സല്‍മാന്‍ പോയാല്‍ ഒപ്പം പോകും 200 കോടി

ഹിന്ദി സിനിമയിലെ ഏറ്റവും വിലയേറിയതാരമായ സല്‍മാന്‍ ഖാന്‍ അഴിക്കുള്ളിലായാല്‍ ബോളിവുഡിന് കോടികളുടെ നഷ്ടമാണ് ഉണ്ടാകാന്‍ പോകുന്നത്. ഏകദേശം 200 കോടി രൂപയുടെ നഷ്ടമാകും ബോളിവുഡിന് ഉണ്ടാവുകയെന്നാണ് കണക്കുകൂട്ടല്‍. സല്‍മാന്‍ അഭിനയിച്ച ഒട്ടുമിക്ക ചിത്രങ്ങളും ബോക്സ് ഒാഫിസില്‍ ഹിറ്റാണ്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇറങ്ങിയ ദബാങ്, ദബാങ് 2, ബോഡി ഗാര്‍ഡ്, ഏക് ഥാ ടൈഗര്‍, കിക്ക് തുടങ്ങിയ ചിത്രങ്ങളെല്ലാം ബോക്സോഫീല്‍ വന്‍വിജയം നേടി. ഈ വര്‍ഷം സല്‍മാന്റെ രണ്ട് വമ്പന്‍ പ്രോജക്റ്റുകളാണ് വരാനിരുന്നത്. കബീര്‍ ഖാന്റെ ബജ്രംഗി ഭായിജാനും സൂരജ് ബര്‍ജത്യയുടെ പ്രേം രതന്‍ ഥന്‍ പായോയും. കശ്മീരിലെ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് വിധി കേള്‍ക്കാന്‍ സല്‍മാന്‍ കോടതിയിലെത്തിയത്.

കൂടാതെ കരണ്‍ ജോഹറിന്റെ ശുദ്ധി, അനീസ് ബസ്മിയുടെ നോ എന്‍ട്രി മേം എന്‍ട്രി, അലി അബ്ബാസ് സഫറിന്റെ സുല്‍ത്താന്‍ എന്നിവ സല്‍മാന്‍ കരാര്‍ ഒപ്പിട്ട മറ്റു ചിത്രങ്ങളാണ്. വാഹനാപകടക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ ഇൌ ചിത്രങ്ങളുടെയൊക്കെ ഭാവി അനിശ്ചിതത്വത്തിലായി.

വിധിപ്രഖ്യാപനം വന്നില്ലെന്നിരിക്കെ ഇനി അതിനെ കൂടി ആശ്രയിച്ചാവും നഷ്ടത്തിന്റെ വ്യാപ്തി കണക്കാക്കുക. നേരത്തെ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ സല്‍മാന്‍ ഒരാഴ്ച ജയിലില്‍ കിടന്നിട്ടുണ്ട്.