ഇതാണു നുമ്മ പറഞ്ഞ ‘തീര’ക്കഥാകൃത്ത്...

വൈപ്പിൻകരയിൽനിന്ന് എഴുത്തിന്റെ കടലിൽ മുങ്ങിയ ബെന്നി പിന്നെ പൊങ്ങിയതു ചേർത്തല തീരത്താണ്. പിന്നീടു പലവട്ടം പല കഥകളുമായി ബെന്നി ആലപ്പുഴയുടെ തീരത്തുവന്നു. ഇന്നലെ തിയറ്ററുകളിൽ തുറന്ന ‘വെളിപാടിന്റെ പുസ്തകം’ ബെന്നി പി.നായരമ്പലത്തിന്റെ ‘തീരക്കഥ’യിലെ ഏറ്റവും പുതിയ ഏടാകുന്നു.ചേർത്തലയിൽനിന്നാണു ബെന്നിയുടെ എഴുത്തിന്റെ തുടക്കംതന്നെ. രാജൻ പി.ദേവിന്റെ ജൂബിലി തിയറ്റേഴ്സിനുവേണ്ടി ‘അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി’ എന്ന നാടകമായിരുന്നു ആദ്യ രചന. 

കുറുപ്പംകുളങ്ങരയിൽ മുട്ടം പള്ളിക്കടുത്തുള്ള റിഹേഴ്സൽ ക്യാംപിൽ രാവും പകലുമായി എഴുതിത്തള്ളിയപ്പോൾ പേനയിലേക്കു കയറിക്കൂടിയ തീരക്കാറ്റാകാം, പിന്നെയും പിന്നെയും ഈ തീരം തേടിയെത്താൻ ബെന്നിയെ പ്രേരിപ്പിച്ചത്. മികച്ച നടനുള്ള സംസ്ഥാന അവാർഡ് രാജൻ പി.ദേവിന് ആ നാടകം നേടിക്കൊടുത്തിരുന്നു.സിനിമയെഴുത്തുമായി ബെന്നി ആലപ്പുഴയുടെ തീരത്തേക്ക് ആദ്യമെത്തിയതു ‘ചാന്തുപൊട്ടി’ലൂടെയായിരുന്നു. 

ഓമനപ്പുഴ കടൽത്തീരത്തിന്റെ നിറവും മണവും ആ ലാൽ ജോസ് ചിത്രം ഒപ്പിയെടുത്തു പ്രേക്ഷകർക്കു സമ്മാനിച്ചു. സത്യൻ അന്തിക്കാടിനുവേണ്ടി ‘പുതിയ തീരങ്ങൾ’ ബെന്നി എഴുതിയപ്പോൾ അതു ചേർത്തല തീരത്തിന്റെ സ്വന്തം കഥയായി സ്ക്രീനിലെത്തി. ഇപ്പോൾ ലാൽ ജോസിനൊപ്പം വീണ്ടുമെത്തുന്ന ‘വെളിപാടിന്റെ പുസ്തക’വും കടക്കരപ്പള്ളി, ഓമനപ്പുഴ, ചെത്തി, അർത്തുങ്കൽ തീരങ്ങളിലൂടെ ചിത്രീകരിച്ച കഥയാണ്.

കോളജില്ലാത്ത തീരദേശ ഗ്രാമത്തിലെ ബുദ്ധിമുട്ടിനു പരിഹാരമായി അവിടെ കലാലയം വന്ന കഥയാണു ‘വെളിപാടിന്റെ പുസ്തകം’ പറയുന്നത്. ആഴിപ്പൂന്തുറ എന്ന സാങ്കൽപിക തീരഗ്രാമമായി ചേർത്തല തീരം സിനിമയിൽ മാറുന്നു. 25 ദിവസത്തോളം ലാൽ ജോസും ബെന്നിയും സംഘവും ഈ തീരഭാഗങ്ങളിൽ ചിത്രീകരിച്ചു. തീരദേശത്തെ കലാലയമായി സിനിമയിൽ വരുന്നതു തിരുവനന്തപുരം സെന്റ് സേവ്യേഴ്സ് കോളജാണ്. തീരദേശത്തെ ചന്തയും ഷെഡ് കത്തിക്കുന്ന രംഗവുമൊക്കെ സെന്റ് സേവ്യേഴ്സ് ക്യാംപസിൽ ചിത്രീകരിച്ചിട്ടുമുണ്ട്.

‘സ്പാനിഷ് മസാല’ കഴിഞ്ഞു ബെന്നിയും ലാൽ ജോസും കൂട്ടുചേരുന്ന സിനിമയാണിത്. ‘ഛോട്ടാ മുംബൈ’യ്ക്കുശേഷം മോഹൻലാലിനുവേണ്ടി ബെന്നി എഴുതുന്ന സിനിമയുമാണ് ‘വെളിപാടിന്റെ പുസ്തകം’. തിരക്കഥയുടെ സഞ്ചിയിൽ ഇനിയും തീരക്കഥകൾ ബെന്നി ബാക്കിവച്ചിട്ടുണ്ടാകാം.