അത് കള്ളം, നാഗവല്ലിയുടെ ശബ്ദം എന്റേത്: ദുർഗ

23 വർഷമായി മലയാളി വിശ്വസിച്ചിരുന്ന ഒരു കള്ളമുണ്ട്. മണിചിത്രത്താഴിലെ നാഗവല്ലിയുടെ ശബ്ദം ഭാഗ്യലക്ഷ്മിയാണെന്ന്. എന്നാൽ നാഗവല്ലിയുടെ ശബ്ദത്തിന്റെ ഉടമ തമിഴ് ഡബ്ബിങ്ങ് ആർട്ടിസ്റ്റ് ദുർഗയാണ്. സിനിമയിൽ ശബ്ദം നൽകിയവരുടെ പേരുകളുടെ കൂട്ടത്തിൽ ദുർഗയുടെ പേരുപോലും കൊടുത്തിരുന്നില്ല. പേരു നൽകിയിട്ടില്ല എന്ന വിവരം ദുർഗ അറിയുന്നതിപ്പോഴാണ്. ഏറെ പ്രശസ്തിയാർജിച്ച കഥാപാത്രത്തിന് ശബ്ദം കൊടുത്തതിന്റെ ക്രഡിറ്റ് മറ്റുള്ളവർ തട്ടിയെടുത്തതുപോലും ദുർഗ അറിഞ്ഞിരുന്നില്ല.

മനോരമാ വാരികയിലെ ഓര്‍മ്മപ്പൂക്കൾ‍ എന്ന പംക്തിയിലൂടെ സംവിധായകന്‍ ഫാസില്‍ ദുർഗ നാഗവല്ലിക്ക് ശബ്ദം നൽകിയ വിവരം എഴുതിയിരുന്നു. മണിച്ചിത്രത്താഴില്‍ നാഗവല്ലിക്ക് ശബ്ദം നല്‍കിയത് ആരെന്നതില്‍ വലിയ ആശക്കുഴപ്പം പ്രേക്ഷകര്‍ക്കിടയില്‍ സൃഷ്ടിക്കപ്പെട്ടിരുന്നു. ശോഭന അവതരിപ്പിച്ച ഗംഗ എന്ന കഥാപാത്രത്തിന് ശബ്ദം നല്‍കിയത് പ്രമുഖ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ആയിരുന്നു. എന്നാൽ നാഗവല്ലിയുടെ ശബ്ദം ആരാണെന്ന് നൽകിയതെന്ന് സംവിധായകൻ ഇതുവരെ സ്ഥിതീകരിച്ചിരുന്നില്ല. 23 വർഷങ്ങൾക്ക് ശേഷം നാഗവല്ലിയുടെ ശബ്ദമായി മാറിയ ഓർമകൾ ദുർഗ പങ്കുവെക്കുന്നു.

ദുർഗ നാഗവല്ലിയാകുന്നത് എങ്ങനെയാണ്?

ഫാസിൽ സാറിന്റെ പൂവേപൂചൂടവാ എന്ന സിനിമയിൽ ഡബ്ബ് ചെയ്തത് ഞാൻ ആയിരുന്നു. എന്റെയും നദിയാമൊയ്തുവിന്റെയും ആദ്യ തമിഴ് ചിത്രമായിരുന്നു പൂവേപൂചൂടവാ. അങ്ങനെയാണ് ഫാസിൽ സാറിനെ പരിചയം. ഒരിക്കൽ അദ്ദേഹം വിളിച്ചിട്ടു പറഞ്ഞു ഒരു മലയാളസിനിമയിൽ ഡബ്ബ് ചെയ്യാൻ വരാൻ. അയ്യോ സർ എനിക്ക് മലയാളം ഒന്നും തെരിയില്ല എന്ന് പറഞ്ഞപ്പോൾ, മലയാളമല്ല കഥാപാത്രം തമിഴായി മാറുമ്പോൾ അതിന് ഡബ്ബ് ചെയ്യാനാണെന്നു പറഞ്ഞു. ചെന്നൈയിലെ ജോയ്സ് തിയറ്ററിലായിരുന്നു ഡബ്ബിങ്ങ്.

നാഗവല്ലിക്ക് വേണ്ടി ഡബ്ബ് ചെയ്ത അനുഭവം എങ്ങനെയുണ്ടായിരുന്നു?

വിടമാട്ടേ ഡയലോഗൊക്കെ പറഞ്ഞത് നല്ല സ്ട്രെയിൻ എടുത്തിട്ടാണ്. ഫാസിൽ സർ എങ്ങനെ ചെയ്യണമെന്ന് പറഞ്ഞു തന്നിരുന്നു. ശബ്ദം ഇടയ്ക്ക് ക്രാക്ക് ആകണം മോഡുലേഷൻ എങ്ങനെ വരുത്തണം എന്നെല്ലാം കൃത്യമായ നിർദേശം ഉണ്ടായിരുന്നു.

ഇത്ര കഷ്ടപ്പെട്ടിട്ടും സിനിമയിൽ പേരുപോലും നൽകിയിട്ടില്ലല്ലോ? അതിനെക്കുറിച്ച് ചോദിച്ചിട്ടില്ലേ?

പേരു കൊടുത്തിട്ടില്ലേ? സത്യമായിട്ടും എനിക്കത് അറിയില്ലായിരുന്നു. ഇപ്പോൾ നിങ്ങൾ പറയുമ്പോഴാണ് അറിയുന്നത്. നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഫാസിൽ സാറിനോട് ചോദിക്കായിരുന്നു.

ദുർഗ ചെയ്ത ജോലിയുടെ അംഗീകാരം മറ്റുള്ളവർ തട്ടിയെടുത്തത് അറിയാമായിരുന്നോ?

ഡബ്ബിങ്ങ് കഴിഞ്ഞതോടെ എന്റെ ജോലി കഴിഞ്ഞു. ഫാസിൽ സാറും കൂട്ടരും കേരളത്തിലേക്ക് തിരിച്ചു പോയി. പടം ഇറങ്ങിക്കഴിഞ്ഞ് പിന്നെ അവിടെ നടക്കുന്നത് എന്താണെന്ന് എനിക്ക് അറിയില്ലായിരുന്നു. ഡബ്ബിങ്ങ് ആർട്ടിസ്റ്റ് ശ്രീജ രവി എന്റെ സുഹൃത്താണ്, ശ്രീജ പറഞ്ഞിട്ടാണ് അവിടെ നടന്ന കാര്യങ്ങളെല്ലാം ഞാൻ അറിഞ്ഞത്. ഫാസിൽ സാറിന്റെ നമ്പരൊക്കെ ഉണ്ടായിരുന്നെങ്കിലും ഡബ്ബിങ്ങിലെ തുടക്കകാരി എന്ന നിലയിൽ വിളിച്ച് ചോദിക്കാനൊന്നും ധൈര്യമില്ലായിരുന്നു.

സിനിമയ്ക്ക് ദേശിയ അവാർഡ് കിട്ടിയപ്പോഴെങ്കിലും പേരു പരാമർശിച്ചിരുന്നെങ്കിലെന്ന് തോന്നിയില്ലേ?

തോന്നിയിരുന്നു. അംഗീകാരമൊന്നും വേണ്ട, പക്ഷെ ഇത് ഇവരാണ് ചെയ്തത് എന്ന് പറയാൻ ഇത്ര നാൾ എടുത്തതിൽ വിഷമമുണ്ട്.

ഇത്രയും കാലം കഴിഞ്ഞ് സത്യം പുറത്തുവരുമ്പോൾ എന്തു തോന്നുന്നു?

ഒരുപാട് സന്തോഷമുണ്ട്. ഇത് പുറത്തുകൊണ്ടുവരാൻ ശ്രീജ ഒരുപാട് ശ്രമിച്ചിരുന്നു. അതുപോലെ മനോരമ ഓൺലൈനിനോടും ഒരുപാട് നന്ദിയുണ്ട്. തമിഴിലും തെലുങ്കിലുമൊക്കെയുള്ള മാധ്യമങ്ങൾ ഇങ്ങനെയൊന്നും സത്യം പുറത്തുകൊണ്ടുവരാൻ കഷ്ടപ്പെടില്ല. ഇപ്പോഴെങ്കിലും എന്റെ അധ്വാനം ജനം തിരിച്ചറിഞ്ഞല്ലോ.