യെ ദില്‍ ഹെ മുഷ്‌ക്കിൽ ചിത്രത്തിന്റെ പ്രചാരണത്തിനില്ലെന്ന് ഐശ്വര്യ

ഒരിടവേളയ്ക്ക് ശേഷം ഐശ്വര്യ റായി ഗ്ലാമർ വേഷത്തിൽ എത്തുന്ന സിനിമയാണ് യേ ദിൽ ഹെ മുഷ്ക്കിൽ. കരൺ ജോഹർ‌ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രൺബീർ കപൂർ, അനുഷ്ക ശർമ, ഫവദ് ഖാൻ എന്നിവരാണ് മറ്റുപ്രധാനവേഷങ്ങളിൽ എത്തുന്നത്.

ചിത്രം റിലീസ് ചെയ്യാനിരിക്കെ സിനിമയുടെ പ്രമോഷനെത്തില്ലെന്നാണ് താരം അറിയിച്ചിരിക്കുന്നത്. ട്രെയിലർ ലോഞ്ചിനും ഓഡിയോ ലോഞ്ചിനും പങ്കെടുക്കുകയല്ലാതെ സിറ്റി പ്രമോഷന് താരം പങ്കെടുക്കില്ലെന്ന് ഔദ്യോഗികവൃത്തങ്ങൾ പറയുന്നു. മകള്‍ ആരാധ്യയുടെ കൂടെ സമയം ചിലവഴിക്കുന്നതിനു വേണ്ടിയാണ് ചിത്രത്തിന്റെ പ്രമോഷനില്ലെന്ന് ഐശ്വര്യ അറിയിച്ചതെന്നാണ് പറയുന്നത്.

സിനിമയുടെ ചിത്രീകരണത്തിന് മുമ്പേ ഇക്കാര്യം കരണിനോട് അറിയിച്ചിരുന്നെന്നും ഈ നിബന്ധനവച്ചാണ് ആഷ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നതെന്നും ഇവര്‌ വ്യക്തമാക്കി. ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ ഐശ്വര്യയുടെ പേരിൽ വിവാദങ്ങൾ വന്നിരുന്നു. ഐശ്വര്യറായും രണ്‍ബീര്‍ കപൂറും ഇഴുകി ചേര്‍ന്ന് അഭിനയിക്കുന്ന രംഗങ്ങള്‍ കണ്ട് അമിതാഭ് പ്രതികരിച്ചെന്നും ഈ രംഗങ്ങള്‍ ചിത്രത്തില്‍ നിന്ന് നീക്കം ചെയ്യാന്‍ കരണ്‍ജോഹറിനോട് പറഞ്ഞതായുമുള്ള വാര്‍ത്തകളാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്.

മാത്രമല്ല അമിതാഭ് ബച്ചനും ഈ ചിത്രവുമായി ബന്ധപ്പെട്ട് യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. ഇക്കാരണങ്ങൾ കൊണ്ടാണ് സിനിമയുടെ പ്രചാരണപരിപാടികളിൽ നിന്ന് ഐശ്വര്യ വിട്ടു നിൽക്കുന്നതെന്നും റിപ്പോർട്ട് ഉണ്ട്. ഒക്ടോബർ 28നാണ് ചിത്രം റിലീസ് ചെയ്യുന്നത്.