Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിളിക്കുമെന്നും പറഞ്ഞിട്ടും വിളിച്ചില്ല; ഐഎഫ്എഫ്കെ വിവാദത്തിൽ സുരഭി

surabhi-interview

ഇരുപത്തിരണ്ടാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപനച്ചടങ്ങിലേക്ക് ക്ഷണമുണ്ടെങ്കിലും പങ്കെടുക്കാനാകില്ലെന്ന് ദേശീയ പുരസ്കാര ജേതാവായ നടി സുരഭി. ഫുജൈറയിൽ നേരത്തെ നിശ്ചയിച്ച ഒരു പരിപാടിയിൽ പങ്കെടുക്കേണ്ടതിനാലാണ് ചലച്ചിത്രമേളയുടെ സമാപനച്ചടങ്ങ് ഒഴിവാക്കുന്നതെന്നും സുരഭി വ്യക്തമാക്കി.

സുരഭിയുടെ വാക്കുകളിലേക്ക്–

മലയാളത്തിൽ നിന്നൊരു ചിത്രം ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള മറ്റ് ഫെസ്റ്റിവലുകളിൽ ഇടംപിടിക്കുമ്പോൾ സ്വന്തം നാട്ടിൽ നടക്കുന്ന ഫെസ്റ്റിവലുകളിലും അത്തരം ചിത്രങ്ങൾക്ക് ഇടം ഉണ്ടാകണം. ഈ സിനിമ പരിമിതികൾക്കുള്ളിൽ നിന്ന് പൂർത്തിയാക്കിയ സിനിമയാണ്. തിയറ്ററുകളൊന്നും കിട്ടിയില്ലായിരുന്നു. അപ്പോഴൊക്കെ ഐഎഫ്എഫ്കെയ്ക്ക് വരുമ്പോള്‍ ചിത്രം കാണാമെന്ന് പലരും ആഗ്രഹിച്ചിരുന്നു. എന്നാൽ ജൂറിയുടെ തീരുമാനത്തെമാനിക്കുന്നു. 

ഇത്തരം സിനിമകൾക്കും ഐഎഫ്എഫ്കെയിൽ ഇടം ഉണ്ടാകണം എന്നതാണ് ഞങ്ങൾക്ക് പറയാനുള്ളത്. നമ്മുടെ ആളുകളെ നമ്മൾ തന്നെ പ്രോത്സാഹിപ്പിക്കണം. 

എന്നാൽ മേളയില്‍ വിളിച്ചില്ലെന്നോ ആദരിച്ചില്ലെന്നോ ഞാനാരോടും പരാതി പറഞ്ഞിട്ടില്ല. മേളയ്ക്കായി ഡെലിഗേറ്റ് പാസ് റജിസ്റ്റർ ചെയ്യാൻ നോക്കിയിട്ട് സാധിച്ചില്ല. അതിന് ശേഷം മണിയൻപിള്ളരാജു ചേട്ടൻ പറഞ്ഞിട്ട് കമൽ സാറിനെ വിളിക്കുകയുണ്ടായി. വിളിച്ചപ്പോൾ എനിക്ക് പാസ് തരാമെന്നും അതുമായി ബന്ധപ്പെട്ട ആളുകൾ വിളിച്ചോളുമെന്നും പറഞ്ഞു. പക്ഷേ ആ വിളിയൊന്നും ഉണ്ടായിട്ടില്ലെന്നതു സത്യമാണ്.

രജിഷ വിജയനെ വേദിൽ കണ്ടില്ലോ എന്തുകൊണ്ട് പതിമൂന്നുവർഷത്തിന് ശേഷം ദേശീയപുരസ്കാരം ലഭിച്ച സുരഭിയെ ഐഎഫ്എഫ്കെയുടെ ഉദ്ഘാടനവേദിയിൽ കണ്ടില്ല എന്നാണ് മാധ്യമപ്രവർത്തകൻ ചോദിക്കുകയുണ്ടായി.

സദസിൽ വരുന്നതിന് ആരും ക്ഷണിക്കേണ്ട കാര്യമില്ല, പക്ഷേ ഒരു വേദിയിൽ കയറി ചെല്ലണമെങ്കിൽ അതിന് വേണ്ടി ക്ഷണിക്കണം. ദേശീയപുരസ്കാരം നേടിയെന്ന് കരുതി വെറുതെ ചെല്ലാന്‍ സാധിക്കുമോ? അതിന് മുൻകൂട്ടി ക്ഷണിച്ചിട്ടുള്ള ആളുകളാകും ആ വേദിയിൽ ഉണ്ടാകുക. എന്നെ ക്ഷണിച്ചിട്ടില്ലായിരുന്നു. എല്ലാ തവണവും ചലച്ചിത്രമേളയുമായി ബന്ധപ്പെട്ട് ഇത്തരം വിവാദങ്ങൾ പതിവാണ്. ഇത്തവണയത് അത് എന്റെ പേരിലായി.–സുരഭി പറഞ്ഞു.