ആരെയും വിഷമിപ്പിക്കാൻ ഇഷ്ടമില്ല: പേളി മാണി

പേളി മാണി എന്ന ചുരുണ്ട മുടിക്കാരിയെ ജനങ്ങൾക്ക് ഇഷ്ടമാണ്. നമുക്ക് ഒരു പാട് ഒരുപാട് പോസിറ്റീവ് എനർജി നൽകുന്ന ഒരു മുഖം. കാണുന്നവരേയും കേൾക്കുന്നവരേയും ഒരുപോലെ ചിരിപ്പിക്കുന്ന പേളി ശരിക്കും ആരാണ് അവതാരികയോ, സിനിമാ നടിയോ ,അതോ ഒരു ന്യൂജെൻ പെൺകൊടിയോ? പേളി തന്നെ പറയും ഇതിനുത്തരം.

അവതാരക, സിനിമാ നടി ഇതിൽ ആരാണ് ശരിക്കും പേളി?

എനിക്ക് എല്ലാവരേയും ചിരിപ്പിക്കണം. പോസിറ്റീവ് എനർജി നൽകണം. ആരേയും വിഷമിപ്പിക്കാൻ ഇഷ്ടമില്ല. സിനിമയായാലും അവതാരക ആയാലും എനിക്ക് കോമഡിയാണ് ഇഷ്ടം. മക്കളെല്ലാം വിദേശത്തുള്ള ഒരു അമ്മ എന്റെ ഷോ കണ്ട് ചിരിച്ചാൽ അതാണ് എനിക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം. സ്കൂളിൽ പഠിക്കുന്ന സമയത്ത് എല്ലാവരും ഉച്ചഭക്ഷണം കഴിക്കുന്ന സമയത്ത് ഞാൻ സ്റ്റേജിൽ കയറി ഡാൻസു ചെയ്യും. അതും ഡപ്പാങ്കൂത്ത്. ഇത് കണ്ട് എന്നെ വഴക്കു പറയാൻ വന്ന ടീച്ചർ വരെ ചിരിച്ചിട്ടുണ്ട്.

അവതരണം, അഭിനയം സത്യത്തിൽ എന്തായിരുന്നു ആഗ്രഹം?

സത്യത്തിൽ എന്റ ആഗ്രഹം ഒരു മോട്ടിവേഷണൽ സ്പീക്കർ ആവണമെനന്നായിരുന്നു. ഇപ്പോഴും ഞാൻ ശ്രമിക്കുന്നത് അതിനുവേണ്ടിയാണ്. എന്റെ പപ്പ മോട്ടിവേഷണൽ സ്പീക്കറാണ്. അദ്ദേഹത്തിന്റെ ക്ലാസ് കേട്ടാണ് ഞാൻ വളർന്നത്. അതേ പാത പിന്തുടരാനാണ് എനിക്കും ആഗ്രഹം.

അപ്പോൾ എങ്ങനെ മീഡിയയിൽ എത്തി?‌

ഞാൻ വിഷ്വൽ കമ്മ്യൂണിക്കേഷനാണ് പഠിച്ചത്. അന്ന് ഫോട്ടോഗ്രഫി ഒരു സബ്ജക്ടായിരുന്നു. അങ്ങനെ ഞങ്ങൾ പരസപരം മോഡലായി ഫോട്ടോ എടുത്തു. അത് കണ്ടിട്ട് ഒരു കമ്പനി അവരുടെ മാഗസിന്റെ മോഡലായി എന്നെ ക്ഷണിക്കുകയായിരുന്നു. അങ്ങനെ അവതാരികയായി. സിനിമയിലെത്തി. ഞാൻ ശരിക്കും തിരുവനന്തപുരത്തുകാരിയാണ്. ഇപ്പോൾ കൊച്ചിയിലാണ് താമസിക്കുന്നത്.

റിയാലിറ്റി ഷോ അവതരണം എങ്ങനെ ഉണ്ട്?

