വിജയ് അങ്ങനെ പറഞ്ഞപ്പോൾ അത്ഭുതം തോന്നി; ഹരീഷ് പേരടി

വിജയ് നായകനായ മെർസൽ തിയറ്ററുകൾ നിറഞ്ഞോടുമ്പോൾ കയ്യടി നേടുന്ന മറ്റൊരാൾ നമ്മുടെ സ്വന്തം ഹരീഷ് പേരടിയാണ്. സമീപകാലത്തു മലയാളത്തിൽ നിന്നു തമിഴിലെത്തി സ്വന്തമായി ഒരു ഇരിപ്പിടം കണ്ടെത്തിയ നടനാണു ഹരീഷ് പേരടി. വിജയ് സേതുപതിക്കും മാധവനുമൊപ്പം അഭിനയിച്ച വിക്രം വേദ എന്ന വൻ ഹിറ്റിനു പിന്നാലെ വിജയ് ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞ സന്തോഷത്തിലാണു ഹരീഷ്. വിക്രം നായകനാകുന്ന സ്കെച്ച്, സൂര്യയുടെ അനന്തരവൻ ജ്ഞാനവേൽ രാജ നിർമിക്കുന്ന പുതിയ ചിത്രം, വിശാലിനൊപ്പം സണ്ടക്കോഴി രണ്ടാം ഭാഗം തുടങ്ങി ഒട്ടേറെ മുൻനിര ചിത്രങ്ങളിൽ ഹരീഷിനെ ഇനി കാണാം. കായംകുളം കൊച്ചുണ്ണി സീരിയലിലെ കാക്ക ശങ്കരനിൽ നിന്നു മെർസൽ  വരെയെത്തി നിൽക്കുന്ന കരിയറിനെക്കുറിച്ചു ഹരീഷ് സംസാരിക്കുന്നു

 തമിഴിലേക്ക് 

ആണ്ടവൻ കട്ടളൈയാണ് ആദ്യ തമിഴ് സിനിമ. കാക്കമുട്ട സംവിധാനം ചെയ്ത മണികണ്ഠനാണു സംവിധായകൻ. പുതിയ ഒരാളെ വേണമെന്നു പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ശ്രീനാഥാണ് എന്നെക്കുറിച്ചു പറയുന്നത്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ കൈതേരി സഹദേവനായുള്ള അഭിനയം കണ്ടാണ് ആ സിനിമയിലേക്കു വിളിച്ചത്. വിജയ് സേതുപതിയായിരുന്നു നായകൻ. തൊട്ടുപിന്നാലേ ശശികുമാറിന്റെ കിഠാരി വന്നു. പിന്നീട് ഒട്ടേറെ അവസരങ്ങൾ ലഭിച്ചു. മഹേഷ് ബാബുവിനൊപ്പം സ്പൈഡറിലും അഭിനയിച്ചു. ഭാഷ വലിയ പ്രശ്നമായി തോന്നിയിട്ടില്ല. ഞാൻ തന്നെയാണു തമിഴ് സിനിമകളിൽ ഡബ് െചയ്യുന്നത്.

