Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഞ്ജുവിന്റെ മനസ്സ് കഠിനം, അവർ ദിലീപിനോട് വൈരാഗ്യം തീർക്കുന്നു: പി.സി ജോർജ്

P C George Marupuram Exclusive

ദിലീപ് വിഷയത്തിൽ മഞ്ജു വാര്യർക്കും കേരള പൊലീസിനുമെതിരെ ആഞ്ഞടിച്ച് പി.സി ജോർജ് എഎൽഎ. ദിലീപിനെ മന:പൂർവ്വം കുടുക്കിയിതാണെന്നും മഞ്ജു വാര്യർ വൈരാഗ്യം തീർക്കുകയാണെന്നും പി.സി ജോർജ് മനോരമ ഒാൺലൈനിന്റെ പ്രത്യേക അഭിമുഖ പരമ്പരയായ മറുപുറത്തിൽ പറഞ്ഞു.

∙ ദിലീപിനെ ഏറ്റവും കൂടുതൽ പിന്തുണച്ചിട്ടുള്ളത് പി സി ജോർജാണ്. എന്തുകൊണ്ടാണ് ദിലീപ് നിരപരാധിയാണെന്ന് തോന്നുന്നത് ? 

ദിലീപിന്റെ വിഷയം എന്റെ മുന്നിൽ ഒരു പ്രത്യേക കേസ് അല്ല. ദിലീപ് ഒരു നല്ല നടനാണ്. നിഷേധിക്കാൻ ആർക്കും കഴിയില്ല. കേരളത്തിലെ ഏറ്റവും തിരക്കേറിയ ഒരു നടനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ഭാര്യ കാവ്യാ മാധവൻ . അദ്ദേഹത്തിന്റെ ആദ്യ ഭാര്യയും ഒരു സിനിമാനടിയായിരുന്നു. സിനിമാ നടന്മാരും നടിമാരും എന്റെ കാഴ്ചപ്പാടിൽ ലോലഹൃദയരാണ്. അവർ ഞങ്ങൾ രാഷ്ട്രീയക്കാരെപ്പോലെയല്ല. അവരുടെ കലാപരമായ കഴിവുകൾ നോക്കി കാണുക. അവർ നമ്മുടെ വോട്ട് ചോദിക്കുന്നില്ലല്ലോ. നമ്മളെ ഭരിക്കാൻ വരുന്നില്ലല്ലോ? 

ദിലീപ് ചെയ്ത തെറ്റ് എന്താണ് ? സുനി എന്നു പറയുന്ന ആൾ ഒരു സിനിമാ നടിയെ പീഡിപ്പിച്ചു എന്നു പറയുന്നു. അതിന്റെ പേരിൽ ദിലീപിനെ പിടിച്ച് അറസ്റ്റ് ചെയ്തിരിക്കുന്നു. ദിലീപ് ഇത്രയും വലിയ കൊള്ളക്കാരനാണോ ? അദ്ദേഹത്തെ ഒരു മിനിറ്റ് നേരമേ കണ്ടിട്ടുള്ളൂ. ദിലീപിനെ അറസ്റ്റ് ചെയ്ത ഉടനെ വക്കീലന്മാർ ജാമ്യത്തിന് എന്തിനാണ് ഹൈക്കോടതിയിലേക്ക് പോയത്. സെഷൻ കോടതിയിൽ കൊടുത്താൽ പോരായിരുന്നോ ? കോടതിയിൽ പൊലീസ് മാറി മാറി റിപ്പോർട്ട് കൊടുക്കുന്നു. ഒരു ദിവസം കൊടുത്ത റിപ്പോർട്ട് കണ്ടപ്പോഴാണ് എനിക്ക് വിഷമം തോന്നിയത്. ഈ സിനിമാ നടിയെ ഡൽഹിയിൽ കൊല ചെയ്യപ്പെട്ട നിർഭയേക്കാൾ ഭീകരമായി പീഡിപ്പിച്ചു എന്ന്. എന്ത് മര്യാദകേടാണ് പറയുന്നത്. 

