വിജയ്‌യോടു പോലും വിട്ടുവീഴ്ച ഇല്ല: നിലപാടുകളുടെ ഗൗതം മേനോൻ

നായകന്മാർ പറയുന്നതനുസരിച്ച് മാസും മസാലയും ചേരുംപടി ചേർത്ത് സിനിമയൊരുക്കുന്ന വെറും സംവിധായകനല്ല ഗൗതം വാസുദേവമേനോൻ. തീക്ഷ്ണമാണ് അദ്ദേഹത്തിന്റെ കണ്ണുകൾ. വ്യക്തമായ നിലപാടുകൾ ആ കണ്ണുകളിൽ നിന്നു തന്നെ വായിക്കാം. തന്റെ ഫോർമുലയ്ക്കനുസരിച്ച് സിനിമയെടുക്കണമെന്നു പറഞ്ഞ വിജയ്‌യോടു പോലും വിട്ടുവീഴ്ചയ്ക്ക് തയാറായില്ല അദ്ദേഹം. തന്റെ സിനിമകളെ തന്നെക്കാളേറെ വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഗൗതം വാസുദേവ മേനോൻ അദ്യമായി ഒരു മലയാള ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുകയാണ്. ‘മനോരമ’യ്ക്ക് മാത്രമായി അദ്ദേഹം അനുവദിച്ച അഭിമുഖത്തിൽ നിന്ന്.

∙ മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്നതിനെക്കുറിച്ച് ?

‘നാം’ എന്ന സിനിമയിലാണ് ഞാൻ അഭിനയിക്കുന്നത്. അതിന്റെ സംവിധായകനായ ജോഷി ഒരു ദിവസം എന്നെ ഫോണിൽ വിളിച്ചു സംസാരിച്ചു. നേരിൽ കണ്ടപ്പോൾ കഥയെക്കുറിച്ച് പറഞ്ഞു. ഒപ്പം കുറച്ച് വിഷ്വൽസും കാണിച്ചു തന്നു. എനിക്ക് കഥ ഇഷ്ടമായി. അപ്പോഴാണ് അദ്ദേഹം ഞാൻ ഇതിൽ അഭിനയിക്കണം എന്നാവശ്യപ്പെടുന്നത്. ഞാൻ ഇതിൽ അഭിനയിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പറഞ്ഞപ്പോൾ അതു ബോധ്യപ്പെട്ടു. അതിഥി വേഷമാണെങ്കിലും കഥയിൽ വളരെ നിർണായകമായ ഗതിമാറ്റത്തിനു കാരണമാകുന്ന കഥാപാത്രമാണ് എന്റേത്. ചെന്നൈയിൽ വന്നാണു ഞാനുൾപ്പെടുന്ന ഭാഗങ്ങൾ ഇവർ ഷൂട്ട് ചെയ്തത്. ഒട്ടേറെ പാട്ടുകളുള്ള സിനിമയാണെന്ന പ്രത്യേകതയുമുണ്ട്. ഗൗതം വാസുദേവ മേനോനായി തന്നെയാണ് അഭിനയിച്ചിട്ടുള്ളത്.

∙ താങ്കളുടെ എല്ലാ സിനിമകളിലും എങ്ങനെയാണ് ഇത്ര മനോഹരമായ പാട്ടുകൾ വരുന്നത് ?

എന്റെ തിരക്കഥയിൽ പാട്ടുകളുണ്ട്. സംഗീതസംവിധായകന്റെ അടുത്തു പോയി ഇവിടെ പ്രണയഗാനം വേണം അവിടെ ശോക ഗാനം വേണം എന്നൊന്നുമല്ല പറയുന്നത്. മറിച്ച് തിരക്കഥയിൽ ഒരു രണ്ടു പേജോളം ആ പാട്ടിനെക്കുറിച്ചു വിവരണം ഉണ്ടാവും. അതിന്റെ മൂഡ് എന്താണ്, സാഹചര്യം എന്താണ്, വരികൾ എങ്ങനെ വേണം എന്നൊക്കെ പരാമർശിക്കുന്ന വിശദമായ കുറിപ്പ്. ഇതു സംഗീതസംവിധായകനു കാര്യങ്ങൾ എളുപ്പമാക്കി കൊടുക്കും. മാത്രമല്ല മികച്ച സംഗീതസംവിധായകർക്കൊപ്പം എനിക്കു ജോലി ചെയ്യാനായി. ഒപ്പം അവരുടെ ഏറ്റവും മികച്ച ഇൗണങ്ങളും എനിക്കു ലഭിച്ചു. താമരയെപ്പോലുള്ളവർ അതിനു ചേർന്ന വരികളെഴുതി. അങ്ങനെ മികച്ച ഗാനങ്ങൾ ജനിച്ചു.

∙ താങ്കളുടെ മിക്ക സിനിമകളിലും പ്രണയമുണ്ട്. മന:പൂർവ്വം സംഭവിക്കുന്നതാണോ അതോ ?

ഞാൻ ചെയ്യുന്നത് പൊലീസ് കഥയാണെങ്കിലും അതിൽ പ്രണയമുണ്ടാകും. ആളുകൾക്ക് അത് ഇഷ്ടമാണെന്നാണ് എനിക്ക് തോന്നുന്നത്. ‘എന്നെ നോക്കി പായും തോട്ട’ എന്ന ധനുഷ് നായകനാകുന്ന എന്റെ പുതിയ ചിത്രത്തിൽ പ്രണയമുണ്ട്. അതൊരു ആക്‌ഷൻ ലവ് സറ്റോറി ആണ്. ‘ധ്രുവനക്ഷത്രം’ സ്പൈ ത്രില്ലറാണ്. അതിൽ രണ്ടു പ്രണയമുണ്ട്. പ്രണയം സിനിമയിൽ ഉൾപ്പെടുത്താൻ എനിക്ക് ഇഷ്ടമാണ്, എളുപ്പവുമാണ്.

∙ സിനിമ മികച്ചതാക്കാൻ എന്തൊക്കെ ഘടകങ്ങളാണ് ഉൾപ്പെടുത്തുക പതിവ് ?

ഒരു സിനിമയും ഹിറ്റാവും എന്ന് ഉറപ്പു നൽകാൻ പറ്റില്ല. അങ്ങനെ ഹിറ്റാവണം എങ്കിൽ കുറച്ച് ഘടകങ്ങൾ അതിൽ കൂട്ടിച്ചേർക്കേണ്ടതായിട്ടുണ്ട്. പക്ഷേ ഞാൻ അങ്ങനെ ഒരിക്കലും ചെയ്യാറില്ല. എഴുതാനിരിക്കുമ്പോൾ ഇങ്ങനെ എഴുതണം, അങ്ങനെ വേണം എന്നൊന്നും ഒരിക്കലും ചിന്തിക്കാറില്ല. എഴുതി തുടങ്ങുമ്പോൾ എങ്ങോട്ട് പോകുന്നോ അതിന്റെ പിന്നാലെ പോകും. സ്ക്രിപ്റ്റിന്റെ ആദ്യ ഡ്രാഫ്റ്റ് എഴുതിയ ശേഷം ഷൂട്ട് ചെയ്തിട്ടുണ്ട്. സ്ക്രിപ്റ്റ് എന്താവശ്യപ്പെടുന്നോ അത് ഷൂട്ട് ചെയ്യും. അല്ലാതെ മാസ് എലമെന്റുകൾ കൂട്ടിച്ചേർക്കാറില്ല. ഞാൻ ചെയ്യുന്ന ചിത്രത്തിൽ ആവശ്യത്തിന് കൊമേഴ്സ്യൽ ചേരുവകൾ ഉണ്ടെന്നാണ് വിശ്വാസം.

∙ പരാജയങ്ങൾ പഠിപ്പിക്കുന്നത് എന്താണ് ?

ചില സിനിമകൾ പരാജയപ്പെടാറുണ്ട്. അതിന്റെ കാരണത്തെക്കുറിച്ച് ചിന്തിക്കുകയോ അതിന്റെ പിന്നാലെ പോകുകയോ ചെയ്യാറില്ല. അതെപ്പറ്റി ഒരു വിശകലനവും നടത്താറില്ല. നിങ്ങൾ ചോദിച്ച അതേ ചോദ്യം ഒരിക്കൽ മണിരത്നം സാറിനോട് ഞാൻ ചോദിച്ചു. പരാജയങ്ങളെ എങ്ങനെ മറികടക്കുമെന്ന്? നിങ്ങൾ ഒരു നല്ല സിനിമ ചെയ്യുക. അടുത്തതിലേക്ക് കടക്കുക. ആളുകൾ എന്തു പറയുന്നു എന്ന് ശ്രദ്ധിക്കരുത്. എന്നാണ് അദ്ദേഹം പറഞ്ഞത്.

∙ വിജയ് ചിത്രം ഉപേക്ഷിക്കാൻ കാരണമെന്ത് ?

അദ്ദേഹത്തിന് വേണ്ടത് മറ്റൊരു സ്റ്റൈൽ പടമായിരുന്നു. അങ്ങനെ ചെയ്യാൻ എനിക്കറിയില്ല. ഞങ്ങൾ ആറു മാസത്തോളം ഒരുമിച്ചു യാത്ര ചെയ്ത് ചിത്രത്തെക്കുറിച്ച് സംസാരിച്ചു. ചിത്രം അനൗൺസ് ചെയ്തു, ഫോട്ടോ ഷൂട്ട് നടത്തി, പോസ്റ്റർ വരെ റിലീസ് ചെയ്തു. ഷൂട്ടിന് രണ്ടാഴ്ച മുമ്പ് ഞാൻ തിരക്കഥ മുഴുവൻ വായിച്ചു കേൾപ്പിച്ചപ്പോൾ ഇതു വേണ്ട എന്ന് അദ്ദേഹം ഇങ്ങോട്ട് പറഞ്ഞു. കാരണമൊന്നും പറഞ്ഞില്ല. നല്ല സ്ക്രിപ്റ്റാണ് പക്ഷേ എനിക്ക് വർക്കൗട്ട് ആവില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. വേറെ എന്തെങ്കിലും ഉണ്ടെങ്കിൽ പറയൂ എന്നും പറഞ്ഞു.