ജനങ്ങളുമായി എന്നെ കൂടുതൽ അടുപ്പിച്ചത് ഡിഫോർ ഡാൻസ് ആണ്. എന്റെ വ്യക്തിപരമായ കാര്യങ്ങൾ ഇന്ന് പ്രേക്ഷകർക്ക് അറിയാം. ഒരു പരിചയവുമില്ലാത്തവർ വരെ വന്ന് ഹാർലി ഡേവിസൺ ബൈക്ക് വാങ്ങിയോ എന്നാണ് എന്നോട് ചോദിക്കാറ്. റിയാലിറ്റി ഷോയിൽ നമ്മൾ ഒരു സ്ക്രിപ്റ്റിന്റെ ഉള്ളിൽ നിന്നാണ് ‌സംസാരിക്കുന്നത്. അതേസമയം ഒരു ഇന്റർവ്യൂവുൽ നമ്മൾ ഫ്രീയാണ് , ഇഷ്ടം പോലെ ചോദ്യങ്ങൾ ചോദിക്കാം. അതേസമയം പ്രീ പ്ലാൻഡ് ആയിട്ടു പോയാൽ അതും കുളമാകും. ആരെ ഇന്റർവ്യു ചെയ്യുന്നുവോ അവരെക്കുറിച്ച് നല്ലപോലെ മനസിലാക്കിയിരിക്കണം. അവരെ അസ്വസ്ഥമാക്കുന്ന ചോദ്യങ്ങൾ ചോദിക്കരുത്, ഒരു ചോദ്യത്തിൽ നിന്ന് അടുത്തതിലേക്ക് ഒഴുകി എത്തണം, അല്ലാതെ പരസ്പര ബന്ധമില്ലാത്ത കുറച്ച് ചോദ്യങ്ങൾ ചോദിച്ചാൽ ആ പ്രോഗ്രാം ബോറാകും.

പേളി ആയതുകൊണ്ട്, ആരോടും എന്തും ചോദിക്കാമെന്ന ലൈസൻസ് ഉണ്ടോ?

അത് ആർക്കുമില്ല എന്നാണ് എന്റെ വിശ്വാസം. നമ്മുടെ ഇന്റർവ്യു കൊണ്ട് ഒരാൾ ആത്മഹത്യ ചെയ്യരുത്. അവരുടെ മാനസീകാവസ്ഥ നമ്മൾ അറിയുന്നുണ്ടാവില്ല. അവർ നമ്മളെ വിശ്വസിച്ചാണ് ഇന്റർവ്യു തരുന്നത്. ചില തലക്കെട്ടുകളിലൂടെ‌ അവരെ കൊല്ലരുത്. വ്യക്തി ജീവിതത്തെ തന്നെ ചിലപ്പോൾ ചിലതലക്കെട്ടുകൾ ബാധിച്ചേക്കാം. ഞാൻ വിഷ്വൽ മീഡിയയിൽ ബിരുദം നേടിയ ആളാണ് അതുകൊണ്ട് എനിക്കറിയാം എനിക്കെതിരെ പറഞ്ഞാൽ മാന നഷ്ടക്കേസ് നൽകി നഷ്ടപരിഹാരം വാങ്ങാമെന്ന്. അതുപക്ഷേ മറ്റുള്ളവർക്ക് അറിയണമെന്നില്ല.

ചിലർ പറയും പേളി മണ്ടിയാണെന്ന്, ചിലർ പറയും നിഷക്കളങ്കയാണെന്ന്?

ഞാൻ മണ്ടിയുമല്ല, നിഷ്ക്കളങ്കയുമല്ല. ഓരോ പരിപാടിക്കും എന്ത് വേണമോ അത് ഞാൻ നൽകുന്നു. ഈ ലോകത്ത് ബുദ്ധിയില്ലാത്തവർ ആരുമില്ല. അതുപൊലെ ബുദ്ധിയുള്ള ഒരാളാണ് ഞാനും. ആളുകളെ പരമാവധി എൻജോയ് ചെയ്യിക്കുക. അതാണ് സംവിധാകർ എന്നിലേൽപ്പിക്കുന്ന ദൗത്യം. അതിനോട് ഞാൻ നീതി പുലർത്തും.

ശരിക്കും ഏതുതരം വ്യക്തിയാണ്.?

എനിക്കും വിഷമങ്ങൾ ഉണ്ടാവും, കഴിയുന്നതും ഞാൻ പോസിറ്റീവ് ആയി എടുക്കാൻ ശ്രമിക്കുന്ന ആളാണ്. എങ്കിലും 80 ശതമാനം പോസിറ്റീവ് ആയാലും 20 ശതമാനം കാര്യങ്ങൾ നമ്മുടെ കൈവിട്ടുപോകും. എങ്കിലും കുറച്ചു സമയം കഴിഞ്ഞ് തിരിച്ചു വരും. ‌

ഇനിയും സിനിമകൾ ചെയ്യുമോ?

