ഞാൻ കൂട്ടുകാരുടെ ചളിയൻ: ഷറഫുദീൻ

പ്രേമവും പ്രേതവും മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളാണ്. അതുപോലെ തന്നെ ഷറഫുദീനും ഈ രണ്ടുചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയതാരമായി മാറി. വ്യത്യസ്തമായ സംഭാഷണശൈലിയും കോമഡി നമ്പറുകളുമാണ് ഷറഫുദീനെ വ്യത്യസ്തനാക്കുന്നത്. പുതിയ വിശേഷങ്ങളുമായി അദ്ദേഹം മനോരമ ഓൺലൈനിൽ....

‘ഗിരിരാജൻ കോഴീ’

ഏതു പരിപാടിക്കു ചെന്നാലും പെൺകുട്ടികളടക്കം ‘ഗിരിരാജൻ കോഴീ’ എന്നാണു വിളിക്കാറ്. എടാ, ഇങ്ങനൊക്കെ വിളിക്കുമ്പോൾ നിനക്കു പ്രശ്നമാകില്ലേ എന്നു കൂട്ടുകാരൊക്കെ ചോദിക്കും, സത്യമായിട്ടും എനിക്ക് ആ വിളി കേൾക്കുമ്പോൾ സന്തോഷമാണ്. എന്നുവച്ച് എനിക്കു ഗിരിരാജൻ കോഴിയുടെ സ്വഭാവമൊന്നുമല്ല കേട്ടോ. പഠിക്കുന്ന കാലത്തൊക്കെ പെമ്പിള്ളേരോടു മിണ്ടാത്ത സ്വഭാവക്കാരനായിരുന്നു.

സിനിമയോടാണു പ്രേമം

എങ്ങനെയെങ്കിലും സിനിമയിൽ എത്തപ്പെടണം എന്ന ലക്ഷ്യമായിരുന്നു മനസ്സിൽ. പ്ലസ് ടു കഴിഞ്ഞ ശേഷം കുറെക്കാലം മാർക്കറ്റിങ് എക്സിക്യുട്ടീവായി ആലുവയിൽ കൂട്ടുകാർക്കൊപ്പം കൂടി. ആലുവയിലെ മുറിയിൽ അൽഫോൻസ് പുത്രൻ, നിവിൻ, അൽത്താഫ്, കിച്ചു, വിജയ് അങ്ങനെ പ്രേമം ടീമിലെ എല്ലാവരും മിക്കപ്പോഴും ഒരുമിച്ചായിരിക്കും. സ്വന്തമായി സിനിമ ചെയ്യണം എന്ന ആഗ്രഹം ഭയങ്കരമായി ഉണ്ടായിരുന്നു. സിനിമയോടുള്ള അടങ്ങാത്ത പ്രേമമാണു ഞങ്ങളെക്കൊണ്ടു പ്രേമം ചെയ്യിപ്പിച്ചത് എന്നു പറയാം.

കയ്യിൽ നിന്ന് ഇട്ട കോമഡി

പകച്ചുപോയി എന്റെ ബാല്യം എന്ന ഡയലോഗൊക്കെ ഞാൻ കയ്യിൽ നിന്ന് ഇട്ടതാണ്. നിന്റെ ക്യാരക്ടർ ഭീകര നുണയനാണ്, പെമ്പിള്ളേരെ വളയ്ക്കാൻ നടക്കുന്നവനാണ് എന്നൊക്കെ അൽഫോൻസ് പുത്രൻ പറഞ്ഞുതന്നു. പാലത്തിനു മുകളിലെ ആ സീൻ അരമണിക്കൂർ മുൻപാണു ഞങ്ങൾ ‍ഡിസ്കസ് ചെയ്യുന്നത്. റാസൽഖൈമയിലെ വലിയ വീട് സ്ക്രിപ്റ്റിൽ ഉണ്ടായിരുന്നു. ബാക്കിയെല്ലാം അപ്പോഴത്തെ മനോധർമമനുസരിച്ചു ചെയ്തു. അതിനുള്ള സ്വാതന്ത്ര്യം അൽഫോൻസ് തന്നിരുന്നു. പലപ്പോഴും സംവിധായകർ തന്നെ പറയാറുണ്ട്, സ്വന്തമായി എന്തെങ്കിലും ചെയ്യാൻ. പ്രേതത്തിലൊക്കെ അങ്ങനെ കുറച്ചു ഡയലോഗുകളുണ്ട്.

