Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്നെ ഏറ്റവും പേടിപ്പെടുത്തുന്ന കാര്യം; പൃഥ്വി പറയുന്നു

Prithviraj

പൃഥ്വിരാജ് എന്ന നടൻ വെടിക്കെട്ടുകാരനെപ്പോലെയാണ്. ശബ്ദമോ, തീയോ, അപകട സാധ്യതയോ ഒന്നും വെടിക്കെട്ടുകാനെ പേടിപ്പിക്കാറില്ല. വെടിക്കെട്ടുണ്ടാക്കുന്നതിലെ റിസ്ക്കാണു വെടിക്കെട്ടുകാരന്റെ ഹരം. അതു പൊട്ടുമ്പോഴുള്ള ഭംഗിയെക്കാ​ളുപരി പൊട്ടുന്നതിനു തൊട്ടുമുൻപുള്ള തീ പിടിക്കലാ​ണ് അയാളുടെ ഹരം. വെടിക്കെട്ടു പൊട്ടിത്തീരുന്നതിനു മുൻപ് അയാളുടെ മനസ്സു തണുത്തു തുടങ്ങും. പിന്നീട് അടുത്ത വെടിക്കെട്ടു തേടി പോകലായി.

പൃഥ്വിരാജും ഇതുപോലെ. കഥയിൽനിന്നു തിരക്കഥയിലേക്കും അവിടെ നിന്നു ലൊക്കേഷനിലേക്കും അവിടെ നിന്നു സ്റ്റ​ുഡിയോവിലേക്കും നീളുന്ന ത്രില്ലാണ് അയാൾക്കു സിനിമ. വിജയ പരാജയങ്ങളെക്കുറിച്ചു ആലോചിക്കാറില്ല. വിജയങ്ങളിൽ ആഘോഷങ്ങളില്ല, പരാജയങ്ങളിൽ കരയാറുമില്ല. ഹിറ്റുണ്ടാക്കാനായി നക്ഷത്രങ്ങളുടെയും മന്ത്രവാദത്തിന്റെയും പുറകെ പോകാറില്ല. സെറ്റിൽ ആരെയും ശകുനം വരാനായി നിയോഗിക്കാറുമില്ല. സിനിമയ്ക്കു തിയറ്ററിൽ തിരി കൊളുത്തിയാൽ പൃഥ്വി പുതിയ ജോലി തേടി പോയിക്കാണും.

∙ കച്ചവട സിനിമകളുടെ ഹിറ്റിനു ശേഷം പൃഥ്വി പോകുന്നതു ഓഫ് ബീറ്റ് സിനിമകളുടെ ലോകത്തേക്കാണ്. പലർക്കുമില്ലാത്ത ധൈര്യം എവിടെനിന്നു കിട്ടുന്നു?

എന്നു നിന്റെ മൊയ്തീൻ എന്ന സിനിമ ചെയ്യുമ്പോൾ അതു ഓഫ് ബീറ്റ് സിനിമയാണെന്നു കരുതി ചെയ്തതാണ്. പക്ഷേ, അതു വൻ കൊമേഴ്സ്യൽ വിജയമായി. എടുത്ത രീതികൊണ്ട് അതു വേറൊരു സിനിമയായി. ഞാൻ ഒരു നിർമാതാവിനോടും ലാഭമുണ്ടാക്കിത്തരാമെന്നു പറയാറില്ല. എന്റെ പരമാവധി ആ സിനിമയ്ക്കു വേണ്ടി ശ്രമിക്കാമെന്നെ പറയാറുള്ളു. സിനിമയുടെ വിജയം ഇപ്പോഴും ആർക്കും പിടികിട്ടാത്ത ലോകമാണ്.

ezra

എന്റെ സിനിമ ഓടുമോ ഇല്ലയോ എന്നതു എനിക്കു ഗാരന്റി നൽകാവുന്ന കാര്യമായി ഞാൻ കരുതുന്നില്ല. പരാജയങ്ങളെ നേരിടാൻ പ്രയാസമില്ല. വിജയങ്ങളെ നേരിട്ടു മുന്നോട്ടു പോകുക പ്രയാസമാണ്. അടുത്തത് ഇതിലും വലുതാകണമെന്ന ചിന്തയാണു സത്യത്തിൽ ഏറ്റവും പേടിപ്പെടുത്തുന്ന കാര്യം. ഞാൻ അതേക്കുറിച്ച് ആലോചിക്കാറില്ല. അതുകൊണ്ടു പേടികൂടാതെ ഏതു സിനിമയും ഞാൻ ഏറ്റെടുക്കും.

∙ വ്യത്യസ്തങ്ങളായ സിനിമകളിൽ പൃഥ്വി അഭിനയിക്കുന്നു. റിസ്ക്കെടുക്കാതെ, കച്ചവട സ്വഭാവമുള്ള സിനിമകളിൽ അഭിനിയച്ചു പോകുന്നതല്ലെ ബുദ്ധി?

നടൻ എന്ന നിലയിൽ വാണിജ്യ വിജയ പരാജയങ്ങൾക്ക് ഒരു പടിയെങ്കിലും അപ്പുറം നിൽക്കുന്ന ആളാണു ഞാനെന്ന വിശ്വാസം എനിക്കുണ്ട്. സ്ഥിരമായി കണ്ടുപഴകിയ സിനിമകളിൽ എന്നെ പ്രേക്ഷകർ കാണണം എന്നെനിക്കില്ല. എന്തെങ്കിലും വ്യത്യസ്‌ത അനുഭവം കാണികൾക്കു നൽകുക എന്നതാണു നടനെന്ന നിലയിൽ എന്റെ മോഹം. പരാജയപ്പെട്ടു എന്നു പറയുന്ന സിനിമകളിൽപ്പോഴും എന്തെങ്കിലും കാണികൾക്കു നൽകാനായി എന്നു ഞാൻ കരുതിയിട്ടുണ്ട്. ഡബിൾബാരൽ പോലെ വ്യത്യസ്തമായ ചിത്രത്തിൽ അഭിനയിച്ച ശേഷമാണു ഞാൻ മൊയ്തീനിൽ അഭിനയിച്ചത്. എന്നെ മോഹിപ്പിക്കുന്നതു കഥയും അതിനു ശേഷമുള്ള തിരക്കഥയും മാത്രമാണ്.

∙ എസ്ര എന്ന ഇപ്പോഴത്തെ സിനിമയിൽ എന്തോ പ്രേതബാധയുണ്ടായെന്നും തുടർന്നു പ്രത്യേക പ്രാർഥന നടത്തിയെന്നും കേട്ടു. പൃഥ്വി പേടിച്ചോ?

ഞാനിത്തരം കാര്യങ്ങളിൽ വിശ്വസിക്കുന്നില്ല. അവിടെ ഞാനില്ലാത്ത ദിവസം എന്തോ നടന്നുവെന്നു പറഞ്ഞതു ഞാനിപ്പോഴും ചിരിയോടെയാണു കേൾക്കുന്നത്. ചിലർക്ക് അങ്ങനെ തോന്നിയിരിക്കാം. എസ്ര മലയാളത്തിലെ പതിവു പ്രേത സിനിമയല്ല. വളരെ വലിയൊരു കാൻവാസിൽ പറയുന്ന സിനിമയാണ്. അതിൽ അവിശ്വസനീയമായ എന്തോ ഒരു ഘടകം കൂടി അവസാനംവരെ ഉണ്ടെന്നു മാത്രം. അല്ലാതെ ഓരോ നിമിഷവും ശബ്ദംകൊണ്ടു കാണികളെ പേടിപ്പിക്കുന്ന സിനിമയല്ലിത്.

EZRA-TEASER

∙ പുതിയ സംവിധായകരുടെ സിനിമയിലാണു തുടർച്ചയായി പൃഥ്വി അഭിനയിക്കുന്നത്

പഴയതോ പുതിയതോ എന്നു നോക്കിയല്ല ഞാൻ തീരുമാനമെടുക്കുന്നത്. നല്ല വ്യക്തതയോടെ കഥ പറയാൻ കഴിയുന്നവരെ എനിക്കു വിശ്വാസമാണ്. അവർ എഴുത്തുകാർ കൂടിയാണെങ്കിൽ കൂടുതൽ സന്തോഷിക്കുന്നു. അവരിലാണു സിനിമ രൂപപ്പെടുന്നത്. കഥയും തിരക്കഥയും മുതൽ ഓരോ നിമിഷവും ഞാനാ സിനിമയിൽ പങ്കെടുക്കുന്നു. എനിക്കു സിനിമയുടെ ഓരോ നിമിഷവും പങ്കെടുക്കാനുള്ള ആഘോഷമാണ്.

∙ കിട്ടുന്ന പണം റിയൽ എസ്റ്റേറ്റിലും മറ്റും ഇടാതെ റിസ്ക്കെടുത്തു സിനിമ നിർമിക്കുന്നതിൽ പേടിയില്ലെ?

