കാരവനും ജ്യൂസും വേണ്ട; പത്മപ്രിയയുടെ പാഷൻ

സിനിമാനടിയുടെ ആപ്പിൾ ജ്യൂസ് ജീവിതവും കാരവൻ തണുപ്പും പത്മപ്രിയയ്ക്ക് വലിയ ആകർഷണമൊന്നുമല്ല. പഠനവും ജോലിയും ഗവേഷണവുംപോലെ സിനിമയും പത്മപ്രിയയുടെ പാഷനാണ്. ഹോളിവുഡിലെ വമ്പൻ സിനിമ ‘ഷെഫ്’ ഹിന്ദിയിൽ സെയ്ഫ് അലി ഖാൻ നായകനായി മലയാളിയായ രാജകൃഷ്ണ മേനോൻ ഒരുക്കിയപ്പോൾ മലയാളി നായികയാകാൻ ക്ഷണിച്ചത് പത്മപ്രിയയെ. ഭരതനാട്യവും സൽസ നൃത്തവും അറിയാവുന്ന രാധാമേനോൻ എന്ന കഥാപാത്രം പത്മപ്രിയയുടെ കരിയറിലെ ജീവസ്സുറ്റ മറ്റൊരു നായികയാണ്. 

രാധാമേനോൻ

റോഷൻ (സെയ്ഫ്) അമേരിക്കയിൽ വലിയ ഹോട്ടലിലെ ഷെഫാണ്. വലിയ സെലിബ്രിറ്റി സ്റ്റാറ്റസുള്ള വ്യക്തി. റോഷനിൽനിന്ന് വിവാഹമോചനം നേടിയ ഭാര്യയാണ് ഞാൻ അവതരിപ്പിക്കുന്ന രാധാമേനോൻ. ജോലി നഷ്ടപ്പെട്ട റോഷൻ മകനെ കാണാൻ കൊച്ചിയിലെത്തുന്നു. ഭർത്താവിന്റെ ജോലി നഷ്ടപ്പെട്ടുവെന്നു മനസ്സിലാക്കുന്ന രാധ ഒരു ഫുഡ്ട്രക്ക് തുടങ്ങാൻ പ്രേരിപ്പിക്കുന്നു. 

മകനെ സ്നേഹിക്കുന്ന, വിവാഹബന്ധം വേർപെടുത്തിയിട്ടും ഭർത്താവിനോട് വളരെ സ്നേഹത്തോടെയും മഹാമനസ്കതയോടെയും പെരുമാറുന്ന രാധ ഒരു കോസ്മോപൊളിറ്റൻ ലേഡിയാണ്. മുറിഞ്ഞു പോയൊരു ബന്ധത്തിന്റെ അതിർ വരമ്പുകൾ രാധ കൃത്യമായി പാലിക്കുന്നുണ്ട് സിനിമയിൽ. സങ്കീർണമായ ഈ ബന്ധങ്ങൾക്കിടയിൽ അവർ അവരുടെ വ്യക്തിത്വവും സ്വത്വവും കാത്തുസൂക്ഷിക്കുന്നു. കഥ പറഞ്ഞപ്പോൾ ഞാനാലോചിച്ചത് ഒരു മുൻ ഭർത്താവിനോട് ഇത്ര മഹാമനസ്കതയോടെ പെരുമാറാൻ എന്നിലെ സ്ത്രീക്ക് കഴിയുമോ എന്നാണ്! 

പുട്ട്, പയർ,  പപ്പടം 

കൊച്ചിയിലായിരുന്നു ഷെഫിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചത്. സെറ്റിൽ മലയാളികളും മലയാളത്തെ അറിയുന്നവരും ചുരുക്കം. ഇടിയപ്പമായിരുന്നു മിക്ക ദിവസവും ബ്രേക്ക് ഫാസ്റ്റിന്. അത് എല്ലാവർക്കും ഇഷ്ടപ്പെട്ടു. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കേരള ഭക്ഷണം പുട്ടും പയറും പപ്പടവുമാണ്. ഞാനൊരു വെജിറ്റേറിയനാണ്. മലബാർ ഭാഗത്ത് പഴംപൊരി അവലൊക്കെ നിറച്ച് ഉണ്ടാക്കുന്നത് കഴിക്കാൻ വലിയ ഇഷ്ടമാണ്. ന്യൂയോർക്കിൽ പഠിക്കുമ്പോൾ എന്റെ റൂംമേറ്റ് ഒരു മെക്സിക്കൻ പെൺകുട്ടിയായിരുന്നു. അങ്ങനെ മെക്സിക്കൻ ഫുഡ് ഇഷ്ടപ്പെട്ടു. അവിടത്തെ ചീസുകളും കപ്പ് കേക്കും ഇപ്പോഴും നാവിൽ വലിയ നഷ്ടബോധമുണ്ടാക്കുന്നു.

ബോളിവുഡ് പ്ലാനിങ്

അൻപതു ദിവസം പ്ലാൻ ചെയ്തിട്ട് 46 ദിവസംകൊണ്ട് ഷൂട്ടിങ് പൂർത്തിയാക്കാൻ ‘ഷെഫ്’ ടീമിന് കഴിഞ്ഞു. സ്ക്രിപ്റ്റ് വളരെ നേരത്തേ റെഡി ആയിരുന്നു. ചില വർക്‌ഷോപ്പുകളും സിനിമയ്ക്കു മുൻപായി നടന്നിരുന്നു. വലിയ കാൻവാസിൽ സിനിമ ചെയ്യുക എന്നതാണ് ബോളിവുഡ് സ്റ്റൈൽ. ചെറിയ ബജറ്റിൽ ചെയ്യുന്ന പ്രാദേശിക ഭാഷാ ചിത്രങ്ങളുമായി അതു താരതമ്യം ചെയ്യാനാകില്ല.