Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പതിനഞ്ചാം വയസിൽ വീടുവിട്ടിറങ്ങിയ കങ്കണ

kangana-ranaut

ലാബിൽ ഒരു ചെറുപാറ്റയെപ്പോലും കീറിമുറിച്ചു പരിശോധിക്കാനാകത കൈവിറച്ചു തളർന്നിരുന്നുപോയ പെൺകുട്ടി. അവളോട് അച്ഛൻ പറഞ്ഞു: ‘ഇങ്ങനെയായാൽ പറ്റില്ല. നീ മെഡിക്കൽ എൻട്രൻസെഴുതണം, പഠിച്ചൊരു ഡോക്ടറാകണം. അതാണ് എന്റെയും ഈ കുടുംബത്തിന്റെയും ആഗ്രഹം..’ പക്ഷേ, ആ ചുരുളൻമുടിക്കാരി പെൺകുട്ടി അച്ഛനോടു പറഞ്ഞു: ‘എന്നെക്കൊണ്ട് സാധിക്കില്ല..എനിക്ക് എന്റേതായ ആഗ്രഹങ്ങളുണ്ട്’ കൈവീശി അവളുടെ മുഖത്തടിച്ചുകൊണ്ടാണ് അച്ഛൻ അതിനോടു പ്രതികരിച്ചത്. നിറഞ്ഞ കണ്ണു തുടച്ചുകൊണ്ടവൾ പറഞ്ഞു: ‘ഇനിയെന്നെ തല്ലിയാൽ ഞാനും തിരിച്ചു തല്ലിയെന്നു വരും...’

അച്ഛനെ തല്ലാനൊരുങ്ങിയവളുടെ സ്ഥാനം പടിക്കു പുറത്തായിരുന്നു. അങ്ങനെ പതിനാറാം വയസ്സിൽ ചുമലിലൊരു ബാഗുമായി, കയ്യിൽ ചില്ലിക്കാശില്ലാതെ കങ്കണ റനാവത്ത് എന്ന ആ പെൺകുട്ടി ഹിമാചൽ പ്രദേശിലെ സുരാജ്പൂരിലുള്ള തന്റെ വീട്ടിൽ നിന്നിറങ്ങി. ഇന്ന്, ഒരു വ്യാഴവട്ടക്കാലത്തിനപ്പുറം, എല്ലാ തിരിച്ചടികളെയും മറികടന്ന് ലോകമെങ്ങുമുള്ള ചലച്ചിത്രപ്രേക്ഷകരുടെ മനസ്സിൽ അഭിനയത്തികവു െതളിയിച്ച തിളങ്ങുന്ന താരമാണവൾ. മികച്ച അഭിനയത്തിന് തുടരെത്തുടരെ രണ്ട് ദേശീയ അവാർഡുകൾ. ഒരിക്കൽ മികച്ച സഹനടിക്കുള്ള ദേശീയ അവാർഡും.

അപമാനത്തിന്റെ നാളുകൾ

2014ൽ ‘ക്വീനി’ലെ അഭിനയമികവിനായിരുന്നു കങ്കണയ്ക്ക് മികച്ച നടിക്കുള്ള ആദ്യ ദേശീയ അവാർഡ്. പറഞ്ഞുറപ്പിച്ച വിവാഹത്തിൽനിന്ന് അവസാനനിമിഷം പിന്മാറിയ ചെറുപ്പക്കാരനെ വെല്ലുവിളിച്ചെന്നവണ്ണം പാരിസിലേക്കും ആംസ്റ്റർഡാമിലേക്കും ഒറ്റയ്ക്ക് ‘മധുവിധു’ ആഘോഷിക്കാൻ പോകുന്ന റാണി മെഹ്റ എന്ന കഥാപാത്രത്തിനായിരുന്നു അത്. കങ്കണയുടെ ജീവിതവുമായി ഒരുപക്ഷേ ഏറെ ചേർന്നുനിൽക്കുന്നതുമായിരുന്നു ആ കഥാപാത്രം.

