Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘എന്നെ വേശ്യയെന്ന് വിളിച്ചോളൂ’; എല്ലാത്തിനുമുള്ള മറുപടിയുമായി കങ്കണ

kangana

ക്യൂൻ എന്നതൊരു ടാഗ് ലൈനാക്കിയാൽ അതിൽ എഴുതേണ്ടത് നിറയ്ക്കേണ്ടത് കങ്കണ റണൗട്ടിനെ കുറിച്ച് മാത്രമായിരിക്കണം. അഭിനയത്തിൽ മാത്രമല്ല, വ്യക്തിത്വത്തിലും താനൊരു ക്യൂൻ ആണെന്ന് വീണ്ടും വീണ്ടുമവര്‍ തെളിയിക്കുകയാണ്. തന്നെ ഹൃത്വിക് പ്രണയിച്ചിരുന്നുവെന്ന് പറഞ്ഞപ്പോഴും വിവാദങ്ങൾക്കൊടുവിൽ ചെളിവാരിയെറിയൽ ആവശ്യത്തിലധികം കിട്ടിയപ്പോഴും താനെന്താണെന്ന് വിളിച്ചു പറയുവാൻ കാണിക്കുന്ന ധൈര്യമാണ് ഇങ്ങനെ പറയിപ്പിക്കുന്നത്.

‘എന്റെ ഉള്ളിലെന്താണോ തോന്നിയത് എന്റെ ജന്മവാസനയെന്തായിരുന്നുവോ അതിനായിട്ടാണ് ഞാൻ യാത്ര തുടങ്ങിയത്. അതൊരിക്കലുമൊരു സുഖകരമായ കഥയൊന്നുമല്ലായിരുന്നു. ഒരു സാധാരണ ഗ്രാമത്തിൽ നിന്നാണ് ഇവിടം വരെയെത്തിയത്. ആരുമുണ്ടായിരുന്നില്ല പിന്തുണയ്ക്ക്. അച്ഛനോ അമ്മയോ ആരും. ചലച്ചിത്ര ലോകം പ്രത്യേകിച്ച്. പക്ഷേ ഇന്നെല്ലാവരുമുണ്ട്.

ബോളിവുഡ് എന്നെ അംഗീകരിണമെന്ന് ഞാൻ പറയില്ല. എന്തിനാണ് അങ്ങനെ പറയുന്നത്. ഞാനാണ് ബോളിവുഡിനെ അംഗീകരിക്കേണ്ടത്. ഉൾക്കൊള്ളേണ്ടത്. അംഗീകാരം തേടി നടക്കുവാൻ ഞാനില്ല. ആരുടെയങ്കിലുമൊക്കെ പ്രതീക്ഷകൾക്കനുസരിച്ച് ജീവിക്കുവാനും ഞാനില്ല. ആരും എന്റെയൊപ്പം നിൽക്കണമെന്നും ഞാൻ ആഗ്രഹിക്കുന്നില്ല. അങ്ങനെ നിൽക്കാത്തതുകൊണ്ട് എന്തെങ്കിലും മോശം കാര്യം സംഭവിച്ചുവെന്നും ഞാൻ കരുതുന്നില്ല. കരിയറിന്റെ തുടക്കത്തില്‍ ഞാനും ആഗ്രഹിച്ചിരുന്നത് ഖാൻമാരടങ്ങുന്ന ഹീറോകൾക്കൊപ്പം അഭിനയിക്കുവാനായിരുന്നു. പക്ഷേ അന്നവർ തയ്യാറായിരുന്നില്ല. ഇന്നൊരുപാട് ഓഫറുകൾ വരുന്നുണ്ട്. എന്നാൽ ഇന്ന് ഞാനത് ആഗ്രഹിക്കുന്നില്ല.

