ഇതാണ് ‘കവി ഉദ്ദേശിച്ചത്’; തോമസ്–ലിജു പറയുന്നു

ലിജുവും തോമസും

2015ൽ മലയാളത്തിൽ ഒരു ഷോർട്ട്ഫിലിം യൂട്യൂബിലൂടെ പുറലോകം കണ്ടു-രമണിയേച്ചിയുടെ നാമത്തിൽ. ഏതൊരു ത്രില്ലർ സിനിമയേയും വെല്ലുന്നതായിരുന്നു യഥാർഥ മൂർഖൻ പാമ്പിനെ ഉപയോഗിച്ച് ചിത്രീകരിച്ച ആ ഷോർട്ട്ഫിലിം.

ആകാംഷയുടെ മുൾമുനയിൽ പ്രേക്ഷകരെ എത്തിച്ച ഈ ടീം ഷോർട്ട്ഫിലിമിൽ നിന്നും ലോങ്ങ്ഫിലിമിലേക്ക് എത്തുകയാണ്. കവി ഉദ്ദേശിച്ചത് എന്ന പുതിയ ചിത്രം താമസിയാതെ തീയറ്ററുകളിലെത്തും. സിനിമയുടെ കൂടുതൽ വിശേഷങ്ങളുമായി സംവിധായകരായ തോമസും, ലിജു തോമസും മനോരമഓൺലൈനിനോട് സംസാരിക്കുന്നു. നവാഗതരായ ഇരുവരും ചേർന്നാണ് സിനിമയുടെ സംവിധാനം.

∙ ‘കവി ഉദ്ദേശിച്ചത്’ എന്താണ്? ഇങ്ങനെയൊരു പേരുവരാനുള്ള കാരണം

കഥ ആവശ്യപ്പെടുന്ന പേരു തന്നെയാണ്. കഥയിലെ നായകൻമാർ അവരുടെ ഉദ്ദേശം എന്താണെന്ന് ഉള്ളതാണ് പ്രമേയം. നായകന്മാർ എന്താണ് ഉദ്ദേശിക്കുന്നതെന്ന് പിന്നീടാണ് പിടികിട്ടുക. എല്ലാവരും സാധാരണ ഉപയോഗിക്കുന്ന ഒരു വാക്കാണല്ലോ ‘ കവി ഉദ്ദേശിച്ചത്’ പ്രമേയവുമായിട്ട് അടുത്ത് നിൽക്കുന്നതുകൊണ്ട് കൂടിയാണ് ഈ പേര് വന്നത്.

∙ കോമഡി സിനിമയാണോ , അതോ ത്രില്ലർ ആണോ?‌‌

പക്കാ കോമഡിയാണ്. ത്രില്ലർ അല്ല. മാസ് സിനിമയാണ്.

∙ ഷോർട്ട് ഫിലിമിൽ നിന്നും കൊമേഷ്യൽ സിനിമയിലേക്ക് വന്നപ്പോൾ നിങ്ങൾ അഭിമുഖീകരിച്ച പ്രശ്നങ്ങൾ എന്തെല്ലാമായിരുന്നു?


ഇതിലേക്ക് വന്നപ്പോൾ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. ഈ സിനിമയിൽ അഭിനയിച്ച എല്ലാവർക്കും വർഷങ്ങളുടെ അഭിനയ പരിചയം ഉള്ളതുകൊണ്ട് നല്ല സഹകരണമായിരുന്നു. മനസിൽ വിചാരിക്കുന്നതിനേക്കാൾ അധികമായിട്ട് തരുന്നവരാണ് ഇതിൽ അഭിനയിച്ച എല്ലാവരും. അതുകൊണ്ട് അങ്ങനെയൊരു പ്രശ്നങ്ങളായിട്ട് തോന്നിയില്ല. ബിജുവേട്ടൻ( ബിജുമേനോൻ)ന്റെ അടുത്തുപോയി പറഞ്ഞുകൊടുക്കാൻ ഒരു വിഷമമുണ്ടെങ്കിൽപോലും നമ്മുടെ മനസ് വായിച്ച് ഇതിലും മുകളിലല്ലേ വേണ്ടത് എന്ന് ഇങ്ങോട്ട് പറഞ്ഞു തരുമായിരുന്നു.

ആസിഫ് അലി -ബിജുമേനോൻ കോമ്പിനേഷൻ അനുരാഗ കരിക്കിൻവെള്ളം എന്ന സിനിമ ഹിറ്റായിരിക്കുകയാണ്. ആ ഒരു പ്രതീക്ഷ പ്രേക്ഷകർക്കുണ്ടാകും. ഈ സിനിമ വെല്ലുവിളിയായിരിക്കുമോ?

അങ്ങനെ വെല്ലുവിളികളൊന്നുമില്ല. ഹിറ്റാകുമെന്ന പ്രതീക്ഷയുണ്ട്. ഞങ്ങളുടെ പടത്തിൽ ആത്മവിശ്വാസവുമുണ്ട്. എന്താകുമെന്നുള്ളത് സിനിമ റിലീസിങ്ങിനുശേഷമല്ലേ അറിയാൻ പറ്റൂ.

