പരസ്യമുഖം ഇനി സിനിമയിൽ

കിഷോർ മാത്യു

ഈ മുഖം പ്രേക്ഷകർ അറിയും. നൂറിലേറെ പരസ്യ ചിത്രങ്ങളിൽ ഈ മുഖം നമ്മൾ കണ്ടിട്ടുണ്ട്. ഏതുല്പന്നവും ക്യാംപയിനും ജനങ്ങളിലെത്തിക്കാൻ വിശ്വാസയോഗ്യമായ ഒരു മുഖമാവും അണിയറ പ്രവർത്തകർ തേടുക. അതുകൊണ്ടു തന്നെ സാംസങ്ങും എൽജിയും നോക്കിയയും മാഗിയും രാംരാജും മുതൽ ഗ്രാൻഡ് കേരള ഷോപ്പിങ് ഫെസ്റ്റിവൽ വരെ തേടിയെത്തുന്നത് അങ്കമാലിക്കാരനായ കിഷോർ മാത്യുവിനെയാണ്. പ്രമുഖ ബ്രാൻഡുകളുടെ 99 പരസ്യചിത്രങ്ങൾ പൂർത്തിയാക്കിയ ശേഷം ഒരേസമയം ബോളിവുഡ്, മോളിവുഡ് സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങളിലൂടെ സജീവമാവുകയാണ് കിഷോറിപ്പോൾ.

ജാക്കി ഷ്റോഫിന്റെ മകൻ ടൈഗർ ഷ്റോഫ് നായകനായി കോടികൾ വാരിയ ‘ബാഗി’യിലെ ഐപിഎസ് ഓഫിസറുടെ വേഷം അടുത്തകാലത്തു ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ചിത്രത്തിലെ ഹിന്ദി ഡയലോഗുകൾ ഡബ്ബു ചെയ്തതും കിഷോർ തന്നെയായിരുന്നു. ടോണി ചിറ്റേട്ടുകളത്തിന്റെ ‘ചക്കരമാവിൻ കൊമ്പത്ത്’ എന്ന സിനിമയാണു മലയാളത്തിൽ വരാനിരിക്കുന്ന ചിത്രം. റോഷൻ ആൻഡ്രൂസിന്റെ ‘മുംബൈ പൊലീസ്’ എന്ന ചിത്രത്തിൽ പൊലീസ് ഓഫിസറായ ജയസൂര്യയുടെ ജ്യേഷ്ഠനായി അഭിനയിച്ചതും മികച്ച വേഷങ്ങളിലൊന്നായിരുന്നു. 

ചക്കരമാവിൻ കൊമ്പത്ത് എന്ന സിനിമയിൽ നിന്നും

കാലടി ശ്രീശങ്കര കോളജിലെ പഠനകാലത്ത് അത്യാവശ്യം പാട്ടും നാടകവുമൊക്കെയായി നടന്ന കിഷോർ 15 വർഷം മുൻപാണ് യാദൃച്ഛികമായി പരസ്യമേഖലയിലെത്തുന്നത്. ഒരു കല്യാണ ആൽബത്തിൽ കിഷോറിനെ കണ്ട  രണ്ടു പരസ്യചിത്ര സംവിധായകർ പരസ്യചിത്രത്തിൽ അഭിനയിക്കുന്നതിനായി ക്ഷണിക്കുകയായിരുന്നു. ഒരു  ജ്വല്ലറിയുടെ പരസ്യമായിരുന്നു അത്. പിന്നീട് ചെറുതും വലുതുമായി അവസരങ്ങൾ ഓരോന്നായി േതടിയെത്തുകയായിരുന്നു. 

 ‘മോഡലിങ് ഏറെ ആസ്വദിച്ചു ചെയ്തിരുന്ന ജോലിയാണ്. അതിനാലാണ് ഇടയ്ക്ക് അവസരം വന്നിട്ടും സിനിമയിലേക്കു ശ്രമിക്കാതിരുന്നത്. ഇപ്പോൾ സിനിമയിലേക്ക് കൂടുതൽ വിളികളെത്തുന്നു. പരസ്യങ്ങളിൽ പല പ്രായങ്ങളിലുള്ള ഒട്ടേറെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടാവാം വ്യത്യസ്തതയുള്ള വേഷങ്ങളിലേക്ക് ക്ഷണം കിട്ടുന്നത്’- കിഷോർ പറയുന്നു. ആദ്യകാലത്ത് ആഡ് ഫിലിംസിൽ അഭിനയിക്കാൻ മുംബൈയിൽ നിന്നുമാണ് ആർട്ടിസ്റ്റുമാർ കേരളത്തിൽ എത്തിയിരുന്നത്. ഇപ്പോൾ നമ്മുടെ നാട്ടിൽ കഴിവുള്ള ധാരാളം പേർ ഈ രംഗത്ത് സാന്നിധ്യമുറപ്പിച്ചിട്ടുണ്ട്. അവസരങ്ങളും ഏറിയിരിക്കുന്നു. നാഷനൽ റേറ്റിങ് ഉള്ള പല പരസ്യങ്ങളിലും മലയാളികളായ പ്രഫഷനലുകളുടെയും നടീനടന്മാരുടെയും സാന്നിധ്യമുണ്ട്.’- കിഷോർ പറയുന്നു.