എന്റെ ജീവിതത്തിൽ എന്തെങ്കിലും മോശം കാര്യം സംഭവിച്ചുവെന്ന് ഞാൻ കരുതുന്നില്ല. പക്ഷേ അടുത്തിടെ ജീവിതത്തിൽ ചില കാര്യങ്ങൾ എന്നെ ഞെട്ടിച്ചുവെന്നത് സത്യമാണ് അതെന്നെ അധികം ബാധിച്ചില്ലെങ്കിൽ കൂടി. സമൂഹത്തിന്റെ വേറൊരു മുഖമാണ് എന്നിലേക്ക് തുറന്നിടപ്പെട്ടത്. നമുക്കൊരിക്കലും സമരസപ്പെടുവാനാകാത്ത സാമൂഹിക ചിന്താഗതികളാണവയെല്ലാം. മന്ത്രവാദി എന്നൊക്കെ പറഞ്ഞ് അടിച്ചമർ‌ത്തുന്നത് ഒരിക്കലും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് ചേരാത്ത സംഭവങ്ങളാണ്. സത്യത്തിൽ ഇങ്ങനെയൊക്കെ കേൾക്കേണ്ടി വരുമെന്ന് കരുതിയേയില്ല. ഹൃത്വികുമായുള്ള വിവാദം മുറുകുന്നതിനിടെ നടിക്കെതിരെ രൂക്ഷമായ വാദങ്ങളുമായി മുൻ കാമുകൻ അധ്യായൻ സുമന്റെ അമ്മയുമച്ഛനും രംഗത്തെത്തിയിരുന്നു. തന്റെ മകനെതിരെ കങ്കണ ബ്ലാക്ക് മാജിക് ചെയ്തുവെന്നായിരുന്നു അവരുടെ പ്രധാന ആരോപണം.

എനിക്ക് കിട്ടുന്ന ഓരോ വിജയവും എനിക്കെതിരെയുള്ള വിവാദങ്ങൾക്കുള്ള മധുര പ്രതികാരം തന്നെയാണ്. അസൂയയൊക്കെ ആകാം. പക്ഷേ ഇത്തരത്തിലുള്ള ക്രൂരത ഒരിക്കലും ഒരാളോടും കാണിക്കരുത്. തീർത്തും സെന്‍സിറ്റീവ് ആയ കാര്യങ്ങളെ ക്രൂരമായ സാഡിസ്റ്റിക് ആയ നെഗറ്റീവ് ആയ രീതിയിൽ കൈകാര്യം ചെയ്യുന്നത് തീർത്തും അരോചകമായ കാര്യം തന്നെയാണ്. സ്ത്രീയെ വെറുമൊരു വസ്തുവായി മാത്രം കണക്കാക്കുന്ന, കൈകാര്യം ചെയ്യുന്ന രീതിയെ എനിക്ക് പലപ്പോഴും വിശ്വസിക്കുവാനായിട്ടില്ല. എന്നെയൊരു വേശ്യയെന്നോ ‌‌‌ഭ്രാന്തിയെന്നോ വിളിക്കുന്നതിൽ എനിക്കൊരു പ്രശ്നവുമില്ല. പെൺമയെ ഉയർത്തിപ്പിടിക്കുന്ന സ്ത്രീകൾ എപ്പോഴുമത് കേൾക്കേണ്ടി വന്നിട്ടുണ്ട്. അവൾ അതിന്റെ ഔന്നിത്യത്തിലേക്ക് പോകുകയാണെങ്കില്‍ ഭ്രാന്തിയെന്ന് വിളിക്കും. ഇതു രണ്ടും കേൾക്കുന്നതിൽ എനിക്കൊരു കുഴപ്പവുമില്ല.

സ്ത്രീകളുടെ ആർത്തവത്തെ കുറിച്ച് എന്തിനാണ് രാജ്യം ചർച്ച ചെയ്യുന്നത്. ഇതൊരു തരം മദ്യമോ ഭക്ഷണപാനീയമോ ഒന്നുമല്ല. അത് അറപ്പുളവാക്കുന്നവയെന്നാണ് ഏവരുടെയും ചിന്താഗതി. ഞങ്ങൾ സ്ത്രീകൾ എന്തിനാണ് ഇതിനെക്കുറിച്ച് പറയേണ്ടി വരുന്നത്. അതിന്റെ ആവശ്യമില്ല.

ഞാനെന്റെ ശരീരം കൊണ്ടും കൂര്‍മമായ മനസുകൊണ്ടും അഭിമാനിക്കുന്നവളാണ്. എന്നിൽ അഭിമാനിക്കുന്നവളും സന്തോഷിക്കുന്നവളുമാണ്. മറ്റുള്ളവർ എന്നെയങ്ങനെ വിളിക്കുന്നതിൽ എനിക്കെന്തെങ്കിലും മോശം തോന്നുന്നതെന്തിനാണ് അപ്പോൾ. കങ്കണ ചോദിക്കുന്നു.

ഇതെല്ലാം പറയുമ്പോഴും ബോളിവുഡിലെ ഫെമിനിസ്റ്റ് എന്ന പദപ്രയോഗത്തോട് കങ്കണയ്ക്ക് എതിർപ്പുണ്ട്. എനിക്കിപ്പോൾ ചാർത്തിത്തരുന്ന ബോളിവുഡിലെ ഫെമിനിസ്റ്റ് മുഖമെന്ന പ്രയോഗം പോലും ചേരുന്നതല്ല. കാരണം, ഞാൻ അത്തരത്തിലൊരു കാര്യത്തിന് അർഹയല്ല. അതെനിക്കൊരു ഭാരമായിട്ടാണ് തോന്നുന്നത്. സമൂഹത്തിനായി ഞാനെന്തെങ്കിലും ചെയ്തുവെന്ന് നടിച്ച് ജീവിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അങ്ങനെ ചെയ്യുമ്പോൾ മാത്രം മതി എനിക്കങ്ങനെയൊരു അംഗീകാരം.

ഹൃത്വികുമായുള്ള പ്രണയത്തെ കുറിച്ച് പറഞ്ഞാണ് കങ്കണ വീണ്ടും വാർത്തകൾ വന്നതെങ്കിലും എൻഡിടിവിക്കും ഇന്ത്യാ ടുഡേയ്ക്കും നൽകിയ അഭിമുഖത്തിൽ കങ്കണ ചൂണ്ടിക്കാണിച്ചതെല്ലാം പെണ്ണിനോടുള്ള സമൂഹത്തിന്റെ ചിന്താഗതികളോടു തന്നെ. അധ്യായൻ സുമനാണ് കങ്കണ കനത്ത മറുപടി നൽകിയതെന്ന് വേണം കരുതുവാൻ. പിന്നെ ഹൃത്വികിന്റെ നിഷേധങ്ങള്‍ക്ക് തന്നെയൊന്നു നുള്ളിനോവിക്കുവാൻ പോലുമായിട്ടില്ലെന്നും.

വിവാദങ്ങൾക്കൊന്നും തനിക്കുള്ളിലെ അഗ്നിയെ കരുത്തിനെ അടിച്ചമർത്താനാകില്ലെന്നും. നടിയെന്നാൽ‌ നായകനൊപ്പം കാമറയ്ക്കു മുന്നിൽ തുള്ളിക്കളിയ്ക്കുവാൻ മാത്രമറിയുന്ന, മനോഹരമായ ചേല ചുറ്റി ഫോട്ടോകൾക്ക് മുന്നിൽ പോസ് ചെയ്യുവാൻ മാത്രം കൊള്ളാവുന്ന വർഷത്തിലൊരിക്കൽ കിട്ടുന്ന അവാർഡുകൾ വാങ്ങുകയും മാത്രം ചെയ്യുന്ന വസ്തുവല്ലെന്നുമുള്ള തിരിച്ചറിവാണ് കങ്കണ സൃഷ്ടിക്കുന്നത്. 

Your Rating: