ചാന്ദ്നിയുടെ പരിണാമം

മലയാളത്തിലെ പുതുമുഖ നടിമാർ അരങ്ങേറ്റം കഴിഞ്ഞയുടൻ തമിഴിലേക്കും തെലുങ്കിലേക്കും ഹിന്ദിയിലേക്കുമെല്ലാം ചേക്കേറുന്ന കാലത്തു ചാന്ദ്നി ശ്രീധറിന്റെ കരിയർ നേരെ തിരിച്ചാണ്. തുടക്കം തമിഴിൽ. പിന്നീട് തെലുങ്കിലേക്ക്; ഇപ്പോഴിതാ മലയാളത്തിൽ മുൻനിര യുവതാരങ്ങൾക്കൊപ്പം രണ്ടു സിനിമകൾ. ഇനി സ്വന്തം ഭാഷയിൽത്തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനാണു പൃഥ്വിരാജ് ചിത്രമായ ഡാർവിന്റെ പരിണാമത്തിലെ നായിക ചാന്ദ്നിയുടെ തീരുമാനം.

ഷാദിയ തന്നെയാണോ അമല

ഡാർവിന്റെ പരിണാമം കണ്ടു വിളിച്ച പലരും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. രണ്ടാളും ഒന്നു തന്നെയെന്നു പെട്ടെന്നു മനസ്സിലാവില്ലെന്ന്. കെഎൽ10 പത്തിലെ നായിക ഷാദിയ പുറത്തൊക്കെ പഠിച്ച കുട്ടിയാണ്. ഹിജാബ് ധരിക്കുന്ന, കംപ്ലീറ്റ് അപ്പിയറൻസിൽ തന്നെ വളരെ ഡിഫറന്റ് ആയ കഥാപാത്രം. എന്നാൽ, ഡാർവിന്റെ പരിണാമത്തിലെ അമല വളരെ പാവപ്പെട്ട വീട്ടിലെ കുട്ടിയാണ്. വലിയ മേക്കപ്പ് ഒന്നുമില്ലാതെയാണു ഡാർവിനിൽ അഭിനയിച്ചത്. സ്കിൻ ടോൺ ഒക്കെ ഡാർക്ക്് ആക്കിയിരുന്നു. ആ ഒരു വ്യത്യാസമാവും പ്രേക്ഷകർക്കും ഫീൽ ചെയ്തിട്ടുണ്ടാവുക.

ഒരു ചിരി കണ്ടാൽ അതു മതി

എന്നെപ്പറ്റി ഞാൻ തന്നെ പുകഴ്ത്തിപ്പറയുന്നതു ശരിയാകുമോ? എന്റെ അപ്പിയറൻ‍സിന് ഓരോ പ്രാവശ്യവും ഓരോ കോംപ്ലിമെന്റാണു കിട്ടാറ്. കെഎൽ10 പത്തിൽ അഭിനയിക്കുന്ന സമയത്ത് കണ്ണുകൾ ഭയങ്കര അട്രാക്ടീവ് ആണെന്നു പറഞ്ഞവരുണ്ട്. ഡാർവിന്റെ പരിണാമം കഴിഞ്ഞപ്പോഴാണു ചിരിക്ക് ഇത്രയും ആരാധകരുണ്ടായത്. എങ്കിലും, അഭിനയം നന്നായി എന്നു കേൾക്കുന്നതാണ് അതിനെക്കാളുമൊക്കെ സന്തോഷം.

സിനിമയിലേക്കുള്ള വഴി

കോഴിക്കോട് പുതിയറയാണ് എന്റെ നാട്. അച്ഛനു ജോലി യുഎസിലായതിനാൽ വളർന്നതും പഠിച്ചതുമെല്ലാം അവിടെ. ഒരു റിയാലിറ്റി ഷോ ചെയ്യാനാണു നാട്ടിലെത്തിയത്. ലാൽ ജോസ് സാറിനെ പരിചയപ്പെടുന്നത് അങ്ങനെയാണ്. ആ സമയത്തു തമിഴിൽ ഭരതിനോടൊപ്പം അയ്ന്ത് അയ്ന്ത് അയ്ന്ത് എന്ന സിനിമയിലേക്ക് ഓഫർ വന്നു. പിന്നീട് തെലുങ്കിൽ സുമന്ത് അശ്വിൻ നായകനായ സിനിമ. അതു കഴിഞ്ഞാണു കെഎൽ10 പത്തിലേക്കുള്ള എൻട്രി.