വമ്പൻ റിലീസുകൾക്കൊപ്പമാണ് കവി ഉദ്ദേശിച്ചത് എത്തുന്നത്

റിലീസ് തിയതി നേരത്തെ തന്നെ തീരുമാനിച്ചതാണ്. സൂപ്പർതാരങ്ങളുടെ ചിത്രങ്ങൾക്കൊപ്പം റിലീസ് ചെയ്യുന്നതിൽ യാതൊരു ഭയവുമില്ല.

∙ നരേൻ എങ്ങനെയാണ് സിനിമയുടെ ഭാഗമാകുന്നത്

ഈ സിനിമയിൽ വ്യത്യസ്തമായ കഥാപാത്രം ആണ് ചെയ്യുന്നത്. മുഴുനീള കൊമേഡിയനായിട്ടാണ്. സിനിമയുടെ ‌ആദ്യ അവസാനം വരെ നിറഞ്ഞു നിൽക്കുന്ന കഥാപാത്രമാണ്. നരേന്റെ സിനിമാ ജീവിതത്തിലെ വ്യത്യസ്തമായ ഒരു കഥാപാത്രം കൂടി ആണ് ഈ സിനിമയിൽ.

‘രമണിയേച്ചിയുടെ നാമത്തിൽ’ എന്ന ഷോർട്ട് ഫിലിമിൽ നിങ്ങൾക്ക് അറിയാവുന്ന സംഭവങ്ങൾ ആയിരുന്നല്ലോ? ഈ സിനിമയിൽ നിങ്ങൾക്ക് അറിയാവുന്ന സംഭവങ്ങളൊക്കെയാണോ വന്നിരിക്കുന്നത്. ചുറ്റുപാടുമുള്ള കാഴ്ചകളൊക്കെ ഉണ്ടോ?

കഥ ചുറ്റുപാട് നടന്നതാണെന്ന് പറയുന്നില്ല,. പക്ഷേ ഇതിലെ പല കഥാപാത്രങ്ങളും ചുറ്റുവട്ടത്തു തന്നെയുള്ളവരാണ്. മലയോര നാട്ടിൽ നടക്കുന്ന ഒരു കഥയാണ്. ഇതിലെ പ്രധാന കഥാപാത്രം ആസിഫ് അലി അവതരിപ്പിക്കുന്ന കാവാലം ജിമ്മി ആണ്. ബിജുമേനോൻ മിന്നൽ സൈമണേയും നരേൻ വട്ടത്തിൽ ബോസ്കോയേയും അവതരിപ്പിക്കുന്നു. വട്ടത്തിൽ ബോസ്കോ ആ നാട്ടിലെ വലിയ പണക്കാരനാണ് പൊങ്ങച്ചക്കാരനാണ്. ആസിഫ് അലി വഴിയോരത്ത് പഴക്കച്ചവടം നടത്തുന്ന ആളുടെ കഥാപാത്രമാണ് അവതരിപ്പിക്കുന്നത്. ബാലു, അഭിഷേക്, സുധി കോപ്പ, ഗണപതി ഇവർ ജിമ്മിയുടെ കൂട്ടുകാരായും അഭിനയിക്കുന്നു. നായികയായി അഞ്ജു കുര്യനുമുണ്ട്.

കണ്ണൂരിലാണല്ലോ ഷൂട്ട് ചെയ്തത്. കണ്ണൂർ ഭാഷയാണോ സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്?

ഒരു മലയോര ഗ്രാമത്തിലെ ഒരു കഥയായതുകൊണ്ട് കോട്ടയം ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്. കഥാപാത്രത്തിന് യോജിച്ചത് കോട്ടയം ഭാഷയായതുകൊണ്ട് അതുപയോഗിച്ചു എന്നുള്ളതേയുള്ളൂ.

രമണിയേച്ചിയുടെ നാമത്തിൽ വന്നതിനുശേഷം പ്രേക്ഷകരുടെ പ്രതികരണം എന്തായിരുന്നു. ഹിറ്റാകുമെന്ന് വിചാരിച്ചിരുന്നോ?

ശ്രദ്ധിക്കപ്പെടും എന്നറിയാമായിരുന്നു. പക്ഷേ പ്രതീക്ഷിച്ചതിലും വലിയ വിജയമാണ് ലഭിച്ചത്. സിനിമയിലേക്കുള്ള വഴി എളുപ്പമാക്കിയത് രമണിയേച്ചിയുടെ നാമത്തിൽ എന്ന ഷോർട്ട് ഫിലിമാണ്. ഇതിനുമുമ്പ് പലതവണ സിനിമയിലേക്ക് എത്തിപ്പെടാൻ ശ്രമം നടത്തിയിരുന്നു. പക്ഷേ ഫലമുണ്ടായില്ല.

∙ മലയാള സിനിമയിലെ മാറ്റം നിങ്ങൾക്ക് അനുകൂലമായിരുന്നോ?

പൊതുവേ താരങ്ങളെ നോക്കിയിട്ടല്ലല്ലോ ഇപ്പോൾ സിനിമ വിജയിക്കുന്നത്. നല്ല സിനിമകൾ വന്നാൽ വിജയിക്കും എന്നുള്ള രീതിയിലാണ് കാര്യങ്ങൾ എത്തിയിരിക്കുന്നത്. ഒരു താരത്തിന്റെ പടം മാത്രം ഓടുന്ന സ്ഥിതിയുംമാറിയിട്ടുണ്ട്.