ജനിച്ചപ്പൊഴേ മരിച്ച നാദിർഷ

ജനിച്ചപ്പൊഴേ മരിച്ച കഥ പറയുകയാണ് നടനും സംവിധായകനുമായ നാദിർഷ. താൻ ജനിച്ചപ്പോൾ ജീവനില്ലായിരുന്നുവെന്ന് നാദിർഷ മനോരമ ഒാൺലൈന് അനുവദിച്ച വീഡിയോ അഭിമുഖത്തിൽ പറഞ്ഞു. ഞാൻ ജനിച്ച ആശുപത്രിയിലെ ഡോക്ടർ ജനിച്ച ഉടനെ എന്നെ കാലിൽ പിടിച്ചു കുടഞ്ഞു. പക്ഷേ അനക്കമില്ല. അതിനുശേഷം ഉമ്മയോ‌ട് പറഞ്ഞു, ആൺകുട്ടിയായിരുന്നു, പക്ഷെ ജീവനില്ല എന്ന്. ഇത് കേട്ടതോടെ ഉമ്മയുടെ ബോധം പോയി. പിന്നെ ഉമ്മ ഉറക്കമുണരുമ്പോൾ ഞാൻ അട‌ുത്തു കിടപ്പുണ്ട്. ഇതാണ് എന്റെ ജനന രഹസ്യം.

പിന്നീട് ഞാൻ ഉമ്മയോട് തമാശയ്ക്ക് പറയാറുണ്ട് സത്യത്തിൽ ഞാൻ ഉമ്മയുടെ മകനാണോ. ഉമ്മയുടെ ബോധം പോയ സമയത്ത് വേറെ ഏതെങ്കിലും കുട്ടിയെ അടുത്ത് കൊണ്ട് കിടത്തിയതായിരിക്കില്ലേ എന്ന്. അപ്പോൾ കുറച്ചുനേരം എന്റെ മുഖത്ത് നോക്കിയിട്ട് ഉമ്മ പറയും ഏയ് അങ്ങനെയാവില്ല എന്ന്. നാദിർഷ പറഞ്ഞു.

ഉമ്മയുടെ പാട്ടും ഉമ്മയുടെ സഹോദരന്മാരുടെ മുഖവുമൊക്കെയാണ് എനിക്ക് കിട്ടിയിരിക്കുന്നതെന്നും നാദിർഷ അഭിമുഖത്തിൽ പറയുന്നു.