേഷ് ജോമോന്റ വിശേഷങ്ങളുമായി മനോരമ ഒാൺലൈനിൽ...

അങ്ങനെയാണ് ഞാൻ ജോമോന്റെ അപ്പ ആയത് !

ഒരു കൊല്ലം മുൻപ് സത്യൻ എന്നെ വിളിച്ചിട്ട് പറഞ്ഞു, ‘ഞാനും ഇക്ബാലും ചേർന്നൊരു പടം രൂപപ്പെടുത്തുന്നുണ്ട്. അതിൽ ഒരു റോളുണ്ട്. അത് മുകേഷ് ചെയ്താൽ നന്നായിരിക്കും എന്നെനിക്കു തോന്നുന്നുണ്ടെന്ന്’. അതിന് ശേഷം കുറച്ചുനാൾ‌ കഴിഞ്ഞപ്പോഴാണ് ഞാൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യമൊക്കെ തീരുമാനമായത്. അപ്പോൾ സത്യനു സംശയം ഞാൻ അഭിനയിക്കുന്നതിൽ കുഴപ്പമുണ്ടാകുമോ എന്ന്... ‘സിനിമ നടൻ കൂടിയാണെന്നത് അറിഞ്ഞു കൊണ്ടല്ലേ സ്ഥാനാർഥിയാക്കിയത്. അതെന്റെ ജോലിയല്ലേ...ജോലി ചെയ്യണ്ടന്ന് ആരെങ്കിലും പറയുമോ...അതിലൊന്നും ഒരു കുഴപ്പവുമില്ല. പിന്നെ തിരഞ്ഞെടുപ്പിന്റെ ഇടയിൽ ഷൂട്ടിങ് നടത്തിയാല്‍ എനിക്കെത്താൻ കഴിയില്ലെന്നും’ സത്യനോട് പറഞ്ഞു. ‘ഇല്ല, തിരഞ്ഞെടുപ്പും സത്യപ്രതി‍ജ്ഞയുമൊക്കെ കഴിഞ്ഞ് സമാധാനമായിട്ട് മതിയെന്ന്’ സത്യൻ ഉറപ്പു പറഞ്ഞു. അങ്ങനെയാണ് ജോമോന്റെ അപ്പനായ വിൻസന്റ് ആകുന്നത്.

mukesh-7

പിന്നെയും സംശയം തീരാതെ സത്യൻ...

കഥ പറയാൻ നേരിട്ടെത്താമെന്നാണ് സത്യൻ പറഞ്ഞത്. അതിനു കാരണം പിന്നെയും ഒരു സംശയമായിരുന്നു. ഞാനൊരു അച്ഛൻ വേഷത്തിൽ അഭിനയിക്കുമോ എന്ന്. അതും ദുൽഖറിന്റെ. പക്ഷേ കഥ കേട്ടു കഴിഞ്ഞ് ഞാൻ പറഞ്ഞു, ‘അഭിനയം ഇഷ്ടപ്പെടുന്ന ആരും ഇതു വേണ്ട എന്നു പറയില്ല. അത്രയ്ക്കു മനോഹരമാണ് ഈ കഥയെന്ന്’. ഏതൊരു ആക്ടറും സ്വപ്നം കാണുന്നൊരു ഫാമിലി റോൾ ആയിരുന്നു അത്. എന്റെ കൂടി സൗകര്യം നോക്കിയായിരുന്നു സത്യൻ ഷൂട്ടിങ് ഡേറ്റ് തീരുമാനിച്ചത്. പക്ഷേ അതു പിന്നെയും മാറ്റി. തൃശൂർ, തിരുപ്പൂര്, എറണാകുളം എന്നിവിടങ്ങളിലായിരുന്നു ഷൂട്ടിങ്.

