‘എസ്ര’യുടെ ക്യാമറ പോയ വഴി; സുജിത് വാസുദേവ് പറയുന്നു

എസ്ര എന്ന ഹൊറർ ചിത്രത്തിലെ ക്യാമറ പുതുമയാകുമ്പോൾ ഛായാഗ്രഹകനായ സുജിത് വാസുദേവ് തന്റെ ക്യാമറ പോയ വഴികളെ കുറിച്ച് സംസാരിക്കുന്നു.

തലസ്ഥാനത്തു നിന്നുള്ള സുജിത്, പൃഥ്വിരാജെന്ന തലസ്ഥാനത്തെ താരത്തിനൊപ്പം ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ ക്യാമറ കൈകാര്യം ചെയ്ത ആളാണ്. അദ്ദേഹത്തോടൊപ്പം ഒരു സിനിമ സംവിധാനം ചെയ്യുകയും ചെയ്തു.

∙ പൃഥ്വി–സുജിത് കോമ്പിനേഷൻ

പൃഥ്വിരാജുമായി എട്ടു ചിത്രങ്ങളിലാണു വർക്ക് ചെയ്തത്. ഒരു മികച്ച നടൻ എന്നതിലുപരിയായി പൃഥ്വിക്ക് സിനിമയുടെ സാങ്കേതികവശങ്ങളെ കുറിച്ച് അറിവുണ്ട്. നല്ല ടെക്നീഷ്യനാണു പൃഥ്വി. പുതിയ സങ്കേതങ്ങളെ കുറിച്ച് അറിയുകയും പഠിക്കുകയും പിന്നീട് അതിനെ കുറിച്ചു സംസാരിക്കുകയും ചെയ്യുന്ന ആളാണ് അദ്ദേഹം. അദ്ദേഹത്തോടൊപ്പമുള്ള ഓരോ സിനിമയും നമ്മളെ സാങ്കേതികപരമായി സ്വയം നവീകരിക്കാൻ സഹായിക്കും.

മെമ്മറീസ്, സെവൻത് ഡേ, അമർ അക്ബർ അന്തോണി, അനാർക്കലി, മോളി ആന്റി റോക്ക്സ്, ജെയിംസ് ആൻഡ് ആലീസ്, എസ്ര, സിറ്റി ഓഫ് ഗോഡ് എന്നീ എട്ടു ചിത്രങ്ങളിലാണ് ഒരുമിച്ചു ജോലി ചെയ്തത്. ക്യാമറയുടേത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പൃഥ്വി അപ്ഡേറ്റാണ്. അതുകൊണ്ട് സാങ്കേതികമായി മികച്ചു നിൽക്കുന്ന സിനിമകൾ തിരഞ്ഞെടുക്കാൻ പൃഥ്വിക്ക് എളുപ്പം സാധിക്കും. കൂടുതൽ അപ്ഡേറ്റായി ജോലിചെയ്യാൻ നമ്മളെ പ്രേരിപ്പിക്കുന്ന നടനാണ് പൃഥ്വി.

∙ എസ്രയിലെ ക്യാമറാ സങ്കേതം

സോണി എഫ് 65 എന്ന ക്യാമറയാണു ചിത്രത്തിലുടനീളം ഉപയോഗിച്ചിട്ടുള്ളത്. ഷാർപ്പായ, വളരെ ക്ലോസപ്പായ ഷോട്ടുകളാണു ചിത്രത്തിൽ ഉള്ളത്. സോണി എഫ് 65 ഉപയോഗിച്ചത് അതിന് ഏറെ സഹായിച്ചിട്ടുണ്ട്. വളരെ ചെലവേറിയ ലേക്ക ലെൻസാണു രംഗങ്ങൾ പകർത്താൻ കൂടുതലായി ഉപയോഗിച്ചത്. ഇതു കൂടുതൽ പുതുമയും ഭീതിയും കൊണ്ടു വരാൻ ഗുണംചെയ്തു.