kangana-ranaut

പതിനാറാം വയസ്സിൽ വീടുവിട്ടിറങ്ങിയ കങ്കണ നേരെ പോയത് ഛണ്ഡീഗഡിലുള്ള കൂട്ടുകാരിയുടെ അടുത്തേക്ക്. അവിടെനിന്നു ഡൽഹിയിലേക്ക്. അഭിനയം പഠിക്കുകയായിരുന്നു ലക്ഷ്യം. ചില ഏജൻസികളിൽ ചെറിയതോതിൽ മോഡലിങ് നടത്തിയായിരുന്നു അന്ന് ജീവിക്കാനുള്ള പണം കണ്ടെത്തിയത്. അതിനിടെ പ്രശസ്ത നാടകാചാര്യൻ അരവിന്ദ് ഗൗറിന്റെ നാടകക്കളരിയിൽ അഭിനയം. അസ്മിതയെന്ന തിയറ്റർ ഗ്രൂപ്പിന്റെ നാടകങ്ങളിലൂടെ അഭിനയത്തിന്റെ അരങ്ങത്തേക്ക്. അരവിന്ദ് ഗൗറിന്റെ നിർദേശപ്രകാരമാണ് കങ്കണ ചലച്ചിത്ര മേഖലയിലേക്ക് ശ്രദ്ധതിരിച്ചത്. അങ്ങനെ മുംബൈയിലേക്ക്. അവിടെ ആശാചന്ദ്ര ഡ്രാമാ സ്കൂളിലും നാലുമാസത്തെ അഭിനയപഠനം. അക്കാലത്തെല്ലാം വെറും ബ്രഡും അച്ചാറും കഴിച്ചാണ് വിശപ്പടക്കിയിരുന്നതെന്ന് കങ്കണ ഓർക്കുന്നു. ഒട്ടേറെപ്പേർ തിങ്ങിത്താമസിക്കുന്ന ഹോസ്റ്റൽ മുറിയിൽ പലപ്പോഴും നിലത്തുകിടന്നുറങ്ങി.

വീട്ടിൽനിന്നിറങ്ങി കുറച്ചുനാൾ കഴിഞ്ഞപ്പോൾ അച്ഛനും അമ്മയും കങ്കണയെ കാണാൻ വന്നു. അന്ന് അച്ഛൻ നൽകിയ 50,000 രൂപ പോലും വേണ്ടെന്നു പറഞ്ഞ് മടക്കി. ബന്ധുക്കളുടെയുൾപ്പെടെ ശാപവാക്കുകൾക്കിടയിലും തന്റെ നല്ലനാളിനു വേണ്ടി കാത്തിരിപ്പ് തുടർന്നു കങ്കണ.

2006ൽ ആദ്യചിത്രം ‘ഗാങ്സ്റ്ററി’നു കരാറൊപ്പിടുമ്പോൾ 18 തികഞ്ഞതേയുണ്ടായിരുന്നുള്ളൂ കങ്കണയ്ക്ക്. ഗാങ്സ്റ്ററിലെ അധോലോക രാജാവിന്റെ കാമുകിയായി തകർത്തഭിനയിച്ച കങ്കണയ്ക്ക് ആ വർഷം മികച്ച നവാഗത അഭിനേത്രിക്കുള്ള ഫിലിം ഫെയർ പുരസ്കാരവും ലഭിച്ചു. പക്ഷേ, നടിയായി പേരെടുത്തെങ്കിലും ബോളിവുഡിന് കങ്കണയെ സ്വീകരിക്കാൻ അപ്പോഴും പാതിമനസ്സായിരുന്നു. പിന്നീട് രണ്ട് വർഷക്കാലത്തേക്ക് കാര്യമായ സിനിമകളുമില്ല.

kangana

സിനിമാപാരമ്പര്യമില്ലാത്തതിനാലും മര്യാദയ്ക്ക് ഇംഗ്ലിഷ് പോലും പറയാനറിയാത്തതുകൊണ്ടും പല വേദികളിലും കങ്കണ അപമാനിക്കപ്പെട്ടിട്ടുണ്ട്. ‘ബോളിവുഡിന് ആവശ്യമില്ലാത്ത ഒരു വസ്തു’ എന്ന മട്ടിലാണ് അക്കാലത്ത് ചലച്ചിത്രലോകം തന്നെ കരുതിയിരുന്നതെന്നാണ് അതിനെപ്പറ്റി കങ്കണ പറഞ്ഞത്. പലപ്പോഴും മറ്റു നായികമാർ തള്ളിക്കളഞ്ഞ വേഷങ്ങളാണ് കങ്കണയ്ക്ക് ഏറ്റെടുക്കേണ്ടിവന്നതും.