വിൻസെന്റ് എന്ന കഥാപാത്രം

ദുൽഖർ സൽമാന്റെ ചിത്രത്തിനപ്പുറം വിൻസന്റ് എന്ന മനുഷ്യന്റെ കൂടി കഥയാണിത്. വിൻസന്റ് മുതലാളിയുടെ മൂന്നാമത്തെ മകനാണ് ജോമോൻ (ദുൽക്കർ). വിൻസന്റ് സെൽഫ് മെയ്ഡ് മാൻ ആണ്. മക്കളിൽ ആർക്കാണ് അച്ഛൻമാരോട് ഏറ്റവും സ്നേഹം എന്ന് തിരിച്ചറിയുന്നത്, എന്തെങ്കിലും പ്രശ്നം അച്ഛന്റെ ജീവിതത്തിൽ ഉണ്ടാകുമ്പോഴാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. വിൻസന്റ് മുതലാളിയുേടയും അങ്ങനെതന്നെ. കഠിനാധ്വാനം കൊണ്ട് തൃശൂർ പട്ടണം തന്നെ കീഴടക്കിയ വിന്‍സന്റിന് ജോമോനോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്. അവനെ അയാൾ ഒരിക്കലും ശാസിച്ചിട്ടില്ല. അവനാണെങ്കിൽ കുസൃതിയും അലസതയും നിറഞ്ഞൊരാളാണ്. ‘മക്കളിൽ ഞാനാണ് വേസ്റ്റ്’ എന്നു പറയുന്ന മകനിലൂടെയും അവന്റെ അച്ഛനിലൂടെയുമുള്ളൊരു യാത്രയാണിത്. കഥാതന്തു പല സങ്കീർണതകളിലൂടെയും പോകുമ്പോഴും നർമമുണ്ട് തുടക്കം മുതൽ ഒടുക്കം വരെ.

mukesh-8

കഥ കേൾക്കേണ്ടെന്നു പറഞ്ഞ ദുൽഖർ

സത്യന്‍ ദുൽഖറിനോടു കഥ പറഞ്ഞു തുടങ്ങിയത് ആരാണ് അച്ഛന്റെ വേഷത്തിൽ അഭിനയിക്കുന്നതെന്നു പറയാതെയായിരുന്നു. 20 സീൻ കഴിഞ്ഞപ്പോൾ ദുൽഖർ ചോദിച്ചു ‘ആരാണ് അച്ഛന്റെ വേഷം ചെയ്യുന്നതെന്ന്.’ സത്യൻ ഉത്തരം പറഞ്ഞപ്പോൾ ദുൽഖറിന്റെ മറുപടി ഇങ്ങനെയായിരുന്നു. ‘മുകേഷ് അങ്കിൾ സമ്മതിച്ചോ...എന്നാലെനിക്ക് കഥ കേൾക്കണ്ട എന്ന്.’

mukesh-dulquer-1

ഞാൻ ഈ വേഷം ചെയ്യുന്നതില്‍ മമ്മൂട്ടിയ്ക്കും സന്തോഷമായിരുന്നു. മുകേഷ് നന്നായിരിക്കുമെന്ന് മമ്മൂട്ടിയും പറഞ്ഞു. അത്രയ്ക്കു സുന്ദരമായ ചേരുവയാണു ചിത്രത്തിന്. സ്നേഹവും ഹ്യൂമറും കരച്ചിലും എല്ലാം ചേർന്നൊരെണ്ണം...നമ്മൾ സ്നേഹിച്ചു പോകുന്നൊരു അച്ഛൻ.

‌മമ്മൂട്ടിയോടുള്ള ആ ഡയലോഗ്

ഞാൻ ഒരു വേദിയിൽ മമ്മൂട്ടിയോടു പറഞ്ഞിരുന്നു...‘നിങ്ങളുടെ മകൻ നിങ്ങളോട് ഒരുപാട് വാൽസല്യത്തോടെ പെരുമാറിയിട്ടുണ്ടാകും...നിങ്ങൾ ഒരുമിച്ച് താമസിച്ചിട്ടുണ്ടാകും. പക്ഷേ വാപ്പയാണ് വാപ്പാ, ലോകത്തിലും ഏറ്റവും നല്ല വാപ്പ എന്ന് ഒരിക്കലും ദുൽഖർ നിങ്ങളോട് പറഞ്ഞിട്ടുണ്ടാകില്ലെന്ന്’. മമ്മൂട്ടി അതു കേട്ട് ചിരിച്ചു. സിനിമയിലെ ഒരു ഡയലോഗ് ആണിത്. ജോമോൻ അപ്പനോടു പറയുന്നുണ്ട്, ‘അപ്പാ, അപ്പയാണ് അപ്പാ ലോകത്തിലെ ഏറ്റവും നല്ല അപ്പ’ എന്ന്.

mukesh-mammootty

എനിക്കും സത്യനും ദുൽഖറിനും ഈ സിനിമയെ കുറിച്ചുള്ള അതേ ഉത്കണ്ഠയും പ്രതീക്ഷയും മമ്മൂട്ടിയ്ക്കുമുണ്ട്. ഒരുപക്ഷേ മകന്‍ അഭിനയിക്കുന്ന ചിത്രമായതിനാലാകും അല്ലെങ്കിൽ ഒരു നല്ല സിനിമയാണിത് എന്നതുകൊണ്ടുമാകാം.

