രോഗം വില്ലനായപ്പോള്‍ തകര്‍ന്ന വിവാഹബന്ധം; മനീഷ പറയുന്നു

‘പ്രിയപ്പെട്ട മായ... എന്റെ പേര് ദേവ്. 20 വർഷം മുൻപ് നിന്നെ ഞാൻ 20 മിനിറ്റു നേരത്തേക്കൊന്നു കണ്ടിട്ടുണ്ട്... പക്ഷേ, ആ നിമിഷം കൊണ്ട് നിന്നോടു പ്രണയത്തിലായിപ്പോയിരുന്നു ഞാൻ...’ ഒരിറ്റു വെളിച്ചം പോലും കടത്തിവിടാതെ ജനാലുകളും വാതിലുകളും കൊട്ടിയടച്ച വീട്ടിൽ വർഷങ്ങളായി ജീവിക്കുന്ന മായാദേവി എന്ന മധ്യവയസ്കയ്ക്കു ലഭിക്കുന്ന കത്തിലെ വരികളാണിത്. 

മായയുടെയും അവരെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്ന ഇറയുടെയും അനയുടെയും കഥ പറഞ്ഞ ഈ ബോളിവുഡ് ചിത്രത്തിന്റെ പേര് ‘ഡിയർ മായ’. അടുത്തിടെയിറങ്ങിയ ഈ ചിത്രത്തിലെ മായാദേവിയെ നമ്മളറിയും. 25 വർഷത്തിലേറെയായി നമ്മുടെ കൺമുന്നിലെ ഫ്രെയിമുകളിലൂടെ നിറഞ്ഞോടുന്നുണ്ട് ഇവരുടെ അഭിനയക്കാഴ്ചകൾ. 20 മിനിറ്റെന്നല്ല, 20 സെക്കൻഡുകൾക്കകം ആരും പ്രണയത്തിലായിപ്പോകുന്ന നടനസൗന്ദര്യം–മനിഷ കൊയ്‌രാള.

മനിഷ: എ ലവ് സ്റ്റോറി

‘കണ്ടതൊക്കെ വാരിവലിച്ചു തിന്നുന്ന കൂട്ടത്തിലാണു ഞാൻ. വ്യായാമം ചെയ്യാൻ പോലും മടി. അങ്ങനെ കുറേ തടിക്കുമ്പോൾ, എല്ലാവരുടെയും പറച്ചിൽ സഹിക്കാൻ പറ്റാതാകുമ്പോൾ മാത്രം ഡയറ്റിങ് ചെയ്യും...’ 1996ലെ ഒരു അഭിമുഖത്തിൽ ആരോഗ്യം സംബന്ധിച്ച ചോദ്യത്തിന്റെ ഉത്തരമായി മനിഷ പറഞ്ഞതാണിത്. 1991ൽ ‘സൗദാഗർ’ സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നേപ്പാളി പെൺകുട്ടിയായിരുന്നില്ല അന്നേരം അവർ. 25–ാം വയസ്സിൽത്തന്നെ ബോളിവുഡിന്റെയും തമിഴിലെയും താരമായിരിക്കുന്നു. 

കാരണമായതാകട്ടെ വിധു വിനോദ് ചോപ്രയുടെ ‘1942: എ ലവ് സ്റ്റോറിയും (1994) മണിരത്‌നത്തിന്റെ ‘ബോംബെ’യും (1995). അംഗീകാരങ്ങളുടെ നിറവിൽ തിളങ്ങിനിന്ന മനിഷയുടെ സൗന്ദര്യത്തിന്റെ രഹസ്യം യുവതീയുവാക്കളുടെയും കൗതുകമായിരുന്നു. വർഷങ്ങൾക്കിപ്പുറം അടുത്തിടെ നടത്തിയ ഒരു പ്രഭാഷണത്തിൽ അവർ ഒരുകാര്യം എടുത്തുപറഞ്ഞു: ‘ഇന്ന് ഞാൻ ഏറെ കരുതൽ കൊടുക്കുന്നത് എന്റെ ആരോഗ്യത്തിനാണ്. കാരണം ഒരിക്കൽ അത് ശ്രദ്ധിക്കാതെ ജീവിച്ചതിന്റെ ഫലം അത്രയേറെ ഭീകരമായിരുന്നു...’ കാൻസറിന്റെ പിടിയിൽപെട്ട നാളുകളെക്കുറിച്ചുള്ള മനിഷയുടെ ഓർമപ്പെടുത്തൽ കൂടിയായി ആ വാക്കുകൾ.