തീർച്ചയായും നല്ല വേഷങ്ങൾ വന്നാൽ ചെയ്യും. ഇപ്പോൾ ഒരു തെലുങ്കു ചിത്രം ചെയ്തു. മഞ്ജുവാര്യരോടൊപ്പം ഒപ്പം റോജന്റെ പടം ചെയ്യുന്നു. റോജന്റെ ജോ ആന്റ് ദി ബോയ് എന്ന പടമാണ് ചെയ്യുുന്നത്. കുട്ടികളെയും എല്ലാം ഒരു പോലെ രസിപ്പിക്കുന്ന ചിത്രമാണിത്.

മുടി ഗുണമോ, ദോഷമോ?

കറിവേപ്പില ഇട്ട്കാച്ചിയ എണ്ണയാണ് എന്റെ മുടിയുടെ രഹസ്യം. എന്റെ അമ്മുമ്മയാണ് എനിക്കിന്നും എണ്ണകാച്ചി തരുന്നത്. പ്രോഗ്രാമുകളില്ലാത്ത ദിവസം ഞാൻ ഈ എണ്ണ ഉപയോഗിക്കാറുണ്ട്. എന്റെ തലമുടി പാരമ്പര്യമായി ലഭിച്ചതാണ്. ആദ്യമൊക്കെ ഈ മുടി എനിക്കിഷ്ടമല്ലയിരുന്നു. എന്റെ അനുജത്തിയൊക്കെ പെട്ടെന്ന് റെഡിയാകുമ്പോൾ എന്നെ വൈകിപ്പിച്ചിരുന്നത് ഈ മുടിയാണ്. പത്താം ക്ലാസിന് ശേഷമാണ് ഞാൻ മുടി അഴിച്ചിട്ട് പുറത്തുപോകാൻ തുടങ്ങിയത്. അതിന്റെ ക്രെഡിറ്റ് എന്റെ കൂട്ടുകാർക്കാണ്. അവരാണ് എന്റെ മുടിക്ക് ഇത്ര ഭംഗിയുണ്ടെന്ന് കാണിച്ചു തന്നത്. അവരാണ് ഇതേമുടിയുള്ള നടിമാരുടെ ഫോട്ടോ കാണിച്ച് എന്നെ സ്വയം ബോധ്യപ്പെടുത്തിയത്.

ആരെ ഇന്റർവ്യു ചെയ്യണമെന്നാണ് ആഗ്രഹം?

എനിക്ക് ഒപ്പറാ വിൻഫ്രീയെ കാണണം. ഇന്റർവ്യൂ ഒന്നും ചെയ്യണ്ട. അവരെപ്പോലെ ആവണമെന്നാണ് എന്റെ ആഗ്രഹം.

പ്രണയം?

ഞാൻ ഗേൾസ് സ്കൂളിലാണ് പഠിച്ചത്. എനിക്ക് എന്റെ പപ്പായെയും റിലേറ്റീവ്സിനേയും മാത്രമേ അറിയൂ. കോളജിൽ വച്ച് ചിലരൊക്കെ വന്ന് ലവ് ലെറ്ററൊക്കെ തന്നിട്ടുണ്ട്. അപ്പോ ഞാൻ ചോദിക്കും എന്റെ എന്തു ഫീച്ചറാണ് ഇഷ്ടപ്പെട്ടതെന്ന്? .അവരു പറയും പേളി എന്നെ അങ്ങനെ നോക്കിയില്ലേ, അതാണ് എനിക്ക് ഇഷ്ടപ്പെട്ടതെന്ന്. ഈശ്വരാ അങ്ങനെ നോക്കിയാൽ പ്രണയമാണെന്നൊക്കെ അന്നാണ് അറിയുന്നത്. ഇപ്പോഴെനിക്ക് പ്രണയത്തിന്റെ സൈക്കോളജി അറിയാം. ഒരൂ പെണ്ണിനറിയാൻ കഴിയും ഒരാൾ അവളെ പ്രണയിക്കുന്നുണ്ടോ ഇല്ലയോ എന്ന് . ഇപ്പോൾ ഞാൻ കരിയറിൽ ആണ് ശ്രദ്ധിക്കുന്നത്.