Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഹേന്ദ്ര ബിസിനസ് ധോണി; ചിത്രം ആദ്യദിനം വാരിയത് 20 കോടി

dhoni-susanth

നസ്റുദ്ദീൻ ഷാ ഒരു ‘സാധാരണക്കാരനെ’ അവതരിപ്പിച്ച എ വെനസ്ഡേ എന്ന സിനിമയാണു നീരജ് പാണ്ഡെ എന്ന സംവിധായകന് ആദ്യം കയ്യടി നേടിക്കൊടുത്തത്. സിനിമാ പ്രേമികളെക്കൊണ്ടു ‘ശെടാ ഇയാൾ കൊള്ളാമല്ലോ’ എന്നു പറയിച്ച സംവിധായകൻ. വെനസ്ഡേ യിലൂടെ പ്രമുഖ നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരം നേടിയ നീരജ് പാണ്ഡെ ഒരു ക്രിക്കറ്റ് താരത്തിന്റെ കഥയുമായി പുറത്തെത്തിയ സിനിമയാണ് ഈയാഴ്ച ബോക്സ് ഓഫിസിലെ പ്രധാന ചർച്ച.

എം.എസ്. ധോണി ദി അൺടോൾഡ് സ്റ്റോറി എന്ന സിനിമ റിലീസ് ചെയ്ത് ആദ്യ ദിവസങ്ങളിൽ തന്നെ തരംഗമായി മാറിയിട്ടുണ്ട്. 104 കോടി രൂപ മുതൽമുടക്കിൽ നിർമിച്ച ധോണി സിനിമ റിലീസ് ചെയ്ത് ആദ്യ ദിനം നേടിയതു 21.30 കോടി രൂപ. സിനിമ നേടുന്ന സാമ്പത്തിക ലാഭത്തിന്റെ കണക്കുകൾ വരുംദിവസങ്ങളിൽ കൃത്യമായി അറിയാം.

dhoni-susanth-1

പക്ഷേ, എം.എസ്. ധോണിയെന്ന രാജ്യാന്തര ക്രിക്കറ്റർ ഇപ്പോൾ ഒരു സംരംഭകന്റെ റോളിൽ നന്നായി തിളങ്ങുന്നുണ്ടെന്നതാണു ബിസിനസ് ലോകത്തെ ചർച്ച. ക്യാപ്റ്റൻ കൂളിന്റെ ബിസിനസ് റോളുകൾ ക്രിക്കറ്റിനേക്കാളും മുകളിലാണെന്നതാണ് ഏറ്റവും രസകരമായ കാര്യം. ഫുട്ബോൾ, ഹോക്കി, ഫിറ്റ്നസ് സെന്റർ തുടങ്ങിയ വ്യത്യസ്ത മേഖലകളിലാണു ധോണിയുടെ നിക്ഷേപം.

സ്പോർട്സ്ഫിറ്റ് എന്ന ഫിറ്റ്നസ് സെന്റർ ശൃംഖലയിലാണു ധോണി ഏറ്റവും കാര്യമായി മുതൽ മുടക്കിയിരിക്കുന്നത്. ധോണി തന്റെ ബിസിനസ് മാനേജർ അരുൺ പാണ്ഡെയ്ക്കൊപ്പം 2012–ലാണ് ഇത് ആരംഭിക്കുന്നത്. ഗുർഗാവിൽ 25,000 ചതുരശ്ര അടി വലുപ്പമുള്ള ഫിറ്റ്നസ് സെന്ററാണ് ആദ്യം തുറന്നത്.

ന്യൂഡൽഹി, ലക്നൗ, ഡെറാഡൂൺ, മീററ്റ്, വാരാണസി, ഫരീദാബാദ് തുടങ്ങിയ സ്ഥലങ്ങളിലും ഇവർ ഇതിനോടകം സെന്ററുകൾ ആരംഭിച്ചു. ധോണിയുടെ പ്രത്യേക മേൽനോട്ടത്തിൽ തിരഞ്ഞെടുത്ത ഫിറ്റ്നസ് ഉപകരണങ്ങളും ട്രെയിനർമാരുമാണ് സ്പോർട്സ് ഫിറ്റിന്റെ പ്രത്യേകത. ഫിറ്റ്നസ് കൗൺസിലർമാർ ഉൾപ്പെടെയുള്ളവരുടെ സേവനവുമുണ്ട്. അഞ്ചു വർഷത്തിനുള്ളിൽ രാജ്യമെമ്പാടും 200 ഫിറ്റ്നസ് സെന്ററുകൾ ആരംഭിക്കുക എന്നതാണു ലക്ഷ്യം. 2000 കോടി നിക്ഷേപമാണ് ഇതിനുവേണ്ടി നടത്തുന്നത്

dhoni

ബൈക്കിന്റെയും വേഗത്തിന്റെയും ഇഷ്ടക്കാരനാണ് മഹേന്ദ്രസിങ് ധോണി. സൂപ്പർ ബൈക്ക് റേസിങ്ങിൽ തന്റെ ടീമിനെ ഇറക്കിയാണു ധോണി തന്റെ വേഗ ഇഷ്ടം കാട്ടിയത്. 2012 ജൂലൈയിൽ എഫ്ഐഎം സൂപ്പർ സ്പോർട്സ് ലോക ചാംപ്യൻഷിപ്പിലാണ് എംഎസ്ഡി ആർഎൻ റേസിങ് ടീം ഇന്ത്യ എന്ന ടീമിനെ ധോണി ആദ്യമായി അവതരിപ്പിച്ചത്. മഹേന്ദ്ര സിങ് ധോണി എന്ന പേരിന്റെ ചുരുക്കെഴുത്താണു എംഎസ്ഡി.

