Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുലിമുരുകൻ എന്ന മഹാദൗത്യം; വൈശാഖ് പറയുന്നു

mohanlal-vysakh വൈശാഖ്, മോഹൻലാൽ

വെല്ലുവിളികളും പ്രതിസന്ധികളും നിറഞ്ഞ കാട്ടുപാതകൾ താണ്ടി നടത്തിയ യാത്രയായിരുന്നു പുലിമുരുകൻ. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന ഖ്യാതിയിൽ മാത്രം ഒതുക്കപ്പെടേണ്ടതല്ല ഇൗ സിനിമ. കാരണം ചെലവാക്കിയ പണത്തിന്റെ പതിന്മടങ്ങ് മൂല്യമുള്ള അനേകരുടെ സമയവും അധ്വാനവുമാണ് പുലിമുരുകൻ എന്ന ചിത്രത്തിന് ജീവൻ നൽകിയത്. നായകൻ മുതൽ ലൈറ്റ് ബോയ് വരെയുള്ള ആളുകൾ കൈമെയ് മറന്ന് രണ്ട് വർഷം അധ്വാനിച്ചതിന്റെ ഫലം ഒക്ടോബർ 7–ന് കേരളത്തിൽ 325 സ്ക്രീനുകളിൽ നിറയുമ്പോൾ മറ്റാർക്കുമറിയാത്ത ഒരുപാട് കാര്യങ്ങൾ വൈശാഖ് എന്ന സംവിധായകന് തന്റെ ചിത്രത്തെക്കുറിച്ച് പറയാനുണ്ട്....

പുലിമുരുകന്റെ ജനനം

പോക്കിരിരാജ കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോഴാണ് ടോമിച്ചായൻ (നിർമാതാവ് ടോമിച്ചൻ മുളകുപാടം) ലാൽസാറിനെ വച്ച് ഒരു സിനിമ ചെയ്യണം എന്ന് ആവശ്യപ്പെടുന്നത്. പോക്കിരിരാജ റിലീസായി കൃത്യം ഒരാഴ്ചയ്ക്ക് ശേഷം കമ്മിറ്റ് ചെയ്തതാണ് ഒരു മോഹന്‍ലാൽ പ്രോജക്ട്. പക്ഷേ അത് പുലിമുരുകനല്ല. ആ ഒരു ഫോർമാറ്റും അല്ലായിരുന്നു.

ലാൽസാറിനോടൊപ്പമൊരു സിനിമ വേണമെന്ന തീരുമാനമെടുത്തത് പക്ഷേ അന്നാണ്. അതിനുശേഷം എല്ലാവരും അവരുടെ തിരക്കുകളിലേക്ക് പോയി. ഇടയ്ക്ക് ഇടയ്ക്ക് സൗഹ‍ൃദ കൂട്ടായ്മകളിൽ ഈ സിനിമയെക്കുറിച്ച് പലരും ചോദിക്കുമായിരുന്നു. 5-6 വർഷത്തെ ഇടവേള വന്നു. ഇടയ്ക്ക് മറ്റു ചിത്രങ്ങൾ ചെയ്തു. എന്നിട്ടും ഒരുകാര്യത്തിൽ ഞങ്ങൾ എല്ലാവരും ഉറച്ചുനിന്നു. എപ്പോൾ ഈ സിനിമ ചെയ്താലും അതൊരു സ്പെഷ്യൽ മൂവി ആയിരിക്കണം. കരിയറിൽ എല്ലാവർക്കും അഭിമാനിക്കാവുന്ന തരത്തിലുള്ള ഗുണമുള്ള നല്ല സിനിമയായിരിക്കണം എന്ന്.

tomichan-udhay നിർമാതാവ് ടോമിച്ചൻ മുളകുപാടം, ഉദയ്കൃഷ്ണ എന്നിവർക്കൊപ്പം വൈശാഖ്

കൃത്യമായി പറഞ്ഞാൽ രണ്ടുവർഷം മുമ്പ്, ‘കസിൻസ്’ എന്ന സിനിമയുടെ റിലീസ് കഴിഞ്ഞ് നിൽക്കുന്ന സമയത്ത് ആണ് ഈ പ്രോജക്ട് സീരിയസായിട്ടുള്ള രൂപത്തിലേക്ക് വരുന്നത്. ഒരു സായാഹ്നത്തിൽ തിരക്കഥാകൃത്ത് ഉദയ്കൃഷ്ണയോടൊപ്പം ഒത്തുകൂടിയപ്പോഴാണ് ‘ലാൽ സാറിന്റെ പ്രോജക്ട് ചെയ്യേണ്ടെ? ഒരുപാട് നാളായി മാറ്റി വയ്ക്കുന്നു... ഇനി നമുക്ക് ഇതു ചെയ്യണം’ എന്നൊരു സീരിയസായ ചർച്ച ഉണ്ടാകുന്നത്. അങ്ങനെ അടുത്ത പ്രോജക്ട് ഇതായിരിക്കും എന്ന് അന്നുറപ്പിച്ചു.

അപ്പോൾ ഉദയേട്ടൻ എന്നോട് പറഞ്ഞു, എന്റെ കയ്യിലൊരു കഥയുണ്ട്. ലാൽ സാറിനോട് കഥ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന് താൽപര്യമുണ്ട് എന്ന് പറഞ്ഞു. അതിനേക്കുറിച്ച് ആലോചിച്ചിട്ടില്ല. ആലോചിക്കാൻ അത്ര എളുപ്പമല്ലാത്ത ഒരു കാര്യമായതുകൊണ്ട് വേറൊന്നും നടന്നുമില്ല. ഇത് എന്റെ സ്വപ്നമാണ് അത് നടക്കുകയാണെങ്കിൽ അതൊരു സംഭവമായിരിക്കുമെന്നും പറഞ്ഞു. അദ്ദേഹത്തിന്റെ ഈ ആമുഖം കേട്ടപ്പോൾ തന്നെ സംഭവം കുറച്ചു പ്രയാസമുള്ള കാര്യമാണെന്ന് മനസിലായി. കഥയുടെ ചുരുക്കം എന്താണെന്ന് ഞാൻ ചോദിച്ചു. ‘സ്ഥിരമായി പുലിയിറങ്ങുന്ന കാടിനോട് ചേർന്നു കിടക്കുന്ന ഗ്രാമം. ആ ഗ്രാമത്തിൽ പുലിയോട് വൈകാരികമായിത്തന്നെ പ്രതികാരമുള്ള ഒരു പുലിവേട്ടക്കാരൻ, ഇതാണ് കഥാസാരം’.