അന്ന് നവ്നീത് പറഞ്ഞു...

അഞ്ചുവർഷം മുൻപാണ് മനിഷയ്ക്ക് അണ്ഡാശയ കാൻസറാണെന്നു കണ്ടെത്തുന്നത്. പിന്നീട് ഒരു വർഷത്തോളം ആഘോഷങ്ങളും ആരവങ്ങളും എന്തിനേറെ പറയുന്നു സുഹൃത്തുക്കൾ പോലുമില്ലാത്ത കാലം. 2012ൽ ഭർത്താവ് സമ്രാട്ട് ദഹലിൽ നിന്ന് വിവാഹമോചനവും നേടി. അന്ന് ആകെ ഒപ്പമുണ്ടായിരുന്നതു വീട്ടുകാർ മാത്രം. ഇടയ്ക്ക് എല്ലാ ഞായറാഴ്ചയും ഒരു വനിതാഡോക്ടർ കാണാൻ വരും. 

ന്യൂയോർക്കിൽ കാൻസർ സ്പെഷലിസ്റ്റാണവർ. പേര് നവ്നീത് മരൂല. ദിവസം മുഴുവൻ മനിഷയ്ക്കൊപ്പം ചുമ്മാ സംസാരിച്ചിരിക്കും അവർ. ഒരിക്കൽ നവ്നീതിനോട് ചോദിച്ചു: ‘നിങ്ങൾ എന്റെ ആരാധികയാകാൻ ഒരു സാധ്യതയുമില്ല. എനിക്ക് നിങ്ങളെ പരിചയവുമില്ല. പിന്നെന്തിനാണിങ്ങനെ കഷ്ടപ്പെട്ട് സന്ദർശിക്കുന്നത്...?’ അതിനുള്ള മറുപടി ഇതായിരുന്നു: ‘പ്രിയപ്പെട്ട മനിഷാ, ഇന്നു ഞാൻ നൽകുന്ന ഈ കരുതൽ, നാളെ കാൻസറിൽ നിന്നു മുക്തയായി പുറത്തിറങ്ങുമ്പോൾ മറ്റുള്ളവർക്കും നിങ്ങൾ കൈമാറുമെന്ന പ്രതീക്ഷ എനിക്കുണ്ട്. ആ പ്രതീക്ഷ മാത്രം മനസ്സിൽ വച്ചുകൊണ്ടാണ് എന്റെ ഓരോ വരവും...’ ടെഡെക്സ് പ്രഭാഷണ പരമ്പരയിൽ മനിഷ ഇക്കാര്യം പങ്കുവയ്ക്കുമ്പോൾ നിറഞ്ഞ കയ്യടിയായിരുന്നു മറുപടി.

നവ്നീതിന്റെ പ്രതീക്ഷകളെന്തായാലും മനിഷ തെറ്റിച്ചില്ല. യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ടിന്റെ ഗുഡ്‌വിൽ അംബാസഡ‌ർമാരിൽ ഒരാളാണു മനിഷ ഇന്ന്. നേപ്പാളിൽ ഭൂകമ്പമുണ്ടായപ്പോൾ വിദൂരഗ്രാമങ്ങൾ വരെ സന്ദർശിച്ച് സഹായമെത്തിച്ചു. നേപ്പാളിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള പദ്ധതികളിൽ സഹായിക്കുന്നു. ബാലവിവാഹത്തിനും പെൺകുട്ടികളെ കടത്തിക്കൊണ്ടുപോയി വേശ്യാലയങ്ങൾക്കു വിൽക്കുന്ന മാഫിയയ്ക്കും എതിരെ മുന്നിലുണ്ട്. കാൻസർ ബാധിതരായവർക്ക് ആ രോഗത്തിനപ്പുറവും ഒരു ജീവിതമുണ്ടെന്നുറപ്പാക്കി ആത്മവിശ്വാസം പകരാൻ ബോധവൽകരണ യാത്രകളിലും സജീവം. യോഗയും വ്യായാമങ്ങളുമായി സ്വന്തം ആരോഗ്യവും കൃത്യമായി സംരക്ഷിക്കുന്നു. പഴയതുപോലെ അനാവശ്യ സൗഹൃദങ്ങളോ രാത്രിപാർട്ടികളോ ഒന്നുമില്ല. മനിഷയുടെ വാക്കുകളിൽ പറഞ്ഞാൽ ‘ഏറ്റവും അർഥവത്തായ ബന്ധങ്ങൾ’ മാത്രം.

