ലാലിന്റെയും പൃഥ്വിയുടെയും ദുൽക്കറിന്റെയും അമ്മ !

വിശ്രുത സംവിധായകൻ കെ.ജി.ജോർജിന്റെ ‘ബന്ധങ്ങൾ ബന്ധനങ്ങൾ’ എന്ന ടെലിഫിലിമിലൂടെ അഭിനയം തുടങ്ങുമ്പോൾ അഞ്ജലിക്ക് അഞ്ചു വയസ്സ്. പിന്നീട് ആൽബങ്ങളും പരസ്യചിത്രങ്ങളും കടന്നു തമിഴ് സിനിമയിലൂടെ മലയാളത്തിലെത്തിയപ്പോൾ അഞ്ജലിക്ക് ആദ്യം കിട്ടിയത് അമ്മ വേഷങ്ങൾ; അനിഘയുടെയും ഗൗരവ് മേനോന്റെയും മറ്റും അമ്മ.

ഇരുപത്തെട്ടാം വയസ്സിൽ അഞ്ജലിയിപ്പോൾ സാക്ഷാൽ മോഹൻലാലിന്റെയും പൃഥ്വിരാജിന്റെയും ദുൽഖറിന്റെയുമെല്ലാം അമ്മയായിരിക്കുന്നു. അഭിനയത്തോടുള്ള അഞ്ജലിയുടെ സമർപ്പണം കൊണ്ടാവാം അത്തരമൊരു അമ്മവേഷം അഞ്ജലിയെ സംസ്ഥാന സർക്കാരിന്റെ മികച്ച സഹനടിക്കുള്ള പുരസ്കാരത്തിനു കഴിഞ്ഞ വർഷം അർഹയാക്കി.

‘ശരിയാണ്, കൊച്ചുസീനിലൊതുങ്ങിയ പുലിമുരുകന്റെ അമ്മവേഷം നൽകിയ തിളക്കം ചെറുതല്ല. ‘കമ്മട്ടിപ്പാട’ത്തിൽ ദുൽഖറിന്റെയും ‘ടമാർ പടാറി’ൽ പൃഥ്വിയുടെയും അമ്മയായി. കമ്മട്ടിപ്പാടത്തിലും വി.എം.വിനുവിന്റെ മറുപടിയിലും അമ്മവേഷങ്ങൾ മൂന്നു ഘട്ടങ്ങളിലൂടെയാണു വളർന്നത്.

28 വയസ്സിനും അറുപതു വയസ്സിനും ഇടയിലുള്ള അമ്മവേഷങ്ങൾ എനിക്കിണങ്ങുമെന്ന് ഈ ചിത്രങ്ങൾ തെളിയിച്ചു’ – അഞ്ജലി പറയുന്നു. ‘ഒപ്പം’ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ സഹോദരിയായിരുന്നു അഞ്ജലി നായർ. ഒരേസമയം അമ്മയും അനുജത്തിയും കാമുകിയുമാകാൻ ഒരുമടിയും കൂടാതെ സംവിധായകർ സമീപിക്കുന്ന മറ്റൊരു നടിയില്ല ഇന്നു മലയാളത്തിൽ.

‘അമ്മവേഷം പോലെത്തന്നെ ഭാര്യവേഷത്തിന്റെ വൈവിധ്യവും എന്നെത്തേടിയെത്തിയിട്ടുണ്ട്. ശരത് കുമാർ, സുരാജ് വെഞ്ഞാറമൂട്, പി.ബാലചന്ദ്രൻ, വിജയരാഘവൻ തുടങ്ങിയവരുടെയെല്ലാം ജോടിയായിരുന്നു’.

പരസ്യം വന്ന വഴി

മാനത്തെ വെള്ളിത്തേര്, ലാളനം, മംഗല്യസൂത്രം തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായ ശേഷമാണു ഹാൻവീവിന്റെയും പർവീൻ പർദയുടെയും പരസ്യങ്ങൾക്കു മോഡലായത്. വല്യച്ഛൻ കുമാറാണു മോഡലിങ്ങിലേക്കുള്ള വഴികാട്ടി.

ഹരി പി.നായരും രമേശ് പിഷാരടിയും ധർമജനും ചേർന്ന് അവതാരകയാകാൻ ക്ഷണിച്ചതോടെ വീണ്ടും സജീവമായി. ഇതുവഴി തമിഴ് ചിത്രങ്ങളിൽ നായികയായി. സീനിയേഴ്സ്, അഞ്ചു സുന്ദരികൾ എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലെ രണ്ടാം വരവോടെ അഞ്ജലി നായർ സഹനടികളിൽ പ്രധാനിയായി. ബെൻ എന്ന ചിത്രത്തിലെ അഭിനയത്തിനാണു സംസ്ഥാന പുരസ്കാരം.

അഞ്ജലിക്ക് ഇപ്പോൾ കൈനിറയെ ചിത്രങ്ങളാണ്. തമിഴിൽ ‘ആശ്ചര്യക്കുറി’ റിലീസിനൊരുങ്ങുന്നു. മലയാളത്തിൽ ‘ പ്രേതമുണ്ട്, സൂക്ഷിക്കുക’ എന്ന ചിത്രത്തിലെ എസ്ഐ വേഷവും ‘ഹദിയ’യിലെ അഭിഭാഷകയുടെ വേഷവും ‘കളം’ എന്ന ചിത്രത്തിലെ പട്ടുപാവാടക്കാരി നായിക വേഷവുമെല്ലാം അഞ്ജലിയെ കൂടുതൽ ആഹ്ലാദവതിയാക്കുന്നു. ഹദിയയിൽ മകൾ ആവണി അഭിനയിക്കുന്നു. ഇരട്ട സഹോദരൻ അജയും അഭിനയരംഗത്തെത്തി.

ഫാഷൻ റാംപിൽ ചുവടുവച്ചതോടെ അഞ്ജലിക്ക് അവസരങ്ങളേറിത്തുടങ്ങി. തിരക്കേറുകയാണ്, ആത്മവിശ്വാസം കൂടുകയുമാണ്. എല്ലാറ്റിനും കൂട്ടായി ഈ കോഴിക്കോട്ടുകാരിക്ക് എറണാകുളം വെണ്ണലയിലെ വീട്ടിൽ അച്ഛൻ ഗിരിധരനും അമ്മ ഉഷയുമുണ്ട്.