ഉദയേട്ടൻ പറഞ്ഞ ആദ്യ വാചകത്തിൽ തന്നെ ഞാൻ തീരുമാനിച്ചു ഇത് ചെയ്യും. കാരണം നമുക്കൊരു സാധാരണ സിനിമ എപ്പോഴും ചെയ്യാൻ പറ്റും. ഇവരെല്ലാം കൂടെ ഉണ്ടെങ്കിൽ മാസ് സിനിമ ചെയ്യാൻ എളുപ്പമുളള കാര്യമാണ്. പക്ഷേ ഇതുപോലൊരു സിനിമ പിന്നീട് ആലോചിക്കാം എന്നു പറഞ്ഞാൽ ഒരിക്കലും നടക്കില്ല. ഞാൻ ടോമിച്ചായനോട് കഥ പറഞ്ഞു ഒരുമാസം കഴി‍ഞ്ഞ് വീണ്ടും കാണാം. അപ്പോൾ തീരുമാനിക്കാം ഇത് ചെയ്യണോ വേണ്ടയോ എന്നും പറഞ്ഞു. അതുകഴിഞ്ഞ് ലാൽസാറിനോട് പറഞ്ഞാൽ മതി എന്നും പറഞ്ഞു. അങ്ങനെ ഞാനും ഉദയേട്ടനും കൂടി യാത്രപോയി. ഈ കഥയുടെ സ്വഭാവത്തെക്കുറിച്ച്, അതിന്റെ ഫോർമാറ്റ്, ട്രീറ്റ്മെന്റ് എന്നീ കാര്യങ്ങളെക്കുറിച്ച് മുൻകൂട്ടി ഒരു ധാരണ ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം.

lal

പ്രത്യേകിച്ചും ടൈഗർ സ്വീക്കൻസുകളെക്കുറിച്ചും അത് ഷൂട്ട് ചെയ്യാനുള്ള ബുദ്ധിമുട്ടുകളെക്കുറിച്ച് ഇങ്ങനെ അടിസ്ഥാനപരമായ മുൻകരുതലുകളെക്കുറിച്ചുള്ള അന്വേഷണത്തിന് ശേഷമാണ് ഒരു മാസം കഴിഞ്ഞ് വീണ്ടും ടോമിച്ചായനെ കാണുന്നത്. ചില കാര്യങ്ങൾ തുടക്കത്തിൽ പറഞ്ഞാലേ ഈ സിനിമ വേണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ പറ്റുകയുള്ളൂ. അത് കേൾക്കാൻ തയ്യാറാവണം എന്നു ടോമിച്ചായനോട് ഞാൻ പറഞ്ഞു.

ഒന്ന്– ഈ സിനിമ എത്ര ബഡ്ജറ്റിൽ തീരുമെന്ന് കൃത്യമായി പറയാൻ പറ്റില്ല. അത് പത്താകാം പതിനഞ്ചാകാം, ഇരുപത്തഞ്ചാകാം. രണ്ട്– എത്ര ദിവസം ഈ സിനിമ ഷൂട്ട് ചെയ്യും എന്ന കാര്യവും പറയാൻ പറ്റില്ല. കാരണം നമുക്ക് ഒരു പരിചയവുമില്ലാത്ത കുറേ കാര്യങ്ങളാണ് ഈ സിനിമയ്ക്ക് വേണ്ടി ചെയ്യേണ്ടത്. മൂന്നാമത്തെ കാര്യം ഈ സിനിമ എന്ന് റിലീസ് ചെയ്യാൻ പറ്റുമെന്നും പറയാൻ പറ്റില്ല. കാരണം സാങ്കേതികമായി ഒരുപാട് വിഷയങ്ങൾ കൈകാര്യം ചെയ്താൽ മാത്രമാണ് ഈ സിനിമ റിലീസ് ചെയ്യാൻ പറ്റുകയുള്ളൂ.

ഈ കാര്യങ്ങൾ ഒരു നിർമാതാവിനെ ഏറ്റവും വിഷമാവസ്ഥയിലാക്കുന്ന കാര്യങ്ങളാണ്. ഒരിക്കലും പൊരുത്തപ്പെട്ടു പോകാൻ പറ്റാത്ത, അല്ലെങ്കിൽ ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത കാര്യങ്ങൾ. ‘നിങ്ങൾ പറയുന്ന ഒരു വാക്കിൽ നിന്നാണ് ഈ സിനിമയ്ക്ക് ഇനി മുമ്പോട്ടുള്ള തീരുമാനം എടുക്കാൻ പറ്റൂ. അതല്ലെങ്കിൽ സാധാരണ ഒരു മാസ് സിനിമ ലാൽസാറിനെ വച്ച് ചെയ്യാം. ഞാൻ പറഞ്ഞു.

vysakh-kamalini-3

കുറേ ആലോചിച്ച ശേഷം ടോമിച്ചായൻ പറഞ്ഞു. ‘സാധാരണ സിനിമ എപ്പോൾ വേണമെങ്കിലും ചെയ്യാം, ഹിറ്റാകുമായിരിക്കും, പൈസയും കിട്ടും. പക്ഷേ അഞ്ചു വർഷം നമ്മൾ ഒരു പ്രൊജക്ടിനു കാത്തിരുന്നിട്ട് ഒരു സിനിമ തുടങ്ങുമ്പോൾ അങ്ങനെയല്ല ചെയ്യേണ്ടതെന്നാണ് തീരുമാനം. ശരിയോ തെറ്റോ എന്തും സംഭവിക്കട്ടെ. അഭിമാനകരമായ ഒരു സിനിമ ചെയ്യാം.’ ആ തീരുമാനത്തിൽനിന്നാണ് ‘പുലിമുരുകൻ’ എന്ന സിനിമ ജനിക്കുന്നത്.