∙ സിനിമയ്ക്കും ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനും മേൽ കത്രിക വയ്ക്കുന്ന സംഭവങ്ങൾ ഏറിവരുന്നതിനോട് ?

ഞാൻ ഇതിന്റെ ഒരു അതിർവരമ്പിലൂടെയാണ് കടന്നു പോകുന്നത്. എന്താണ് കാണിക്കുന്നതെന്ന ബോധം ഒരു സംവിധായകനുണ്ടാകണം. എന്തു കാണിക്കണം എന്തു കാണിക്കേണ്ട എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം അവനുണ്ട്. ‘വേട്ടയാട് വിളയാട്’ എന്ന സിനിമയിൽ ഒരു വയലൻസുണ്ട്. ഒരു സീരിയൽ കില്ലറുടെ ജീവിതമാകുമമ്പോൾ അതൊക്കെ കാണിക്കേണ്ടി വരും. അതിന് യു/എ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. യു സർട്ടിഫിക്കറ്റിനായി ഞങ്ങൾ വാദിച്ചുമില്ല.

എത്രമാത്രം കാണിക്കണം എന്താണ് പരിധി എന്നൊക്കെ തീരുമാനിക്കേണ്ടത് സംവിധായകനാണ്. ഞാൻ എന്റെ കുട്ടികളെ ആ സിനിമ കാണിച്ചിട്ടില്ല. കാരണം അവർക്കുള്ളതല്ല ആ സിനിമ എന്ന് എനിക്ക് അറിയാം. എന്റെ സിനിമ എന്റെ കുട്ടികൾക്ക് കാണാൻ പാടില്ലാത്തതാണല്ലോ എന്ന ചിന്ത എന്നെ വലയ്ക്കുന്നുമുണ്ട്. അതു കൊണ്ട് ഇനി സിനിമ ചെയ്യുമ്പോൾ അതെന്റെ മനസ്സിലുണ്ടാവും. ‌‌

∙ ധ്രുവനക്ഷത്രം എന്ന ചിത്രത്തിൽ എങ്ങനെയാണ് സൂര്യ മാറി വിക്രം നായകനായത് ?

എല്ലാ തിരക്കഥയ്ക്കും ഒരു യാത്രയുണ്ട്. നടൻ സൂര്യയോടു കഥ പറഞ്ഞപ്പോൾ ധ്രുവനക്ഷത്രത്തിന്റെ ആശയം അദ്ദേഹത്തിന് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. ഏറെ വർഷങ്ങൾക്കു ശേഷം വിക്രത്തോടു പറഞ്ഞപ്പോൾ അദ്ദേഹം അപ്പോൾ തന്നെ നമ്മൾ ഇത് ചെയ്യുന്നുവെന്നു പറഞ്ഞു. പല ഭാഗങ്ങളായി ചെയ്യാവുന്ന സിനിമയാണിത്. ആദ്യ ഭാഗത്തിന്റെ വിജയത്തെ ആശ്രയിച്ചിരിക്കും തുടർന്നുള്ള ഭാഗങ്ങൾ. ചിത്രീകരണം അവസാന ഘട്ടത്തിലാണ്.

∙തമിഴിലെ പുതിയ സംവിധായകരെക്കുറിച്ച‌് ?

പുതിയ സംവിധായകരുടെ സിനിമകളെല്ലാം കാണാറുണ്ട്. നല്ലതായി തോന്നിയാൽ അവർക്ക് മെസേജ് അയക്കും, ട്വീറ്റ് ചെയ്യും. പുതിയ ആളുകൾ വരുമ്പോൾ നമ്മൾ അവർക്കു വഴിമാറിക്കൊടുക്കണം. ‘ധ്രുവങ്ങൾ 16’ സംവിധാനം ചെയ്ത കാർത്തിക് നരേനെ പോലുള്ളവർക്ക് ചിത്രത്തെ കുറിച്ചു കൃത്യമായ കാഴ്ചപ്പാടുണ്ട്. അതു കൊണ്ടാണ് അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ‘നരകാസുരന്റെ’ നിർമാണം ഏറ്റെടുത്തത്.

∙ മലയാളം സിനിമകളെക്കുറിച്ച് ? എന്നാവും മലയാളത്തിൽ സംവിധാനം ?

മലയാളം സിനിമ ചെയ്യാൻ എനിക്ക് വലിയ ആഗ്രഹമുണ്ട്. ഫഹദ്, പൃഥ്വിരാജ്, നിവിൻ, വിനായകൻ തുടങ്ങിയവരൊക്കെയായി സംസാരിച്ചു. ലാൽ സാറിനെ രണ്ടാഴ്ച മുന്‍പ്  കണ്ടപ്പോഴും ഒരു കഥ ചർച്ച ചെയ്തു. അടുത്ത വർഷം ഉറപ്പായും മലയാളത്തിൽ സിനിമ ചെയ്യും.