മാലിനിയാകാൻ പല പ്രമുഖ താരങ്ങളും തയാറായിരുന്നു, പക്ഷെ: രഞ്ജിത്ത് ശങ്കർ

ഫീൽഗുഡ്  അഥവാ  ചാറ്റൽ മഴ നനഞ്ഞസുഖം  രഞ്ജിത്ത് ശങ്കറിന്റെ സിനിമകൾ കണ്ടിറങ്ങുന്ന പ്രേക്ഷകന് പലപ്പോഴും തോന്നുന്ന വികാരമിതാണ്. രഞ്ജിത്ത് സംവിധാനം ചെയ്ത രാമന്റെ ഏദൻതോട്ടം കണ്ടിറങ്ങിയപ്പോൾ ചാറ്റൽ മഴയോടൊപ്പം നനുത്ത മഞ്ഞുകൊണ്ട തണുപ്പും കൂടെ പോന്നു. രാമനെക്കുറിച്ചും മാലിനിയെക്കുറിച്ചും എൽവിസിനെക്കുറിച്ചും ഒപ്പം ഏദൻതോട്ടത്തെക്കുറിച്ചും സംവിധായകൻ സംസാരിക്കുന്നു.

നായികയെ കുടുംബത്തിന് പുറത്താക്കി വിവാഹമോചനത്തെ ന്യായീകരിക്കുകയാണോ സിനിമ?

ഒരിക്കലുമല്ല, നായിക മാലിനി തന്നെ കൂട്ടുകാരിയോട് വിവാഹം ഒരുതെറ്റ് അല്ല എന്നു പറയുന്നുണ്ട്.  നമുക്ക് ചുറ്റും എത്രയോപേരുണ്ട് മാലിനിയെപോലെ എല്ലാംസഹിച്ച് ജീവിക്കുന്നവർ. അവരൊക്കെ വിവാഹജീവിതം മടുത്തിട്ടും ഒരുമിച്ച് കഴിയുന്നത് ഒന്നുങ്കിൽ സമൂഹത്തെപേടിച്ചിട്ടോ അല്ലെങ്കിൽ‍ കുട്ടിയ്ക്കുവേണ്ടിയോ മാത്രമാണ്. കുട്ടിയ്ക്കുവേണ്ടി സഹിച്ച് ജീവിക്കുന്നതുകൊണ്ടുള്ള ദോഷം അതിനുതന്നെയാണ്. കുട്ടി കണ്ടുവളരുന്നത് വീട്ടിലെ പ്രശ്നങ്ങളാണ്. അതുകൊണ്ടാണ് മാലിനി പറയുന്നത് മകൾക്കുവേണ്ടി രണ്ടുവ്യത്യസ്തമായ മനോഹരമായ ലോകം കുടുംബത്തിന് പുറത്ത് നമുക്ക് സൃഷ്ടിക്കാമെന്ന്. എൽവിസിനെ കുറച്ച് കൂടി ക്രൂരനാക്കാമായിരുന്നുവെന്ന് പലരും പറഞ്ഞു. എനിക്ക് പക്ഷെ അതിന്റെ ആവശ്യമുണ്ടെന്ന് തോന്നിയില്ല. വിവാഹമോചനത്തിന് ഇതിലെ നായികയ്ക്ക് അവരുടേതായ കാരണങ്ങളുണ്ട്.

രാമന്റെ ഏദൻത്തോട്ടം ഒരു റിസ്ക്ക് ആയിരുന്നില്ലേ?

റിസ്ക്ക് തന്നെയാണ്. ഈ കഥ ഒരുപാട് കാലം മുമ്പ് എന്റെ മനസിലുണ്ടായിരുന്നതാണ്. പക്ഷെ ഇത്രകാലം അതിലേക്ക് എത്താനുള്ള ഒരു ആത്മവിശ്വാസക്കുറവുണ്ടായിരുന്നു. പ്രേതം ഇറങ്ങിയ ശേഷമാണ് ഇങ്ങനെയൊരു സിനിമ ചെയ്യാം എന്ന് തീരുമാനിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ കേരളസമൂഹം സിനിമ സ്വീകരിക്കാനുള്ള സാധ്യതയുണ്ടെന്ന് തോന്നി. സിനിമ എല്ലാവർക്കും ഇഷ്ടമാകണമെന്നില്ല, എങ്കിലും സിനിമയുടെ പ്രമേയം സംബന്ധിച്ചൊരു ചർച്ചയുണ്ടാകും. അത്തരം ആരോഗ്യകരമായ ചർച്ചകൾ സിനിമയ്ക്ക് ഗുണം ചെയ്യും. 

എത്രകാലമെടുത്തു ഇതുപോലെയൊരു വിഷയം സിനിമയാക്കാൻ?

സാധാരണ സിനിമയുടെ തിരക്കഥ ഒന്നോ രണ്ടോ ദിവസം കൊണ്ട് പൂർത്തിയാക്കാൻ സാധിക്കാറുണ്ട്. ഇതുപക്ഷെ രണ്ടാഴ്ച്ചയോളം സമയമെടുത്താണ് എഴുതിയിത്. ഈ സിനിമ എഴുതാനാണ് ഏറ്റവും അധികം സമയമെടുത്തത്. കഥാപാത്രങ്ങളുടെ ഡയലോഗുകളൊക്കെ വളരെ ശ്രദ്ധിച്ചാണ് എഴുതിയത്. ''കല്യാണം കഴിച്ചതാണ് ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റ്, അത് തിരുത്താൻ പറ്റില്ലല്ലോ?'' എന്ന് എൽവിസ് സ്വാഭാവികമായി പറയുന്ന വാചകമാണ് അവരിൽ പലരെയും സ്പർശിച്ചത്. എനിക്ക് പക്ഷെ അത് വലിയ വിഷയമായി ഇതുവരെ തോന്നിയിരുന്നില്ല. അതുപോലെ പല ഡയലോഗുകളും എന്റേതല്ല, പലരുടേതുമാണ്.

രാമനും മാലിനിയും എൽവിസും താങ്കളുെട ജീവിതത്തിൽ കടന്നുവന്നവരാണോ? 

എല്ലാ പുരുഷന്മാരുടെയും ഉള്ളിൽ ഒരു എൽവിസും രാമനുമുണ്ട്. എന്റെയുള്ളിൽ കൂടുതലും എൽവിസാണ്, ചെറിയ ഒരു ശതമാനം മാത്രമാണ് രാമനുള്ളത്. എൽവിസായിട്ടുള്ള എല്ലാപുരുഷന്മാരുടെയും ആഗ്രഹം രാമനാകാനാണ്. എൽവിസിനെപ്പോലെ ഒരുപാട് ആളുകളെ ഞാൻ പരിചയപ്പെട്ടിട്ടുണ്ട്. മദ്യപാനസദസുകളിലൊക്കെ അവരിൽ മിക്കവരും പറയുന്ന ഒരു കാര്യമാണ് ഇതൊക്കെ നിറുത്തി പുഴക്കരയിൽ ഒരു അഞ്ചുസെന്റ് സ്ഥലമൊക്കെ വാങ്ങി ചെറിയ വീടൊക്കെ പണിത് കൃഷിയൊക്കെ ചെയ്ത് ജീവിക്കണം. ഈ ഒരു ആഗ്രഹത്തിന്റെ പ്രതിഫലനമാണ് രാമൻ. മാലിനിയെന്നു പറയുന്ന കഥാപാത്രവും അത്ര പെർഫക്ട് ഒന്നുമല്ല. കുറച്ച് കള്ളത്തരങ്ങളൊക്കെയുണ്ട്. 

ജോജുവിന്റെ എൽവിസും അനുസിത്താരയുടെ മാലിനിയും - മുൻനിര താരങ്ങളെ ഉപേക്ഷിച്ചത് മനപൂർവ്വമാണോ?