കൂട്ടുകാരുടെ ചളിയൻ

ഏറ്റവും അടുത്ത കൂട്ടുകാർക്കിടയിൽ ഞാൻ ഭയങ്കര ചളിയനാണ്. തമാശയൊക്കെ പറയും. ആദ്യമായി കാണുന്നവർക്കു ഞാൻ കുറച്ചു ജാഡയാണെന്നൊക്കെ തോന്നും, പെട്ടെന്ന് ഇടിച്ചുകയറി മിണ്ടുന്ന സ്വഭാവക്കാരനല്ലാത്തതുകൊണ്ടാവാം. എന്നാലും അടുത്തു കഴിഞ്ഞാൽ, ഒരു കംഫർട് സോണിലെത്തിയാൽ പിന്നെ തമാശയൊക്കെ പറഞ്ഞു തുടങ്ങും.

സീരിയസ് റോളുകളും ഇഷ്ടം

കോമഡിയിൽ തന്നെ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നുണ്ടോ എന്നു ചിന്തിക്കാനുള്ള സമയമൊന്നും സിനിമയിൽ എനിക്കായിട്ടില്ല. ഇപ്പോൾ എന്നെവച്ചു സംവിധായകർ കോമഡി ക്യാരക്ടറൊക്കെയാണു പ്ലാൻ ചെയ്യുന്നത്. എനിക്ക്് ഇഷ്ടമുള്ള നടന്മാരൊക്കെ നന്നായി സീരിയസ് ക്യാരക്ടർ ചെയ്തവരാണ്. എനിക്കും അതുപോലുള്ള റോളുകളൊക്കെ ചെയ്യണമെന്ന് ആഗ്രഹവുമുണ്ട്. പക്ഷേ, തൽക്കാലം എന്നെവച്ച് ആളവന്താൻ പോലുള്ള സിനിമ എടുക്കാനൊന്നും സംവിധായകർക്കു ധൈര്യമുണ്ടാകില്ലല്ലോ.

നായകനോ? അത്രയ്ക്കൊക്കെ ഇപ്പോഴേ വേണോ!

ഇപ്പോത്തന്നെ ഞാൻ പൊട്ടനു ലോട്ടറിയടിച്ച അവസ്ഥയിലാണ്. തൽക്കാലം ഇങ്ങനെയൊക്കെയങ്ങു പോട്ടെ. പെട്ടെന്നു നായകനാകണമെന്നൊന്നുമില്ല. അതിനുള്ള കോൺഫി‍ഡൻസ് ഇതുവരെയായിട്ടില്ല. വ്യത്യസ്തമായ റോളുകളൊക്കെ ചെയ്യണമെന്നുണ്ട്. സ്വന്തമായി സിനിമ ചെയ്യണമെന്നു തന്നെയാണ് എക്കാലത്തെയും ഏറ്റവും വലിയ ആഗ്രഹം. ആലുവയിലെ റൂമിലായിരുന്നപ്പോഴും ഫിലിം മേക്കറാകുക എന്നതു തന്നെയായിരുന്നു ലക്ഷ്യം. ഉടനെയൊന്നുമില്ലെങ്കിലും അങ്ങനെയൊന്ന് ഉണ്ടാകും.

കുടുംബം

രണ്ടുവർഷം മുൻപാണു വിവാഹിതനായത്. ചങ്ങനാശേരി സ്വദേശിയായ ബീമയാണു ഭാര്യ. ഒരു മകളുണ്ട് ദുഅ്‌വ.