പീഡിപ്പിക്കപ്പെട്ടു എന്നു പറയുന്ന നടി രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോൾ അഭിനയിക്കാൻ തുടങ്ങി. ഇതൊക്കെ അവർ ലാഭം ആക്കുകയാണ്. പൊലീസ് കൊടുത്ത ഈ കേസ് ട്രയൽ കോടതിയിലേക്ക് വരുമ്പോൾ നിർഭയേക്കാൾ ക്രൂരമായി എങ്ങനെയാണ് പീഡിപ്പിച്ചെതെന്നതിന് ഉത്തരം പറയേണ്ടി വരും. അങ്ങനെ വരുമ്പോൾ ഈ സുനി ഉൾപ്പെടെ രക്ഷപ്പെടും. സുനിയെപ്പോലും രക്ഷപെടുത്താൻ വേണ്ടി പൊലീസ് നടത്തുന്ന കള്ളക്കളിയാണെന്നാണ് എനിക്ക് തോന്നുന്നത്. നാല് വർഷം മുമ്പ് സുനിക്ക് ദിലീപ് ക്വട്ടേഷൻ കൊടുത്തു എന്നാണ് പറയുന്നത്.  

ദിലീപ് നിരപരാധിയാണെന്ന് ബോധ്യമായി അദ്ദേഹത്തെ ജനങ്ങളുടെ മുന്നിൽ ഇറക്കിവിടണമെന്ന് വാശിയുണ്ടായിരുന്നു. ബഹുമാനപ്പെട്ട ഹൈക്കോടതി ജാമ്യം മാറ്റി മാറ്റി വച്ചിരുന്നു. ഒരു ദിവസം കൂടി മാറ്റിവച്ചിരുന്നെങ്കിൽ ഞാൻ സുപ്രീം കോടതിയിൽ പോകുമായിരുന്നു. ആരോടും പറയാത്ത കാര്യമാണ് ഇവിടെ പറയുന്നത്. ഞാൻ സുപ്രീം കോടതിയിലെ വക്കീലിനെ വീട്ടിൽ വരുത്തി സംസാരിച്ചു എല്ലാം ക്രമീകരിച്ചിരുന്നു. ദിലീപിനോട് പോലും ഞാൻ പറഞ്ഞിട്ടില്ല. 

∙ ദിലീപിനെ കുടുക്കാൻ ആർക്കാണ് ഇത്രയും തിടുക്കം അല്ലെങ്കിൽ ആരാണ് ദിലീപിന്റെ ശത്രുക്കൾ? ഒരു ബന്ധവുമില്ലാത്ത ദിലീപിനുവേണ്ടി താങ്കൾ സുപ്രീം കോടതി വരെ പോകുന്നതെന്തിനാണ് ?

ഞാൻ ഈ കേരളത്തിലെ പൊതുപ്രവർത്തകനാണ്. ആത്മാർഥമായി പൊതുജനത്തിനുവേണ്ടി പ്രവർത്തിക്കുന്ന ആളാണ്. ശരിക്കുവേണ്ടി എവിടം വരെ പോകാനും ഞാൻ തയാറാണ്. ദൈവത്തെ സാക്ഷിനിറുത്തി എന്റെ രണ്ടു മക്കളെ വച്ച് സത്യം ചെയ്യുന്നു ദിലീപുമായി എനിക്ക് ഒരു ബന്ധവുമില്ല. 85 ദിവസത്തിനുശേഷമാണ് ദിലീപ് ജാമ്യത്തിൽ ഇറങ്ങിയത്. അതിൽ എനിക്ക് സങ്കടമുണ്ട്. ഇറങ്ങിയ അന്നു മുതൽ ദിലീപ് എന്നെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. ഞാൻ സംസാരിച്ചില്ല. എന്റെ മകൻ വന്നിട്ട് പറഞ്ഞു നിർബന്ധമായും ദിലീപ് പപ്പായെ കാണണമെന്നും സംസാരിക്കണമെന്നും പറയുന്നു. ഞാൻ പറഞ്ഞു എനിക്ക് കാണുകയും വേണ്ട മിണ്ടുകയും വേണ്ട. ‍‍ജാമ്യം കിട്ടണമെന്നാണ് ഞാൻ ആഗ്രഹിച്ചത്. അത് കിട്ടി. 