പുലിമുരുകന് ജീവൻ കൊടുത്തത് ?

അതിനുശേഷം ഞങ്ങൾ ലാൽ സാറിനെ വീട്ടിൽ ചെന്നു കണ്ടു. കഥയ്ക്കു പകരം സിനിമയുടെ ഓപ്പണിങ് സ്വീക്വൻസ് ആണ് ലാൽ സാറിനോട് ആദ്യമായി പറയുന്നത്. സിനിമയുടെ തുടക്കത്തിലെ പതിനഞ്ച് മിനിറ്റ് ഷോട്ട് ബൈ ഷോട്ട് ആയി പറഞ്ഞു. ലാൽ സാർ എന്റെ കണ്ണിൽ തന്നെ നോക്കിയിരുന്നു. ആന്റണി പെരുമ്പാവൂരും ഉണ്ട്. ലാൽ സാർ കുറേനേരം മിണ്ടാതിരുന്നു. എന്നിട്ട് ചോദിച്ചു ‘ഇത് എങ്ങനെ ചെയ്യും?’ അസാധ്യമല്ലേ?. നമ്മുടെ മലയാള സിനിമയിൽ ഇത് എങ്ങനെ ചെയ്യും ? അദ്ദേഹം അവിശ്വസനീയതോടെ ചോദിച്ചു.

ഞാൻ ലാൽസാറിനോട് പറഞ്ഞു, സത്യസന്ധമായി പറയാം... അത്ര വലിയ ധാരണയൊന്നുമില്ല ഇത് എങ്ങനെ ചെയ്യുമെന്ന്. പക്ഷേ ഒരു കാര്യത്തിൽ ഉറപ്പുതരാം, ഇത്ര ഡേറ്റ്, ഇത്ര സമയം, ഇന്ന സമയത്ത് റിലീസ് ഇങ്ങനെയുള്ള ഡെഡ്‌ലൈനുകൾ എനിക്ക് തരാതിരുന്നാൽ ഈ സിനിമ ചെയ്തുതീർക്കാം. ഞാൻ ഉറപ്പുതരുന്നു.

ലാൽ സാർ പറഞ്ഞു ‘എന്റെ ഡേറ്റിനെക്കുറിച്ച് ആലോചിക്കേണ്ട. നിങ്ങൾ എപ്പോൾ വിളിച്ചാലും ഞാൻ അവിടെ ഉണ്ടായിരിക്കും. ബാക്കി കാര്യങ്ങൾ തീരുമാനിക്കേണ്ടത് നിർമാതാവ് ആണ്. നിങ്ങൾക്ക് വിശ്വാസമുണ്ടെങ്കിൽ ഈ സിനിമയുമായി മുന്നോട്ടുപോകുന്നുണ്ടെങ്കിൽ നിങ്ങളുടെ കൂടെ ഞാൻ ഉണ്ടാകും’. അന്ന് കയറിയതാണ് ലാൽ സാർ ഈ യാത്രയിൽ ഞങ്ങൾക്കൊപ്പം. കുറച്ച് മുമ്പ് നിങ്ങൾ വിളിച്ചപ്പോൾ കട്ട് ചെയ്തത് ലാൽ സാറിന്റെ കോൾ ആണ്. ലാൽ സാർ ഈ സിനിമയുടെ കൂടെ ആണ്. ഈ സമയം വരെ.

mohanlal-vysakh-1

ലാൽ സാറിന്റെ ഉറപ്പ് കിട്ടിയതിനുശേഷം ഞങ്ങൾ വയനാട് ഉൾനാട്ടിലെ ഒരു കൊച്ചുവീട്ടിൽ മൊബൈൽ കണക്ഷനുമൊന്നുമില്ലാത്ത സ്ഥലത്ത് വീണ്ടുമൊരു മൂന്നുമാസത്തോളം തിരക്കഥയ്ക്കായി ഇരുന്നു. സംഭാഷണം ഉൾപ്പടെയുള്ള കാര്യങ്ങൾ എഴുതി തീർത്തു. അതിനുശേഷം ഇതെങ്ങനെ ദൃശ്യവത്കരിക്കും എന്ന വലിയ ചോദ്യമായിരുന്നു ഞങ്ങളുടെ മുന്നിൽ. ഒരുപാട് യാത്രകൾ ചെയ്തു. സ്റ്റോറി ബോർഡുകൾ ഉണ്ടാക്കി. മൃഗങ്ങളുമായുള്ള ഫൈറ്റ് രംഗങ്ങളുടെ റഫറൻസുകൾ കിട്ടാനില്ല. ഒരിടത്തും അതിനെക്കുറിച്ചുള്ള സ്വീക്കൻസുകൾ കാണാൻ പറ്റുന്നില്ല.

അങ്ങനെ സ്റ്റോറി ബോർഡിൽ പ്രാവീണ്യമുള്ള ഗ്രാഫിക്സ് വിദഗ്ധരോടൊപ്പം നിരവധി കൂടിക്കാഴ്ചകൾ നടത്തി ഒരു ഏകദേശ ധാരണ ഉണ്ടാക്കി. അപ്പോഴാണ് അടുത്ത ചോദ്യം വന്നത് ആരാണ് ഇതിന്റെ ആക്ഷൻ കൈകാര്യം ചെയ്യുന്നത്, കാരണം സ്പെഷലൈസ്ഡ് ആയിട്ട് ഡിസൈൻ ചെയ്തിട്ടുള്ള ആക്ഷ‌നാണ്. എക്സ്പീരിയൻസ്ഡ് ആയിട്ടുള്ള ആൾ തന്നെ വേണം.

