ഷാജികുമാറിന്റെ 'ടേക്ക് ഓഫ്'

പുത്തന്‍പണം സെറ്റില്‍ മമ്മൂട്ടിക്കൊപ്പം ഷാജി കുമാര്‍

മലയാള സിനിമയുടെ രാജ്യാന്തര നിലവാരത്തിലേക്കുള്ള ഉയിർപ്പാണ് മഹേഷ് നാരായണൻ സംവിധാനം ചെയ്ത ടേക്ക് ഓഫ്. ഒത്തുതീർപ്പുകളില്ലാതെയും വാണിജ്യ വിജയം സാധ്യമാണെന്ന് തെളിയിച്ച സിനിമ. മഹേഷിനൊപ്പം തിരക്കഥയും സംഭാഷണവും ഒരുക്കിയത് പുതിയ തലമുറയിലെ ഏറ്റവും ശ്രദ്ധേയനായ കഥാകൃത്ത് പി.വി.ഷാജികുമാറാണ്. ടേക്ക് ഓഫിനെക്കുറിച്ച്, സിനിമാ ജീവിതത്തെക്കുറിച്ച് ഷാജികുമാർ സംസാരിക്കുന്നു.

ടേക്ക് ഓഫ് വൻ വിജയത്തിലേക്കു നീങ്ങുന്നു. ഒപ്പം നിരൂപക പ്രശംസയും. ഇതു പ്രതീക്ഷിച്ചിരുന്നോ?

ഒരിക്കലുമില്ല. പ്രേക്ഷകർ സിനിമയെ എങ്ങനെ സ്വീകരിക്കുമെന്ന ആശങ്കയുണ്ടായിരുന്നു, പടത്തിന്റെ സ്വഭാവം അങ്ങനെയാണല്ലോ. സാധാരണ നിരൂപക പ്രശംസ ലഭിക്കുന്ന ചിത്രങ്ങൾ തീയേറ്ററുകളിൽ വിജയിക്കാറില്ല, മഹേഷിന്റെ പ്രതികാരം പോലെ ചുരുക്കം ചിലതൊഴിച്ച്.. അതേ സമയം തീയേറ്ററുകളിൽ വൻ വിജയമാകുന്ന സിനിമകൾക്ക് നിരൂപകപ്രശംസ അത്ര കണ്ട് ലഭിക്കാറുമില്ല. ഇത് രണ്ടും ഒന്നിച്ചു വന്നുവെന്നുള്ളത് തീർച്ചയായും സന്തോഷകരം തന്നെ...

എന്തായിരുന്നു എഴുത്തിലെ ഏറ്റവും വലിയ വെല്ലുവിളി?

ഇറാഖ് പോലെ ഇത്രയും വലിയൊരു കാൻവാസിലേക്ക് കഥയെത്തപ്പെടുമ്പോൾ അതത്രയും സ്വാഭാവികമായി ഭാഷാപ്രശ്നങ്ങൾ ഏശാതെ അവതരിപ്പിക്കുക എന്നുള്ളത് ഒരു വെല്ലുവിളിയായിരുന്നു. ആദ്യ പകുതിയിൽ സമീറ അനുഭവിക്കുന്ന സംഘർഷങ്ങൾ പ്രേക്ഷകർക്ക് മുന്നിൽ ശക്തമായി, വളരെ ക്രിസ്പായി ആഖ്യാനിച്ചതും ഏറെ ആലോചിച്ചായിരുന്നു, ഒന്ന് തെന്നിയാൽ കൈവിട്ടു പോകുമെന്ന അവസ്ഥയാണല്ലോ.. അങ്ങനെ പല വിധ ആലോചനകൾ..

പാർവതിയടക്കമുള്ളവരുടെ പ്രകടനത്തെ എങ്ങനെ വിലയിരുത്തുന്നു?

