ഈ ചിത്രം നിങ്ങളെ നിരാശരാക്കില്ല; സംവിധായകൻ അരുൺ സാഗര

അരുൺ സാഗര

മണ്ണാങ്കട്ടയും കരിയിലയും കാശിക്കു പോയ സിനിമയുമായി എത്തുകയാണ് നവാഗതനായ അരുൺ സാഗര. സമൂഹത്തിൽ നടക്കുന്ന കാലിക പ്രസക്തിയുള്ള ഒരു വിഷയത്തെ ഫാമിലി മൂവി ഗണത്തിൽപ്പെടുത്തിയാണ് അവതരിപ്പിച്ചിരിക്കുന്നത്. പുതുമുഖ സംവിധാകന്റെ എല്ലാവിധ ആശങ്കളോടെയും അതോടൊപ്പം ആവേശത്തോടെയും അരുൺ സിനിമയെക്കുറിച്ച് മനോരമ ഓൺലൈനിലൂടെ സംസാരിക്കുന്നു...

മണ്ണാങ്കട്ടയും കരിയിലയും

മണ്ണാങ്കട്ടയും കരിയിലയും കാശിക്കു പോയ കഥ കേൾക്കാത്തവർ തീരെ വിരളമാണ്. അങ്ങനെയൊരു കഥ തന്നെയാണ് മണ്ണാങ്കട്ടയും കരിയിലയും എന്ന ചിത്രവും പറയുന്നത്. സമൂഹത്തിൽ ഇപ്പോൾ നടക്കുന്ന ചില സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ഇതു നമ്മൾ കേട്ടുവളർന്ന കഥയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അറിയണമെങ്കിൽ ചിത്രം കാണുകതന്നെ വേണം.

ടൈറ്റിലിനു പിന്നിൽ

ഇങ്ങനെ ഒരു കഥ  സിനിമയാക്കാൻ തീരുമാനിച്ചപ്പോൾതന്നെ മനസ്സിലേക്ക് ആദ്യം ഓടിയെത്തിയത് മണ്ണാങ്കട്ടയും കരിയിലയും എന്ന ടൈറ്റിൽ തന്നെയാണ്. ചിത്രം കാണുമ്പോൾ പ്രേക്ഷകർക്കും മനസ്സിലാകും ഇതിനെക്കാൾ മികച്ച ഒരു ടൈറ്റിൽ ഈ ചിത്രത്തിനു നൽകാൻ സാധിക്കില്ലെന്ന്. അത്രയും ബന്ധം തന്നെ ടൈറ്റിലും കഥയുമായുണ്ട്.

സമൂഹം സാക്ഷിയാകുമ്പോൾ

ഇന്നത്തെ സമൂഹത്തിൽ മക്കളെ ഓർത്ത് നെഞ്ചിൽ തീയുമായാണ് അച്ഛനമ്മമാർ ജീവിക്കുന്നത്. പ്രത്യേകിച്ച് പെൺമക്കളുള്ള അച്ഛനമ്മമാർ. നമ്മൾ നിരന്തരം കേട്ടും കണ്ടും കൊണ്ടിരിക്കുന്ന വാർത്തകൾ ആരുടെ ഉള്ളിലും ഭീതി ജനിപ്പിക്കും. അപ്പോൾ അവർക്കു നൽകാനുള്ള ഒരു സന്ദേശം അല്ലെങ്കിൽ മക്കളെ ശ്രദ്ധിക്കാത്ത മാതാപിതാക്കൾക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങൾ തുടങ്ങിയവയൊക്കെ ചിത്രം കാണുമ്പോൾ നമ്മുടെ മനസ്സിലും തോന്നാം. 

താരങ്ങൾ കഥ പറയുമ്പോൾ

വലിയ താരനിര അവകാശപ്പെടാനില്ലാത്ത ഒരു കുഞ്ഞു ചിത്രമാണ് മണ്ണാങ്കട്ടയും കരിയിലയും. താരങ്ങളുടെ പ്രാധാന്യമല്ല, മറിച്ച് കൈകാര്യം ചെയ്യുന്ന വിഷയമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഇതിലെ ഓരോ കഥാപാത്രങ്ങളും തുല്യ പ്രാധാന്യമുള്ളവരാണ്. തിരക്കഥയാണ് ചിത്രത്തിലെ പ്രധാന താരം. 

