ഭവ്യം, മോഹനം ഭാമ

ഭാമ

‘‘കാത്തിരിക്കാൻ ഞാൻതയ്യാറാണ്, മികച്ച കഥാപാത്രങ്ങൾക്ക് വേണ്ടി. വെറുതെ വന്ന് പോകുന്ന നായികയാകാൻ ഇനി താൽപര്യമില്ല.‘‘ ഭാമയുടെ വാക്കുകളിൽ ആത്മവിശ്വാസം, കണ്ണുകളിൽ പിറന്നാളാഘോഷത്തിന്റെ തിളക്കം. മെയ് 23 ന് ഇരുപത്തിയഞ്ചാം പിറന്നാൾആഘോഷിച്ചതിന്റെ സന്തോഷത്തിലായിരുന്നു ഭാമ. പിറന്നാളാഘോഷത്തിന്റെയും പുത്തൻ സിനിമകളുടെയും തിരക്കുകൾക്കിടയിലെ ഇടവേളയിൽ ഭാമ മനോരമ ഓൺലൈനുമായി പങ്കുവെച്ച വിശേഷങ്ങളിലേക്ക്...

∙പിറന്നാൾ ആഘോഷം, പുത്തൻ സിനിമകൾ, ആകെ തിരക്കിലാണല്ലോ ഭാമ?

കൊന്തയും പൂണൂലിനും ശേഷം വീണ്ടും സിനിമകളുടെ തിരക്കിലാണ്. പിറന്നാളിനൊപ്പം നാക്കുപെൻഡ നാക്കു ടാക്ക എന്ന ചിത്രം മെയ് മാസം തന്നെ പുറത്തിറങ്ങുന്നതിന്റെ സന്തോഷവുമുണ്ട്. പിന്നെ ഞാൻ ഏറെ പ്രതീക്ഷയോടെ കാണുന്ന ചിത്രങ്ങൾ ഒറ്റമന്ദാരത്തിന്റെയും, രാമാനുജന്റെയും ജോലികൾ പുരോഗമിക്കുന്നു. അതോടൊപ്പം ഞാനും, അനന്യയും ശ്വേതാമേനോനും ഒരുമിച്ചഭിനയിക്കുന്ന 100 ഡിഗ്രി സെൽഷ്യസിന്റെ തിരക്കുകളുമുണ്ട്.

∙പേരിൽ തന്നെ പുതുമകളാണല്ലോ, എന്തൊക്കെയാണ് പുതിയ സിനിമകളുടെ പ്രത്യേകതകൾ?

നാക്കുപെൻഡ നാക്കുടാക്ക ആഫ്രിക്കയിൽ ചിത്രീകരിച്ച സിനിമയാണ്. ഇന്ദ്രജിത്തും ഞാനും ഒന്നിച്ചഭിനയിച്ച സിനിമ പ്രേക്ഷകർക്ക് ശരിക്കും വ്യത്യസ്ത അനുഭവമായിരിക്കും. മലയാള സിനിമ അധികം പ്രയോജനപ്പെടുത്തിയിട്ടില്ലാത്ത ആഫ്രിക്കയിലെ ലൊക്കേഷനുകളിലായിരുന്നു ഷൂട്ടിങ്ങ്. രസകരമായ അനുഭവങ്ങളായിരുന്നു അവിടെ. എമുവിന്റെ പുറത്തുവരെ കയറേണ്ടി വന്ന സീനുകളുണ്ട്. ആഫ്രിക്കൻ ഭാഷയിൽ നാക്കുപെൻഡ നാക്കുടാക്ക എന്നു പറഞ്ഞാൽ ഐ ലൗവ് യു എന്നാണ് അർത്ഥം. ഒരു സ്ത്രീയുടെ കാഴ്ച്ചപ്പാടിലൂടെയുള്ള ദാമ്പത്യം പ്രമേയമായ സിനിമ തീർച്ചയായും ഒരു നല്ല ഫാമിലീ എന്റർടെയ്നർ ആയിരിക്കും.

ഒറ്റമന്ദാരവും രാമാനുജനും ഒരു കലാകാരിയെന്ന നിലയിൽ ഏറെ സംതൃപ്തി നൽകുന്ന സിനിമകളാണ്. ഒരു ചരിത്രം സിനിമയാക്കുകയാണ് രാമാനുജനിലെങ്കിൽ, ആന്ധ്രയിൽ നടന്ന ഒരു യഥാർതഥ സംഭവത്തിന്റെ ചലച്ചിത്രാവിഷ്ക്കാരമാണ് ഒറ്റമന്ദാരം. ശ്രീനിവാസരാമാനുജന്റെ ജീവിതത്തെ ആസ്പദമാക്കിയെടുക്കുന്ന രാമാനുജനിൽ രാമാനുജന്റെ ഭാര്യയായ ജാനകിയുടെ വേഷമാണ് എനിക്ക്. തികച്ചും ഒരു അയ്യങ്കാർ കഥാപാത്രം. കഥാപാത്രത്തിന്റെ വേഷത്തിൽ പോലും പ്രത്യേകതയുണ്ട്. ചരിത്രത്തിന്റെ പുനാവിഷ്ക്കരണമാകുമ്പോൾ വളരെ ചെറിയ കാര്യങ്ങളിൽ പോലും ഒരുപാട് ശ്രദ്ധവേണം. ജ്ഞാനരാജശേഖരനാണ് ഇതിന്റെ സംവിധായകൻ. മൂന്ന്ദേശീയ പുരസ്ക്കാരങ്ങൾ ഉൾപ്പടെ നിരവധി അവാർഡുകൾ നേടിയ അദ്ദേഹത്തെ പോലെ പ്രഗത്ഭനായ ഒരു സംവിധായകന്റെ സിനിമയുടെ ഭാഗമായതിൽ ഒരുപാട് സന്തോഷമുണ്ട്. ഇംഗ്ലീഷിലും തമിഴിലുമായിട്ടാണ് സിനിമ ചിത്രീകരിക്കുന്നത്.

