കോട്ടയം പഴയ കോട്ടയമല്ല, പക്ഷേ കുഞ്ഞച്ചൻ പഴയ കുഞ്ഞച്ചൻ തന്നെയാ

മുണ്ടും മടക്കി കുത്തി നെഞ്ചും വിരിച്ചുള്ള ആ വരവ് കണ്ടില്ലേ ? അച്ചായനെന്നു പറഞ്ഞാ ഇതാണ് അച്ചായൻ... മമ്മൂട്ടിയെക്കണ്ട് കോട്ടയത്തെ ‘ഒറിജിനൽ അച്ചായന്മാർ’ പോലും രോമാഞ്ചത്തോടെ പറഞ്ഞു. ജോണി ആന്റണി സംവിധാനം ചെയ്യുന്ന തോപ്പിൽ ജോപ്പനെന്ന പുതിയ ചിത്രത്തിലെ കോട്ടയം കുഞ്ഞച്ചൻ ലുക്കിൽ മമ്മൂക്ക മാസല്ല മരണമാസാണെന്ന് ആരാധകരും അടിവരയിട്ടു പറയുന്നു.

1990–ലാണ് അച്ചായൻ വേഷങ്ങളുടെ അങ്ങേയറ്റമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കോട്ടയം കുഞ്ഞച്ചൻ പുറത്തിറങ്ങുന്നത്. പിന്നെയും 17 വർഷങ്ങൾ കഴിഞ്ഞാണ് മമ്മൂട്ടിയുടെ മറ്റൊരു അച്ചായൻ കഥാപാത്രമായ നസ്രാണി എത്തുന്നത്. ദാ ഇപ്പൊ വീണ്ടും വെള്ള ജുബ്ബയും കസവുമുണ്ടും കുരിശുമാലയുമായി മമ്മൂട്ടി എത്തുകയാണ്. 26 വർഷങ്ങൾ കൊണ്ട് കോട്ടയം ഒരുപാട് മാറി. പക്ഷേ കുഞ്ഞച്ചന് വലിയ മാറ്റമൊന്നുമില്ല. ചുവന്ന് തുടുത്ത് ഒന്നു കൂടി സുന്ദരനായി. അത്ര തന്നെ.

കോട്ടയം ജില്ലയിലെ വൈക്കത്താണ് മമ്മൂട്ടി ജനിച്ചത്. ജില്ല കോട്ടയമാണെങ്കിലും വൈക്കത്തിനടുപ്പം ആലപ്പുഴയോടും എറണാകുളത്തോടുമാണ്. പക്ഷേ പുതിയ സിനിമയിലെ കോട്ടയം അച്ചായന്റെ റോൾ ജോണി ആന്റണി ആദ്യം തന്നെ മമ്മൂട്ടിക്ക് മുന്നിൽ അടിയറവ് വച്ചത് ഇതു കൊണ്ടല്ല. കോട്ടയം, ഇടുക്കി ജില്ലകളിൽ ഒരുപാട് സുഹൃത്തുക്കളുള്ള ആളാണ് മമ്മൂട്ടി. കൂട്ടുകാരെയും അവരുടെ മാനറിസങ്ങളെയും നന്നായി നിരീക്ഷിക്കുന്ന അദ്ദേഹത്തിന് അച്ചായനാകാൻ ഇൗസിയാണെന്ന് ജോണിക്ക് ഉറപ്പിച്ചു. പോരാഞ്ഞിട്ട് തന്റെ അസ്ഥിക്കു പിടിച്ച കോട്ടയം കുഞ്ഞച്ചൻ മുന്നിൽ നെഞ്ചു വിരിച്ചങ്ങനെ നിൽക്കുകയും ചെയ്യുന്നു.

കുഞ്ഞച്ചനെ പോലെ തനി ചട്ടമ്പിയല്ല ജോപ്പൻ. എന്നാൽ ആവശ്യത്തിന് തല്ലുകൊള്ളിത്തരം ഉണ്ടു താനും. കുടുംബത്തിൽ കയറ്റാൻ കൊള്ളാവുന്നവൻ, കുടുംബവുമൊന്നിച്ച് കാണാവുന്നവൻ എന്നാണ് മമ്മൂട്ടി ജോപ്പനെ വിശേഷിപ്പിക്കുന്നത്. എന്താടാ എന്നാണ് സ്ക്രിപ്പ്റ്റിൽ എഴുതിയിരിക്കുന്നതെങ്കിലും എന്നാടാ ഉൗവേ എന്ന് കോട്ടയം സ്റ്റൈലിൽ പറയാൻ മമ്മൂക്കയോട് ആരും പ്രത്യേകം പറയേണ്ടതില്ല. അതിപ്പൊ ‘തിരോന്തോരം’ സ്ലാങും തൃശൂർ സ്ലാങും ചറപറ ഇംഗ്ലീഷുമൊക്കെ പുഷ്പം പോലെ പറയുന്ന മമ്മൂക്കയ്ക്കാണോ ഇല്ലോളം പോന്ന കോട്ടയം ഭാഷ പറയാൻ ബുദ്ധിമുട്ട് ? ജോണി ചോദിക്കുന്നു.

കബഡി കളിക്കാരനാണ് ജോപ്പൻ‌. കൂട്ടുകാർക്കൊപ്പം സ്വൽപം മദ്യപിക്കുന്ന, വീട്ടുകാരെ സ്നേഹിക്കുന്ന, മുതിർന്നവരെ ബഹുമാനിക്കുന്ന ‘നല്ല പിള്ള’. കുടവയറൊന്നും തീരെയില്ലെങ്കിലും അച്ചായൻ കഥാപാത്രത്തിന് ഇത്തിരി വയറാവാം എന്ന് മമ്മൂട്ടി ഷൂട്ടിനിടയിൽ സംവിധായകനോട് പറഞ്ഞു. അതു കൊണ്ട് ആ സമയത്ത് ഭക്ഷണത്തിൽ വലിയ നിയന്ത്രണമെന്നും വച്ചുമില്ല. വയറില്ലാതെ എന്ത് അച്ചായൻ ?

കാട്ടിൽ നിന്നെത്തുന്ന പുലിമുരുകനോടാണ് കോട്ടയത്ത് നിന്നെത്തുന്ന ജോപ്പൻ ബോക്സോഫീൽ ഏറ്റമുട്ടുന്നത്. വർഷങ്ങൾക്ക് ശേഷമാണ് മെഗാതാരങ്ങളുടെ സിനിമ ഒരേ ദിവസം റിലീസ് ചെയ്യുന്നതും. വിജയി ആരെന്ന് കാത്തിരുന്ന് കാണേണ്ടി വരും.