Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൂർണമായും വിശ്വസിക്കാനാകുന്ന നടൻ: ഭാഗ്യശ്രീ

bhagyasree-captain-raju

നടന്‍ ക്യാപ്റ്റന്‍ രാജുവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മുന്‍കാല നടി ഭാഗ്യശ്രീ. കപടതയില്ലാത്ത മനുഷ്യനായിരുന്നു ക്യാപ്റ്റൻ രാജുവെന്നും അദ്ദേഹത്തെ പൂർണമായും വിശ്വസിക്കാമായിരുന്നെന്നും നടി പറഞ്ഞു.

ഭാഗ്യശ്രീയുടെ വാക്കുകൾ–

രാജു ചേട്ടൻ മരിച്ചു പോയി എന്ന സത്യം അംഗീകരിക്കാൻ എന്റെ മനസ്സ് അനുവദിക്കുന്നില്ല. കാരണം അദ്ദേഹത്തിന്റെ കൂടെ ജോലിചെയ്ത ആർക്കും ഒരിക്കലും അദ്ദേഹത്തെ മറക്കാൻ കഴിയില്ല. എൻ. ശങ്കരൻ നായർ സാർ സംവിധാനം ചെയ്ത ഈ നൂറ്റാണ്ടിലെ മഹാരോഗം എന്ന സിനിമയിൽ ജയമാലിനി ആന്റിയുടെയും രാജു ചേട്ടന്റെയും മകളായിട്ടായിരുന്നു ഞാൻ അഭിനയിച്ചിരുന്നത്. 

ഭാഗ്യമോളെ എന്നായിരുന്നു എന്നെ എപ്പോഴും വിളിക്കുക. ഞാൻ തെലുങ്ക് സിനിമകളിൽ നായികയായി അഭിനയിക്കുമ്പോഴും വേറെ

ചിത്രങ്ങളുടെ സിനിമകൾക്കായി വരുന്ന രാജുച്ചേട്ടനെ കണ്ടുമുട്ടാറുണ്ടായിരുന്നു. കപടതയില്ലാത്ത മനുഷ്യനായിരുന്നു രാജു ചേട്ടൻ അദ്ദേഹത്തെ നമുക്ക് പൂർണമായും വിശ്വസിക്കാമായിരുന്നു. പലപ്പോഴും അദ്ദേഹം ചെയ്ത കഥാപാത്രങ്ങൾ കാണുമ്പോൾ പാവം രാജു ചേട്ടനെ ആണല്ലോ ഇത്രയും ക്രൂരനായി കാണിക്കുന്നത് എന്ന് തോന്നിപ്പോവും. 

ഞാൻ മദിരാശിയിലെ കെ.കെ നഗറിൽ വീടെടുത്തപ്പോഴും അദ്ദേഹം അതിനടുത്തുതന്നെ ആയിരുന്നു താമസം. പല നല്ല ഉപദേശങ്ങളും അദ്ദേഹം നൽകുമായിരുന്നു. കൃത്യനിഷ്ഠ അദ്ദേഹത്തിന് നിർബന്ധമായിരുന്നു. ഇന്നും കെ കെ നഗറിലെ നീൽഗിരിസ് ഷോപ്പിനടുത്തുള്ള വീട് കാണുമ്പോൾ രാജു ചേട്ടനെ ഓർമവരും. 

വർഷങ്ങൾക്കു ശേഷം 2016 ഇൽ ഞാൻ രാജുച്ചേട്ടന്റെ നമ്പർ സംഘടിപ്പിച്ചു കേരളത്തിലേക്ക് വിളിച്ചു. ‘ഭാഗ്യാ വളരെ സന്തോഷം’ എന്നു പറഞ്ഞു കുറെ തമാശകളും ഉപദേശങ്ങളും എല്ലാം പറഞ്ഞു. മരിക്കുന്നതിന് മുൻപ് കാണാൻ കഴിഞ്ഞില്ല എന്ന ദുഃഖം എന്നെ വല്ലാതെ അലട്ടുന്നു. രാജു ചേട്ടനെ പോലെ നല്ല ഒരു സഹപ്രവർത്തകനെ ഇനികണ്ടുമുട്ടാൻ വളരെ പ്രയാസമാണ്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കാൻ പ്രാർത്ഥിക്കുന്നു.