ഒറ്റമന്ദാരം കൈകാര്യം ചെയ്യുന്നത് സമകാലീന പ്രസക്തിയുള്ള വിഷയമാണ്. ആന്ധ്രയിൽ നടന്ന ഒരു യഥാർത്ഥ സംഭവമാണ് ഈ സിനിമയ്ക്ക് ആധാരം. ഇതിൽ പതിനഞ്ച് വയസ്സായ കുട്ടിയായാണ് ഞാൻ അഭിനയിക്കുന്നത്. കലയെന്നാണ് കഥാപാത്രത്തിന്റെ പേര്. എന്റെ ഇത്രയും നാളത്തെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും കല.

∙കലയായി മാറാൻ എന്തൊക്കെ തയ്യാറെടുപ്പുകളാണ് നടത്തിയത്?

പതിഞ്ചാമത്തെ വയസ്സിൽ ഗർഭിണിയും വിധവയുമായി പോകുന്നവളാണ് കല. കലയുടെ മാനസികാവസ്ഥയിലേക്ക് ഇറങ്ങിചെല്ലുകയായിരുന്നു ആദ്യം ചെയ്തത്. പിന്നെ കലയ്ക്കു വേണ്ടി ശാരീരികമായും മാനസികമായും മാറ്റങ്ങൾ വരുത്തി. തലമുടിയുടെ ഘടനയിൽ പോലും മാറ്റമുണ്ട്. ആദ്യത്തെ രണ്ട് ദിവസം കലയായി മാറാൻ ബുദ്ധിമുട്ടി, എന്നാൽ അധികം വൈകാതെ തന്നെ കലയായി ജീവിക്കാൻ തുടങ്ങി. വിനോദ് മങ്കര സംവിധാനം ചെയ്യുന്ന സിനിമയിൽ നന്ദു, സജിതാമഠത്തിൽ എന്നിവരും സുപ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

∙നായികാപ്രാധാന്യമുള്ള വേഷങ്ങളിലേക്കാണോ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുന്നത്?

തീർച്ചയായും കരിയറിന്റെ മറ്റൊരു ഘട്ടമായി എന്നാണ് വിശ്വാസം. അതു കാരണം നാടൻപെൺകുട്ടി എന്ന ഇമേജ് മാറണം എന്ന് അതിയായ ആഗ്രഹമുണ്ട്. പിന്നെ നായകനു ചുറ്റും മാത്രം നടന്ന്, വന്നു പോകുന്ന നായികയാകാൻ എനിക്ക് ഇപ്പോൾ താൽപ്പര്യമില്ല. അതു കൊണ്ടാണ് ഒറ്റമന്ദാരം പോലുള്ള കഥകൾ തിരഞ്ഞെടുക്കുന്നത്. കാത്തിരിക്കാൻ ഞാൻ തയ്യാറാണ്. ഒരുപാട് സിനിമകൾ ചെയ്യാതെ ചെയ്യുന്ന സിനിമകളിലൂടെ സജീവ സാന്നിധ്യം അറിയിക്കാനാണ് ആഗ്രഹം.

കൊന്തയും പൂണൂലും അതിനുള്ളൊരു തുടക്കമായിരുന്നു. പുതിയ ചെറുപ്പക്കാർ വ്യത്യസ്തമായ രീതിയിൽ ഒരു പ്രമേയം അവതരിപ്പിച്ചു, അത് ശ്രദ്ധിക്കപ്പെട്ടത്തിൽ സന്തോഷമുണ്ട്. പിന്നെ കന്നട സിനിമകളിൽ സജീവമാണ്. പക്ഷെ നമ്മുടെ നാട്ടിൽ അതൊന്നും അറിയുന്നില്ല. സ്വയം ഒരു ഗ്യാപ്പ് മലയാള സിനിമയ്ക്ക് കൊടുത്തു എന്ന് തോന്നുന്ന സാഹചര്യത്തിൽ നായികാ പ്രാധാന്യമുള്ള സിനിമകളിലൂടെ സാന്നിധ്യമറിയിക്കാനാണ് താൽപ്പര്യം.

∙അന്യഭാഷാ സിനിമകൾ നൽകുന്ന പാഠം?

സിനിമയെ കൂടുതൽ ഗൗരവമായ് കാണാനും പ്രഫഷണലായി കാണാനും പഠിച്ചു.