ഭാഷയുടെ വഴക്കം

എന്റെ ഭാഷയിൽ മലബാർ ചുവയുണ്ട്. അതുകൊണ്ടു കെഎൽ10 പത്ത് വലിയ ബുദ്ധിമുട്ടായില്ല. പിന്നെ നമ്മൾ ശ്രദ്ധിക്കേണ്ട 'ജ്ജ്, ഓൻ,' അങ്ങനെയൊക്കെയുള്ള ഉച്ചാരണം സംവിധായകൻ മുഹ്സിൻ പറാരി പറഞ്ഞുതന്നു. കൊട്ടാരക്കരക്കാർ സംസാരിക്കുന്ന ശൈലിയാണു ഡാർവിന്റെ പരിണാമത്തിലുള്ളത്.

മൃതിക, റെയ്ഹാന ഇപ്പോൾ ചാന്ദ്നി

എനിക്ക് എന്റെ ഒറിജിനൽ പേരു തന്നെയാണ് ഇഷ്ടം. തമിഴിലെ മൃതിക എനിക്ക് ഒട്ടും ഇഷ്ടമുണ്ടായിരുന്നില്ല. പിന്നെ, നമ്മൾ ന്യൂകമേഴ്സാകുമ്പോൾ അങ്ങനെ വാശിപിടിക്കുന്നതും ശരിയല്ലല്ലോ. തെലുങ്കിൽ എത്തിയപ്പോൾ മൃതിക മാറ്റി റെയ്ഹാന ആയി. അവിടെയുള്ളവർ ന്യൂമറോളജിയിൽ വലിയ വിശ്വാസമുള്ളവരാണ്. അങ്ങനെ കിട്ടിയ പേരാണത്. മാതൃഭാഷയിലെത്തിയപ്പോൾ സ്വന്തം പേരു തന്നെ കിട്ടി. ആശ്വാസം.

പൃഥിയും ഉണ്ണിയും

രണ്ടു നടന്മാരുടെയും പെർഫോമൻസ് ജഡ്ജ് ചെയ്യാൻ ഞാൻ ഇല്ല. ഉണ്ണി നല്ലൊരു ഫ്രണ്ടാണ്. കുട്ടികളെപ്പോലുള്ള സ്വഭാവം. പെട്ടെന്നു സന്തോഷം വരും, പെട്ടെന്നു ദേഷ്യവും വരും. കെഎൽ10 പത്തിന്റെ സെറ്റിൽ തമാശയ്ക്കു ഞങ്ങൾ കുറെ അടികൂടിയിട്ടുണ്ട്. എന്നോടൊപ്പം അമ്മയുണ്ടായിരുന്നു. വീട്ടിൽ ഞാനും അനിയനും വഴക്കുകൂടുമ്പോൾ സോൾവ് ചെയ്യാൻ വന്നിരുന്നതുപോലെയാണു ഞാനും ഉണ്ണിയും തമ്മിലുള്ള വഴക്കു തീർക്കാൻ അമ്മ ലൊക്കേഷനിലും എത്തിയിരുന്നത്. പൃഥ്വിയെ ഞാൻ ആദ്യം കാണുന്നതു ഡാർവിന്റെ ലൊക്കേഷനിലാണ്. അതിനു മുൻപ് ഒരു പരിചയവുമില്ല. വളരെ പെട്ടെന്നു തന്നെ പൃഥ്വി ശരിക്കും കംഫർട്ടബിൾ ആയി. ഒരു പെർഫെക്ട് ജെന്റിൽമാനാണു പൃഥ്വി.