ജാമ്യം ലഭിച്ച അന്നു രാത്രി രണ്ടുമണിയായപ്പോൾ നാദിർഷ ഫോണിൽ വിളിച്ചു. എനിക്ക് വ്യക്തിപരമായി ഇഷ്ടമുള്ള ഒരാളാണ് നാദിർഷ. കാരണം ജോസഫും ഞാനും പാർട്ടിയിൽ ഉള്ള സമയത്ത് നാദിർഷ ജോസഫിന്റെ സുഹൃത്തായിരുന്നു. ജോസഫും കലാകാരനായിരുന്നല്ലോ. നാദിർഷ നല്ലൊരു കലാകാരനാണ്. ദിലീപിന് ഉറങ്ങാൻ‌ സാധിക്കുന്നില്ല. സാറിനോട് സംസാരിച്ചിട്ടേ ഉറങ്ങൂ എന്ന് നാദിർഷ പറഞ്ഞു. എങ്കിൽ കൊടുത്തോളൂ എന്ന് ഞാൻ പറഞ്ഞു ദിലീപിനോട് സംസാരിച്ചു. ഭയങ്കര സന്തോഷമുണ്ടെന്ന് ദിലീപ് ദുഃഖത്തോടു കൂടി പറഞ്ഞു. സന്തോഷം കൊണ്ട് പൊട്ടിക്കരഞ്ഞു. ഞാൻ പറഞ്ഞു സന്തോഷവും വേണ്ട ദുഃഖവും വേണ്ട ഇതെല്ലാം ദൈവഹിതമാണെന്ന് മനസിലാക്കുക. വിധിയെ തടുക്കാൻ കഴിയില്ല. നമ്മൾ ഒരു പാപവും ചെയ്തിട്ടില്ലെങ്കിലും  നമ്മുടെ ജന്മത്തിൽ ചിലതൊക്കെ എഴുതിവച്ചിട്ടുണ്ട് അതാണ് നടക്കുന്നത്. ഒരു ദുഃഖവും വേണ്ട സന്തോഷത്തോടെ ഇരട്ടി ശക്തിയോടെ കലാരംഗത്തേക്ക് വരിക നിരാശനാകാതിരിക്കുക ഇതാണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു. തീർച്ചയായും കലാരംഗത്ത് 100 ശതമാനവും ശരി ചെയ്ത്പോകും എന്ന് ദിലീപ് പറഞ്ഞു. 

രണ്ടു മൂന്ന് കാര്യങ്ങൾ ഇതിൽ സംഭവിച്ചിട്ടുണ്ട്. ദിലീപിന്റെ ആദ്യത്തെ ഭാര്യ മഞ​്ജുവാര്യർ നല്ലൊരു നടിയാണ്. എനിക്ക് അവരുടെ അഭിനയം ഇഷ്ടവുമാണ്. പക്ഷേ അവരുടെ മനസ് കഠിനമാണ്. അവർ‌ ചെന്നുപെട്ടിരിക്കുന്നത് അപകടകരമായ ചതിക്കുഴിയിലാണ്. ദിലീപിന്റെയും മഞ്ജുവിന്റെയും ജീവിതം നല്ല രീതിയിൽ തന്നെയായിരുന്നു. മഞ്ജുവിന്റേയും ദിലീപിന്റേയും മകൾ എന്തുകൊണ്ട് ദിലീപിനൊപ്പം നിൽക്കുന്നു ? എന്തുകൊണ്ട് ആ കുട്ടി മഞ്ജുവിന്റെ ഒപ്പം പോകുന്നില്ല ? മഞ​്ജു പ്രസവിച്ച മകൾ അതും ഒരു പെൺകുട്ടി. 