വേവലാതിയുടെയും ഒറ്റപ്പെടലുകളുടെയും നിരന്തരഭാരത്താൽ സംഭ്രമത്തോടെ ജീവിക്കുന്ന സമീറ യെയാണ് നിങ്ങൾക്ക് കാണാൻ കഴിയുക, പാർവ്വതിയെയല്ല. അത്രമാത്രം 'ഭീകര'മായാണ് അവർ സമീറയായി തകർത്താടിയത്. പാർവ്വതി മാത്രമല്ല, ഷഹീദായി അഭിനയിച്ച ചാക്കോച്ചനും മനോജ് എബ്രഹാമായി വന്ന ഫഹദും അലൻ ചേട്ടനും പാർവ്വതിയേച്ചിയും എല്ലാവരും തങ്ങൾ അഭിനയിച്ച കഥാപാത്രങ്ങളോട് 100 % സത്യം കാണിച്ചു. ചെറിയ വേഷത്തിലെത്തിയവർ വരെ അവരവരുടെ നീക്കിയിരുപ്പുണ്ടാക്കി എന്നതാണ് ടേക്ക് ഓഫിന്റെ വിജയം. 

ഇറാഖിലെ പട്ടാളക്കാരായും ഐഎസ് ഭീകരരായി അഭിനയിച്ചവരുമൊക്ക എന്റെ നാട്ടുകാരായ കാസർഗോഡുകാരാണ്. ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടറായ സജി മോനും ഞാനും ചേർന്ന് കാസർഗോട്ട് വെച്ച് നടത്തിയ ഓഡിഷനിൽ നിന്നാണ് 18 പേരെ തിരഞ്ഞെടുത്തത്. ഇത് അവരുടെ കൂടി വിജയമാകുന്നു.

ദൈവത്തിന്റെ മാലാഖമാർ എന്ന വിളിപ്പേരേയുള്ളൂ സാർ. എന്നാൽ വിളിക്കുന്നവരാരും മാലാഖമാരുടെ വീട്ടിലെ അവസ്ഥ ചോദിക്കാറില്ല എന്ന് സിനിമയിലൊരിടത്ത്‌ പാർവ്വതി അവതരിപ്പിക്കുന്ന സമീറ എന്ന കഥാ പാത്രം ചോദിക്കുന്നുണ്ട്.. എങ്ങനെ ഇത്ര മേൽ ആഴത്തിൽ തിരിച്ചറിഞ്ഞൂ, നഴ്സുമാരുടെ ജീവിതം?

ആശുപത്രികളിൽ എത്തിപ്പെടുന്ന സാഹചര്യങ്ങളിൽ പലപ്പോഴും ഞാനിത് ആലോചിച്ചിട്ടുണ്ട്. രോഗികളുടെ ആരോഗ്യം കൊള്ളയടിച്ച് ആശുപത്രികൾ ഉണ്ടാക്കുന്നത് കോടികൾ. പക്ഷേ, അവിടെ ലീവൊന്നും കിട്ടാതെ രാപ്പകലെന്നില്ലാതെ സേവിക്കുന്ന നഴ്സുമാർക്ക് കിട്ടുന്നതോ വായ്പക്കുടിശിക അടയ്ക്കാൻ പോലും തികയില്ല. ഇതിനെക്കുറിച്ച് ആർക്കും ഒരു പ്രശ്നവുമില്ല, സമരം നടത്തുന്നവരുടെ കൂടെ നിൽക്കാനും ആളില്ല.. അവർ ചെയ്യുന്ന മഹത്തായ ജോലിക്ക് മിനിമം മാന്യമായ പ്രതിഫലം കൊടുപ്പിക്കാനുള്ള ബാദ്ധ്യത നമുക്കുമില്ലേ. പകരം നമ്മൾ സിനിമകളിലും കഥകളിലും അവരെ താഴ്ത്തിക്കെട്ടുന്നത് കണ്ടും വായിച്ചും ചിരിക്കുന്നു.. ഈയൊരു സാഹചര്യത്തിലാണ് അവരുടെ ജീവിതം അവരുടെ ജീവിതമായിത്തന്നെ അവതരിപ്പിക്കാൻ തീരുമാനമുണ്ടാവുന്നത്.

