വീണ്ടും ആ ഭാഗ്യമുണ്ടായതിൽ സന്തോഷം: മോഹൻലാൽ

ജീവിതം ആഴത്തിൽ മുറിവേൽപിച്ച ഒരാൾ. പകയോ പ്രതികാരമോ അല്ല, കടന്നുപോയ ദുരന്തങ്ങളുടെ ബാക്കിയായി ഉറഞ്ഞുപോയ വേദനയാണ് ഉള്ളുനിറയെ. പതിവു പൊലീസ് സ്റ്റോറികളിൽ നിന്നു ‘വില്ലൻ’ വ്യത്യസ്തമാകുന്നത് തീവ്രമായ ഈ ജീവിതമുഹൂർത്തങ്ങളുടെ ആവിഷ്കാരത്തിലാണ്. 

കരിയറിലെ ഏറ്റവും മികച്ച അനുഭവങ്ങളിലൊന്നാണു മാത്യു മാഞ്ഞൂരാൻ എന്നു മോഹൻലാൽ പറയുന്നു. 

1 വില്ലനിലേക്ക് ആകർഷിക്കപ്പെട്ടത്..? 

വില്ലനിലെ നായക സങ്കൽപം വേറിട്ടതാണ്‌. പിന്നെ, നമ്മുടെ കാലത്തോടു പലതും പറയുന്ന സിനിമയാണിത്. തീർച്ചയായും എനിക്കു വ്യത്യസ്തത സമ്മാനിച്ച സിനിമ. 

 

2 കുറ്റാന്വേഷണ കഥയ്ക്കപ്പുറം മാത്യു മാഞ്ഞൂരാൻ എന്ന കഥാപാത്രത്തിന്റെ വ്യക്തിജീവിതത്തിനു ചിത്രത്തിൽ പ്രാധാന്യമുണ്ട്. തീവ്രമായ വൈകാരിക രംഗങ്ങളെ എങ്ങനെയാണു സമീപിച്ചത്..? 

ഞാൻ കഥാപാത്രങ്ങളെ അങ്ങനെ ആലോചിച്ചുറച്ച്‌ സമീപിക്കാറില്ല. ഏതോ ഒരു നിമിഷത്തിൽ കഥാപാത്രം എന്നിലേക്കോ, ഞാൻ കഥാപാത്രത്തിലേക്കോ ചെന്നെത്തുക എന്നതാണു പലപ്പോഴും സംഭവിക്കുക. 

3 വിശാൽ, മഞ്ജു വാരിയർ, സിദ്ദീഖ് – മൽസരാഭിനയത്തിന്റെ പ്രതീതി തോന്നിക്കുന്നതാണ് ഇവരുമൊത്തുള്ള രംഗങ്ങൾ.. 

അഭിനയത്തിൽ മത്സരമില്ല. പരസ്പരം ആദരവോടെയുള്ള കൊടുക്കൽ വാങ്ങലുകൾ മാത്രം. 

4 യേശുദാസിന്റെ സ്വരത്തിൽ ഏറെക്കാലത്തിനുശേഷം ഒരു ഗാനരംഗത്തിൽ അഭിനയിച്ച ചിത്രം കൂടിയാണിത്. 

എന്നും എന്നെ മോഹിപ്പിക്കുന്ന കാര്യമാണത്‌. വീണ്ടും ആ ഭാഗ്യമുണ്ടായതിൽ സന്തോഷം. 

5 കൂടുതൽ വ്യത്യസ്തത തോന്നിക്കുന്ന സാൾട്ട് ആൻഡ് പെപ്പർ ലുക്കിനെക്കുറിച്ച്... 

ബോധപൂർവമല്ലല്ലോ. അത് കഥാപാത്രത്തിന് യോജ്യമായ വിധത്തിൽ സംവിധായകൻ നിശ്ചയിക്കുന്നതല്ലേ. 

6 ‘ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ കൊല്ലുന്നതു പോലെ അസ്വാഭാവികമായി മറ്റൊന്നുമില്ല’ എന്ന വാക്കുകളാണു വില്ലനിൽ നിറയുന്നത്. ഈ കാഴ്ചപ്പാടിനെക്കുറിച്ച്... 

അതിനു വലിയ പ്രസക്തിയുണ്ട്. യുദ്ധങ്ങളും നരഹത്യകളും ഈ ലോകത്തിൽ ഇതുവരെ ഒരു പ്രശ്നത്തിനും പരിഹാരമുണ്ടാക്കിയിട്ടില്ല. 

7 നായകൻ, വില്ലൻ സങ്കൽപങ്ങളെ തിരുത്താനുള്ള ശ്രമമാണോ. 

തിരുത്തുകയല്ലല്ലോ. നായകനിലെ വില്ലനേയും വില്ലനിലെ നായകനേയും തിരിച്ചറിയുകയല്ലേ. 

8 കുറ്റകൃത്യങ്ങൾ മഹത്വവൽക്കരിക്കപ്പെടാൻ ഇതു വഴിയൊരുക്കില്ലേ. 

അങ്ങനെയുണ്ടോ. വില്ലന്റെ ഉള്ളിലെ ഏകാകിയായ ദുരന്തനായകനെയല്ലേ ചിത്രം കാണിച്ചുതരുന്നത്. 

9 വില്ലൻ കാഴ്ചവയ്ക്കുന്ന ടെക്നിക്കൽ ബ്രില്യൻസിനെക്കുറിച്ച്...‌ 

സംവിധായകൻ ബി.ഉണ്ണിക്കൃഷ്ണൻ അതിനുവേണ്ടി ഒരുപാട്‌ അധ്വാനിച്ചു. നല്ലവണ്ണം ഹോം വർക്ക്‌ ചെയ്തു. അതിനു ഫലം കിട്ടി. 

10 ഇതരഭാഷാ താരങ്ങൾ. വൻകിട നിർമാണ കമ്പനി. ‘വില്ലനും’ പുതിയ വിപണികൾ തേടുകയാണോ..? 

മലയാള സിനിമ മറ്റു വിപണികളിലേക്കുകൂടി വികസിക്കുന്നതു തീർച്ചയായും ശുഭസൂചകമാണ്.