എൽവിസ് ആകാനും മാലിനിയാകാനും ഇവിടുത്തെ ഒരുപാട് വലിയതാരങ്ങൾ തയാറായിരുന്നു. സൗത്ത് ഇന്ത്യയിെല തന്നെ വലിയ താരങ്ങൾ മാലിനിയാകാൻ പ്രതിഫലം വരെ കുറയ്ക്കാൻ തയാറായതാണ്. പക്ഷെ വലിയതാരങ്ങളെവച്ചൊരു സിനിമയെടുത്താൽ പ്രേക്ഷകർക്ക് അമിതപ്രതീക്ഷയുണ്ടാകും. ആ പ്രതീക്ഷയോടെ സിനിമ കണ്ടാൽ ചിലപ്പോൾ ഇഷ്ടമായേക്കില്ല. മറ്റൊരു കാര്യം സിനിമ ചെയ്യുമ്പോൾ അതിൽ എന്തെങ്കിലും സർപ്രൈസ് എലമെന്റ് വേണമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. പുതിയ ഒരു നായിക ആയാൽ മാത്രമേ വർക്ക് ആകൂ എന്ന് എനിക്ക് തോന്നി. മാലിനിയോട് യെസ് പറഞ്ഞ താരങ്ങളിൽ പലരും യഥാർഥ ജീവിതത്തിലും വളരെ ശക്തമായ നിലപാട് എടുക്കുന്നവരാണ്. അവർ തന്നെ മാലിനിയായാൽ പ്രേക്ഷകർ എങ്ങനെ സ്വീകരിക്കുമെന്ന ആശങ്കയുണ്ടായിരുന്നു. മാലിനിയാകാൻ എന്റെ മുമ്പിൽ അനുസിത്താരയല്ലാതെ വേറെ ഓപ്ഷൻ ഇല്ലായിരുന്നു. 

എൽവിസിനെക്കുറിച്ച് ചിന്തിച്ചപ്പോൾ ജോജുവിന്റെ മുഖമാണ് ഓർമവന്നത്. ജോജു സുഹൃത്താണ്, അതിലുപരി നല്ല ഒരു നടനാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ജോജുവിന് എൽവിസിന്റെ ഛായയുണ്ടായിരുന്നു. He looks like Elvis എന്നുപറയില്ലേ അതാണ് ജോജുവിൽ ഞാൻ കണ്ടത്. കഥാപാത്രത്തെക്കുറിച്ച് പറഞ്ഞപ്പോൾ ജോജു എക്സൈറ്റഡായി. അങ്ങനെ ആവേശഭരിതരാകുന്ന ആളുകളോടൊപ്പം ജോലി ചെയ്യാൻ എനിക്ക് ഒരുപാട് ഇഷ്ടമാണ്. ജോജുവിനെക്കൊണ്ടു പറ്റുമോയെന്ന് ചോദിച്ചപ്പോൾ എൽവിസ് എനിക്ക് തന്നാൽ അത് ഒരു ലൈഫായിരിക്കും, അതിനുവേണ്ടി ഞാൻ എന്തും ചെയ്യും എന്നാണ് ജോജു പറഞ്ഞത്. പലരും ജോജുവിനെ എൽവിസാക്കണോ എന്ന് ചോദിച്ചിരുന്നു, പ്രേതം ഇറങ്ങിയ സമയത്ത് ഷറഫുദ്ദീനെ കാസ്റ്റ് ചെയ്തപ്പോഴും പലരും അതൊരു മണ്ടൻ തീരുമാനമാണെന്ന് പറഞ്ഞിരുന്നു. ഉള്ളിൽ ഒരുപാട് കഴിവുകൾ ഉള്ളവരാണ് ഇവരൊക്കെ. 

കുഞ്ചാക്കോ ബോബന്റെ രാമൻ?

യഥാർഥ ജീവിതത്തിലും രാമന്റെ സ്വഭാവമുള്ള ആളാണ് കുഞ്ചാക്കോബോബൻ. മരത്തിൽ കയറാനും മണ്ണിൽ നടക്കാനുമൊക്കെ ഇഷ്ടപ്പെടുന്ന സാധാരണക്കാരൻ. രാമന്റെ ഏദൻതോട്ടം പോലെയൊരു ആശയം കുറേവർഷങ്ങൾക്കുമുമ്പ് ചാക്കോച്ചൻ ഭാര്യ പ്രിയയോട് പങ്കുവച്ചിട്ടുമുണ്ട്. നഗരമൊക്കെ വിട്ട് ദൂരെ എവിടെയെങ്കിലും ഇതുപോലെയൊരു സ്ഥലം വാങ്ങി അതിനെ കാടാക്കി മാറ്റി താമസിച്ചാലോ എന്ന് ചിന്തിച്ചയാളാണ് അദ്ദേഹം. എനിക്കൊന്നും അങ്ങനെയൊന്നും ആലോചിക്കാൻ പോലും പറ്റിയിട്ടില്ല. ജോജുവിന്റെ കാര്യം പറയുന്നത് പോലെ തന്നെ രാമനായിട്ട് ചാക്കോച്ചനെയല്ലാതെ വേറെയാരെയും കാണാൻ സാധിക്കുമായിരുന്നില്ല. എൽവിസിന്റെ പോലെ തന്നെ He looks like Raman.  അഭിനയം ആവശ്യമില്ലാത്ത ഒരു സിനിമയാണിത്. 