 വിജയ് കൂടുതൽ സംസാരിക്കില്ലെന്നാണല്ലോ  പരാതി

ഒരു വർഷം കൊണ്ടാണു മെർസൽ പൂർത്തിയാക്കിയത്. പോളണ്ട്, ഓസ്ട്രിയ, മാസിഡോണിയ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. സൈലന്റ് ആയ പ്രകൃതമാണു വിജയ്‌യുടേത്. കാര്യമാത്രപ്രസക്തമായി മാത്രമേ സംസാരിക്കൂ. നല്ല വിവരമുള്ള ആളാണ്. എല്ലാ കാര്യങ്ങളെക്കുറിച്ചും അറിവുണ്ട്. പുറമേ കാണിക്കില്ലെന്നു മാത്രം. പോളണ്ടിൽ ഷൂട്ടിങ് കഴിഞ്ഞു ഹോട്ടലിൽ എത്തിയാൽ ഭക്ഷണം കഴിഞ്ഞു പുള്ളി നടക്കാനിറങ്ങും. നമ്മളെയും വിളിക്കും. ഇത്രയും വിലപിടിപ്പുള്ള താരത്തിനൊപ്പമാണല്ലോ നടക്കുന്നതെന്ന ചിന്ത നമ്മൾക്കുണ്ടാകുമെങ്കിലും അദ്ദേഹം വളരെ സിംപിളായാണു നമ്മളോട് ഇടപെടുക. വീട്ടു വിശേഷം പറയും. മലയാള സിനിമയെക്കുറിച്ചു സംസാരിക്കും. ലാലേട്ടനൊപ്പം അഭിനയിച്ച കാര്യങ്ങളൊക്കെ അദ്ദേഹം സംസാരിക്കും. ഒരു സുഹൃത്തിനൊപ്പം നടക്കുകയാണെന്നേ തോന്നൂ. നമ്മൾ മലയാളം ഇൻഡസ്ട്രിയെ വളരെ ചെറുതായി കാണുമ്പോൾ വളരെ മൂല്യമുള്ള സിനിമകളുണ്ടാകുന്ന ഇൻഡസ്ട്രിയായാണ് അവർ കാണുന്നത്. ആണ്ടവൻ കട്ടളൈയും അദ്ദേഹം കണ്ടിട്ടുണ്ടെന്നു പറഞ്ഞപ്പോൾ ശരിക്കും അദ്ഭുതമായിരുന്നു. 

 വലിയ കാൻവാസ് 

മലയാളത്തിൽ ഏറ്റവും ചുരുങ്ങിയ റോഡിലൂടെ വണ്ടിയോടിക്കുന്നവരാണു നമ്മൾ. വലിയ റോഡിൽ വാഹനം ഓടിക്കാനുള്ള അവസരമാണു തമിഴ് സിനിമ. കൂടുതൽ സൗകര്യങ്ങൾ ലഭിക്കുന്നത് അഭിനയം മെച്ചപ്പെടുത്താൻ സഹായിക്കുന്നുണ്ട്. 

 തമിഴിൽ അഭിനയിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നോ?

ഇല്ലെന്നു പറഞ്ഞാൽ തെറ്റാകും. എന്നെങ്കിലും  തമിഴ് സിനിമയിൽ അഭിനയിക്കണമെന്നുണ്ടായിരുന്നു. തമിഴ് സിനിമ കാണുന്നവരാണു മലയാളികൾ. ഭാരതിരാജയുടെ കാലം മുതൽ ഏറ്റവും കൂടുതൽ പരീക്ഷണം നടക്കുന്ന സ്ഥലമാണു തമിഴ്സിനിമ. പുതിയ സംവിധായകരും വ്യത്യസ്തരല്ല.  

 വിക്രം 

വിക്രം വളരെ കെയറിങ് ആയ മനുഷ്യനാണ്. വീട്ടിലെത്തുന്ന അടുത്ത ബന്ധുവിനോടെന്ന പോലെയാണ് അദ്ദേഹം  ഇടപെടുക. കമലും വിക്രവുമെല്ലാം നമ്മുടെ സ്വന്തമാണെന്ന തോന്നൽ മലയാളികൾക്കുമുണ്ടല്ലോ.

 സേട്ടൻ 

വിക്രം വേദയിൽ മലയാളി ഗാങ്സ്റ്ററാണ്. തമിഴർ നമ്മളെ ബഹുമാനത്തോടെ ചേട്ടായെന്നാണു വിളിക്കുക. ആ കഥാപാത്രത്തിനു പേരില്ലായിരുന്നു. ചേട്ടൻ എന്നാണു അറിയപ്പെടുന്നത്. പടം വലിയ ഹിറ്റായതിൽ സന്തോഷമുണ്ട്. 

 മലയാള സിനിമകൾ കുറച്ചോ?

മനപ്പൂർവം കുറച്ചിട്ടില്ല. ഡേറ്റ് പ്രശ്നം കൊണ്ടു ഇടയ്ക്ക് അഭിനയിക്കാൻ കഴിഞ്ഞിരുന്നില്ല. കുതിരപ്പവൻ, ചന്ദ്രഗിരി, മൂന്നര, നമസ്തേ ഇന്ത്യ തുടങ്ങി ഒട്ടേറെ ചിത്രങ്ങൾ മലയാളത്തിൽ ചെയ്യുന്നുണ്ട്. വലിയൊരു ചിത്രത്തിന്റെ ചർച്ചയും നടക്കുന്നു.