പുലിമുരുകനിലെ പീറ്റർ ഹെയ്ൻ ?

ലാൽ സാറാണ് ഖേച്ച എന്നുപറയുന്ന ആക്ഷൻ ഡയറക്ടറെക്കുറിച്ച് പറയുന്നത്. ഖേച്ച ഹോളിവുഡിൽ ആക്ഷൻ സീനുകൾ ചെയ്യുന്ന ആളാണ്. മൃഗങ്ങളെ ഉപയോഗിച്ചുള്ള ഒരു പാട് പ്രോജക്ടുകൾ ചെയ്തിട്ടുണ്ട്. അദ്ദേഹത്തെ ബോംബെയിൽ വച്ച് കണ്ടു. സിനിമയെക്കുറിച്ച് പറഞ്ഞു. അദ്ദേഹത്തിന് ഭയങ്കര താൽപര്യമായിരുന്നു. പക്ഷേ ഷൂട്ടിങ്ങ് തുടങ്ങുന്ന ദിവസം പറഞ്ഞപ്പോൾ ആ ദിവസത്തിലൊന്നും അദ്ദേഹത്തിന് വരാൻ സാധിക്കില്ല. കാരണം അദ്ദേഹം നേരത്തെ കരാറുചെയ്ത് ഒരുപാട് ഹോളിവുഡ് പടങ്ങൾ ചെയ്തുതീർക്കാനുണ്ടായിരുന്നു. ഈ കാലയളവിൽ ഒരിക്കലും ചെയ്യാൻപറ്റില്ല എന്ന് അദ്ദേഹം പറഞ്ഞു. നിരാശരായി തിരിച്ചുപോന്നു.

mohanlal-vysakh-2

പിന്നീട് ആണ് പീറ്റർ ഹെയ്‌നെ തിരഞ്ഞെടുത്തത്. അങ്ങനെ പീറ്ററിനെ കാണുന്നു. അദ്ദേഹത്തിന് താൽപര്യമാണ്. എന്നാൽ തനിക്ക് ഇതിനെക്കുറിച്ച് വ്യക്തമായ ധാരണ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യനും മൃഗവും തമ്മിലുള്ള പോരാട്ടം ഷൂട്ട് ചെയ്യുക പ്രയാസമുള്ള കാര്യമാണ്. അതുകൊണ്ട് കുറച്ച് സമയം തന്നില്ലെങ്കിൽ ഇത് തയാറാക്കാൻ പറ്റില്ല. നമ്മളെ സംബന്ധിച്ചടത്തോളം വേറെ ഓപ്ഷന്‍ ഇല്ല. ഞങ്ങൾക്ക് ഈ സിനിമ ചെയ്തേ പറ്റൂ. പീറ്ററിന്റെ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന ഉറപ്പുകൊടുത്തു. അവിടെ നിന്ന് പീറ്ററും ഈ വണ്ടിയിൽ കയറി. പിന്നെ അതിനുള്ള തയാറെടുപ്പിലായിരുന്നു.

സൗത്ത് ആഫ്രിക്കയിലും വിയറ്റ്നാമിലും പോയി കടുവ ഉള്ള സ്ഥലങ്ങളിലും അതിന്റെ പരിശീലകരെയും കണ്ടു. അതെങ്ങനെ മെരുങ്ങും അതിന്റെ സ്വഭാവം അങ്ങനെ ഒരുപാട് റിസേർച്ച് ചെയ്താണ് ഷൂട്ടിങ് ഫോർമാറ്റിലേക്ക് വന്നത്. എന്നാൽ എല്ലാം പെർഫെക്ട് ആയിട്ടുള്ള ഷൂട്ടിങ് ഫോർമാറ്റ് ആയിരുന്നില്ല അത്. ഒരിക്കൽ ഷൂട്ട് െചയ്യും പ്രശ്നങ്ങൾ ഉണ്ടാകും അത് പരിഹരിച്ച് വീണ്ടും ഷൂട്ട് ചെയ്യും. അങ്ങനെ ബുദ്ധിമുട്ടി വീണ്ടും വീണ്ടും പരിശ്രമിച്ചിട്ടാണ് സിനിമയുടെ രൂപത്തിലേക്ക് അതിനെ കൊണ്ടുവന്നത്.

പുലിമുരുകന് ശക്തി പകർന്നവർ ?

അസാധാരണമായ ബന്ധങ്ങളുടെ തീവ്രതയിലാണ് പുലിമുരുകൻ എന്ന സിനിമ പിറവിയെടുത്തത്. നിർമാതാവ്, റൈറ്റർ, ഡയറക്ടർ, ഹീറോ, ടെക്നീഷ്യൻസ്, ക്യാമറമാൻ തുടങ്ങിയ ഒരു സംഘം ആളുകളുടെ അതിതീവ്രമായ ബന്ധവും സഹകരണവുമില്ലായിരുന്നെങ്കിൽ ഈ സിനിമ റിലീസ് ചെയ്യില്ലായിരുന്നു. അത്രയേറെ പ്രശ്നങ്ങളാണ് ഓരോ അവസ്ഥയിലും ഞങ്ങൾ അഭിമുഖീകരിച്ചത്. ഒരുപാട് പ്രതിബന്ധങ്ങളായിരുന്നു മുന്നിൽ. അതിനെ തരണം ചെയ്യാൻ കഴിഞ്ഞത് മിടുക്കുകൊണ്ടോ കഴിവുകൊണ്ടോ പണം കൊണ്ടോ അല്ല. ബന്ധങ്ങളുടെ ആഴം കൊണ്ടാണ്. ഓരോ പ്രശ്നങ്ങൾ വരുമ്പോഴും ആരും ആരേയും കുറ്റപ്പെടുത്താതെ പ്രശ്നം കണ്ടെത്തി അത് പരിഹരിക്കുകയാണ് ചെയ്തിരുന്നത്.