∙ ക്യാമറാമാന്റെ വെല്ലുവിളി

മണിച്ചിത്രത്താഴ് എന്ന സിനിമയ്ക്കു ശേഷം വർഷങ്ങൾക്കിപ്പുറമാണു ഹൊറർ ചിത്രമായി എസ്ര എത്തുന്നത്. ദിവസേന ആളുകൾ ഇംഗ്ലിഷ് ഹൊറർ സിനിമകൾ കാണുകയും അതിന്റെ മോശമായിപ്പോയ രംഗങ്ങളെ പരിഹസിക്കുകയും ചെയ്യുന്ന കാലത്താണ് എസ്ര വരുന്നത്. അപ്പോൾ ഇത്തരം സിനിമകൾ നിരന്തരം കാണുകയും വിലയിരുത്തുകയും ചെയ്യുന്ന ആളുകൾക്കു മുൻപിൽ പുതുമയോടെയും ആവർത്തനമില്ലാതെയും ഉള്ള രംഗങ്ങളിലൂടെ സിനിമ ചെയ്യുക എന്നതായിരുന്നു ആദ്യ വെല്ലുവിളി.

അതുകൊണ്ടു തന്നെ ഇതുവരെയുള്ള മലയാള സിനിമയിലെ കളർ ടോണുകളും ക്യാമറാ ആംഗിളുകളും മനപ്പൂർവം തന്നെ ഒഴിവാക്കി. ഇംഗ്ലിഷ് സിനിമകളുടെ രംഗങ്ങളുടെ ആവർത്തനം വരാതിരിക്കാനായി പരമാവധി ശ്രദ്ധിച്ചു. ഓരോ ദിവസവും വളർന്നുകൊണ്ടിരിക്കുന്ന പ്രേക്ഷകനു മുന്നിലേക്കാണു സിനിമ എത്തുന്നതെന്ന പരിപൂർണ ബോധ്യത്തോടെയാണു ജോലി ചെയ്തത്.

∙ അരണ്ട വെളിച്ചത്തിലെ നൈറ്റ് സീനുകൾ

ആ സീനുകൾ മനോഹരമാക്കാൻ സഹായിച്ചതിൽ പ്രധാനി എസ്രയുടെ പ്രൊഡ്യൂസറാണ്. എഴുപതു ശതമാനവും നൈറ്റ് സീനുകളാണ് ചിത്രത്തിൽ ഉള്ളത്. എഴുപത്തിയഞ്ചോളം ദിവസമാണു ചിത്രം പൂർത്തിയാക്കാൻ എടുത്തത്. സ്വാഭാവികത കൊണ്ടുവരാൻ പരമാവധി ശ്രമിച്ചു. നൈറ്റ് സീനുകളിൽ ഇരുട്ട് വ്യാപിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. ലോ ലൈറ്റിലാണു കൂടുതലും നൈറ്റ് സീൻ എടുത്തത്. ഇത് ഒരു അരണ്ട പ്രതീതി ജനിപ്പിക്കാൻ സഹായിച്ചു.

ആർക്കും അഭിപ്രായം പറയാൻ സാധിക്കുന്ന ഒരു ഗ്രൂപ്പ് ചർച്ച ഷൂട്ടിങ് സമയത്ത് ഉണ്ടായിരുന്നു. അത് ഒരുപാട് നൈറ്റ് സീനുകൾ എടുക്കുന്നതിനു ഗുണം ചെയ്തിട്ടുണ്ട്. കോസ്റ്റ്യും, ആർട്ട് എന്നിവയാണ് ഒരു സിനിമാ സാങ്കേതികവശത്തെ കൂടുതൽ നന്നാക്കാൻ സഹായിക്കുന്നത്. സ്റ്റെഫി സേവ്യറാണു കോസ്റ്റ്യും കൈകാര്യം ചെയ്തത്. ആർട്ട് രതീഷ് യു.കെ.ഗോകുൽദാസ്. കൂട്ടായ ചർച്ചയിൽ ഉണ്ടാകുന്ന അഭിപ്രായത്തിൽ അന്തിമ തീരുമാനം സംവിധായകൻ ജെയ് ആണ് എടുത്തിരുന്നത്.

∙ സംവിധാനം ചെയ്യുന്ന അടുത്ത സിനിമ

രണ്ടു മൂന്നു കഥകളുടെ പിന്നാലെയാണ്. എല്ലാം ശരിയായി വരുമ്പോൾ വീണ്ടും സംവിധായകനായുള്ള ചിത്രം പ്രേക്ഷകർക്കു മുൻപിൽ എത്തും.