ശരിക്കും ഒരു സൗഹൃദത്തിന്റെ താരമേൻമയാണ് ഈ ചിത്രം. ചിത്രത്തിന്റെ ഓരോ മേഖലയിലും പ്രവർത്തിച്ചിരിക്കുന്നവർ നമ്മുടെ സുഹൃദ വലയത്തിൽപ്പെട്ടവരാണ്. ഞാനും ജോബിച്ചേട്ടനും വർഷങ്ങളായി പരിചയമുള്ളവരാണ്. നമ്മുടെ രണ്ടു പേരുടെയും കൂട്ടുകാരാണ് ഈ ചിത്രത്തിനു വേണ്ടി പ്രവർത്തിച്ചവരെല്ലാം. ഡാഡികൂൾ എന്ന ചിത്രത്തിൽ ഞാനൊരു ചെറിയ വേഷം ചെയ്തിരുന്നു. ആ ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു ഷൈൻ ടോം ചാക്കോ. ആ ബന്ധമാണ് ഷൈനിലേക്ക് എത്തിച്ചത്. അടൂർ ഗോപാലകൃഷ്ണൻ സാറിന്റെ കൂടെ ഞാൻ അസിസ്റ്റന്റ് ആയി വർക് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ 'പിന്നെയും' എന്ന ചിത്രത്തിൽ‌ വച്ചുണ്ടായ സൗഹൃദമാണ് സ്രിന്റയിലേക്കെത്തിച്ചത്. സൈജുചേട്ടനുമായും പരിചയമുണ്ടായിരുന്നു. സുധീറേട്ടനും ഇന്ദ്രൻസേട്ടനും പ്രൊഡ്യൂസറും വരുന്നത് ജോബിച്ചേട്ടൻ വഴിയാണ്. സുഹൃത്തുക്കളാണെങ്കിലും ഇവർക്കെല്ലാം വളരെ അനുയോജ്യമായിട്ടുള്ള കഥാപാത്രങ്ങളാണ് ചിത്രത്തിൽ. 

അടൂർ സാർ എന്ന ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്

അടൂർസാറിന്റെ കൂടെ സഹായിയായി നിന്നത് വലിയൊരു അനുഭവമായിരുന്നു. എന്നുവച്ച് സാറിന്റെ ഒരു അനുകരണം ഈ ചിത്രത്തിൽ കാണില്ല. സാറിനെ അനുകരിക്കാൻതക്ക വിധത്തിലൊന്നും നമ്മൾ വളർന്നിട്ടില്ല. ഈ ചിത്രത്തെ മറ്റൊരു തലത്തിലാണ് വിലയിരുത്തേണ്ടത്. ഒരു സിനിമയെ അവതരിപ്പിക്കുന്ന ശൈലി തന്നെയാണ് അടൂർസാറിന്റെ ചിത്രങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത. 

ഒരു സിനിമ എങ്ങനെ ചെയ്യാമെന്നു മാത്രമല്ല, അതിനപ്പുറം  ഒരുപാട് ജീവിതപാഠങ്ങളും അദ്ദേഹത്തിൽ നിന്നു പഠിക്കാനാകും. ഒരു ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ലഭിക്കാത്ത പാഠങ്ങളാണ് സാറിന്റെ ഒരു സിനിമയിൽ നിന്നുതന്നെ നമുക്കു കിട്ടുന്നത്. 

പ്രേക്ഷകരാണ് എല്ലാം

കേട്ടു പരിചയിച്ച ഒരു കഥ അതു സിനിമയായി നിങ്ങൾക്കു മുന്നിലെത്തിക്കാനാണ് ഞാൻ ശ്രമിച്ചിരിക്കുന്നത്. എന്റെ ആദ്യ സംവിധാന സംരംഭമാണ് ഈ കുഞ്ഞു വലിയ ചിത്രം. കുടുംബപ്രേക്ഷകർ സ്വീകരിക്കുമെന്ന പ്രതീക്ഷയുണ്ട്. പിന്നെ ചിത്രത്തിന്റെ ബാക്കി കാര്യങ്ങളെല്ലാം തീരുമാനിക്കേണ്ടത് പ്രേക്ഷകരാണ്. ഞാനിതാ ചിത്രം നിങ്ങളുടെ കൈയിലേക്ക് ഏൽപ്പിക്കുകയാണ്. നിങ്ങളുടെ സപ്പോർട്ടും വിമർശനങ്ങളുമെല്ലാം ഞാനും പ്രതീക്ഷിക്കുന്നു. തിയേറ്ററിലെത്തുന്ന പ്രേക്ഷകരെ ചിത്രം ഒരിക്കലും നിരാശപ്പെടുത്തില്ലെന്ന വാക്ക് ഞാൻ തരുന്നു. ഇനിയെല്ലാം നിങ്ങൾ തീരുമാനിച്ചുകൊള്ളൂ...

കട്ട സപ്പോർട്ട്...

ഭാര്യ റിനുവും മക്കളായ ശ്രേയയും നിയയും അടങ്ങുന്നതാണ് എന്റെ കുടുംബം. എല്ലാത്തിനും വേണ്ട സപ്പോർട്ടു നൽകി ഇവരോടൊപ്പം ബന്ധുക്കളും സുഹൃത്തുക്കളുമുണ്ട്.