എന്താണ് പുലിമുരുകൻ ?

രണ്ട് മണിക്കൂർ നാൽപത് മിനിറ്റ് ദൈർഘ്യമുള്ള സിനിമ. ഒരിക്കലും ഒരു ഹോളിവുഡ് മോഡൽ സിനിമയാണെന്ന് പ്രസ്താവിക്കില്ല. 90 ശതമാനവും മലയാള സിനിമയിൽ ആവശ്യമുള്ള കാര്യങ്ങൾ തന്നെയാണ്. അതിൽ കുടുംബന്ധമുണ്ട്, തമാശയുണ്ട്, ഹീറോയിസം ഉണ്ട്. എന്നാൽ ബാക്കി വന്ന 10% നു വേണ്ടി എടുത്ത പ്രയത്നമാണ് ഇത്രയും കാലഘട്ടം എന്നു പറയുന്നത്. കാരണം ആ പത്തു ശതമാനം വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. അതികഠിനമായിരുന്നു.

vysakh-kamalini-2

പുലിമുരുകനിലെ കടുവ ?

കടുവയുടെ രംഗം ഷൂട്ട് ചെയ്യാൻ തായ്‌ലൻഡിലാണ് പോയത്. 28 ദിവസമാണ് അതിനായി ചെലവഴിച്ചത്. ദിവസങ്ങളോളം ഒരു ഷോട്ട്പോലും കിട്ടാതെ കാത്തിരുന്നിട്ടുണ്ട്. ചിലപ്പോൾ ഒന്നോ രണ്ടോ ഷോട്ട് മാത്രം എടുക്കാൻ സാധിക്കൂ. ഒരു യൂണിറ്റു മുഴുവൻ ഷോട്ടിനുവേണ്ടി കാത്തിരിക്കുന്നു. സാമ്പത്തികമായി നഷ്ടം വരുന്നു. ഒന്നു മര്യാദക്ക് അഭിനയിക്ക് കടുവെ എന്നുവരെ പറഞ്ഞു. ഞങ്ങളെല്ലാം ക്ഷമയുടെ നെല്ലപ്പലിക കണ്ടു. മൃഗങ്ങളുമായുള്ള സിനിമ ചെയ്യുക പ്രായോഗികമായി എത്ര ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് പറഞ്ഞ് അറിയിക്കാൻ പോലും സാധിക്കില്ല.

പുലിമുരുകനെ എല്ലാവരും മനസ്സിലാക്കി

ഹിറോ എന്ന നിലയിൽ ഏറ്റവും തിരക്കുള്ള സൂപ്പർസ്റ്റാറായ ലാൽ സാർ ഒരിക്കല്‍ പോലും ഞങ്ങളെ ശല്യപ്പെടുത്തിയിട്ടേയില്ല. ഓരോ തവണയും ലാൽ സാർ പറയും എനിക്കറിയാം എത്രത്തോളം പരിശ്രമം ആവശ്യമുണ്ട് ഈ സിനിമയ്ക്കെന്ന്. ഇടയ്ക്ക് അദ്ദേഹം കൂടെ വരാറുണ്ട്. കാര്യങ്ങൾ സംസാരിക്കാറുണ്ട്. ഏറ്റവും കൂടുതൽ ലാൽസാറിനോട് ബഹുമാനം തോന്നുന്ന ഒരുപാട് കാര്യങ്ങളുണ്ടായി.

സാധാരണ ആളുകൾ മറ്റുള്ളവരെ അറിയാൻ ശ്രമിക്കാറില്ല, അവരുടെ പ്രശ്നം പറയാൻ ശ്രമിക്കാറില്ല. അവരുടെ സ്ഥാനത്തുനിന്നുകൊണ്ടാണ് ചിന്തിക്കുന്നത്. എന്റെ ഡേറ്റ്സ് , സിനിമ , റിലീസ് അങ്ങനെയാണ് ചിന്തിക്കുക. പക്ഷേ ലാൽസാറിന്റെ പ്ലസ് എന്നു പറയുന്നത് എന്തൊക്കെ പ്രശ്നങ്ങളാണ് നമ്മൾ അഭിമുഖീകരിക്കുന്നത് എന്ന് കൃത്യമായി മനസിലാക്കി അതനുസരിച്ച് അദ്ദേഹത്തിന്റെ കാര്യങ്ങൾ പ്ലാൻ ചെയ്യും എന്നതാണ്. ഒരു തരത്തിലും അലോസരപ്പെടുത്താതെ ഷൂട്ടിങ് തീരുന്ന ദിവസം വരെയും അതിനുശേഷവും കൂടെ നിൽക്കുകയും ഇനിയും എന്താവശ്യം ഉണ്ടെങ്കിലും എന്നെ വിളിച്ചാൽ ഇനി ഷൂട്ട് ചെയ്യണമെങ്കിൽ പോലും ഞാൻ വന്നോളാം എന്ന് ഉറപ്പ് തന്നിട്ടാണ് ലാൽ സാർ പോയത്.

ഒരു സിനിമയോടുള്ള പാഷന്റെ തീവ്രതയിൽ നിന്നാണ് ഈ സിനിമ യാഥാർഥ്യമാകാൻ പറ്റിയത്. ഒരുപാടു പേരുടെ കഠിനാദ്ധ്വാനവും ആത്മസമർപ്പണവും ഈ സിനിമയില്‍ ഉണ്ട്. ഛായാഗ്രാഹകൻ ഷാജി രണ്ടു വർഷമായിട്ട് ഈ സിനിമയുടെ കൂടെ ഉണ്ട്. അദ്ദേഹത്തിന് വേറെ സിനിമകൾ ചെയ്യാമായിരുന്നു. ബഡ്ജറ്റ് ഒരുപാട് കൂടാതിരിക്കാൻ പ്രതിഫലം കുറച്ചാണ് ഈ സിനിമയിൽ എല്ലാവരും കമ്മിറ്റ് ചെയ്തത്.

lal-lal

സാധാരണ സിനിമകളിൽ കൊടുക്കുന്ന ശമ്പളത്തേക്കാൾ മുപ്പത് ശതമാനം വെട്ടിക്കുറച്ചിട്ടാണ് ശമ്പളം കൊടുത്തത്. ഒരു സിനിമയുടെ ശമ്പളം പോലും കിട്ടാതെ നാലു സിനിമയുടെ ഡേറ്റ്സിൽ വർക്കു ചെയ്യുകയാണ് എല്ലാവരും. അവരുടെ വ്യക്തിപരമായ കാര്യങ്ങളും പ്രശ്നങ്ങളും കുഴഞ്ഞുകിടക്കുകയാണ്, അതിനേക്കാളേറെ ഈ സിനിമയെ അവർ സ്നേഹിക്കുന്നതുകൊണ്ടാണ് ഈ സിനിമ യാഥാർഥ്യമാകുന്നത്. ആര് ആരോട് നന്ദി പറയും എന്നുള്ളതല്ല, എല്ലാവരും ഇതിന്റെ ഭാഗമാണ്. ഒരു വിജയമുണ്ടായാൽ പ്രേക്ഷകർ നല്ലതെന്ന് പറഞ്ഞാൽ അങ്ങനെ കിട്ടുന്ന സംതൃപ്തിക്ക് മാത്രമാണ് എല്ലാവരു ഇത്ര തീവ്രമായി ജോലി ചെയ്തത്.

പുലിമുരുകനിലെ ആക്ഷൻ ?

ഷൂട്ട് തുടങ്ങുന്നതിന് ഒരാഴ്ച മുമ്പ് പീറ്റർ പറഞ്ഞു, ഈ സിനിമയ്ക്ക് വ്യത്യസ്തമായ ആക്​ഷൻ രംഗങ്ങളായിരിക്കും ചെയ്യേണ്ടി വരുക എന്ന്. നായകനൊരു വേട്ടക്കാരനാണ്. കടുവയോട് ഏറ്റുമുട്ടാൻ ശരീരബലം ഉള്ള ഒരാൾ സാധാരണ ഫൈറ്റ് ചെയ്യുമ്പോൾ അതിന്റെ പ്രത്യേകത ഉണ്ടാകും. ലാൽ സാർ ഇതുവരെ ചെയ്തിട്ടുള്ള ആക്​ഷൻ‍‌ ഇങ്ങനെയുള്ളതല്ലെന്നും അതിന് വേണ്ടി അദ്ദേഹത്തെ പരിശീലിപ്പിക്കണമെന്നും പീറ്റർ പറഞ്ഞു.

എന്നാൽ ഇത് എത്രത്തോളം പ്രായോഗികമാണെന്ന് അറിയില്ല, ലാൽ സാർ പ്രിപറേഷൻസ് എടുക്കാറില്ല, സ്പോട്ടിൽ ബിഹേവ് ചെയ്യുന്ന ആളാണെന്നു ഞാൻ പറഞ്ഞു. അദ്ദേഹത്തെപ്പോലൊരു സീനിയർ താരത്തിന് പരിശീലനകളരി വയ്ക്കാൻ എത്രത്തോളം പറ്റുമെന്ന് അറിയില്ലെന്നും പീറ്ററിനോട് പറഞ്ഞു. എന്നാൽ പ്രഭാസ്, സെയ്ഫ് അലിഖാൻ, സൂര്യ എന്നിവരെപ്പോലും ഇങ്ങനെ പരിശീലിപ്പിച്ചാണ് സിനിമ ചെയ്യുന്നതെന്ന് പീറ്റർ പറഞ്ഞു.

mohanlal-peter-5

അങ്ങനെ ലാൽ സാറിനോട് ഇക്കാര്യം ഞാൻ പറഞ്ഞു. ഒരു കാര്യത്തിനും നോ പറയാത്ത അദ്ദേഹം ഇതിനും സഹകരിക്കാമെന്ന് സമ്മതിച്ചു. അങ്ങനെ ക്യാംപ് തീരുമാനിക്കുന്നു പീറ്ററിന്റെ ടീമിലുള്ളവരുൾപ്പടെയുള്ളവർ അവിടെ ഉണ്ട്. ഒരു ആക്​ഷൻ ആദ്യം കാണിക്കാമെന്ന് പീറ്റർ ലാൽ സാറിനോട് പറഞ്ഞു. കുറച്ച് കുഴപ്പം പിടിച്ചതാണ്, രണ്ടുമൂന്നു സ്റ്റെപ്പ് ആയി ആദ്യം സാറിനെ കാണിച്ച തരാമെന്നും പിന്നെ നമുക്ക് ഇത് പരിശീലിക്കാമെന്നുമായിരുന്നു പീറ്റർ പറഞ്ഞത്.