ഇപ്പോൾ മഞ്ജു വൈരാഗ്യം തീർക്കുകയാണ്. എക്സിബിസ്റ്റേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പിന്റെ തലേദിവസമാണ് ദിലീപിനെ 13 മണിക്കൂർ ചോദ്യം ചെയ്യുന്നത്. അദ്ദേഹത്തെ ആലുവ പാലസിൽ വച്ചിരിക്കുകയായിരുന്നു. ആലുവ റൂറൽ എസ് പി ഉൾപ്പടെയുള്ള ആളുകൾ ചോദ്യം ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നു.  ആ ടീമിലെ ഒരു ഐജിക്ക്  അതിനോട് യോജിപ്പില്ലായിരുന്നു. അദ്ദേഹം സെൻകുമാറിനെ അറിയിച്ചു. അങ്ങനെയാണ് 13 മണിക്കൂറിനു ശേഷം ദിലീപിനെ വിട്ടയച്ചത്. പിറ്റേന്ന് എക്സിബിറ്റേഴ്സ് അസോസിയേഷൻ തിര‍ഞ്ഞെടുപ്പാണ്. അപ്പോഴാണ് ഈ സെൻകുമാർ ഇടപെട്ട് അറസ്റ്റ് ഒഴിവാക്കിയത്. ഇപ്പോൾ ഇതിനൊക്കെ നേതൃത്വം കൊടുക്കുന്നത് എഡിജിപി സന്ധ്യയാണ്. അവരും മഞ്ജുവുമായിട്ടുള്ള അഭേദ്യമായ അവിഹിതബന്ധവും ഇതിൽ ഉണ്ടെന്നാണ് മനസിലാക്കുന്നത്. സിനിമയിൽ അമിതമായ ഭ്രാന്തുള്ള രാഷ്ട്രീയക്കാരന്റെ മകനും ഈ കച്ചവടത്തിൽ ഉണ്ട്.

∙ ഒരു പൊലീസ് ഒാഫിസറോ രാഷ്ട്രീയക്കാരനോ ഒക്കെ വിചാരിച്ചാൽ ദിലീപിനെ പോലെ ഒരാളെ ഇത്ര നാൾ ജയിലിലാക്കാൻ സാധിക്കുമോ ?

കേരളത്തിന്റെ നാണം കെട്ട പൊലീസ്, നമ്പി നാരായണൻ എന്ന ലോകപ്രശസ്ത ശാസ്ത്രജ്ഞനെ 1994 ൽ അറസ്റ്റ് ചെയ്ത്  ജയിലിൽ ഇട്ടു.  55 ദിവസത്തിനുശേഷമാണ് ജാമ്യം കിട്ടി പുറത്ത് വന്നത്. 1998 ൽ സുപ്രീം കോടതി ഇടപെട്ട് സി ബി ഐ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ നിരപരാധിയായിട്ട് പ്രഖ്യാപിക്കുക മാത്രമല്ല കേരള പൊലീസ് വൃത്തികേടാണ് കാണിച്ചതെന്നു‌ം അദ്ദേഹത്തെ മനപൂർവം നശിപ്പിച്ചതാണെന്ന് പറയുകയും, അതിന്റെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുക്കുകയും ഒരു കോടി രൂപ നഷ്ടപരിഹാരം വിധിക്കുകയും ചെയ്തു. നമ്പി നാരായണനെപ്പോലെ ഒരു വലിയ മനുഷ്യനെ കള്ളക്കേസുണ്ടാക്കി കുടുക്കിയ കേരള പൊലീസിനെക്കുറിച്ച് വലിയ മഹത്വം ഒന്നും ആരും പറയേണ്ട.