മനിഷയുടെ മായ

അഞ്ച് ഭാഷകളിലായി നൂറോളം സിനിമകൾ ചെയ്തു. എന്നാൽ എണ്ണത്തിലേറിയെങ്കിലും ഗുണത്തിൽ കുറവായിരുന്നു ആ ചിത്രങ്ങളെന്നതും മനിഷ സമ്മതിക്കുന്നു. ഇനി ഓരോ സിനിമയും കൃത്യമായി വിലയിരുത്തി മാത്രമേ തിരഞ്ഞെടുക്കൂവെന്ന തീരുമാനവും കാൻസർകാലത്തു തന്നെ മനസ്സിലുറപ്പിച്ചതാണ്. ഏറ്റവും പുതിയ ചിത്രം ‘ഡിയർ മായ’യിലെ അഭിനയത്തിനും നിരൂപകർ പ്രശംസ കൊണ്ട് മൂടുകയാണു മനിഷയെ. 

‘നാളുകൾക്കുശേഷം ഒരു പ്രധാന കഥാപാത്രമായുള്ള ഈ തിരിച്ചുവരവിൽ ഓരോ സീനിലും മനിഷയെ വിട്ടുപോകാൻ ക്യാമറപോലും മടിക്കുന്നു. അത്രമാത്രം സൗന്ദര്യമുണ്ട് അവരുടെ അഭിനയമുഹൂർത്തങ്ങളിൽ’ എന്നാണ് ഒരു നിരൂപകൻ എഴുതിയത്. ഇന്ന് പൂർണമായും കാൻസറിൽ നിന്ന് രക്ഷപ്പെട്ടിരിക്കുന്ന മനിഷ. ജീവിതത്തിലെ ആ അപ്രതീക്ഷിത വെല്ലുവിളി ഈ നായികയ്ക്കു നൽകിയ ആത്മവിശ്വാസം ചെറുതൊന്നുമല്ല. സഞ്ജയ്ദത്തിന്റെ ജീവിതത്തെ ആസ്പദമാക്കി രാജ്കുമാർ ഹിറാനി ഒരുക്കുന്ന ചിത്രത്തിൽ ദത്തിന്റെ അമ്മ നർഗീസിന്റെ വേഷത്തിൽ അഭിനയിക്കുകയാണു മനിഷ ഇപ്പോൾ. കാൻസർകാലത്തെക്കുറിച്ച് ഒരു പുസ്തകവും എഴുതുന്നു.

ജീവിതം പോലെ ഇത്രയേറെ വിലപ്പെട്ട സമ്മാനം വെറുതെ നശിപ്പിച്ചുകളയാനുള്ളതല്ല എന്ന ബോധ്യമാണു കാൻസർകാലം മനിഷയെ പഠിപ്പിച്ചത്. അതിനെ ഈ നാൽപത്തിയാറുകാരി ഇങ്ങനെ വിശദീകരിക്കുന്നു: ‘ജീവിതം പല വെല്ലുവിളികളെയും നമുക്കു മുന്നിലേക്കു വയ്ക്കും, അതും തികച്ചും അപ്രതീക്ഷിതമായി. ഒന്നുകിൽ നമുക്കതിനു കീഴ്പ്പെടാം അല്ലെങ്കിൽ മുന്നോട്ടുള്ള ജീവിതത്തിലേക്ക് ഒരു ചവിട്ടുപടിയായി അതിനെ മാറ്റിയെടുക്കാം...’ ലോകത്തിനു മുന്നിൽ ആത്മവിശ്വാസത്തോടെ നിൽക്കുന്ന ആ മാറ്റത്തിന്റെ പേരാണ് മനിഷ കൊയ്‌രാള!