ബച്ചനും മാധുരിക്കും പ്രീതിക്കുമെതിരെ കേസ്

മാഗി നൂഡിൽസിന്റെ പരസ്യ ചിത്രങ്ങളിൽ അഭിനയിച്ച താരങ്ങൾക്കെതിരെ കേസെടുക്കണമെന്ന് കോടതി. ബിഹാറിലെ മുസഫർപൂർ കോടതിയാണ് ഉത്തരവിട്ടിരിക്കുന്നത്. താരങ്ങളായ അമിതാഭ് ബച്ചൻ, മാധുരി ദീക്ഷിത്, പ്രീതി സിന്റ എന്നിവർക്കെതിരെയാണ് നടപടി. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് കാണിച്ചാണ് ഇവർക്കെതിരെ നടപടിയെടുക്കാൻ കോടതി ഉത്തരവിട്ടത്. മാഗിയുടെ ഉൽപാദകരായ നെസ്‍ലെയ്ക്കെതിരെയും നടപടിയെടുക്കാമെന്നും കോടതി വ്യക്തമാക്കി. നെസ്‍ലേ ഇന്ത്യക്കെതിരെ ഉത്തർപ്രദേശിലെ ആഭ്യന്തര കോടതിയിൽ യുപി ഭക്ഷ്യ സുരക്ഷാ അതോറിറ്റി കേസ് ഫയൽ ചെയ്തിട്ടുണ്ട്.

അനുവദനീയമായതിലും കൂടിയ തോതിൽ രാസവസ്തുക്കളും ലെഡും കണ്ടെത്തിയതിനെ തുടർന്നാണ് മാഗി നൂഡിൽസിനെതിരെ നടപടിയുണ്ടായത്. നേരത്തെ ഉത്തർപ്രദേശിലെ ആഭ്യന്തര കോടതി താരങ്ങൾക്കെതിരെ നോട്ടീസ് പുറപ്പെടുവിപ്പിച്ചിരുന്നു. മാഗി നൂഡിൽസ് ബ്രാൻഡുമായി നിലവിൽ കരാർ ഇല്ലെന്നാണ് അമിതാഭ് ബച്ചന്റെ വിശദീകരണം. ഉൽപന്ന മികവ് ഗുണനിലവാരം പുലർത്തുന്നതായി കമ്പനി ഉറപ്പു നൽകിയിട്ടുണ്ടെന്നു മാധുരി ദീക്ഷിതും പറയുന്നു.

എല്ലാ സംസ്‌ഥാനങ്ങളിൽ നിന്നും മാഗി നൂഡിൽസ് സാംപിളുകൾ ഭക്ഷ്യ സുരക്ഷാ നിലവാര അതോറിറ്റി (എഫ്‌എസ്‌എസ്‌എഐ) പരിശോധിക്കുന്നതായി കേന്ദ്ര ഭക്ഷ്യമന്ത്രി റാം വിലാസ് പസ്വാൻ അറിയിച്ചിരുന്നു. മായം ചേർക്കൽ തെളിഞ്ഞാൽ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുടെ പേരിൽ ഉൽപന്നങ്ങളുടെ ബ്രാൻഡ് അംബാസഡർമാർക്കെതിരെ നടപടിയെടുക്കുന്നതിൽ തെറ്റില്ലെന്നും മന്ത്രി വ്യക്‌തമാക്കി. എഫ്എസ്എസ്എഐ നടത്തുന്ന പരിശോധനാ ഫലം മൂന്നു ദിവസത്തിനുള്ളിൽ ലഭിക്കും. ഇതിനിടെയാണ് കോടതിയുടെ നിരീക്ഷണം.