പത്ത് ലക്ഷം കടന്ന് വിദ്യയും ഇമ്രാനും

മോഹിത് സൂരി സംവിധാനം ചെയ്യുന്ന റൊമാന്റിക് ചിത്രമായ ഹമാരി അദൂരി കഹാനിയുടെ ട്രെയിലര്‍ വന്‍ ഹിറ്റായിരിക്കുകയാണ്. പത്ത് ലക്ഷം ആളുകളാണ് ഇതിനകം ട്രെയിലര്‍ കണ്ടു കഴിഞ്ഞത്. ബോളിവുഡ് സെലിബ്രിറ്റികളും ട്രെയിലര്‍ കണ്ട് ചിത്രത്തെ വാനോളം പുകഴ്ത്തിയിട്ടുണ്ട്. ഹൃദയഭേദകമായ ലവ്സ്റ്റോറി എന്നാണ് ചിത്രത്തെകുറിച്ചുള്ള വിശദീകരണം. കരണ്‍ ജോഹര്‍, ബിപാഷാ ബസു, ശ്രദ്ധാ കപൂര്‍, അര്‍ജുന്‍ കപൂര്‍, ആലിയ ഭട്ട് തുടങ്ങിയ താരങ്ങളെല്ലാം ട്രെയിലര്‍ കണ്ട് ചിത്രത്തെ പ്രശംസിച്ചിട്ടുണ്ട്. സെലിബ്രിറ്റികള്‍ക്കിടയില്‍ മാത്രമല്ല സാധാരണ സിനിമ പ്രേക്ഷകര്‍ക്കിടയിലും ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ട്രെയിലര്‍ യൂട്യൂബില്‍ അപ് ലോഡ് ചെയ്ത് ഇരുപത്തിനാല് മണിക്കുറിനുള്ളില്‍ ആറ് ലക്ഷംപേരാണ് കണ്ടത്.

വിദ്യാബാലന്‍,രാജ്കുമാര്‍ റാവു, ഇമ്രാന്‍ ഹാഷ്മി എന്നിവര്‍ പ്രധാന കഥപത്രമായി എത്തുന്ന ചിത്രത്തിന്റെ മൂന്ന്മിനിറ്റ് നീളുന്ന ട്രെയിലറില്‍ മിന്നുന്ന പ്രകടനമാണ് മൂവരും കാഴ്ച്ച വയ്ക്കുന്നത്. വിദ്യാബാലനും ഇമ്രാന്‍ ഹാഷ്മിയും തമ്മിലുള്ള ത്രീവ്ര നിമിഷങ്ങളും ട്രെയിലറില്‍ ഉണ്ട്. മോഹിത് സൂരി ചിത്രത്തില്‍ കാണുന്ന നാടകീയത, പ്രണയം, ശ്രൂതിമധുരമായ സംഗീതം എന്നിവ ഈ ചിത്രത്തിന്റ ട്രെയിലറിലും ഉണ്ട്. രാജ്കുമാര്‍ ചിത്രത്തില്‍ വിദ്യയുടെ ഭര്‍ത്താവായി വേഷമിടുമ്പോള്‍ ഇമ്രാന്‍ ഹാഷ്മിയുടെ കഥപാത്രം വിദ്യയുമായി പ്രണയത്തിലാണ്.

ആഷികി ടൂ, ഏക് വില്ലന്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം മോഹിത് സൂരി സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ മഹേഷ് ഭട്ടിന്റെതാണ്. അദ്ദേഹത്തിന്‍ മതാപിതാക്കളുടെ പ്രണയത്തെ അടിസ്ഥാനമാക്കിയാണ് സിനിമ. ജൂണ്‍ 12 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.