നിലത്തുനിൽക്കുന്ന ഒരാൾ ഓടിവന്ന് മറ്റൊരാളുടെ മുകളിലൂടെ കയറി അയാളുടെ കഴുത്ത് ലോക്ക് ചെയ്ത് ചുറ്റും റൗണ്ട് ചെയ്ത് താഴെ മറിച്ചിടുന്ന ഒരു ഷോട്ട്. സിംഗിൾ ആക്​ഷൻ ആണ്. ട്രെയിലറിൽ ഇതുവന്നിട്ടുമുണ്ട്. പീറ്റർ ഈ രംഗം പറഞ്ഞുകൊടുക്കുകയും അയാളുടെ അസിസ്റ്റന്റ്സ് അത് കാണിച്ചുകൊടുക്കുന്നുമുണ്ട്. ലാൽ സാർ ഇതെല്ലാം വീക്ഷിക്കുന്നുണ്ട്.

udhay-vyshakh

പീറ്റർ പറഞ്ഞു ഇനി നമുക്ക് ആദ്യ പടിയിൽ പരിശീലനം തുടങ്ങാമെന്ന്. ഞാനൊന്ന് ട്രൈ ചെയ്ത് നോക്കട്ടെ എന്നു പീറ്ററിനോട് ലാൽ സാർ ചോദിച്ചു. പീറ്റർ ഹെയിനിന്റെ അസിസ്റ്റന്റിനോട് ഒന്ന് നീങ്ങി ഇതുപോലെ നിൽക്കാമോ എന്നും ചോദിച്ചു. ലാൽ സാർ അനായാസം അയാളുടെ കഴുത്ത് ലോക്ക് ചെയ്ത് അടിച്ച് താഴെ ഇട്ടു. അയാളെ വേദനിപ്പിക്കാതെ, ടൈമിങ് മാറാതെ പൊസിഷൻ മറാതെ ആദ്യ പരിശ്രമത്തിൽ തന്നെ എല്ലാം ഒക്കെ. ഇതൊക്കെ ചെയ്ത് ഒരു കുട്ടിയെപ്പോലെ പീറ്ററിനു നേരെ നോക്കി.

സോ സോറി സാർ എന്റെ ജീവിതത്തിൽ ഇതുപോലൊരു അനുഭവം ഉണ്ടായിട്ടില്ല, ഈ ക്യാംപ് ഇന്ന് ഇവിടെ നിർത്തുന്നുവെന്ന് പീറ്റർ പറഞ്ഞു. അങ്ങനെ ഒരാഴ്ചത്തെ ട്രെയിനിങ് പ്രോഗ്രാം ആദ്യത്തെ ദിവസത്തെ ഒരുമണിക്കൂറിൽ നിർത്തി. ആ രംഗം ചിത്രത്തിന്റെ ട്രെയിലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ലാൽ സാറിന്റെ റിയാക്ഷൻ

രണ്ടാമത് അദ്ദേഹത്തിൽ നിരീക്ഷിച്ച കാര്യമുണ്ട്. ഒരു സംവിധായകനിൽ അദ്ദേഹത്തിന് വിശ്വാസമുണ്ടായി കഴിഞ്ഞാൽ പിന്നെ ഒരിക്കലും ആ സംവിധായകന്‍ പറയുന്ന കാര്യങ്ങൾ ചോദ്യം ചെയ്യാറില്ല, അത് ശരിയായാലും തെറ്റായാലും അദ്ദേഹം ചെയ്യും. സിനിമ സംവിധായകന്റേത് ആണെന്നാണ് ലാൽ സാർ വിശ്വസിക്കുന്നത്.

ഈ സിനിമയുടെ ക്ലൈമാക്സിന് മുമ്പായി വളരെ ഇമോഷനലായ സ്വീക്വൻസ് ഉണ്ട്. ഒരു വലിയ നഷ്ടം മുരുകൻ അറിയുന്ന നിമിഷമാണ്. അതിൽ ലാൽ സാറിന്റെ ഒരു റിയാക്ഷൻ വേണം. ആ റിയാക്ഷനിൽ നിന്നാണ് പിന്നീട് ആ സിനിമ ക്ലൈമാക്സ് വരെ ലീഡ് ചെയ്യുന്നത്. ആ ഷോട്ട് എടുക്കാൻ നേരത്ത് ഞാൻ സാറിനോട് എന്റെ മനസ്സിലുള്ള ഒരു കാര്യം പറഞ്ഞു. സിനിമയിൽ ഒരൊറ്റ റിയാക്ഷൻ മാത്രമെ ഞാൻ ചോദിച്ചുള്ളൂ. കുറച്ച് ഓവർ ഡു റിയാക്ഷൻ വേണമെന്നാണ് ആവശ്യപ്പെട്ടത്. ഞാൻ അങ്ങനെ ചെയ്യാറില്ല, അങ്ങനെ റിയാക്ട് ചെയ്താൽ മോശമായിരിക്കും, എന്തുകൊണ്ടാണ് അങ്ങനെ ചെയ്യാൻ പറയുന്നതെന്ന് ലാൽ സാർ ചോദിച്ചു. ഇതൊരു പുതിയ ചാപ്റ്റർ ആണെന്നും ഇതുവരെ ചെയ്യാത്തൊരു റിയാക്ഷൻ ഉണ്ടെങ്കിൽ പ്രേക്ഷകർക്ക് കുറച്ച് കൂടുതൽ ഫീൽ ചെയ്യാനുളള സാധ്യത ഉണ്ടെന്നും പറഞ്ഞു.

mohanlal-peter-6

എന്നാൽ ചെയ്യാമെന്നും കണ്ടു നോക്കൂ ഇഷ്ടപ്പെട്ടില്ലെങ്കിൽ വീണ്ടും ചെയ്യാം എന്നും അദ്ദേഹം പറഞ്ഞു. ഷോട്ട് എടുത്തു, റിയാക്ഷൻ അഭിനയിച്ച ശേഷം എന്നോട് എങ്ങനെ ഉണ്ടെന്ന് ചോദിച്ചു. സത്യത്തിൽ ഞാനാകെ ആശയക്കുഴപ്പത്തിലായി. കുട്ടിക്കാലം മുതൽ ലാൽ സാറിന്റെ സിനിമ കാണുന്ന ആളാണ്. അങ്ങനെയൊരു റിയാക്ഷൻ ഇതുവരെ കണ്ടിട്ടില്ല. പക്ഷേ ഇതുമതിയോ എന്നു പറയാൻ ഒരു പേടി. കാരണം ഞാനാണ് അദ്ദേഹത്തെ കൊണ്ട് ഇങ്ങനെ ചെയ്യിച്ചത്. സാർ ഒക്കെ ആണ് എന്നു ഞാൻ പറഞ്ഞു.