രണ്ടാം പകുതിക്ക് ശേഷം ഇറാഖിലെ ആഭ്യന്തര സംഘർഷങ്ങളിലൂടെയാണല്ലോ കഥ പോകുന്നത്‌. ആ രാജ്യത്തിന്റെ അവസ്ഥ പഠിക്കാൻ ശ്രമിച്ചിട്ടുണ്ടോ?

തീർച്ചയായും.. ഇറാഖിന്റെ ചരിത്രം പറയുന്ന ഒരു പാട് ആർട്ടിക്കിൾ വായിച്ചിട്ടുണ്ട്. ഐ എസുമായി ബന്ധപ്പെട്ട ഒരു പാട് ഡോക്യുമെന്ററികൾ കണ്ടിട്ടുണ്ട്. യസീദി സ്ത്രീകളുടെ അവസ്ഥയൊക്കെ സിനിമയിൽ കടന്നു വന്നത് അങ്ങനെയാണ്. നഴ്സുമാർ ബന്ദികളാക്കപ്പെട്ട സമയത്ത് വന്ന വാർത്തകൾ, റിപ്പോർട്ടുകൾ, വീഡിയോ ഫൂട്ടേജുകൾ ഒക്കെ റഫർ ചെയ്തിരുന്നു. റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകരോടും ബന്ദികളാക്കപ്പെട്ട മെറീന ജോസടക്കമുള്ള നഴ്സുമാരോടും നേരിൽ കണ്ട് കാര്യങ്ങൾ മനസിലാക്കിയിട്ടുണ്ട്. അങ്ങനെ വലിയൊരു പണി നടന്നിട്ടുണ്ട് പിറകിൽ..

പതിവു മലയാള സിനിമകളിൽ നിന്നു മാറി നടക്കാനുള്ള ശ്രമം ബോധപൂർവമായിരുന്നോ?

പതിവു മലയാള സിനിമകളിൽ നിന്ന് മാറി നടക്കുന്ന ഒരു പാട് ദൃശ്യഭാഷ്യങ്ങൾ ഉണ്ടായിട്ടുണ്ട്. അതേ പോലെ,പുതിയൊരു ചലച്ചിത്ര ഭാഷയും ഭാവുകത്വവും സിനിമയിൽ കൊണ്ടുവരണമെന്നാഗ്രഹിച്ചിരുന്നു. ആദ്യ സിനിമയായ കന്യക ടാക്കീസിലും അതിനുള്ള ശ്രമമുണ്ടായിരുന്നു .. എല്ലാവരും പോവുന്ന വഴി മാത്രമല്ലല്ലോ വഴി ..

 

എന്തൊക്കെയാണ് പുതിയ പ്രോജക്ടുകൾ?

ഒരു വലിയ പ്രൊജക്ട് അണിയറയിൽ ഒരുങ്ങുന്നുണ്ട്. കൂടുതൽ വെളിപ്പെടുത്താറായില്ല..

പുത്തൻ പണത്തിൽ രഞ്ജിത്തിനൊപ്പം പ്രവർത്തിച്ചല്ലോ. എങ്ങനെയായിരുന്നു?

പുത്തൻ പണത്തിൽ രഞ്ജിയേട്ടനൊപ്പം സംഭാഷണം നിർവ്വഹിക്കുന്നു. ഏറെ സന്തോഷത്തോടെയും ആകാംക്ഷയോടെയുമാണ് ഞാൻ പുത്തൻ പണത്തിന്റെ ഭാഗമായത്. കാരണം രഞ്ജിയേട്ടനെ പോലെ വലിയൊരു തിരക്കഥാകൃത്തും സംവിധായകനും, മമ്മൂട്ടിയെന്ന വലിയ നടൻ. എക്സൈറ്റ് മെന്റ് സ്വാഭാവികമാണല്ലോ. തിരക്കഥയിൽ കൈ വെച്ചു തുടങ്ങിയൊരാളെന്ന നിലയിൽ രഞ്ജിയേട്ടനൊന്നിച്ച് വർക്ക് ചെയ്യുക എന്നത് വലിയൊരു എക്സ്പീരിയൻസായിരുന്നു. പിന്നെ മമ്മൂക്കയുമായുള്ള സൗഹൃദം.. പോരേ പൂരം...!

സ്ത്രീവിരുദ്ധമല്ല ടേക്ക് ഓഫ്. അതിനെ ഒരുപാടു പേർ പുകഴ്ത്തുകയുണ്ടായി. അത് ബോധപൂർവമായിരുന്നോ? സ്ത്രീ വിരുദ്ധമായ ഒരു വരി പോലും എഴുതില്ലെന്ന് വായനക്കാർക്ക് ഉറപ്പു നൽകിയ എഴുത്തുകാരനാണല്ലോ താങ്കൾ?

ബോധപൂർവ്വമായ പെൺവിരുദ്ധത എഴുത്തിൽ ഉണ്ടാവില്ലെന്നാണ് ഞാൻ ഉദ്ദേശിച്ചത്. സാഹചര്യത്തിനനുസരിച്ചാണല്ലോ സ്വഭാവരൂപീകരണമുണ്ടാവുന്നത്. എല്ലാ സ്ത്രീകളും. പുരുഷന്മാരും ഒരേ പോലയല്ലല്ലോ! കഥയ്ക്കനുസരിച്ചുള്ള സ്വഭാവ നിർമിതിയിൽ ചിലപ്പോൾ പുരുഷന്മാർ സ്ത്രീക്കെതിരായി സംസാരിക്കുകയും ഇടപെടുകയും ചെയ്തേക്കാം. സ്ത്രീകളും അങ്ങനെ ചെയ്യും. പക്ഷേ സ്ത്രീവിരുദ്ധതയ്ക്ക് വേണ്ടി സ്ത്രീവിരുദ്ധത ഉണ്ടാക്കുന്നതിനോട് ഞാൻ അകലം പാലിക്കും എന്നാണുദ്ദേശിച്ചത് ..

തീർച്ചയായും ടേക്ക് ഓഫ് സമീറയുടെ കഥയാണ്. സമീറയാണ് കഥയുടെ ജീവൻ. സമീറയാണ് കഥയ്ക്ക് ജീവൻ വെപ്പിക്കുന്നത്. സമീറയിൽ നിന്ന് കഥ പറയുമ്പോൾ സമീറയ്ക്ക് സമാനമായ ജീവിതത്തിലൂടെ കടന്നുപോകുന്ന ഒരു പാട് സ്ത്രീകളുടെ അനുഭവമായി അത് മാറുമെന്നത് സ്വഭാവികമാണ്. അങ്ങനെ നോക്കുമ്പോൾ അതൊരു സ്ത്രീപക്ഷ സിനിമയായി മാറുകയായിരുന്നു, ബോധപൂർവ്വമല്ലത്.

കഥയിൽ നിന്നു തിരക്കഥയിലേക്കുള്ള വഴി എളുപ്പമായിരുന്നോ?

അത്ര എളുപ്പമല്ല. കഥ കുറച്ച് കൂടി ജൈവീകമാണ്. തിരക്കഥ കൺസ്ട്രക്റ്റഡ് ആണ്. കൂട്ടായ്മയുടെ പ്രൊസസ് ആണ് സിനിമ. അപ്പോൾ നമ്മൾ പലതും പുനരാലോചിക്കേണ്ടി വരും. കൊമ്പ്രമൈസുകൾ വേണ്ടി വന്നേക്കാം. പലർക്ക് വേണ്ടിയും മാറ്റിയെഴുത്തുകൾ ചെയ്യേണ്ടിവന്നേക്കാം. കഥയെഴുത്ത് ഒറ്റയാന്റെ തച്ചു പണിയാണ്. അവിടെ ആൾക്കൂട്ടമില്ല, ആരവങ്ങളില്ല. കഥയും  കഥാപാത്രങ്ങളും സാഹചര്യങ്ങളും കഥയെഴുത്തുകാരനും മാത്രമേയുള്ളൂ. അതിന്റെ ഫ്രസ് ട്രേഷുനും ആനന്ദവും അവന്/ അവൾക്ക് മാത്രം അവകാശപ്പെട്ടതാവുന്നു...