ദുൽഖർ എന്റെ പയ്യൻ

എന്റെ മക്കൾ പഠിക്കുന്ന സ്കൂളിൽ അവരുടെ വളരെ സീനിയറായി പഠിച്ചവരാണ് ദുല്‍ഖറും സഹോദരി സുറുമിയും. ഞാൻ മക്കളെ സ്കൂളിൽ വിടാൻ പോകുമ്പോൾ അവരെ കാണുമായിരുന്നു. അന്ന് അവർ താമസിച്ചിരുന്നതും സ്കൂളിനടുത്തായിരുന്നു. അവരുടെ കുട്ടിക്കാലവും പിന്നീടുള്ള ജീവിതവും എല്ലാം ഇന്നും എന്റെ ഓർമയിലുണ്ട്. അന്നു തൊട്ടേയുള്ള സ്നേഹബന്ധവും ലാളനയും ഇപ്പോഴുമുണ്ട്. സുരേഷ് ഗോപി, വിജയരാഘവൻ, ശ്രീനിവാസൻ തുടങ്ങിയവർ എന്റെ സമകാലീനരാണ്. ഞാനൊരിക്കൽ പറഞ്ഞു, ‘അച്ഛൻമാരെ വച്ചു നോക്കുമ്പോൾ മക്കൾ ഡീസന്റ് ആണെന്ന്’. അക്കാര്യത്തിൽ ദുൽഖറിന്റെ പേര് എടുത്തു പറയണം. മുതിർന്നവരോടു ബഹുമാനവും വിനയവുമൊക്കെയുള്ള ദുൽഖർ വളരെ ഹംപിൾ ആണ്.

dulquer-aishwarya

സെറ്റിൽ എത്തി കുറച്ചു കഴിയുമ്പോഴേ അറിയാനാകു ഒരു നടന്റെ ശരിയായ സ്വഭാവം എന്താണെന്ന്. ഈ സിനിമയുടെ ഷൂട്ടിങ് 35 ദിവസത്തോളം നീണ്ടുപോയിരുന്നു. ഇതിനിടയിൽ ദുൽഖർ ആരോടും ദേഷ്യപ്പെടുന്നതോ ഇറിറ്റേറ്റഡ് ആകുന്നതോ കണ്ടിട്ടില്ല. അഭിനയിക്കുന്നതല്ല ഇതാണ് സ്വഭാവമെന്ന് ഈ മുപ്പത്തിയഞ്ച് ദിവസത്തിനിടയിൽ മനസിലായി.

പൊതുപ്രവർത്തനവും സിനിമയും

സിനിമയില്ലാതൊരു ജീവിതം ഇല്ല. സിനിമാ നടനായതുകൊണ്ടല്ലേ ഞാൻ മത്സരിച്ചത്, ജയിച്ചത്, സിനിമാ നടനായതുകൊണ്ടു കൂടിയല്ലേ ഞാൻ അഭിനയിക്കുന്ന നാടകങ്ങളെ ആവേശത്തോടെ നിങ്ങൾ കാണാനെത്തുന്നത്, സിനിമാ നടനായതുകൊണ്ടല്ലേ ഞാൻ എഴുതുന്ന കഥകൾക്ക് ഇത്രയ്ക്കു സ്വീകാര്യത കിട്ടുന്നത് , എന്റെ ടിവി പരിപാടികൾ സൂപ്പർ ഹിറ്റുകളാകുന്നത്. ഒരിക്കൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു, ‘സിനിമ നടനായി തന്നെയാണ് നിങ്ങള്‍ മല്‍സരിച്ചതും ജയിച്ചതും. അതില്ലാതായിക്കഴിഞ്ഞാൽ നിങ്ങളും മറ്റൊരാളെ പോലെയാകും. അതുകൊണ്ട് അഭിനയം തുടരണമെന്ന്’. സിനിമ വിട്ടാൽ, അഭിനയം വിട്ടാല്‍നമ്മൾ നമ്മളല്ലാതാകില്ലേ.

sathyan-dulquer

സിനിമാ നടൻ എന്ന ഗുണം

കഴിഞ്ഞ ബഡ്ജറ്റിൽ ധനമന്ത്രി 200ൽ അധികം കോടിയാണ് കൊല്ലം ജില്ലയ്ക്കായി മാത്രം മാറ്റിവച്ചത്. മറ്റ് നിയോജക മണ്ഡലങ്ങളിൽ അതിന്റെ പകുതിയേയുള്ളൂ. എല്ലാം കൊല്ലം അടിച്ചോണ്ടു പോയല്ലോന്ന് മറ്റു എംഎൽമമാർ തമാശയ്ക്കു പറയുകയും ചെയ്തിരുന്നു. അത്രയ്ക്കു വലിയൊരു ഭാഗം ബഡ്ജറ്റിൽ നിന്നു കിട്ടിയത് സിനിമയോടുള്ള താൽപര്യത്തിലും പരിഗണനയിലും കൂടി വന്നതാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. പ്രത്യേകിച്ച് രാഷ്ട്രീയ പശ്ചാത്തലമൊന്നുമില്ലാത്ത സിനിമാ നടൻ എംഎൽഎ ആകുമ്പോൾ അദ്ദേഹത്തെ സഹായിക്കണം എന്ന ചിന്തയിൽ നിന്നാണ്. അതുപോലെ ഞാൻ സംസാരിക്കുമ്പോൾ പ്രതിപക്ഷം ചെറിയ കോലാഹലം പോലും ഉണ്ടാക്കാറില്ല. ആ പരിഗണന എവിടെ ചെന്നാലും കിട്ടും.

അടുത്തിടെ സിനിമാ സമരം ഉണ്ടായപ്പോൾ പ്രതികരിച്ചില്ലല്ലോ

സിനിമ കാണാൻ ആഗ്രഹിക്കുന്നവരേയും പ്രവർത്തകരേയും ഒരുപാട് നിരാശയിലാഴ്ത്തി ഈ സമരം. അന്നു പലരും പ്രതികരിക്കാൻ പറഞ്ഞപ്പോഴും എനിക്കു സാധിച്ചില്ല. അങ്ങനെ ചെയ്യാത്തത് ഞാൻ ഗവൺമെന്റിന്റെ ഭാഗമായതു കൊണ്ടാണ്. സമരം കൊണ്ട് റിലീസ് മുടങ്ങരുതെന്ന ഗവൺമെന്റ് നിലപാട് തന്നെയായിരുന്നു എനിക്കും. റിലീസ് തടഞ്ഞുകൊണ്ട്, കലാകാരന്‍മാരെ വിലക്കിക്കൊണ്ട് ചില പ്രത്യേക സിനിമകള്‍ റിലീസ് ചെയ്യണ്ട, ചില നടൻമാർ അഭിനയിക്കണ്ട എന്ന് തീരുമാനിച്ചുകൊണ്ടുള്ള സമരം ഏറ്റവും വലിയ വിരോധാഭാസമാണ്. കലയുമായി ഒരു ബന്ധവുമില്ലാത്ത ശുദ്ധ ബിസിനസുകാർ കലയെ നിയന്ത്രിക്കുന്നത് നാശത്തിലേക്കേ നയിക്കുള്ളൂ...

mukesh-6

കൊല്ലത്തെ പ്രതിപക്ഷം ഇടയ്ക്ക് പ്രശ്നമുണ്ടാക്കിയിരുന്നല്ലോ...

പ്രതിപക്ഷത്തിന് എനിക്കെതിരായിട്ടല്ലേ പറയാനാകൂ...അല്ലെങ്കിൽ എന്ത് പ്രതിപക്ഷം. അതൊന്നും തിരിഞ്ഞു നോക്കേണ്ട കാര്യമില്ല. പിണറായി വിജയനെതിരെ രമേശ് ചെന്നിത്തല എന്തെല്ലാം പറയുന്നു. അത്രേയുള്ളൂ. പക്ഷേ കൊല്ലം മണ്ഡലത്തിലെ ഏത് എംഎൽഎ ചെയ്യുന്നതിൽ കൂടുതൽ കാര്യങ്ങൾ ഞാൻ ചെയ്യുന്നുണ്ട്. മണ്ഡലത്തിൽ എന്റെ സാന്നിധ്യവുമുണ്ട്.

mukesh-3

മറക്കില്ല ഈ വാക്കുകൾ

ഒരുപാട് നല്ല വാക്കുകൾ ഞാൻ കേട്ടിട്ടുണ്ട് എം എൽ എ ആയതിനു ശേഷം കേട്ടിട്ടുണ്ട്. അതിൽ മറക്കാൻ‌ കഴിയാത്ത ചിലത് പറയാം. ഒരിക്കൽ കൊല്ലത്തു നടന്ന പരിപാടിയിൽ പുരോഗമന കലാസാഹിത്യ വേദിയുടെ പ്രസിഡന്റ് പറഞ്ഞത് ഇങ്ങനെയായിരുന്നു, ‘കൊല്ലംകാർ ഒരുപാട് ഭാഗ്യവാൻമാരാണ്. ഏതൊരു ചെറിയ പരിപാടിക്കാണെങ്കിലും ഒരു വലിയ നടനെ ഉദ്ഘാടകനായി കിട്ടുമല്ലോ എന്ന്.’

അതുപോലെ ഒരു ദിവസം ഒരു കോൾ വന്നു. ‘സാർ, ഞാൻ താങ്കളുടെ മണ്ഡലത്തിലുള്ള ഒരാളാണ്’ എന്നു പരിചയപ്പെടുത്തിക്കൊണ്ടാണ് സംസാരിച്ചു തുടങ്ങിയത്. അദ്ദേഹം തിരുവൈരാണികുളം ക്ഷേത്രത്തിൽ ദർശനത്തിന് നിൽക്കുകയാണ്. അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് കാലിനു സുഖമില്ല. അങ്ങനെയുള്ളവർക്ക് ചില പരിഗണനകൾ മുൻപ് ക്ഷേത്രം നൽകിയിരുന്നു. പക്ഷേ ഇപ്പോൾ അതില്ല. സാർ ഒന്നു സംസാരിക്കാമോ എന്നായിരുന്നു പറഞ്ഞത്. എന്നിട്ട് അദ്ദേഹം അവിടത്തെ അധികാരികളിലൊരാൾക്ക് ഫോൺ കൈമാറി. ഞാൻ കൊല്ലം എംഎൽഎ മുകേഷ് ആണെന്ന് പറഞ്ഞപ്പോൾ, ‘സർ പറയൂ സർ എന്താണ് ആവശ്യം’ എന്നു ചോദിച്ചു. അവർക്കെല്ലാം വേഗം തൊഴുതു മടങ്ങാനുമായി. കുറച്ചു സമയം കഴിഞ്ഞപ്പോൾ ആ നമ്പരിൽ നിന്ന് എനിക്കൊരു മെസേജ് വന്നു, ഈ ഉപകാരം ഞാൻ ഒരിക്കലും മറക്കില്ല എന്നു പറഞ്ഞുകൊണ്ട്.

ജനങ്ങൾക്ക് എന്തൊക്കെയാണ് ആവശ്യങ്ങൾ എന്നു നമുക്ക് തിട്ടപ്പെടുത്താനാകില്ല. അതൊക്കെ തിരിച്ചറിയുന്നത് ഈ സാഹചര്യങ്ങളിലൊക്കെയാണ്. എനിക്കൊരുപാട് സന്തോഷം തന്നു ഈ രണ്ട് അനുഭവങ്ങളും.

mukesh-5

ഛായാമുഖി എന്ന ചരിത്ര നാടകത്തിൽ ഒപ്പം അഭിനയിച്ച മോഹൻലാൽ‌ ഭീമനാകുന്നല്ലോ ?

മോഹൻലാലും മമ്മൂട്ടിയും ഇന്ത്യ കണ്ട ഏറ്റവും മികച്ച നടൻമാരാണ്. അതിൽ ഇനി വിലയിരുത്തലുകളുടെ ആവശ്യമില്ല. അവരെ കുറച്ച് പുകഴ്ത്തിയാൽ ചിലപ്പോഴത് ഇനി നെഗറ്റീവ് ആയിപ്പോകും. അത്രമാത്രം നമ്മൾ സംസാരിച്ചിട്ടുണ്ട്. അതുകൊണ്ട് ഞാനൊന്നും മിണ്ടുന്നില്ല. അവർ എത് കഥാപാത്രം ചെയ്താലും അത് ഏറ്റവും മികവുറ്റതാകുക തന്നെ ചെയ്യും.