ലൊക്കേഷനിൽ നിന്ന് അവധി എടുത്ത് വിവാഹിതയായ ദിവ്യ

ആദ്യ സിനിമയായ അയാൾ ഞാനല്ലയിൽ അഭിനയിക്കുന്നതിനു മുൻപു തന്നെ, കല്യാണം കഴിക്കാൻ അഞ്ചു ദിവസത്തെ ലീവ് വേണമെന്നു പറഞ്ഞിരുന്നു, നടി ദിവ്യാ പിള്ള. വിവാഹത്തിനു ശേഷം സിനിമയിൽ അരങ്ങേറ്റം കുറിച്ച നടി എന്നതു മാത്രമല്ല ദിവ്യയുടെ പ്രത്യേകത.

ഊഴത്തിലേക്കു വരുന്നത് ?

അയാൾ ഞാനല്ല സിനിമയുടെ ഛായാഗ്രാഹകനായ ഷാംദത്ത് ആണ് ജീത്തു ജോസഫിനോട് എന്റെ കാര്യം പറയുന്നത്. ടെൻഷനുണ്ടായിരുന്നു. പിന്നെ സിനിമയുടെ വർക്​ഷോപ്പ് കഴിഞ്ഞതോടെ ധൈര്യമായി.

പൃഥ്വിരാജ്

ആദ്യമൊക്കെ ചില സീനുകളിൽ അഭിനയിക്കുമ്പോൾ ഞാൻ വളരെ നെർവസ് ആയി. അപ്പോള്‍ രാജു അടുത്തുവന്നു പറഞ്ഞു. നീ എത്ര വേണമെങ്കിലും ടേക്ക് എടുത്തോ...ആര് എന്തു പറയുമെന്നോർത്തൊന്നും വിഷമിക്കണ്ട എന്നൊക്കെ. എനിക്ക് ആ വാക്കുകൾ തന്ന ഊർജം വളരെ വലുതാണ്.

സിനിമയിലെത്തിയ ശേഷമാണു മലയാളനടിമാരിൽ മിക്കവരും വിവാഹം കഴിക്കാറ്. എന്നാൽ ദിവ്യയുടെ കാര്യം നേരെ തിരിച്ചാണ്?

ഫ്ലൈ ദുബായ് കമ്പനിയിൽ സീനിയർ അഡ്മിനിസ്ട്രേറ്റിവ് ഓഫിസറാണു ഞാൻ. അയാൾ ഞാനല്ലയിൽ അഭിനയിക്കുന്ന സമയത്തായിരുന്നു വിവാഹം. അപ്പോൾ ഞാൻ സംവിധായകൻ വിനീത് കുമാറിനോട് അ‍ഞ്ചു ദിവസത്തെ ലീവ് വേണം, ഒരു കല്യാണമുണ്ട് എന്നു പറഞ്ഞു. ആരുടെ കല്യാണമാണ് എന്നു തിരിച്ചു ചോദിച്ചപ്പോഴാണ് എന്റെ കല്യാണമാണെന്നു സെറ്റിൽ എല്ലാവരും അറിഞ്ഞത്. ബ്രിട്ടിഷ് പൗരനായ ഒസാമ അൽ ബന്നാ ആണു ഭർത്താവ്.

പ്രണയവിവാഹമായിരുന്നു. ആദ്യം ജോലി ചെയ്ത എമിറേറ്റ്സ് എയർലൈനിൽ പ്രവർത്തിക്കുന്ന കാലം മുതലേ സഹപ്രവർത്തകനായ ഒസാമയെ അറിയാം. നല്ല സുഹൃത്തായിരുന്നു. ഇപ്പോൾ ബന്നയും ഫ്ലൈ ദുബായിയിലാണ് ജോലി ചെയ്യുന്നത്. ബന്നയുടെ ഡാഡി 18 വർഷം മുമ്പ് ഇംഗ്ലണ്ടിലേക്ക് കുടിയേറിയ ഇറാഖിയാണ്. മമ്മ ഇംഗ്ലിഷുകാരിയും.

ഇനി പ്ലാൻ ?

ജോലിയിൽ മാത്രമായിരുന്നു എന്റെ ശ്രദ്ധ. ഇപ്പോൾ സിനിമയും ആസ്വദിച്ചു തുടങ്ങി. നല്ല കഥയും കഥാപാത്രങ്ങളും വന്നാൽ സിനിമയ്ക്കു തന്നെ പ്രാധാന്യം നൽകും. വീട്ടിൽ എല്ലാവരും മലയാളമാണു സംസാരിക്കുക. ബന്നയെയും കുറച്ചു മലയാളം പഠിപ്പിച്ചിട്ടുണ്ട്.