ദേരാ സച്ചാ സ്ഥാപകനായ ഗുരു ബാബ ഗുർമീത് റാം റഹീം സിങിനെ അനുകരിച്ച പ്രശസ്ത ഹാസ്യതാരം കികു ശർദ അറസ്റ്റിൽ. ഗുർമീത് സിങിന്‍റെ അനുയായികളുടെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് അറസ്റ്റ്. ജനപ്രിയ പരിപാടിയായ കോമഡി നൈറ്റ്സ് വിത്ത് കപിൽ എന്ന പരിപാടിയിലാണ് കികു ശർദ ആൾദൈവത്തെ അനുകരിച്ചത്.
സംഭവം വിവാദമായതോടെ കികു മാപ്പ് പറഞ്ഞിരുന്നു. പരിപാടി ദൗർഭാഗ്യകരമായിപ്പോയെന്നും ആരെയെങ്കിലും വ്രണപ്പെടുത്തിയെങ്കിൽ മാപ്പു ചോദിക്കുന്നുവെന്നും താന്‍ തന്റെ ജോലി മാത്രമാണ് ചെയ്തതെന്നും കികു വ്യക്തമാക്കിയിരുന്നു. എന്നാൽ ഗുരുവിന്റെ അനുയായികൾ ഇതിനെതിരെ പ്രക്ഷോഭം തുടരുകയായിരുന്നു.
ഹരിയാന കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രമുഖ മതവിഭാഗമായ ദേരാ സച്ചാ സൗദയുടെ നേതാവാണ് ഗുർമീത് സിങ്. വില പിടിപ്പുള്ള ആഭരണങ്ങൾ ധരിച്ചും മോട്ടോർ സൈക്കിളുകളിലും പ്രത്യക്ഷപ്പെടുന്ന ഗുരു ഗുർമീത് സിങ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. വിവാദമായ എംസ്ജി (ദ് മെസഞ്ചർ ഓഫ് ഗോഡ്) ഗുർമീത് സിങ് അഭിനയിച്ച സിനിമയാണ്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.