താങ്കളുടെ മനസിലുള്ള ഏദൻതോട്ടം എങ്ങനെയാണ് കണ്ടുപിടിച്ചത്?

നിമിത്തം എന്നൊക്കെ പറയുന്നതിൽ വിശ്വസിക്കുന്ന ആളാണ് ഞാൻ. മറ്റൊരു സിനിമയുടെ ആവശ്യത്തിനായിട്ടാണ് വാഗമണ്ണിൽ പോകുന്നത്. തികച്ചും അവിചാരിതമായിട്ടാണ് വാഗമൺഹൈറ്റ്സ് എന്ന റിസോർട്ട് കാണുന്നത്. ഞാൻ എന്ത് മനസിൽ കണ്ടോ അതു തന്നെയാണ് അവിടെ കണ്ടത്. തിരക്കഥയിൽ എഴുതിയതുപോലെ ഒരു കുതിരയും രണ്ടു നായ്കുട്ടികളുമെല്ലാം അതുപോലെ തന്നെയുണ്ടായിരുന്നു. ഒരുപക്ഷെ ആ സ്ഥലം കണ്ടില്ലായിരുന്നെങ്കിൽ ഈ സിനിമ നടക്കില്ലായിരുന്നു. സിനിമയ്ക്ക് വേണ്ടി സെറ്റിട്ടതുപോലെയായിരുന്നു ആ ലൊക്കേഷൻ. സിനിമയുടെ വിധിയിൽ വിശ്വസിക്കുന്നയാളാണ് ഞാൻ. ഈ ലൊക്കേഷൻ കിട്ടിയപ്പോൾ തന്നെ ഈ സിനിമ നടക്കുമെന്ന് ഒരു വിശ്വാസം തോന്നിയിരുന്നു. 

സ്ത്രീവിരുദ്ധത ഒഴിവാക്കാൻ മനഃപൂർവ്വം ശ്രദ്ധിക്കാറുണ്ടോ?

സ്ത്രീകളെ ബഹുമാനിക്കുന്ന ആളാണ് ഞാൻ. ആ ഒരു സ്വഭാവം എന്റെ കഥകളിലുമുണ്ട്. പുരുഷന്മാരേക്കാൾ മാനസികമായും ശാരീരികമായും ബലമുള്ളവരാണ് സ്ത്രീകൾ എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ജോലിചെയ്യുന്ന സ്ത്രീകളുടെ ഒരു ദിവസം രാവിലെ അഞ്ചുമണിക്ക് തുടങ്ങും വീട്ടിലെ ജോലി തീർത്തിട്ടാകും ഓഫീസിൽ പോകുന്നത്, തിരികെ വന്ന് വീണ്ടും വീട്ടുജോലി ചെയ്യും. ഇവർ ചെയ്യുന്ന ഈ അധ്വാനം ഒരു പുരുഷന് ചെയ്യാൻ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. 

രാമന്റെയും മാലിനിയുടെയും പോലെയൊരു സൗഹൃദം നമ്മുടെ സമൂഹത്തിൽ സാധ്യമാണെന്ന് തോന്നുന്നുണ്ടോ?

മാലിനിയെപ്പോലെയുള്ള സുഹൃത്തുക്കൾ എനിക്കുണ്ട്. അവരുമായി ഊഷ്മളമായ ഒരു സൗഹൃദവുമുണ്ട്. അതിന് ഒരു മെച്യൂരിറ്റി ലെവൽ എത്തേണ്ടതുണ്ട്. സ്ത്രീക്കും പുരുഷനും തമ്മിൽ ശാരീരികബന്ധത്തിനപ്പുറം ഒരു സൗഹൃദം സാധിക്കില്ല എന്ന് വിശ്വസിക്കുന്ന പ്രായത്തിലുള്ളവരല്ല രാമനും മാലിനിയും. ആ കാലം കഴിഞ്ഞവരാണ്. രാമന്റെയും മാലിനിയുടെയും ഇടയിൽ പ്രണയം ഇല്ലാഴികയില്ല, അതുപക്ഷെ സിനിമയിൽ കാണിക്കുന്നില്ല എന്നേയുള്ളു.