ഇപ്പോഴത്തെ അവസ്ഥയിൽ സിനിമ പേടിക്കേണ്ട ബിസിനസല്ല. ഒന്നോ രണ്ടോ ദിവസംകൊണ്ടു തിയറ്ററിൽ പരാജയപ്പെടുന്ന സിനിമ വലിയ നഷ്ടമുണ്ടാക്കിയേക്കും. എന്നാൽ രണ്ടാഴ്ച ഓടുന്ന സിനിമ നഷ്ടം വരുത്തില്ല. അതിൽ ചെറിയ നഷ്ടമുണ്ടായാൽപ്പോലും അത് എന്റെ അഭിനയ പഠനത്തിനുള്ള നി‌​ക്ഷേപമായി കാണും. എനിക്ക് അറിയാവുന്ന ഏക ജോലി ഇതാണ്. കച്ചവടമോ ഉദ്യോഗമോ എനിക്കറിയില്ല. സിനിമയല്ലാതെ ഞാനൊന്നും ചെയ്തിട്ടില്ല.

prithviraj-karnan

∙ ആടു ജീവിതം, കർണ്ണൻ തുടങ്ങി രണ്ടു വർ‌ഷം വരെ ‌ഷൂട്ടിങ് നീണ്ടേക്കാവുന്ന വലിയ പദ്ധതികളാണു മുന്നിൽ. രണ്ടോ മൂന്നോ വർഷം മറ്റൊരു സിനിമയിലും അഭിനയിക്കാൻ പറ്റണമെന്നില്ല. ഈ തീരുമാനം എന്തുകൊണ്ടാണ്?

മലയാള സിനിമ 100 കോടി രൂപ കലക്റ്റ് ചെയ്യുമെന്നു നാം കരുതിയിട്ടില്ല. അസാധ്യമെന്നു കരുതിയതാണു ‘പുലിമുരുകൻ’ തകർത്തത്. മൊയ്തീനും പ്രേമവും 50 കോടി കടന്നപ്പോഴും നാം കണ്ടത് അസാധ്യമെന്നു കരുതിയ കാര്യങ്ങൾ കടന്നുപോകുന്നതാണ്. കർണ്ണനും ആടു ജീവിതവും വലിയ സിനിമകളാണ്. ലോക സിനിമയിൽ മലയാളത്തിന്റെ കൊടി ഉയർത്താൻ ഇവയ്ക്കു കഴിഞ്ഞേക്കും.

∙ ഇതിനിടയിൽ സിനിമ ചെയ്തില്ലെങ്കിൽ പ്രശ്നമാകില്ലേ?

ഒരു വർഷം സിനിമ ചെയ്തില്ലെങ്കിൽ ജനം മറന്നുപോകുന്ന ഒരാളാണു പൃഥ്വിരാജെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ. മറക്കില്ല എന്നു ഞാനുറച്ചു വിശ്വസിക്കുന്നു. അതിനുള്ള ചെറിയ കാര്യങ്ങളെങ്കിലും ഞാനിവിടെ ചെയ്തിട്ടില്ലേ?

lucifer-mohanlal

∙പൃഥ്വി സംവിധായകനാകാനും ഒരുങ്ങുന്നുവല്ലേ?

മോഹൻലാലിനെ നായകനാക്കി രാജേഷ് പിള്ള സംവിധാനം ചെയ്യാൻ വേണ്ടി മുരളി ഗോപി എഴുതിയ ലൂസിഫർ എന്നൊരു സിനിമയുണ്ടായിരുന്നു. മനോഹരമായ കഥ. രാജേഷ് മരിച്ചതോടെ ആ സിനിമ ഇല്ലാതായി. ലാൽസാറിനുവേണ്ടി മുരളി എഴുതിയ മറ്റൊരു കഥ എന്നോടു പറഞ്ഞു. ആരു സംവിധാനം ചെയ്യുമെന്നു തീരുമാനിച്ചിട്ടില്ലായിരുന്നു. മുരളി ഗോപിയാണു ‍ഞാൻ സംവിധാനം ചെയ്യണമെന്നു നിർദേശിച്ചത്. ലാൽ സാറും നിർമാതാവ് ആന്റണി പെരുമ്പാവൂരും സമ്മതിച്ചു. മൂന്നു വർഷമെ‌ങ്കിലുമായി സിനിമയുടെ എല്ലാ ഘടകങ്ങൾക്കുമൊപ്പം നിൽക്കാറുണ്ടായിരുന്നതുകൊണ്ടു പേടി തോന്നിയില്ല. ഉടൻ നടക്കുന്ന സിനിമയല്ല. പക്ഷേ, തീർച്ചയായും നടക്കും.