ചെക്ക് റിപ്പബ്ലിക്കിൽ നടന്ന ചാംപ്യൻഷിപ്പിന്റെ പത്താം മൽസരത്തിലായിരുന്നു എംഎസ്ഡി ടീമിന്റെ അരങ്ങേറ്റം. ഫ്രാൻസ്, ബ്രിട്ടൻ എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു ആദ്യ സീസണിലെ ഡ്രൈവർമാർ. എഫ്ഐഎം സൂപ്പർ സ്പോർട്സ് സീരീസിലെ ആദ്യ ഇന്ത്യൻ ടീമെന്ന പെരുമയോടെയായിരുന്നു ഇവരുടെ വരവ്. കവാസാക്കിയുടെ നിൻജഇസഡ്എക്സ്-4 സൂപ്പർബൈക്കുകളുമായാണ് ആദ്യ സീസണിൽ ടീമെത്തിയത്. എഫ്ഐഎമ്മിന്റെ അടുത്ത സീസണിൽ ടീമിന്റെ പേര് മഹി റേസിങ് എന്നാക്കി പരിഷ്കരിച്ചു. നടൻ നാഗാർജുനയ്ക്കും ടീമിൽ നിക്ഷേപമുണ്ട്.

INDIA-ARTS-CRICKET-CINEMA-BOLLYWOOD

ഐഎസ്എൽ ടീമായ ചെന്നൈയിൻ എഫ്സിയാണു ധോണി നിക്ഷേപം നടത്തിയ മറ്റൊരു സംരംഭം. നടൻ അഭിഷേക് ബച്ചൻ, ഏഷ്യൻ പെയിന്റ്സ് ഉടമസ്ഥർ എന്നിവർക്കൊപ്പമാണു 2014ൽ ധോണി ചെന്നൈയിൻ എഫ്സി സ്വന്തമാക്കിയത്. ആദ്യ സീസണിൽ സെമി ഫൈനൽ വരെയെത്തിയ ടീം രണ്ടാം സീസണിൽ കിരീടം സ്വന്തമാക്കുകയും ചെയ്തു. ധോണിയുടെ നിക്ഷേപം എത്രയെന്ന് ഇപ്പോഴും കൃത്യമായ വിവരം ലഭ്യമായിട്ടില്ല.

ഹോക്കിയിലാണു ധോണിയുടെ മറ്റൊരു നിക്ഷേപം. ഹോക്കി ഇന്ത്യ ലീഗിലെ റാഞ്ചി റേയ്സിന്റെ ഉടമസ്ഥനാണ് എം.എസ്. ധോണി. ഹോക്കി ഇന്ത്യ ലീഗിൽ റാഞ്ചി റൈനോസ് എന്ന ടീമാണ് ആദ്യംമുതലുണ്ടായിരുന്നത്. പട്ടേൽ-യൂണിഎക്സെൽ ഗ്രൂപ്പിന്റെ കയ്യിലുണ്ടായിരുന്ന റാഞ്ചി റൈനോസ് ഹോക്കി ഇന്ത്യ ലീഗിൽ നിന്നു 2014 സെപ്റ്റംബറിൽ പുറത്തായതോടെയാണു ധോണി രംഗത്തെത്തിയത്. തൊട്ടടുത്ത മാസം തന്നെ സഹാറ ഗ്രൂപ്പുമായി ചേർന്നു റാഞ്ചി റെയ്സ് എന്ന ടീമിനെ ധോണി അവതരിപ്പിച്ചു. കഴിഞ്ഞ വർഷത്തെ സീസണിൽ ചാംപ്യൻമാരായാണു ടീം ക്യാപ്റ്റൻ കൂളിന്റെ തീരുമാനം ശരിവച്ചത്.

രാജ്യാന്തര ക്രിക്കറ്റിൽ നിന്നു പതിയെ മാറിനിൽക്കുമ്പോഴും സ്പോർട്സിനോടുള്ള ധോണിയുടെ ഇഷ്ടം ശക്തമായി തുടരുന്നുവെന്നതിനു തെളിവാണ് അദ്ദേഹത്തിന്റെ സംരംഭങ്ങളെല്ലാം. ഫുട്ബോൾ, ഹോക്കി, ബൈക്ക് റേസിങ് എന്നിവയിൽ സജീവമായി നിൽക്കുന്ന ധോണി കായികരംഗത്തോട് ചേർന്നു നിൽക്കുന്ന ഫിറ്റ്നസ് മേഖലയിലും തന്റെ സാന്നിധ്യം ഉറപ്പിക്കുകയാണ്. ധോണിയെന്ന ബിസിനസ്മാന്റെ വിജയമാണ് ഇനി കാത്തിരുന്നു കാണേണ്ടത്. 

Your Rating: