കാവ്യയുടെ കണ്ണും മീരയുടെ ഛായയും; ഇത് അനു സിത്താര

കാവ്യാ മാധവന്റെ കണ്ണുകൾ. മീരാ ജാസ്മിന്റെ നല്ല ഛായ. നിത്യാ മേനോന്റെ ലുക്ക്– മലയാളത്തിലെ സുന്ദരിമാരായ നായികമാരോട് തന്നെ താരതമ്യപ്പെടുത്തുന്ന ട്രോളുകൾ കാണുമ്പോൾ അനു സിതാര ഉള്ളിൽ ചിരിക്കും. പിന്നെ കണ്ണാടിയിൽ ഒന്നുകൂടി നോക്കും. നായികമാരുടെ മലവെള്ളപ്പാച്ചിലിൽപെട്ടു പോകാനല്ല അനുവിന്റെ വരവ്. പുതിയ ചിത്രമായ ‘രാമന്റെ ഏദൻതോട്ടത്തിലെ’ പാട്ടു കണ്ടപ്പോൾ പലരും സംവിധായകർ രഞ്ജിത് ശങ്കറിനോടു ചോദിച്ചു–ഏതാണീ കുട്ടി? 

വയനാട്ടിൽ ജനിച്ച്, കലാമണ്ഡലത്തിൽ നൃത്തം പഠിച്ച്, കലോൽസവ വേദികളിലൂടെ മലയാള സിനിമയിലെത്തിയ അനു സിതാര പുതിയ സിനിമ റിലീസാകും മുൻപേ ‘ശാലീനസുന്ദരി’ കിരീടം ചൂടിക്കഴിഞ്ഞു. 

കലാമണ്ഡലം 

എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ കലാമണ്ഡലത്തിൽ മോഹിനിയാട്ടം പഠിക്കാൻ ചേർന്നു. വലിയ ആവേശത്തോടെ പോയതാണ്. കലാമണ്ഡലം, ജീവിതം മാറ്റിമറിച്ചു. പുലർച്ചെ നാലുമണിക്ക് എഴുന്നേറ്റ് പാട്ടുസാധകം. ഉച്ചവരെ നൃത്തപഠനം. ഉച്ചകഴിഞ്ഞ് സ്കൂൾ പഠനം. ക്യൂനിന്നു ഫോൺ ചെയ്താൽ ആഴ്ചയിലൊരിക്കൽ അമ്മയെ കിട്ടും. നോൺ വെജ് കിട്ടില്ല.  പിടിച്ചുനിൽക്കാൻ അമ്മ പറഞ്ഞു. ‘നൃത്തത്തിൽ ഡോക്ടറേറ്റ് എടുക്കാൻ പോയതാണ് ഞാൻ. 10 വരെ കലാമണ്ഡലത്തിൽ പഠിച്ചു. ഹയർ സെക്കൻഡറി കൽപറ്റയിൽ പഠിച്ചു. സ്കൂൾ കലോൽസവത്തിൽ പങ്കെടുത്തതു സിനിമയിലേക്കു വഴിതുറന്നു. നൃത്തം ഇപ്പോഴും കൂടെയുണ്ട്. ഞാനും അമ്മയും ചേർന്ന് കൽപറ്റയിൽ നവരസ എന്ന നൃത്തവിദ്യാലയം നടത്തുന്നുണ്ട്.’ 

സിനിമ 

‘പൊട്ടാസ് ബോംബ്’ ആയിരുന്നു ആദ്യ സിനിമ. എന്റെ സിനിമ കാണാൻ കൽപറ്റയിലെ ‘മഹാവീർ’ തിയറ്ററിൽ വലിയ ആൾക്കൂട്ടം വന്നു. സിനിമ വലിയ വിജയമായില്ലെങ്കിലും അവസരങ്ങൾ പലതും വന്നു. ഇന്ത്യൻ പ്രണയകഥയിൽ ലക്ഷ്മി ഗോപാല സ്വാമിയുടെ കുട്ടിക്കാലം ചെയ്തു. അതും ‘സാമ്യം’ പറഞ്ഞു കിട്ടിയ വേഷമാണ്. ‘ഹാപ്പി വെഡിങ്’ സൂപ്പർ ഹിറ്റായി. പിന്നെ അനാർക്കലി, ഫുക്രി. രാമന്റെ ഏദൻതോട്ടവും അച്ചായൻസും ഒരുമിച്ചിറങ്ങുന്നു.  

നാടകം, നൃത്തം 

അച്ഛൻ അബ്ദുൽ സലാം സർക്കാർ ജീവനക്കാരനും നാടക പ്രവർത്തകനുമാണ്. അമ്മ രേണുക നർത്തകിയും. 

വിവാഹം 

സിനിമയിൽ എത്തി വൈകാതെ വിവാഹം കഴിച്ചു. ഭർത്താവ് വിഷ്ണുപ്രസാദ് ഫാഷൻ ഫൊട്ടോഗ്രഫറാണ്. വിഷ്ണുവാണ് എല്ലാ പിന്തുണയും തരുന്നത്. 

മാലിനി 

രാമന്റെ ഏദൻ തോട്ടത്തിൽ കുഞ്ചാക്കോ ബോബന്റെ നായികയാണ്, മാലിനി. ജീവിതത്തിലെന്നപോലെ സിനിമയിലും നൃത്താധ്യാപികയാണ്.