അതിനിടെ എന്നും താങ്ങായി ഒപ്പം നിന്ന ചേച്ചി രംഗോലിക്കു നേരെ ആസിഡ് ആക്രമണമുണ്ടായി- പ്രണയം നിരസിച്ചതിലുള്ള ഒരുവന്റെ പ്രതികാരം. ചികിത്സിച്ചാൽ മുഖത്തെ പരുക്കുകളെല്ലാം ഭേദമാക്കാം. പക്ഷേ കങ്കണയ്ക്കന്നേരം സിനിമയില്ല. ഒരൊറ്റ സിനിമയിൽ അഭിനയിച്ച പ്രശസ്തി കാരണം അക്കാലത്ത് പലരും ഷോറൂമുകളുടെയും മറ്റും ഉദ്ഘാടനത്തിനു വിളിച്ചിരുന്നു. അതുവഴി ലഭിച്ച പണമെല്ലാം രംഗോലിയുടെ ചികിത്സയ്ക്കു വേണ്ടിയാണുപയോഗിച്ചത്.

kangana

ജീവിതത്തിലേക്ക് തിരിച്ചെത്തിയ ചേച്ചിയുടെ ജീവിതത്തെപ്പറ്റി സിനിമ സംവിധാനം ചെയ്യാനൊരുങ്ങുകയാണ് കങ്കണ. മാത്രമല്ല കങ്കണയുടെ മാനേജർ കൂടിയാണിപ്പോൾ രംഗോലി. പണമില്ലാതിരുന്ന സമയത്തും വിവിധ സൗന്ദര്യവർധകവസ്തുക്കളുടെ പരസ്യത്തിനായി പല കമ്പനികളും സമീപിച്ചിട്ടുണ്ട് കങ്കണയെ. പക്ഷേ അന്നും ഇന്നും അത്തരം പരസ്യങ്ങൾക്കു നേരെ മുഖംതിരിച്ചിട്ടേയുള്ളൂ ഈ നടി-സൗന്ദര്യം ഒരുതരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽ എല്ലാവരിലുമുണ്ട്. അത് തിരിച്ചറിഞ്ഞ് പ്രവർത്തിക്കാനുള്ള ആത്മവിശ്വാസമാണ് സ്ത്രീകൾക്കു വേണ്ടത് എന്നാണ് ഇക്കാര്യത്തിൽ കങ്കണയുടെ ധീരമായ നയം.

*മൂന്ന് ദേശീയ അവാർഡ് *

2008ൽ ‘ഫാഷനി’ലൂടെ മികച്ച സഹനടിക്കുള്ള ദേശീയപുരസ്കാരം നേടിയതോടെ ബോളിവുഡിന് കങ്കണയ്ക്കു നേരെ കണ്ണടയ്ക്കാൻ പറ്റാതായി. കൈനിറയെ ചിത്രങ്ങൾ. തമിഴിലും തെലുങ്കിലും ഓരോ സിനിമകൾ. 2011ൽ ‘തനു വെഡ്സ് മനു’വിലൂടെ അതുവരെ ചെയ്തവയെയെല്ലാം മറികടന്നവിധം തമാശയും വൈകാരികതയുമെല്ലാം ചേർന്നൊരുഗ്രൻ കഥാപാത്രം. 2013ൽ ‘ക്രിഷി’ലൂടെ വീണ്ടുമൊരു ഹിറ്റ്.

kangana

2014ൽ വികാസ് ബാലിന്റെ ‘ക്വീൻ’ പുറത്തിറങ്ങിയതോടെ കങ്കണ ഹോളിവുഡിന്റെ േലഡി സൂപ്പർ സ്റ്റാറായിത്തീർന്നിരുന്നു. കഴിഞ്ഞ വർഷം ‘തനു വെഡ്സ് മനു റിട്ടേൺസി’ലെ തനുവെന്ന അഹങ്കാരിപ്പെണ്ണും കുസും എന്ന ഹരിയാനക്കാരിയുമായുള്ള ഇരട്ടറോൾ കൂടിയായതോടെ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രിയതാരമായി കങ്കണ. പിണങ്ങിനിന്ന വീട്ടുകാരും ബന്ധുക്കളുമെല്ലാം അപ്പോഴേക്കും കങ്കണയെ അംഗീകരിച്ചു കഴിഞ്ഞിരുന്നു.

‘സ്വപ്നം കാണുക, അത് സാക്ഷാത്കരിക്കാൻ ശ്രമിക്കുക. ഇതൊക്കെ എത്ര വൈചിത്ര്യം നിറഞ്ഞ കാര്യങ്ങളാണ്...’’ – ‘ഗാങ്സ്റ്ററി’ലെ നായിക സിമ്രൻ നെടുവീർപ്പോടെ പറയുന്ന വാക്കുകൾ. പക്ഷേ കങ്കണയുടെ കാര്യത്തിൽ അതു തെറ്റി: സ്വപ്നം കാണുക മാത്രമല്ല, ആ സ്വപ്നത്തിലേക്ക് പറന്നുയർന്ന് അത് വെട്ടിപ്പിടിച്ചെടുക്കണമെന്നതായിരുന്നു ഈ പെൺകുട്ടി ലോകത്തിനു മുന്നിൽ തെളിയിച്ചത്. അതും സ്വന്തം ജീവിതത്തിലൂടെ...

Your Rating: