Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർണനായി മമ്മൂട്ടി; അപ്പോൾ പൃഥ്വിരാജ്

sreekumar-mammootty പി ശ്രീകുമാർ, മമ്മൂട്ടി

സർഗപ്രതിഭകളുടെ ക്രിയാത്മക ലോകത്തേക്ക് പലകുറി വന്നുപോയവരാണ് മഹാഭാരതത്തിലെ കഥാപാത്രങ്ങൾ. മഹാഭാരതം സിനിമയാക്കണമെന്ന് ബാഹുബലിയെന്ന ബ്രഹ്മാണ്ഡ ചിത്രമൊരുക്കിയ രാജമൗലിയുടെ പോലും സ്വപ്നമാണ്. എന്നാൽ അതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ അദ്ദേഹം തന്നെ വിവരിച്ചിരുന്നു. മഹാഭാരതത്തിലെ ശക്തമായ കഥാപാത്രമായ കർണന്റെ ജീവിതകഥ അഭ്രപാളിയിൽ എത്തിക്കാൻ ശ്രമിക്കുകയാണ് നമ്മുടെ മലയാള സിനിമ.

സംവിധായകനും നടനുമായ പി ശ്രീകുമാർ കാലങ്ങൾക്കു മുൻപേ തന്റെ മനസിലെ വ‌െള്ളിത്തിരയിൽ കർണൻ എന്ന കഥാപാത്രത്തെ കണ്ടുകഴിഞ്ഞിരുന്നു. ആര്‍ എസ് വിമൽ പൃഥ്വിരാജിനെയാണ് കർണനാക്കുന്നതെങ്കിൽ ഇതിഹാസ പുരുഷനായി ശ്രീകുമാറിന്റെ ചിത്രത്തിലെത്തുന്നത് മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയാണ്.

18 വര്‍ഷം മുമ്പ് ഈ പ്രൊജക്ടിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതാണെന്ന് പി ശ്രീകുമാര്‍ പറയുന്നു. ആദ്യ തിരക്കഥ അഞ്ച് മണിക്കൂർ ദൈർഘ്യമേറിയതായിരുന്നു. പല തവണ തിരുത്തലുകളും മിനുക്കുപണികളും നടത്തി, അഞ്ച് തവണ തിരക്കഥ മാറ്റിയെഴുതി ഇപ്പോൾ കൃത്യം രണ്ടേ മുക്കാൽ മണിക്കൂർ ആയി വച്ചിരിക്കുകയാണ്. പക്കാ തിരക്കഥ. മലയാളം ഇന്നുവരെ അറിഞ്ഞിട്ടില്ലാത്ത ആ തിരക്കഥയെപ്പറ്റി ശ്രീകുമാർ മനോരമ ഓൺലൈനോട് സംസാരിക്കുന്നു.

ആദ്യം കർണനാക്കാൻ തീരുമാനിച്ചത് മോഹൻലാലിനെ

ഈ തിരക്കഥ വായിക്കുന്ന ആദ്യ നടൻ മോഹൻലാൽ ആണ്. കർണനാകാൻ ആദ്യം പരിഗണിച്ചതും മോഹൻലാലിനെ തന്നെ. തിരക്കഥ വായിച്ച മോഹൻലാൽ ഈ ചിത്രം സിനിമയാക്കാമെന്ന് പറയുകയും ചെയ്തു.

mukesh-mohanlal മുകേഷ്, അപർണ,മോഹൻലാൽ

പിന്നീട് മമ്മൂട്ടിയും ഈ തിരക്കഥയെക്കുറിച്ച് കേൾക്കാൻ ഇടയായി. അങ്ങനെ അദ്ദേഹം ഈ തിരക്കഥ എന്റെ മുന്നിലിരുന്ന് വായിച്ചു. വായിച്ച് തീർന്ന ഉടൻ ഈ സിനിമ ഞാൻ ചെയ്യുമെന്നു പറഞ്ഞ് എന്നെ ആലിംഗനം ചെയ്തു. അപാര തിരക്കഥയാണിതെന്നും ഇത് നമ്മൾ ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതിന്ശേഷം മോഹൻലാലിനോട് ഇക്കാര്യം സംസാരിച്ചു. അദ്ദേഹം വളരെ സന്തോഷത്തോടെ ഈ സിനിമ മമ്മൂക്ക ചെയ്താൽ നന്നായിരിക്കുമെന്ന് ഇങ്ങോട്ട് പറയുകയായിരുന്നു.

കർണൻ വീണ്ടും അവതരിച്ചതെങ്ങനെ

തിരക്കഥയെക്കുറിച്ചറിഞ്ഞ് സംവിധായകൻ മധുപാൽ എന്നെ സമീപിച്ചു. തിരക്കഥ വായിച്ച ശേഷം ഉടൻ തന്നെ അദ്ദേഹം ഇത് ഏറ്റെടുക്കുയായിരുന്നു. ഇപ്പോൾ നിർമാതാവിനെയും ഞങ്ങൾ കണ്ടെത്തി കഴിഞ്ഞു.

സിനിമയുടെ പ്രി-പ്രൊഡക്ഷൻ വർക്കുകൾ നേരത്തെ തന്നെ തുടങ്ങി കഴിഞ്ഞിരുന്നു. പിന്നെ ഇതെല്ലാം രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. മധുപാൽ സിനിമയ്ക്കായി ലൊക്കേഷനുകളിലൊക്കെ സന്ദർശനം നടത്തി തീരുമാനിച്ച് കഴിഞ്ഞു.

mammmootty പഴശ്ശിരാജയിൽ നിന്ന്

നാല് ഷെ‍ഡ്യൂളുകളിലാകും സിനിമ ചിത്രീകരിക്കുക. 100 ദിവസത്തെ ചിത്രീകരണം വേണ്ടിവരും. മമ്മൂട്ടി ഉൾപ്പടെയുള്ള കഥാപാത്രങ്ങളെയും തീരുമാനിച്ചു. രാജസ്ഥാൻ, ഹൈദരാബാദ്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളാകും ചിത്രീകരണം. 50 കോടിയാണ് സിനിമയുടെ ബഡ്ജറ്റ്.

ഇത്രയും കാലതാമസം

അതുപറയാൻ തുടങ്ങിയാൽ അത് തന്നെ വലിയൊരു കഥയാണ്. എം.ടി വാസുദേവൻ സാർ തിരക്കഥ എഴുതി ഞാൻ തന്നെ സംവിധാനം ചെയ്യാനിരുന്ന സിനിമയാണിത്. തിരക്കഥ എഴുതാൻ അദ്ദേഹത്തിന് അഡ്വാൻസ് വരെ നൽകി. ഞങ്ങൾ‌ ഒരുമിച്ച് പലതവണ സിനിമയെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.

എന്നാൽ ചിലകാരണങ്ങളാൽ അത് നടന്നില്ല. ഈ തിരക്കഥ നീ ചെയ്യണമെന്ന് എംടി പറഞ്ഞു. തിരക്കഥയുമായി ബന്ധപ്പെട്ട ഒരുപാട് പുസ്തകങ്ങളും എനിക്ക് തന്നു. ഞാനത് വായിച്ചു. ഇന്ത്യ ഒട്ടാകെ ഇതുമായി ബന്ധപ്പെട്ട് സഞ്ചരിച്ചു. കുരുക്ഷേത്രയുദ്ധം നടന്നു എന്നു പറയപ്പെടുന്ന ഹരിയാനയിൽ വരെ ഞാൻ എത്തി.

പിന്നീട് മമ്മൂട്ടിയെ നായകനാക്കി ഹരിഹരൻ ഈ പ്രോജക്ട് ഏറ്റെടുക്കാന്‍ തീരുമാനിച്ചു. അന്ന് മാക്ട ഫെഡറേഷൻ ചിത്രം നിർമിക്കാമെന്നും ഏറ്റു. നിർമാണവും മുതൽമുടക്കും തന്നെയായിരുന്നു സിനിമയുടെ പ്രധാനവെല്ലുവിളി. പിന്നീട് നിർമാതാക്കളെ കിട്ടാതെ അതും നിന്നു. ശേഷം ഹരിഹരൻ തന്നെ മമ്മൂട്ടിയുമൊത്ത് പഴശ്ശിരാജ ചെയ്തു. അതിനുശേഷം അദ്ദേഹം പിന്നീട് ഈ തിരക്കഥയെപ്പറ്റി എന്നോട് സംസാരിച്ചതുമില്ല.

mammootty-sarathkumar പഴശ്ശിരാജയിൽ നിന്ന്

വർഷങ്ങളോളം നീണ്ട കണ്ടെത്തുലകൾക്കും പഠനത്തിനും ശേഷമാണ് ഈ തിരക്കഥ ഞാൻ തയാറാക്കിയിരിക്കുന്നത്. ഈ തിരക്കഥ വായിച്ച പല മഹാന്മാരും അതിഗംഭീരം എന്നാണ് പറഞ്ഞത്. ചില സംവിധായകർ ഇത് വായിച്ച ശേഷം എന്റെ കാലിൽ തൊട്ട് നമസ്കരിച്ചു.

എന്റെ സുഹൃത്തായ വേണു നാഗവള്ളി ഈ തിരക്കഥ വായിച്ചപ്പോൾ എന്നോട് പറഞ്ഞ വാക്കുകള്‍ ഇപ്പോഴും ഓർക്കുന്നു. ‘12 തിരക്കഥ ഈ ജീവിതകാലയളവിൽ ഞാൻ എഴുതിയിട്ടുണ്ടെങ്കിലും ഇതുപോലൊരു തിരക്കഥ എഴുതാനായില്ലല്ലോ എന്നോർത്ത് എനിക്ക് വിഷമമുണ്ട്.’

പ്രശസ്ത സാഹിത്യകാരന്‍ സുകുമാരൻ നായർ പറഞ്ഞത് ഇത് മലയാളസാഹിത്യത്തിന് ഒരു മുതൽക്കൂട്ട് എന്നാണ്. സംവിധായകന്‍ ഷാജി കൈലാസ് ആണ് തിരക്കഥ വായിച്ച ശേഷം എന്റെ കാലു തൊട്ട് വന്ദിച്ചത്. മാത്രമല്ല പണ്ടേ ഈ സിനിമയുടെ വാർത്ത പത്രമാധ്യമങ്ങളിൽ വന്നതാണ്. അന്നൊന്നും സോഷ്യൽമീഡിയ ഇത്ര സജീവമല്ലല്ലോ? ഇപ്പോള്‍ ഇത് പെട്ടന്ന് പ്രാധാന്യം നേടാൻ കാര്യവും അതുതന്നെ.

പൃഥ്വിരാജും കര്‍‍ണനും

ഷാജി കൈലാസ് ആണ് പൃഥ്വിയോട് ഇങ്ങനെയൊരു തിരക്കഥ എന്റെ കൈയിലുണ്ടെന്ന് പറയുന്നത്. പൃഥ്വിയ്ക്ക് പ്രത്യേക താൽപര്യവും ഉണ്ടായിരുന്നു. പൃഥ്വിരാജ് തിരക്കഥ കേള്‍ക്കണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. അങ്ങനെ തിരക്കഥയുമായി പൃഥ്വിയുടെ വീട്ടില്‍ ഞാനെത്തി. എന്നാല്‍ പൃഥ്വിയുടെ വിവാഹത്തിന്റെ തിരക്കുകള്‍ മൂലം തിരക്കഥ കേള്‍പ്പിക്കാനായില്ല.

prithviraj-karnan കർണൻ പോസ്റ്റർ

ആരു ചോദിച്ചാലും തിരക്കഥ കൊടുക്കുന്ന സാഹചര്യത്തിലായിരുന്നു ഞാൻ. ഇപ്പോൾ പൃഥ്വിരാജിനെ നായകനാക്കി കർണൻ എന്ന സിനിമയൊരുക്കുന്ന വിമൽ വന്ന് ചോദിച്ചിരുന്നെങ്കിലും ഈ തിരക്കഥ നൽകിയേനേ. എന്തോ അവർ വന്നില്ല, ഇതിനെപ്പറ്റി ചോദിച്ചുമില്ല. അങ്ങനെ അവസാനമാണ് മധുപാൽ എത്തുന്നത്.

സിനിമയുടെ ടൈറ്റിൽ; കഥ

ഈ ചിത്രം പൂജയോടെ അനൗണ്‍സ് ചെയ്യാനിരിക്കെയാണ് പൃഥ്വിരാജ് കര്‍ണന്‍ എന്ന പേരില്‍ സിനിമ പ്രഖ്യാപിച്ചതായി അറിയുന്നത്. കർണൻ എന്ന ടൈറ്റിൽ പൃഥ്വിരാജും വിമലും രജിസ്റ്റർ ചെയ്തു കഴിഞ്ഞു. അതൊന്നും ഞങ്ങളുടെ സിനിമയെ ബാധിക്കില്ല, വേറെ എത്രയോ പേരുകൾ ഈ സിനിമയ്ക്ക് നല്‍കാം. മഹാഭാരതം വളർന്ന് പന്തലിച്ച് കിടക്കുകയാണ്. അതെങ്ങനെ അവതരിപ്പിക്കുന്നു എന്നതും ആളുകളില്‍ എത്തിക്കുന്നു എന്നതിലുമാണ് വിജയം. ചിലപ്പോൾ അവരാകാം ഈ സിനിമ ഗംഭീരമായി അവതരിപ്പിക്കുക.

കർണനെ യോദ്ധാവ് എന്ന നിലയിലല്ല, ആത്മസംഘർഷങ്ങൾക്കൊണ്ടു നിറഞ്ഞ അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തെയാണ് സിനിമയിലൂടെ വർണിക്കാൻ ശ്രമിക്കുന്നത്. മമ്മൂട്ടി എന്ന അതുല്യപ്രതിഭയുടെ മാസ്മരിക പ്രകടനമാകും സിനിമയുടെ വലിയൊരു പ്രത്യേകത.