ബാഹുബലി 2; രാജമൗലി പറയുന്നു

ഇന്ത്യയൊട്ടാകെയുള്ള പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബാഹുബലിയുടെ രണ്ടാം ഭാഗം. പ്രേക്ഷകരെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിയാണ് സിനിമയുടെ ആദ്യഭാഗം സംവിധായകനായ എസ്.എസ് രാജമൗലി അവസാനിപ്പിച്ചതും. എന്താക്കെയായിരിക്കാം രണ്ടാം ഭാഗത്തിന്റെ പ്രത്യേകതകൾ. ഇതൊക്കെ അറിയാൻ പ്രേക്ഷകർക്കും ആഗ്രഹമില്ലേ. രണ്ടാംഭാഗത്തിന്റെ ചിലവിവരങ്ങൾ രാജമൗലി തന്നെ വെളിപ്പെടുത്തുന്നു.

സിനിമയുടെ നാൽപ്പത് ശതമാനം ചിത്രീകരണം പൂർത്തിയായി കഴിഞ്ഞത് തന്നെയാണ്. സിനിമയ്ക്ക് ലഭിച്ച അപ്രതീക്ഷിതവിജയത്തിൽ തന്നെയാണ് ഇപ്പോഴും സിനിമയുടെ അണിയറപ്രവർത്തകർ. ഇതുവരെയും രണ്ടാംഭാഗത്തിന്റെ ചിത്രീകരണം ആരംഭിച്ചിട്ടില്ല.

നവംബർ അവസാനത്തോട് കൂടിയേ സിനിമയുടെ ചിത്രീകരണം ആരംഭിക്കൂ. ഹൈദരാബാദിലെ റമോജി ഫിലിംസിറ്റി തന്നെയാണ് രണ്ടാംഭാഗത്തിലെയും ലൊക്കേഷൻ. കൂടാതെ ഹിമാചൽപ്രദേശിലെ ചിലവനാന്തരങ്ങളും ലൊക്കേഷനാകും. അടുത്ത വർഷം പകുതിയോടെ റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനമെങ്കിലും 2016 അവസാനമാകും ബാഹുബലി; ദ് കൺക്ലൂഷൻ തിയറ്ററുകളിലെത്തുക.

ബാഹുബലിയുടെ അവസാനഭാഗത്തെ മുപ്പത്തിയഞ്ച് മിനിട്ടുള്ള യുദ്ധരംഗങ്ങളായിരുന്നു പ്രേക്ഷകരെ കൂടുതൽ അത്ഭുതപ്പെടുത്തിയത്. അതുകൊണ്ടുതന്നെ രണ്ടാം ഭാഗത്തിനായി അവരുടെ മനസ്സിലുള്ള പ്രതീക്ഷകളും വളരെ വലുതാണ്. ചിത്രം ഇത്രയും സാമ്പത്തികവിജയമാകാൻ തന്നെ കാരണം സിനിമയുടെ വിഷ്വൽഇഫക്ട്സും യുദ്ധരംഗങ്ങളുംകൊണ്ടാണ്. രണ്ടാം ഭാഗത്തിൽ പ്രേക്ഷകർ ഇതിൽകൂടുതൽ ആഗ്രഹിക്കുമെന്ന് എനിക്കറിയാം. അവർ ഒരിക്കലും നിരാശരാകില്ല. അതിലും വലുതായിരിക്കും ബാഹുബലി; ദ് കൺക്ലൂഷൻ. രാജമൗലി പറഞ്ഞു.

40 മില്യൺ ആയിരുന്നു ബാഹുബലി സിനിമകളുടെ മുടക്കായി കരുതിയത്. എന്നാൽ ഇപ്പോൾ അതിൽ കൂടുതലാകും. ബാഹുബലിയുടെ നിർമാക്കളിലൊരാളായ ശോഭു യാർലഗഡ( അർക മീഡിയവർക്സ് ) പറയുന്നു.

ഇന്ത്യയിൽ പണ്ടു രാജഭരണകാലത്തെ സഹോദരങ്ങൾ തമ്മിലുള്ള സംഘർഷവും പിന്നീടുണ്ടാകുന്ന യുദ്ധവുമൊക്കെയാണ് ബാഹുബലി സാഗ പറയുന്നത്. പ്രഭാസ്, റാണ, അനുഷ്ക, സത്യരാജ് എന്നിവരാണ് പ്രധാനതാരങ്ങൾ. സിനിമയുടെ പൂർത്തീകരണത്തിനായുള്ള ഒരു തുടക്കം മാത്രമയാരുന്നു ബാഹുബലിയുടെ ആദ്യഭാഗം. വിഷ്വൽ ഇഫക്ടുകൾ മാത്രമല്ല വികാരങ്ങളും സിനിമയുടെ ഭാഗമായിരുന്നു. ആദ്യഭാഗത്തേക്കാളും തീവ്രവികാരരംഗങ്ങൾ രണ്ടാം ഭാഗത്തിൽ ഉണ്ടാകും. കഥാപാത്രങ്ങളുടെ രീതിയും വ്യത്യാസപ്പെട്ടിരിക്കും.

കാരക്ടറുകൾ ഒന്നാണെങ്കിലും കാരക്ടറൈസേഷൻ ആദ്യഭാഗത്തേക്കാൾ വ്യത്യാസമായിരിക്കും. രാജമൗലി പറഞ്ഞു.