ഇതെന്റെ മനസ്സിൽ കിടന്നു. ലാൽ സാർ ഇതുവരെ ചെയ്യാത്ത ഒരു റിയാക്ഷൻ ആളുകൾ എങ്ങനെ എടുക്കുമെന്നൊരു ആശങ്ക എന്നിലുണ്ടായി. അങ്ങനെ ഡബ്ബിങിന്റെ സമയത്ത് ലാൽ(സംവിധായകൻ) ചേട്ടനോട് ഇക്കാര്യം പങ്കുവച്ചു. ഈ റിയാക്ഷൻ കുഴപ്പമുണ്ടോ? തീർച്ചയായും വെക്കണം. അത് കൗതുകത്തോടെ കാണുകയായിരുന്നു. ഇതുവരെ കാണാത്ത ലാലിനെയാണ് അവിടെ കണ്ടത്. അപ്പോഴാണ് എന്റെ ശ്വാസം നേരെ വീണത്. ഫൈനൽ ഈ ചിത്രം കാണുമ്പോൾ ഇതിലെ ഏറ്റവും മനോഹരമായ രംഗങ്ങളിലൊന്നാണ് അത്.

ലാൽ സാറിനെ ഒറ്റ വാക്കിൽ വിസ്മയം എന്നേ വർണിക്കാൻ സാധിക്കൂ. ഒരു നടനെന്ന നിലയിലും വ്യക്തി എന്ന നിലയിലും ഓരോ നിമിഷവും അദ്ദേഹം വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തെ പരിചയപ്പെട്ടപ്പോൾ മുതൽ ഈ നിമിഷം വരെ എനിക്ക് അങ്ങനെ തന്നെയാണ്. ഞാനൊരു വിഷമഘട്ടത്തിൽ നിൽക്കുന്ന സമയത്തായിരിക്കും പെട്ടന്ന് നമ്മുടെ അടുത്തുവന്ന് ഒരു പൊസിറ്റീവ് എനർജി തന്നു പഴയപോലെ ആക്കുന്നത്. ഏതു സാഹചര്യങ്ങളിലും സ്നേഹത്തോടെ കൂടെ നിൽക്കുന്ന ഒരാളായാണ് ലാൽ സാറിനെ ഞാൻ മനസ്സിലാക്കിയത്.

mohanlal-vysakh-6

നമ്മൾ ഒരു കാര്യം ഡിമാന്റ് ചെയ്താൽ നൂറുശതമാനം അയാള്‍ മനസ്സിൽ കാണുന്ന രീതിയിൽ സംവിധായകന് വേണ്ടി ഡെലിവർ ചെയ്യുന്ന ഡ്രീം ആക്ടർ ആണ് മോഹൻലാൽ സാർ. അതിൽക്കൂടുതൽ ഒരു സ്വപ്നം ഇല്ല, ഡയറക്ടർ മനസ്സിൽ കാണുന്ന ഒരു സിനിമ പുറത്തുകൊണ്ടുവരാൻ ഒരു നായകന്റെ ആത്മസമർപ്പണമാണ് ഏറ്റവും പ്രധാനം. അത് മനസ്സിലാക്കി കൃത്യമായി തരുന്ന നടനാണ് ലാൽ സാർ.

പുലിമുരുകനെ പുലിയാക്കിയ മറ്റുള്ളവർ ?

gopi-sundar-pulimurugan-songs

ഉദയേട്ടന്റെയും, ഷാജി ചേട്ടന്റെയും കരിയറിലെ ഏറ്റവും മികച്ച സിനിമയായിരിക്കും പുലിമുരുകൻ. എന്റെ സഹോദരനെപ്പോലെയാണ് ഗോപി. ഗോപിസുന്ദർ റീ റെക്കോർഡിങിൽ ഞെട്ടിച്ചു. അദ്ദേഹം ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. തെലുങ്ക്, മലയാളം, തമിഴ് സിനിമകൾ മാറിമാറി ചെയ്യുന്ന സമയത്ത് 35 ദിവസം രാവും പകലും ഈ സിനിമയ്ക്കായി മാറ്റുവച്ചു. ഒരു ഫോൺ പോലും എടുക്കാതെ എന്റെ കൂടെ ചിലവഴിച്ചു.

ലോകത്തൊരിടത്തും ഒരു മ്യൂസിക് ഡയറക്ടറും ഇതുപോലെ ആർ ആർ ചെയ്തിട്ടുണ്ടാകില്ല. ഗോപിയുടെ കൈവിരലുകള്‍ മാത്രമാണ് ആർ ആറിൽ പതിഞ്ഞിട്ടുള്ളൂ. സാധാരണ അസിസ്റ്റന്റിനെ ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. ക്ഷമയോടെ ഒരു ട്രാക്ക് ചെയ്യും അടുത്ത ട്രാക്ക് ചെയ്യും അങ്ങനെ വൺ മാൻ റീ റെക്കോർഡിങ് ആയിരുന്നു പുലിമുരുകന്റേത്. ലോകത്ത് തന്നെ ചിലപ്പോൾ ഇത് ആദ്യത്തെ സംഭവമായിരിക്കും.

ഒരുപാട് പേരുടെ ഒരുപാട് കാലത്തെ പ്രയത്നത്തിന്റെയും സ്വപ്നത്തിന്റെയും ഫലമാണ് പുലിമുരുകൻ എന്ന സിനിമ. ഒരിക്കലും ആളുകളെ നിരാശപ്പെടുത്തില്ല എന്ന വിശ്വാസമുണ്ട്. ഏഴാം തിയതിക്ക് ശേഷം ഒരു ലാൽ മാജിക് ഉണ്ടാകും അത് തിയറ്ററുകളിലും പ്രതിഫലിക്കും.